‘ഇരുപതാം നൂറ്റാണ്ട്’ മലയാളി ഒരിക്കലും മറക്കാനിടയില്ലാത്ത ക്രൈം ത്രില്ലർ ചിത്രങ്ങളുടെ പട്ടികയിൽ മുൻനിരയിൽ തന്നെയുള്ള ചിത്രമാണത്. കെ. മധു സംവിധാനം ചെയ്ത ചിത്രത്തിലെ സാഗർ ഏലിയാസ് ജാക്കിയെന്ന മോഹൻലാൽ കഥാപാത്രം ഇന്നും മലയാളികളുടെ ഒരു നൊസ്റ്റാൾജിയയാണ്. മോഹൻലാലിന്റെ കഥാപാത്രം പോലെ തന്നെ, ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിച്ച ശേഖരൻകുട്ടി എന്ന കഥാപാത്രവും അന്നേറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ മുപ്പത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം, ഇരുവരുടെയും മക്കളും സ്ക്രീനിൽ ഒന്നിക്കുകയാണ്. അരുൺ ഗോപി സംവിധാനം ചെയ്യുന്ന ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ എന്ന ചിത്രത്തിലാണ് പ്രണവ് മോഹൻലാലും ഗോകുൽ സുരേഷും ഒന്നിച്ച് അഭിനയിക്കുന്നത്. അതിഥിവേഷത്തിലാണ് ഗോകുൽ എത്തുന്നത്.
സംവിധായകൻ അരുൺ ഗോപിയാണ് ഈ വിശേഷം ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.
‘ഇരുപതാം നൂറ്റാണ്ടിൽ മോഹന്‍ലാല്‍- സുരേഷ് ഗോപി കൂട്ടുകെട്ട് വെള്ളിത്തിരയില്‍ ഉണ്ടാക്കിയ ആ മാജിക് ആര്‍ക്കും മറക്കാനാകില്ല. ചരിത്രം അവര്‍ത്തിക്കാനുള്ളതാണ്. ഗോകുല്‍ സുരേഷ് ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നു എന്നത് ഏറെ സന്തോഷകരമായ കാര്യമാണ്,” അരുൺ ഗോപി കുറിക്കുന്നു.
ടോമിച്ചൻ മുളകുപാടമാണ് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’ന്റെ നിർമ്മാതാവ്. പുലിമുരുകന്റെ ആക്ഷൻ ഡയറക്ടറായ പീറ്റർ ഹെയ്‍ന്‍ തന്നെയാണ് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’ന്റെയും ആക്ഷൻ ഡയറക്ഷൻ നിർവ്വഹിക്കുന്നത്. ഛായാഗ്രഹണം അഭിനന്ദൻ രാമാനുജനും സംഗീതം ഗോപി സുന്ദറും എഡിറ്റിങ് വിവേക് ഹർഷനും നിർവ്വഹിക്കും. പുതുമുഖമായ റേച്ചല്‍ ആണ് ചിത്രത്തില്‍ പ്രണവിന്റെ നായിക. കലാഭവന്‍ ഷാജോണ്‍, മനോജ് കെ. ജയന്‍, സുരേഷ് കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
മോഹൻലാലിന്റെ കരിയറിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് 1987 ൽ പുറത്തിറങ്ങിയ ‘ഇരുപതാം നൂറ്റാണ്ട്’. ‘സാഗർ ഏലിയാസ് ജാക്കി’ എന്ന മോഹൻലാലിന്റെ കഥാപാത്രം അദ്ദേഹത്തെ താര സിംഹാസനത്തിലിരുത്തി. 31 വർഷങ്ങൾക്കുശേഷം ഇരുപത്തിയൊന്നാം നൂറ്റാണ്ടുമായി പ്രണവ് എത്തുമ്പോൾ അത് ഒരു ഡോണിന്റെ കഥയല്ലെന്ന് എടുത്തു പറയേണ്ടതാണ്. പേരിൽ മാത്രമേ സിനിമയ്ക്ക് മോഹൻലാലിന്റെ സിനിമയുമായി സാമ്യമുളളൂ എന്ന് സംവിധായകൻ തന്നെ മുൻപ് വിശദമാക്കിയിട്ടുണ്ട്.
ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ആദി’ എന്ന ചിത്രത്തിലൂടെയാണ് പ്രണവ് നായകനായി അരങ്ങേറ്റം കുറിച്ചത്. പ്രണവിന്റെ രണ്ടാമത്തെ ചിത്രം എന്നതു പോലെ അരുണ്‍ ഗോപിയുടേയും രണ്ടാമത്തെ ചിത്രമാണ് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’. ‘രാമലീല’യായിരുന്നു അരുണ്‍ ഗോപിയുടെ ആദ്യ ചിത്രം.