നായകൻമാർക്കിടയിലെ നടൻ, ലോക സിനിമയിലെ ഇന്ത്യൻ മുഖം ഇർഫാൻ ഖാൻ വിട പറഞ്ഞെന്ന് വാർത്ത ഉൾക്കൊള്ളാൻ സിനിമാ പ്രേമികൾക്ക് ഇപ്പോളും കഴിഞ്ഞിട്ടില്ല. 53 കാരനായ ഇർഫാന് 2018 മാർച്ചിലാണ് ന്യൂറോ എൻഡോക്രൈൻ ട്യൂമർ ആണെന്ന് കണ്ടെത്തിയത്. പിന്നീട് കാൻസർ ചികിത്സയ്ക്കായി അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രകളായിരുന്നു ജീവിതത്തിൽ ഏറിയ പങ്കും.
Read More: ഇർഫാൻ ഓർമകളിൽ പാർവതി
രോഗത്തിനും രോഗമുക്തിക്കുമിടയിലുള്ള ദിവസങ്ങളിലൊന്നിൽ ഇർഫാൻ പറഞ്ഞതിങ്ങനെ:
”സന്തോഷകരമായ, അവിസ്മരണീയമായ നിമിഷങ്ങൾ നിറഞ്ഞ ഒരു റോളർ-കോസ്റ്റർ സവാരിയായിരുന്നു അത്. ഉള്ളിലെ അനിശ്ചിതത്വം കാരണം സന്തോഷകരമായ നിമിഷങ്ങൾ അടിവരയിട്ടു വച്ചു. ഞങ്ങൾ കുറച്ച് കരഞ്ഞു, ഒരുപാട് ചിരിച്ചു,” തന്റെ ചികിത്സയെക്കുറിച്ച് ഇർഫാന്റെ വാക്കുകൾ. ഭാര്യയാണ് തനിക്ക് ധൈര്യം പകർന്നതെന്നും ഭാര്യയ്ക്ക് വേണ്ടി ജീവിതത്തിലേക്ക് മടങ്ങിവരാൻ താൻ ആഗ്രഹിച്ചുവെന്നും ഇർഫാൻ പറഞ്ഞിരുന്നു.
“നിങ്ങൾ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നു… നിങ്ങൾക്ക് ഓർക്കാനും കൂടെക്കൂട്ടാനും ചെയ്യാനും ആഗ്രഹിക്കുന്ന കാര്യങ്ങളെ നിങ്ങൾ തിരഞ്ഞെടുക്കും. ഞാൻ വല്ലാത്ത ഉത്കണ്ഠയിലൂടെയാണ് കടന്നു പോയത്. പക്ഷെ എങ്ങനെയൊക്കെയോ പിടിച്ചു നിന്നു. പിന്നെ പോകുന്നതു പോലെയാകട്ടെയെന്നു കരുതി. നിങ്ങൾ എപ്പോഴും ഓരോ കളങ്ങളിലേക്ക് ചാടിക്കളിക്കുന്നത് പോലെയാണ്,” തിരിച്ചു വരാനാകുമെന്ന പ്രതീക്ഷ ഇർഫാനിൽ ഉണ്ടായിരുന്നു.
താൻ അസുഖ ബാധിതനാണെന്ന് വെളിപ്പെടുത്തി ഏതാനും ദിവസങ്ങൾക്ക് ശേഷം അദ്ദേഹം ചികിത്സയ്ക്കായി ലണ്ടനിലേക്ക് പുറപ്പെട്ടു. 2019 ഫെബ്രുവരിയിൽ ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം ‘അംഗ്രേസി മീഡിയം’ സിനിമയിൽ അഭിനയിച്ചു. ഏതാനും മാസങ്ങൾക്കുശേഷം, ചികിത്സ തുടരുന്നതിനായി ലണ്ടനിലേക്ക് പറന്ന അദ്ദേഹം കഴിഞ്ഞ സെപ്റ്റംബറിൽ ശസ്ത്രക്രിയയ്ക്ക് ശേഷം ഇന്ത്യയിലേക്ക് മടങ്ങി. കാൻസർ ചികിത്സയ്ക്ക് ശേഷമുള്ള ഇർഫാന്റെ ആദ്യ ചിത്രമാണ് ‘അംഗ്രേസി മീഡിയം’.
രോഗം ഭേദമായി ഇർഫാൻ തിരിച്ചെത്തി എന്ന വാർത്തകൾക്കിടയിലാണ്, ഇർഫാന്റെ തന്നെ വാക്കുകൾ കടമെടുത്താൽ ‘ശരീരത്തിനകത്ത് വിളിക്കാതെ കയറിവന്ന അനാവശ്യ അതിഥി’ അദ്ദേഹത്തെ കൂടെ കൊണ്ടു പോയത്.