പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. നായകന് പ്രണവ് മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഫേസ്ബൂക്കിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തത്.
പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’. കുറച്ചു നാളുകള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസറിനു വലിയ വരവേല്പാണ് ലഭിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനാണ് ടീസര്‍ റിലീസ് ചെയ്തത്.
Read More: മോഹന്‍ലാലിന്റെ ഡയലോഗ് പറഞ്ഞ് പ്രണവ്; ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ടീസര്‍’
ഒരുപാട് സന്തോഷത്തോടെയാണ് ടീസര്‍ റിലീസ് ചെയ്യുന്നതെന്ന് ദുല്‍ഖര്‍ പോസ്റ്റിനൊപ്പം കുറിച്ചു. പ്രണവിന്റെ കിരീടത്തിലൊരു തൂവലായി ചിത്രം മാറുമെന്ന് പ്രതീക്ഷിക്കുന്നതായും ദുല്‍ഖര്‍ പറഞ്ഞു. മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രമായ സ്ഫടികത്തിലെ ‘ഇതെന്റെ പുത്തന്‍ റെയ്ബാന്‍’ എന്ന സൂപ്പര്‍ഹിറ്റ് ഡയലോഗ് പ്രണവ് മോഹന്‍ലാലും ടീസറില്‍ പറയുന്നുണ്ട്.
ടോമിച്ചന് മുളകുപാടമാണ് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’ന്റെ നിര്‍മ്മാതാവ്. പുലിമുരുകന്റെ ആക്ഷന്‍ ഡയറക്ടറായ പീറ്റര്‍ ഹെയ്ന് തന്നെയാണ് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’ന്റെയും ആക്ഷന്‍ ഡയറക്ടര്‍. ഛായാഗ്രഹണം അഭിനന്ദന് രാമാനുജനും സംഗീതം ഗോപി സുന്ദറും എഡിറ്റിങ് വിവേക് ഹര്ഷനും നിര്‍വ്വഹിക്കും. പുതുമുഖമായ റേച്ചല്‍ ആണ് ചിത്രത്തില്‍ പ്രണവിന്റെ നായിക. കലാഭവന്‍ ഷാജോണ്‍, മനോജ് കെ. ജയന്, സുരേഷ് കുമാര്‍, ധര്മജന് ബോള്‍ഗാട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ആദി’ എന്ന ചിത്രത്തിലൂടെയാണ് പ്രണവ് നായകനായി അരങ്ങേറ്റം കുറിച്ചത്. ‘ആദി’ക്കു വേണ്ടി പാര്‍ക്കൗര്‍ എന്ന ശാരീരികാഭ്യാസമായിരുന്നു പ്രണവ് പരിശീലിച്ചത്. എന്നാല്‍ പുതിയ ചിത്രത്തിനു വേണ്ടി താരം മറ്റൊരു ശാരീരിക അഭ്യാസം കാഴ്ച വയ്ക്കുന്നത്. കടലിലൂടെ നടത്തുന്ന ‘സര്‍ഫിങ്’ ആണ് പുതിയ പ്രണവ് ചിത്രത്തിന്റെ ഹൈലൈറ്റ്.
“ബാലിയിലാണ് പ്രണവ് സര്‍ഫിങ് പരിശീലിച്ചത്. യഥാര്‍ത്ഥ ജീവിത്തില്‍ പ്രണവ് ഒരു സര്‍ഫര്‍ അല്ല. അതിനാല്‍ ഇതു പഠിക്കാനായി ഒരു മാസക്കാലം മുഴുവന്‍ സമയവും നല്‍കിയിട്ടുണ്ട്. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് പ്രണവ് ഈ കഥാപാത്രത്തിനു വേണ്ടി,’ അരുണ്‍ ഗോപി മുന്‍പൊരു അവസരത്തില്‍ പറഞ്ഞതിങ്ങനെ.
Read More: ‘ആദി’യില്‍ പാര്ക്കൗറായിരുന്നെങ്കില് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’ല്‍ സര്‍ഫിങ്ങുമായി പ്രണവ്
ദക്ഷിണാഫ്രിക്കയിലെ കേപ്പ് ടൗണില്‍ സെപ്റ്റംബറിലാണ് സര്‍ഫിങ് രംഗങ്ങളുടെ ചിത്രീകരണം നടന്നത്. ഗോവയാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ലൊക്കേഷന്‍. പാല, കാഞ്ഞിരപ്പള്ളി, ഹൈദരാബാദ് എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. പ്രണവിന്റെ രണ്ടാമത്തെ ചിത്രം എന്നതു പോലെ അരുണ്‍ ഗോപിയുടേയും രണ്ടാമത്തെ ചിത്രമാണ് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’. ‘രാമലീല’യായിരുന്നു അരുണ്‍ ഗോപിയുടെ ആദ്യ ചിത്രം.