കാന്‍സര്‍ ബാധിതനായ ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ ചികിത്സയുടെ ഭാഗമായി വിദേശത്താണ്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഇര്‍ഫാന് ന്യൂറോ എന്‍ട്രോക്രൈന്‍ എന്ന അപൂര്‍വ്വ രോഗം ബാധിച്ചത്. തനിക്ക് ക്യാന്‍സര്‍ ആണെന്ന് ഇര്‍ഫാന്‍ തന്നെയാണ് ആരാധകരെ അറിയിച്ചത്. പിന്നീട് ചികിത്സയ്‌ക്കായി അദ്ദേഹം ഇംഗ്ലണ്ടിലേക്ക് പോയി. ഇപ്പോഴിതാ തന്റെ രോഗാവസ്ഥയെക്കുറിച്ച് താരം ആദ്യമായി സംസാരിക്കുന്നു. ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടറോട് ഇര്‍ഫാന്‍ പറഞ്ഞ വാക്കുകളുടെ പ്രസക്തഭാഗങ്ങള്‍ ഇവിടെ:

‘ന്യൂറോഎന്‍ഡോക്രൈന്‍ കാന്‍സറാണ് എനിക്ക് എന്ന് കണ്ടെത്തിയിട്ട് കുറച്ചു നാളായി. ഈ പേര് ആദ്യമായാണ് ഞാന്‍ കേള്‍ക്കുന്നത്. വളരെ അപൂര്‍വ്വമായ രോഗമാണിതെന്ന് പതിയെ ഞാന്‍ മനസിലാക്കി. വളരെ കുറഞ്ഞ കേസ് സ്റ്റഡികള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. ചികിത്സയെക്കുറിച്ച് എന്തെങ്കിലും പ്രവചിക്കാന്‍ കഴിയുക എന്നത് അത്രയൊന്നും സാധ്യവുമല്ല. വളരെ അനിശ്ചിതത്വം നിറഞ്ഞ അവസ്ഥയാണ്. ഞാനൊരു ‘ട്രയല്‍ ആന്‍ഡ് എറര്‍’ കളിയുടെ ഭാഗമായിരിക്കുകയാണിപ്പോള്‍,’ ഇര്‍ഫാന്‍ പറഞ്ഞു.

‘ഭയം, ആഘാതം, അനിശ്ചിതത്വം ഒക്കെ നിറഞ്ഞ ആശുപത്രി സന്ദര്‍ശന ദിവസങ്ങളിലൊന്നില്‍ ഞാനെന്റെ മകനോടു പറഞ്ഞു ‘ഇപ്പോള്‍ ഞാന്‍ കടന്നു പോകുന്ന അവസ്ഥയില്‍ ഇതിനെ നേരിടാതിരിക്കുക എന്നതാണ് ഞാന്‍ എന്നില്‍ നിന്നും പ്രതീക്ഷിക്കുന്ന ഏക കാര്യം. എനിക്ക് നിവര്‍ന്നു നില്‍ക്കണം. ഭയം എന്നെ കീഴടക്കാന്‍ അനുദിക്കില്ല, അതെന്റെ തീരുമാനമായിരുന്നു,’ ഇര്‍ഫാന്‍ തുടര്‍ന്നു.

‘തളര്‍ച്ചയോടെയും മടുപ്പോടെയും ആശുപത്രിയിലേക്ക് പ്രവേശിക്കുമ്പോഴാണ് ഞാന്‍ തിരിച്ചറിയുന്നത്, എന്റെ ആശുപത്രി ലോര്‍ഡ്‌സ് സ്‌റ്റേഡിയത്തിന്റെ എതിര്‍വശത്താണ് സ്ഥിതി ചെയ്യുന്നത് എന്ന്. എന്റെ കുട്ടിക്കാല സ്വപ്‌നങ്ങളിലെ മക്കയായിരുന്നു അത്. ആ വേദനയ്‌ക്കിടയില്‍, വിവിന്‍ റിച്ചാര്‍ഡിന്റെ ചിരിക്കുന്ന മുഖമുള്ള പോസ്റ്റര്‍ ഞാന്‍ കണ്ടു. പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല, ആ ലോകം ഒരിക്കലും എന്റേതല്ലാതിരുന്നതു പോലെ. പ്രപഞ്ചത്തിന്റെ അനന്തമായ ശക്തിയെ ഞാന്‍ അറിയുകയാണിപ്പോള്‍. എനിക്കുള്ള ഒരേയൊരു നിശ്ചയം അനിശ്ചിതത്വം മാത്രമാണ്. എന്റെ കരുത്തെന്താണെന്ന് തിരിച്ചറിയുകയും ഈ കളി നന്നായി കളിക്കുകയും മാത്രമാണ് എനിക്കിപ്പോള്‍ ചെയ്യാനുള്ളത്, ഇര്‍ഫാന്‍ പറഞ്ഞു.

അടുത്തിടെയാണ് ഇര്‍ഫാന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ ഷൂജിത് സിര്‍കര്‍ ഒരു സന്തോഷവാര്‍ത്ത പുറത്തുവിട്ടത്. ഇര്‍ഫാന്‍ സുഖമായിരിക്കുന്നുവെന്നും സ്വാതന്ത്ര്യ സമര സേനാനി ഉദ്ദം സിങ്ങിന്റെ ജീവിതത്തെ ആസ്‌പദമാക്കി താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായകനായി താരം ഉടന്‍ മടങ്ങിയെത്തുമെന്നും പറഞ്ഞു. ഇതുകേട്ട ആരാധകര്‍ക്കും ഏറെ സന്തോഷമായി.

ഷൂജിത് സിര്‍കര്‍ പറഞ്ഞത് സത്യമാണെന്ന തരത്തിലുളള ഒരു ചിത്രവും പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ലണ്ടനിലെ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ട്-പാക്കിസ്ഥാന്‍ ടെസ്റ്റ് മല്‍സരം കാണാന്‍ ഗ്യാലറിയില്‍ ഇരിക്കുന്ന ഇര്‍ഫാന്‍ ഖാന്റെ ചിത്രമാണ് പുറത്തുവന്നത്. പാക്കിസ്ഥാന്‍ ചാനലിലെ വാര്‍ത്താ അവതാരകയായ സൈനബ് അബ്ബാസ് ആണ് തന്റെ ട്വിറ്ററിലൂടെ ചിത്രം പുറത്തുവിട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook