പ്രണവ് മോഹൻലാൽ നായകനാവുന്ന ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’, ‘സകലകലാശാല’, ‘ഒരു കാറ്റിൽ ഒരു പായ്ക്കപ്പൽ’, ‘വള്ളിക്കെട്ട്’, ‘നല്ല വിശേഷം’, ‘പന്ത്’ എന്നിങ്ങനെ ആറു സിനിമകളാണ് നാളെ റിലീസിനെത്തുന്നത്.
പ്രണവിനെ നായകനാക്കി അരുൺഗോപി സംവിധാനം ചെയ്യുന്ന ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ’ സായ ഡേവിഡാണ് നായിക. ടോമിച്ചന് മുളകുപാടമാണ് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’ന്റെ നിര്‍മ്മാതാവ്. പീറ്റര്‍ ഹെയ്ന് ആക്ഷന്‍ ഡയറക്ഷനും ഛായാഗ്രഹണം അഭിനന്ദന് രാമാനുജനും സംഗീതം ഗോപി സുന്ദറും എഡിറ്റിങ് വിവേക് ഹര്ഷനും നിര്‍വ്വഹിച്ചിരിക്കുന്നു. കലാഭവന്‍ ഷാജോണ്‍, മനോജ് കെ. ജയന്, സുരേഷ് കുമാര്‍, ധര്മജന് ബോള്‍ഗാട്ടി എന്നു തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്.
പന്ത്
ഫുട്ബോൾ പ്രമേയമായി വരുന്ന ചിത്രമാണ് പരസ്യ സംവിധായകനായ ആദി ഒരുക്കുന്ന ‘പന്ത്’. ഫുട്ബോളില്‍ ഏറെ കമ്പമുള്ള എട്ട് വയസുകാരിയായ മുസ്ലിം പെണ്‍കുട്ടിയും അവളുടെ ഉമ്മൂമ്മയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ആദി തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വ്വഹിക്കുന്നത്. 2016ൽ ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ’ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ അബനി ആദിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. ആകാശവാണി ആർട്ടിസ്റ്റ് ആയിരുന്ന റാബിയ ബീഗവും ശ്രദ്ധേയമായൊരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. അപ്പോജി ഫിലിംസിന്റെ ബാനറില്‍ ഷാജി ചങ്ങരംകുളയാണ് ചിത്രം നിർമിക്കുന്നത്. നെടുമുടി വേണു, വിനീത്, അജുവർഗ്ഗീസ്, സുധീര്‍ കരമന, സുധീഷ്, ഇര്‍ഷാദ്, വിനോദ് കോവൂര്‍, വിജിലേഷ് എന്നിവർക്കൊപ്പം നിരവധി പുതുമുഖതാരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
സകലകലാശാല
ക്യാംപസിന്റെ പശ്ചാത്തലത്തിൽ ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രമാണ് ‘സകലകലാശാല’. വിനോദ് ഗുരുവായൂർ ആണ് ചിത്രത്തിന്റെ സംവിധായകൻ. വിനോദ് ഗുരുവായൂരിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് ‘ബഡായിബംഗ്ലാവ്’ എന്ന ടെലിവിഷൻ പ്രോഗ്രാമിന്റെ രചയിതാക്കളായ ജയരാജ് സെഞ്ചുറിയും മുരളി ഗിന്നസും ചേർന്നാണ്. നിരഞ്ജൻ, മാനസ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ ധര്മജന് ബോള്‍ഗാട്ടി, ഷമ്മി തിലകൻ, ടിനി ടോം, ഹരീഷ് പെരുമണ്ണ, നിര്‍മ്മല്‍ പാലാഴി, സുഹൈദ് കുക്കു എന്നിവരും അഭിനയിക്കുന്നുണ്ട്. മനോജ് പിള്ളയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. മൂത്തേടൻ ഫിലിംസിന്റെ ബാനറിൽ ഷാജി മൂത്തേടൻ ആണ് ചിത്രം നിർമ്മിക്കുന്നത്.
ഒരു കാറ്റില്‍ ഒരു പായ്ക്കപ്പല്‍
യുവനടന് വിജയകുമാര്‍ പ്രഭാകരന് സംവിധായകനാകുന്ന ചിത്രമാണ് ‘ഒരു കാറ്റില്‍ ഒരു പായ്ക്കപ്പല്‍’. സെക്കന്‍ഡ് ഷോ, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് വിജയകുമാര്‍ പ്രഭാകരന്. അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപ്പസ്, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളുടെ കാസ്റ്റിംഗ് ഡയറക്ടര്‍ ആയും വിജയകുമാര്‍ പ്രവർത്തിച്ചിരുന്നു. സണ്‍ ആഡ്സ് ആന്റ് ഫിലിംസിന്റെ ബാനറില്‍ ഡോ. സുന്ദര്മേനോന് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശ്യാം പി.എസ് ആണ് തിരക്കഥ ഒരുക്കിയത്. ജോമോന് തോമസ് ക്യാമറയും ബിജിപാല്‍ സംഗീതവും സന്തോഷ് വര്‍മ്മ ഗാനരചനയും ദിലീപ് ഡെന്നീസ് എഡിറ്റിങും നിർവ്വഹിച്ചിരിക്കുന്നു.
വള്ളിക്കെട്ട്
അഷ്കര്‍ സൗദാന്‍, സാന്ദ്ര എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ജിബിൻ സംവിധാനം ചെയ്ത ചിത്രമാണ് ‘വള്ളിക്കെട്ട്’. നാലുംകൂടി എന്ന ഗ്രാമത്തിലെ രാജൻ ആശാന്റെയും മൂന്നു ശിഷ്യന്മാരുടെയും ജീവിതത്തിലുണ്ടാകുന്ന രസകരമായ സംഭവങ്ങൾ സസ്പെൻസിന്റെ പശ്ചാത്തലത്തിൽ പറയുകയാണ് ചിത്രം. സംവിധായകന് ജിബിനും ഷിനു രാഘവനും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്. ഉത്പൽ വി. നായനാരാണ് ഛായാഗ്രാഹകൻ. ജയകൃഷ്ണൻ എഡിറ്റിംഗ് നിർവ്വഹിച്ചു. മധു, ബോബൻ ആലുംമൂടൻ, ബാബു ജോസ്, അരിസ്റ്റോ സുരേഷ്, മാമുകോയ, കൊച്ചുപ്രേമൻ, ജാഫർ ഇടുക്കി, ശിവജി ഗുരുവായൂർ, നാരായണൻകുട്ടി, കൃഷ്ണകുമാർ, സന്ദീപ്, മാസ്റ്റർ അജയ്, അമൃത, ചാർമിള, കനകലത, സീമ ജി. നായർ, ശോഭാമോഹൻ, ശാന്താകുമാരി, ബിന്ദു അനീഷ് തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. ജിബിന്റെ വരികള്‍ക്ക് മുരളി പുനലൂരാണ് സംഗീതം നല്‍കിയിരിക്കുന്നത്. സാന്ദ്രാസ് ഇന്റർനാഷണലിന്റെ ബാനറിൽ സന്തോഷ് നായരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
നല്ല വിശേഷം
പ്രവാസി ഫിലിംസിന്റെ ബാനറില്‍ അജിതന് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നല്ല വിശേഷം’. ബിജു സോപാനം, ഇന്ദ്രന്‍സ്, ചെമ്പിൽ അശോകന്, ബാലാജി, ദിനേശ് പണിക്കർ, ശശികുമാർ (കാക്കമുട്ടെ ഫെയിം), തിരുമല രാമചന്ദ്രൻ, രമേഷ് ഗോപാൽ, അപർണാ നായർ, അനിഷ, സ്റ്റെല്ല, ശ്രീജ എന്നിവരാണ് അഭിനേതാക്കള്‍. വിനോദ് വിശ്വനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജലം ജീവനാണ് എന്ന പ്രകൃതിബോധം മുന്നോട്ട് വയ്ക്കുന്നതിനൊപ്പം ജലമലിനീകരണം തടഞ്ഞ് പ്രകൃതിയെ സംരക്ഷിക്കുക എന്ന സന്ദേശവും ചിത്രമേകുന്നുണ്ട്. നൂറുദ്ദീൻ ബാവ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നു. മുരുകൻ കാട്ടാക്കടയുടെയും ഉഷാ മേനോന്റെയും വരികൾക്ക് സംഗീതം നൽകുന്നത് സുജിത് നായരും റെക്സും ചേർന്നാണ്.