മുംബൈ: വൻകുടലിലുണ്ടായ അണുബാധയെ തുടർന്ന് ബോളിവുഡ് നടൻ ഇർഫാൻ ഖാൻ മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇർഫാൻ ഖാൻ മരിച്ചു എന്ന രീതിയിലുള്ള വ്യാജ വാർത്തകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പുറത്തു വരുന്ന വ്യാജവാർത്തകളോടും അഭ്യൂഹങ്ങളോടും പ്രതികരിക്കുകയാണ് താരത്തിന്റെ വക്താവ്.

“അവ കെട്ടിചമച്ചുണ്ടാക്കിയ വാർത്തകളാണ്. ഇപ്പോഴും അദ്ദേഹം രോഗത്തോട് പൊരുതി കൊണ്ടിരിക്കുകയാണ്,” പത്രക്കുറിപ്പിൽ താരത്തിന്റെ വക്താവ് വ്യക്തമാക്കുന്നു. എന്നാൽ പത്രക്കുറിപ്പ് പുറത്തിറങ്ങി മണിക്കൂറുകൾക്കകം ഇർഫാന്റെ മരണം സ്ഥിരീകരിച്ചുകൊണ്ടുളള വാർത്ത എത്തുകയായിരുന്നു.

Read Also: ചലച്ചിത്ര താരം ഇർഫാൻ ഖാൻ അന്തരിച്ചു

താരത്തിന്റെ വക്താവിന്റെ പ്രസ്താവന ഇതായിരുന്നു, “ഇർഫാന്റെ ആരോഗ്യത്തെകുറിച്ച് പുറത്തുവരുന്ന ഇത്തരത്തിലുള്ള വാർത്തകൾ കേൾക്കുന്നത് ഏറെ നിരാശാജനകമായ കാര്യമാണ്. ഇർഫാനെ ചൊല്ലി ആളുകൾക്കുള്ള കരുതൽ ഞങ്ങൾക്ക് മനസ്സിലാവും. എന്നാൽ ചില സ്രോതസ്സുകൾ അഭ്യൂഹങ്ങൾ‌ പരത്തുകയും പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്യുന്നത്‌ ഹൃദയഭേദകമാണ്. ഇർഫാൻ ശക്തനായൊരു വ്യക്തിയാണ്, അദ്ദേഹം ഇപ്പോഴും രോഗവുമായുള്ള പോരാട്ടത്തിലാണ്. ഇത്തരം കിംവദന്തികൾ വിശ്വസിക്കരുതെന്നും കെട്ടിച്ചമച്ച ഈ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുകയാണ്. ഇർഫാന്റെ ആരോഗ്യത്തെ കുറിച്ചുള്ള വിശദവിവരങ്ങൾ ഞങ്ങൾ അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നതായിരിക്കും.”

“അദ്ദേഹത്തിന്റെ ശക്തിയും ധൈര്യവുമാണ് ഇത്രനാളും രോഗത്തോട് പോരാടാൻ അദ്ദേഹത്തെ സഹായിച്ചത്. ഇർഫാന്റെ ഇച്ഛാശക്തിയും അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷികളുടെ പ്രാർത്ഥനയും കൊണ്ട് അദ്ദേഹം ഉടൻ സുഖം പ്രാപിക്കും.”

2018ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിദേശത്ത് ചികിത്സ തേടിയിരുന്നു. ഈ ആഴ്ച ആദ്യമാണ് ഇര്‍ഫാന്റെ അമ്മ സയീദ ബീഗം മരിച്ചത്. ലോക്ക്‌ഡൗണിനെ തുടര്‍ന്ന് ജയ്പൂരില്‍ നടന്ന ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.

Read more: അണുബാധ: ബോളിവുഡ് താരം ഇർഫാൻ ഖാൻ ആശുപത്രിയിൽ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook