ജീവിതത്തിന്റെ ഇരുണ്ടവഴികളിലും കിഴക്കാംതൂക്കുമലകളിലും വച്ച് മനുഷ്യരെ കുരുക്കിട്ട് പിടിക്കാൻ കാത്തിരിക്കുന്ന ഒരു ഒളിപ്പോരാളിയാണ് മരണം പലപ്പോഴും. ഇർഫാൻ ഖാൻ പക്ഷേ, മരണത്തിന്റെ നീതിരഹിതമായ ആ വേട്ടയാടലിനോട് കഴിയുന്നിടത്തോളം ചെറുത്തുനിന്നൊരു പോരാളിയാണ്. 2018ലാണ് ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയത്. അവിടം മുതലിങ്ങോട്ട് രോഗത്തോട് പട പൊരുതിയും പ്രതീക്ഷയുടെ തിരികൾ ഉയർത്തിപ്പിടിച്ചും അതിജീവനത്തിന്റെ ഒരു വഴിത്താരയിലൂടെയായിരുന്നു ഇർഫാന്റെ സഞ്ചാരം.
രോഗാവസ്ഥയിൽ ഇരിക്കുമ്പോൾ ഇർഫാൻ എഴുതിയ വാക്കുകളിൽ ഉണ്ടായിരുന്നു തോൽക്കാൻ തയ്യാറല്ലാത്ത ഒരു പോരാളിയുടെ മനസ്സ്. ”ഇതൊരു വത്യസ്തമായ കളിയാണ്. ഞാന്‍ വളരെ വേഗതയുള്ള ഒരു ട്രെയിനില്‍ സ്വപ്‌നങ്ങളിലും പ്രതീക്ഷകളിലും മുഴുകി യാത്ര ചെയ്യുകയായിരുന്നു. എനിക്ക് കൃത്യമായ ലക്ഷ്യവുമുണ്ടായിരുന്നു. പെട്ടെന്ന് ടിക്കറ്റ് എക്‌സാമിനര്‍ എന്റെ തോളില്‍ തട്ടി സ്ഥലം എത്തിയെന്ന് പറഞ്ഞു. എന്നോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. ഞാന്‍ പറഞ്ഞു, എന്റെ സ്ഥലം എത്തിയിട്ടില്ല. അപ്പോള്‍ അയാള്‍ പറഞ്ഞു, ‘ഇതാണ് നിങ്ങളുടെ സ്ഥലം. ഇങ്ങനെയാണ് ജീവിതം.”
“തളര്‍ച്ചയോടെയും മടുപ്പോടെയും ആശുപത്രിയിലേക്ക് പ്രവേശിക്കുമ്പോഴാണ് ഞാന്‍ തിരിച്ചറിയുന്നത്, എന്റെ ആശുപത്രി ലോര്‍ഡ്‌സ് സ്‌റ്റേഡിയത്തിന്റെ എതിര്‍വശത്താണ് സ്ഥിതി ചെയ്യുന്നത് എന്ന്. എന്റെ കുട്ടിക്കാല സ്വപ്‌നങ്ങളിലെ മക്കയായിരുന്നു അത്. ആ വേദനയ്‌ക്കിടയില്‍, വിവിന്‍ റിച്ചാര്‍ഡിന്റെ ചിരിക്കുന്ന മുഖമുള്ള പോസ്റ്റര്‍ ഞാന്‍ കണ്ടു. പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല, ആ ലോകം ഒരിക്കലും എന്റേതല്ലാതായിരുന്നതു പോലെ. പ്രപഞ്ചത്തിന്റെ അനന്തമായ ശക്തിയെ ഞാന്‍ അറിയുകയാണിപ്പോള്‍. എനിക്കുള്ള ഒരേയൊരു നിശ്ചയം അനിശ്ചിതത്വം മാത്രമാണ്. എന്റെ കരുത്തെന്താണെന്ന് തിരിച്ചറിയുകയും ഈ കളി നന്നായി കളിക്കുകയും മാത്രമാണ് എനിക്കിപ്പോള്‍ ചെയ്യാനുള്ളത്.” മരണം വരെ തന്റെ കരുത്ത് തിരിച്ചറിഞ്ഞ് രോഗത്തോട് പോരാടുക തന്നെയായിരുന്നു അക്ഷരാർത്ഥത്തിൽ ഇർഫാൻ ഖാൻ.
സന്തോഷകരമായ, അവിസ്മരണീയമായ നിമിഷങ്ങൾ നിറഞ്ഞ ഒരു റോളർ-കോസ്റ്റർ സവാരിയാണെന്നാണ് തന്റെ രോഗനാളുകളെ ഇർഫാൻ ഒരിക്കൽ വിസ്മയിപ്പിച്ചത്. “ഞാൻ വല്ലാത്ത ഉത്കണ്ഠയിലൂടെയാണ് കടന്നു പോയത്. പക്ഷെ എങ്ങനെയൊക്കെയോ പിടിച്ചു നിന്നു. പിന്നെ പോകുന്നതു പോലെയാകട്ടെയെന്നു കരുതി. എപ്പോഴും ഓരോ കളങ്ങളിലേക്ക് ചാടിക്കളിക്കുന്നത് പോലെയാണ് മനസ്സ്.” ആ റോളർ- കോസ്റ്റർ സവാരിക്കിടെ പലതവണ മനസ്സിടറിയിട്ടും സിനിമയെന്ന സ്വപ്നം ഇർഫാൻ മുറുകെ പിടിച്ചു. ഒപ്പം സമാനമായ അവസ്ഥകളിലൂടെ കടന്നുപോവുന്ന നിരവധിയാളുകൾക്ക് ഇർഫാൻ പ്രചോദനമായി. ചികിത്സയോളം തന്നെ പ്രാധാന്യമാണ് ഇച്ഛാശക്തിയെന്നു കൂടിയാണ് ജീവിതം കൊണ്ട് ഇർഫാൻ പറഞ്ഞുവച്ചത്.
ലോകം മുഴുവൻ അനിശ്ചിതത്വത്തിന്റെ നിഴലിൽ നിൽക്കുമ്പോൾ, ഒരു ഏപ്രിലിൽ പകലിന്റെ തീരാനഷ്ടമായി ഇർഫാൻ വിട പറയുമ്പോൾ അഭിനയവൈഭവത്തിന്റെ പേരിൽ മാത്രമല്ല, പ്രതിസന്ധികളിൽ തളരാതെ സമചിത്തതയോടെയും ഇച്ഛാശക്തിയോടെയും നിരന്തരം പൊരുതികൊണ്ടിരുന്ന കരുത്തനായൊരു മനുഷ്യൻ എന്ന രീതിയിൽ കൂടിയാണ് ഇർഫാൻ ജനമനസ്സുകളിൽ തന്റെയിടം കണ്ടെത്തുന്നത്.
Read more: വൈഭവത്തിന്റെ മറുപേര്