ജീവിതത്തിന്റെ ഓരോ നിമിഷവും ആസ്വദിക്കുകയായിരുന്നു ഇർഫാൻ. ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് അരങ്ങേറ്റചിത്രമെന്ന നിലയിലും ഇര്‍ഫാന്‍ ഖാന്റെ സാന്നിധ്യംകൊണ്ടും ശ്രദ്ധേയമായ ചിത്രമാണ് ‘കാര്‍വാന്‍. ചിത്രത്തിന്റെ ഭൂരിഭാഗവും കേരളത്തിൽ തന്നെയായിരുന്നു ഷൂട്ട്. താരപരിവേഷമില്ലാതെ മലയാള മണ്ണിൽ മനസറിഞ്ഞാണ് ഇർഫാൻ ഓരോ ദിവസവും ജീവിച്ചതെന്ന് മലയാളിയും ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും കൂടിയായ സഞ്ജീവ് കുമാർ നായർ.
Read More: ഇർഫാൻ എന്ന പോരാളി
“ഇർഫാൻ സാറിന്റെ കൂടെ പ്രവർത്തിച്ചത് വലിയ അനുഭവമാണ്. ഒരുപാട് അനുഭവ സമ്പത്തുള്ള മനുഷ്യൻ. അഭിനയിക്കുമ്പോൾ അത് ഇർഫാൻ ഖാനല്ല, ആ കഥാപാത്രമാണെന്ന് നമ്മെ വിശ്വസിപ്പിക്കാൻ അദ്ദേഹത്തിന് കഴിയും. ഷോട്ട് തുടങ്ങാൻ നേരത്ത് വളരെ ഗൗരവത്തോടെയും, തീരുമ്പോൾ അങ്ങേയറ്റം കൂളാകുകയും ചെയ്യുന്ന മനുഷ്യൻ. തുടക്കം മുതൽ അവസാനം വരെ വളരെ സ്മൂത്തായി പോയ സെറ്റായിരുന്നു കാർവാ. മറ്റൊരു ലോകമാണ് അദ്ദേഹത്തിനൊപ്പമുള്ള ദിവസങ്ങൾ.”
“ചിത്രത്തിന്റെ 95 ശതമാനവും കേരളത്തിൽ തന്നെയാണ് ചിത്രീകരിച്ചിട്ടുള്ളത്. ഇവിടുത്തെ കായലുകൾ അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. നാട്ടിലെ മീൻ കറി വലിയ ഇഷ്ടമായിരുന്നു. മരങ്ങളേയും ചെടികളേയും പ്രകൃതിയേയും സ്നേഹിച്ച മനുഷ്യനായിരുന്നു ഇർഫാൻ. ഇവിടുന്ന് പോകുമ്പോൾ കുറേ ചെടികളും മരത്തൈകളുമൊക്കെ കൂടെ കൊണ്ടു പോയിരുന്നു. അദ്ദേഹത്തിന്റെ ഫാം ഹൗസില്‍ വളർത്താനായിരുന്നു. ഇവിടുന്ന് ചന്ദനത്തിന്റെ തൈ കൊണ്ടു പോയി നടണം എന്ന് കക്ഷിക്ക് വലിയ ആഗ്രഹമായിരുന്നു. ചിത്രീകരണം കഴിഞ്ഞ് മുംബൈയിൽ എത്തിയിട്ടും നാട്ടിൽ നിന്ന് ആവശ്യമുള്ള സാധനങ്ങളെ കുറിച്ച് പറയുമായിരുന്നു. കേരളത്തിൽ ചിത്രീകരിച്ച സിനിമ ആയതുകൊണ്ട് ഷൂട്ട് കാണാൻ വരുന്നവരൊക്കെ ദുൽഖറിന്റെ പുറകെ ആയിരുന്നു. ഇർഫാൻ അപ്പോൾ ഫ്രീ ആയി ചെടികളുടേയും പൂക്കളുടേയുമൊക്കെ പടമെടുത്ത് നടക്കും. സെറ്റിൽ പൂർണമായും കഥാപാത്രമാകും. അതിന് പുറത്ത് രസകരമായൊരു വ്യക്തി. ജീവിതത്തിന്റെ ഓരോ നിമിഷവും അദ്ദേഹം ആസ്വദിച്ചിരുന്നു.”

അസുഖ വിവരം ഇർഫാന് വലിയ ഞെട്ടലായിരുന്നുവെന്നും അതിന് ശേഷം അദ്ദേഹം ആരെയും കാണാൻ കൂട്ടാക്കിയിരുന്നില്ലെന്നും സഞ്ജീവ്.
“സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷനെല്ലാം കഴിഞ്ഞ് അഭിനേതാക്കൾക്കു വേണ്ടി ഒരു പ്രിവ്യൂ ഉണ്ടായിരുന്നു. അതുകഴിഞ്ഞാണ് അദ്ദേഹം ആശുപത്രിയിൽ പോയത്. തൊട്ടടുത്ത ദിവസം രോഗ വിവരം അറിഞ്ഞു. അത് വലിയ ഞെട്ടലായിരുന്നു എല്ലാവർക്കും. അതിന് ശേഷം പിന്നീട് അദ്ദേഹം ആരെയും കാണാൻ കൂട്ടാക്കിയില്ല. പിന്നീട് അവർ നേരെ ലണ്ടനിലേക്ക് പോകുകയായിരുന്നു. ചിത്രത്തിന്റെ പ്രമോഷനൊന്നും അദ്ദേഹം ഉണ്ടായിരുന്നില്ല.”

ചിത്രത്തിൽ ദുൽഖർ സൽമാൻ അവതരിപ്പിച്ച അവിനാശ് എന്ന കഥാപാത്രത്തിന്റെ സുഹൃത്തായ ഷൗക്കത്ത് എന്ന കഥാപാത്രത്തെയാണ് ഇർഫാൻ കൈകാര്യം ചെയ്തത്.
ഇർഫാന് 2018 മാർച്ചിലാണ് ന്യൂറോ എൻഡോക്രൈൻ ട്യൂമർ ആണെന്ന് കണ്ടെത്തിയത്. പിന്നീട് കാൻസർ ചികിത്സയ്ക്കായി അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രകളായിരുന്നു ജീവിതത്തിൽ ഏറിയ പങ്കും. താൻ അസുഖ ബാധിതനാണെന്ന് വെളിപ്പെടുത്തി ഏതാനും ദിവസങ്ങൾക്ക് ശേഷം അദ്ദേഹം ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോയിരുന്നു. 2019 ഫെബ്രുവരിയിൽ ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം ‘അഗ്രേസി മീഡിയം’ സിനിമയിൽ അഭിനയിച്ചു. ഏതാനും മാസങ്ങൾക്കുശേഷം, ചികിത്സ തുടരുന്നതിനായി ലണ്ടനിലേക്ക് പറന്ന അദ്ദേഹം കഴിഞ്ഞ സെപ്റ്റംബറിൽ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. കാൻസർ ചികിത്സയ്ക്ക് ശേഷമുള്ള ഇർഫാന്റെ ആദ്യ ചിത്രമാണ് ‘അഗ്രേസി മീഡിയം’.