നടി പാര്‍വ്വതി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ‘കരീബ് കരീബ് സിംഗിള്‍’ എന്ന ചിത്രത്തിലെ ആദ്യ ഗാന രംഗം റിലീസ് ചെയ്തു. പാര്‍വ്വതിയും നായകന്‍ ഇര്‍ഫാന്‍ ഖാനും ഒന്നിച്ചുള്ള രംഗങ്ങള്‍ കോര്‍ത്തിണക്കിയ മനോഹര ഗാനം ആലപിച്ചിരിക്കുന്നത് നൂറാന്‍ സഹോദരിമാരാണ്. ജലന്ധറില്‍ നിന്നുള്ള സൂഫി സംഗീതജ്ഞരാണ് ജ്യോതി നൂറാന്‍, സുല്‍ത്താന നൂറാന്‍ എന്നിവര്‍. സംഗീതം വിശാല്‍ മിശ്ര.

 

പാര്‍വ്വതി അവതരിപ്പിക്കുന്ന മലയാളിയായ ജയ എന്ന കഥാപാത്രവും ഇര്‍ഫാന്‍ ഖാന്‍റെ യോഗി കഥാപാത്രവും തമ്മിലുള്ള സൗഹൃദത്തിന്റേയും പ്രണയത്തിന്‍റെയും രംഗങ്ങളാണ് ഗാനത്തിലുള്ളത്. പലതും യാത്രകളുടെ പാശ്ചാത്തിലുള്ളവ. ജയയും യോഗിയും തമ്മില്‍ വാക്കുതര്‍ക്കങ്ങളില്‍ തുടങ്ങി പിന്നീട് പ്രണയത്തിന്‍റെ പടി വാതില്‍ക്കല്‍ എത്തുന്നതായാണ് ഗാന രംഗം സൂചിപ്പിക്കുന്നത്.

തനൂജ ചന്ദ്ര സംവിധാനം ചെയ്യുന്ന ‘കരീബ് കരീബ് സിംഗിളി’ന്‍റെ രചന കാംന ചന്ദ്ര. എഴുത്തുകാരന്‍ വിക്രം ചന്ദ്രയുടെ അമ്മയാണ് കാംന, തനൂജ സഹോദരിയും. അടുത്തിടെ റിലീസ് ചെയ്ത ചിത്രത്തിന്‍റെ ട്രൈലെര്‍ ഇപ്പോള്‍ തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടു കഴിഞ്ഞു. നടനവിസ്മയമായ ഇര്‍ഫാന്‍ ഖാന്‍റെ മറ്റൊരു അവിസ്മരണീയ കഥാപാത്രത്തിനായി ബോളിവുഡ് കാത്തിരിക്കുമ്പോള്‍ കേരളം ആകാംഷയോടെ ഉറ്റു നോക്കുന്നത് പാര്‍വ്വതി ബോളിവുഡില്‍ എങ്ങനെ സ്വീകരിക്കപ്പെടും എന്നതാണ്.

‘കരീബ് കരീബ് സിംഗിള്‍’ നവംബര്‍ 10 ന് തിയേറ്ററുകളിലെത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ