മൂന്നു പതിറ്റാണ്ടായി സിനിമകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ഇർഫാൻ ഖാൻ എന്ന അതുല്യപ്രതിഭ ഇനിയില്ല. രാജ്യം ഏറ്റവും അനിശ്ചിതത്വം നിറഞ്ഞൊരു കാലത്തിലൂടെ കടന്നു പോവുമ്പോൾ ഈ ഏപ്രിലിൽ പകലിന്റെ തീരാവേദനയാവുകയാണ് ഇർഫാന്റെ വിട പറയൽ.

മുംബൈ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ ഇർഫാൻ രോഗത്തോട് പോരാടി മരണമടയുമ്പോൾ ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച നടന്മാരിൽ ഒരാളെ കൂടെയാണ് നഷ്ടമാകുന്നത്.

1966 ജനുവരി ഏഴിന് ജയ്‌പൂരിലാണ് സബാബ്സാദെ ഇർഫാൻ അലി ഖാൻ എന്ന ഇർഫാന്റെ ജനനം. ബിരുദാനന്തര ബിരുദ പഠനത്തിനിടെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ പഠിക്കാനുള്ള സ്കോളർഷിപ്പ് അദ്ദേഹം നേടിയെടുത്തു. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ പഠനത്തിനു ശേഷം ഇർഫാൻ അഭിനയമെന്ന തന്റെ സ്വപ്നം സഫലമാക്കാനായി മുംബൈയിലേക്ക് വണ്ടികയറി.

ആദ്യകാലത്ത് ‘ചാണക്യ,’ ‘ഭാരത് ഏക് ഖോജ്,’ ‘ബനേഗി അപ്നി ബാത്ത്,’ ‘ചന്ദ്രകാന്ത,’ ‘സ്റ്റാർ ബെസ്റ്റ് സെല്ലേഴ്സ്’ തുടങ്ങിയ നിരവധി ഷോകളിൽ ഇർഫാൻ പ്രത്യക്ഷപ്പെട്ടു.

Read Also: ഇർഫാൻ ഖാൻ; അഭിനയ പ്രതിഭയുടെ ഓർമ്മ ചിത്രങ്ങൾ

1988 ൽ മീരാ നായർ സംവിധാനം ചെയ്ത ‘സലാം ബോംബെ’യിലൂടെയായിരുന്നു ഇർഫാന്റെ സിനിമാ അരങ്ങേറ്റം. ഏറെ നാളത്തെ കഷ്ടപ്പാടുകൾക്ക് ശേഷം സ്വന്തമായൊരു മേൽവിലാസം ഇർഫാൻ ഉണ്ടാക്കിയെടുക്കുന്നത് 2001 ൽ പുറത്തിറങ്ങിയ കപാഡിയയുടെ ‘ദി വാറിയർ’ എന്ന സിനിമയിലെ അഭിനയത്തിലൂടെയാണ്. ‘ഹാസിൽ,’ ‘മക്ബൂൾ,’ ‘ലൈഫ് ഇൻ എ മെട്രോ,’ ‘പാൻ സിംഗ് തോമർ,’ ‘ദി ലഞ്ച്ബോക്സ്,’ ‘ഹൈദർ,’ ‘പികു,’ ‘തൽവാർ’ തുടങ്ങി ശ്രദ്ധിക്കപ്പെട്ട നിരവധി ചിത്രങ്ങൾ പിന്നീട് ഇർഫാനെ തേടിയെത്തി.

മീര നായര്‍ സംവിധാനം ചെയ്ത ‘ദി നെയിംസേക്ക്,’ ‘ദി ഡാർജിലിംഗ് ലിമിറ്റഡ്,’ ‘സ്ലംഡോഗ് മില്യണയർ,’ ‘ലൈഫ് ഓഫ് പൈ,’ ‘ജുറാസിക് വേൾഡ്’ തുടങ്ങിയ രാജ്യാന്തര പ്രോജക്ടുകളിലും ഇർഫാൻ ഭാഗമായി.

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിനിടെ അന്‍പതോളം ഇന്ത്യൻ സിനിമകളിൽ അഭിനയിച്ച ഇർഫാൻ ഖാനെ തേടി ഒരു ദേശീയ അവാർഡും നാല് ഫിലിംഫെയർ അവാർഡുകളും എത്തി. കലയ്ക്കും സിനിമയ്ക്കും നൽകിയ സമഗ്ര സംഭാവനകൾ വിലയിരുത്തി 2011 ൽ രാജ്യം ഇർഫാനെ പത്മശ്രീ ബഹുമതി നൽകി ആദരിച്ചു. പ്രേക്ഷകരുടെയും നിരൂപകരുടെയും ഇഷ്ടം ഒരു പോലെ കവരുന്നതായിരുന്നു ഇർഫാൻ എന്ന അതുല്യപ്രതിഭയുടെ അഭിനയ വൈദഗ്ധ്യവും അയത്നലളിതമായ പ്രകടനവും.

Read more: ചലച്ചിത്ര താരം ഇർഫാൻ ഖാൻ അന്തരിച്ചു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook