കാൻസർ ബാധിതനായ നടൻ ഇർഫാൻ ഖാൻ ചികിൽസയ്ക്കായി വിദേശത്താണ്. കഴിഞ്ഞ മർച്ചിലായിരുന്നു ഇർഫാൻ ഖാന് ന്യൂറോ എൻട്രോക്രൈൻ എന്ന അപൂർവ്വ രോഗം ബാധിച്ചത്. തനിക്ക് കാൻസർ ആണെന്ന് ഇർഫാൻ തന്നെയാണ് ആരാധകരെ അറിയിച്ചത്. അതിനുശേഷം അദ്ദേഹം ചികിൽസയ്ക്കായി ഇംഗ്ലണ്ടിലേക്ക് പോയി. അതിനുശേഷം താരത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുളള യാതൊരുവിവരവും പുറത്തുവന്നില്ല.

കഴിഞ്ഞ ദിവസമാണ് ഇർഫാന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ ഷൂജിത് സിർകർ ഒരു സന്തോഷവാർത്ത പുറത്തുവിട്ടത്. ഇർഫാൻ സുഖമായിരിക്കുന്നുവെന്നും സ്വാതന്ത്ര്യ സമര സേനാനി ഉദ്ദം സിങ്ങിന്റെ ജീവിതത്തെ ആസ്‌പദമാക്കി താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായകനായി താരം ഉടൻ മടങ്ങിയെത്തുമെന്നും പറഞ്ഞു. ഇതുകേട്ട ആരാധകർക്കും ഏറെ സന്തോഷമായി.

ഷൂജിത് സിർകർ പറഞ്ഞത് സത്യമാണെന്ന തരത്തിലുളള ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ലണ്ടനിലെ ലോർഡ്സിൽ ഇംഗ്ലണ്ട്-പാക്കിസ്ഥാൻ ടെസ്റ്റ് മൽസരം കാണാൻ ഗ്യാലറിയിൽ ഇരിക്കുന്ന ഇർഫാൻ ഖാന്റെ ചിത്രമാണ് പുറത്തുവന്നത്. പാക്കിസ്ഥാൻ ചാനലിലെ വാർത്താ അവതാരകയായ സൈനബ് അബ്ബാസ് ആണ് തന്റെ ട്വിറ്ററിലൂടെ ചിത്രം പുറത്തുവിട്ടത്.

ചിത്രം കണ്ടവരിൽ ചിലർ അത് ഇർഫാൻ ആണെന്നും മറ്റു ചിലർ അല്ലെന്നും വാദിക്കുന്നുണ്ട്. ചികിൽസയിൽ കഴിയുന്ന ഇർഫാൻ എങ്ങനെയാണ് ക്രിക്കറ്റ് മൽസരം കാണാനെത്തുക എന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. എന്നാൽ അത് ഇർഫാൻ ആണങ്കിൽ അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതിൽ സന്തോഷിക്കുന്നുവെന്നും ഒരു വിഭാഗം പറയുന്നു.

മാര്‍ച്ച് ആദ്യമാണ് തനിയ്ക്ക് അപൂര്‍വ്വ രോഗമാണെന്ന് നടന്‍ ഇര്‍ഫാന്‍ ഖാന്‍ വെളിപ്പെടുത്തിയത്. പിന്നീട് ന്യൂറോ എന്‍ടോക്രൈന്‍ ട്യൂമറാണിത് എന്ന് സ്ഥിരീകരിച്ചു. ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്ന ശരീര ഭാഗങ്ങളില്‍ പടരുന്ന അപൂര്‍വ്വമായ രോഗസ്ഥിതിയാണിത്. ശരീരത്തിലെ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്ന കോശങ്ങളില്‍ വികസിക്കുന്ന എന്‍ഡോക്രിന്‍ ട്യൂമറിനും ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കും. ഇത് ശരീരത്തിന്റെ പ്രവര്‍ത്തനം താറുമാറാക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook