തനിയ്ക്ക് അപൂര്‍വ്വ രോഗമാണെന്ന് രണ്ടുദിവസം മുമ്പ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ നടത്തിയ വെളിപ്പെടുത്തല്‍ ബോളിവുഡിനെ മാത്രമല്ല, ഇന്ത്യന്‍ സിനിമാ പ്രേമികളെ അപ്പാടെ ഞെട്ടിച്ചിരിക്കുകയാണ്. അതിനിടെ ഇര്‍ഫാന് മസ്തിഷ്‌ക കാന്‍സര്‍ ആണെന്നും താരം മുംബൈയിലെ കോകില ആശുപത്രിയില്‍ ചികിത്സയിലാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ ഇര്‍ഫാന്‍ ആശുപത്രിയില്‍ അഡ്മിറ്റാണെന്ന വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ട് ആശുപത്രി അധികൃതര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ആശുപത്രിയിലാണെന്ന വാര്‍ത്ത ഇര്‍ഫാനുമായി അടുത്ത ബന്ധമുള്ളവരും നിഷേധിച്ചിട്ടുണ്ട്. അതേസമയം ഇര്‍ഫാന് ക്യാന്‍സര്‍ ഉണ്ടോ എന്ന വാര്‍ത്തയോട് പ്രതികരിക്കാന്‍ ഇവര്‍ വിസമ്മതം പ്രകടിപ്പിച്ചു. ഉടന്‍ തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തുമെന്നും അതുവരെ പ്രതികരിക്കാനില്ലെന്നുമായിരുന്നു അടുത്തവൃത്തങ്ങള്‍ അറിയിച്ചത്.

അതേസമയം, ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നു പറഞ്ഞുകൊണ്ട് ഇര്‍ഫാന്റെ ചില സുഹൃത്തുക്കളും രംഗത്തെത്തിയിരുന്നു. ഇര്‍ഫാന്റെ ആരോഗ്യസ്ഥിതി അല്‍പം മോശമാണ്. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം തെറ്റാണ്. അദ്ദേഹം ഇപ്പോള്‍ ഡല്‍ഹിയിലാണ്. അതു മാത്രമാണ് സത്യം-കോമവ നാഹ്ത എന്ന സുഹൃത്ത് ട്വീറ്റ് ചെയ്തു.

ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് തനിക്ക് അപൂര്‍വ രോഗമാണെന്ന് ഇര്‍ഫാന്‍ പറഞ്ഞത്. രോഗം എന്താണെന്ന് ഒരാഴ്ചയ്ക്കുള്ളില്‍ വെളിപ്പെടുത്തുമെന്നാണ് താരം അറിയിച്ചത്. വിശദമായ പരിശോധനകള്‍ നടക്കുന്നതേയുള്ളുവെന്നും അതുവരെ ആരും ഇതേപറ്റി ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഇര്‍ഫാന്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ