നാല് ദിവസം മുൻപ്, ഏപ്രിൽ 25 ശനിയാഴ്ചയാണ് ഇർഫാൻ ഖാന്റെ ഉമ്മ സയീദ ബീഗം മരിക്കുന്നത്. എന്നാൽ ലോക്ക്ഡൗണിനെ തുടർന്ന് മുംബൈയിൽ കുടുങ്ങിപ്പോയ ഇർഫാന് ഉമ്മയെ അവസാനമായി ഒന്ന് കാണാൻ കഴിഞ്ഞില്ല. കൃത്യം നാല് ദിവസത്തിന് ശേഷം ഉമ്മയുടെ വേര്‍പാടിന്റെ മുറിവ് ഉണങ്ങുന്നതിന് മുന്‍പാണ് മകനും മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. നിലവില്‍ ലോക്ക്ഡൗണ്‍ സാഹചര്യമായതിനാല്‍ ഇര്‍ഫാന്റെ സംസ്‌കാര ചടങ്ങുകളും അതീവ ജാഗ്രതയിലായിരിക്കും.

Read Here: ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു

ഇർഫാന് 2018 മാർച്ചിലാണ് ന്യൂറോ എൻഡോക്രൈൻ ട്യൂമർ ആണെന്ന് കണ്ടെത്തിയത്. പിന്നീട് കാൻസർ ചികിത്സയ്ക്കായി അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രകളായിരുന്നു ജീവിതത്തിൽ ഏറിയ പങ്കും. താൻ അസുഖ ബാധിതനാണെന്ന് വെളിപ്പെടുത്തി ഏതാനും ദിവസങ്ങൾക്ക് ശേഷം അദ്ദേഹം ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോയിരുന്നു. 2019 ഫെബ്രുവരിയിൽ ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം ‘അഗ്രേസി മീഡിയം’ സിനിമയിൽ അഭിനയിച്ചു. ഏതാനും മാസങ്ങൾക്കുശേഷം, ചികിത്സ തുടരുന്നതിനായി ലണ്ടനിലേക്ക് പറന്ന അദ്ദേഹം കഴിഞ്ഞ സെപ്റ്റംബറിൽ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. കാൻസർ ചികിത്സയ്ക്ക് ശേഷമുള്ള ഇർ‌ഫാന്റെ ആദ്യ ചിത്രമാണ് ‘അഗ്രേസി മീഡിയം’.

തങ്ങളുടെ പ്രിയതാരം പൂര്‍ണ ആരോഗ്യവാനായി തിരികെ വരുന്നതിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഇതിനിടെയില്‍ അപ്രതീക്ഷിതമായിട്ടാണ് ഇന്ന് രാവിലെ മരണ വാര്‍ത്ത എത്തുന്നത്. ഭാര്യ സുതപ സിക്ദറിനും മക്കൾ ബാബിലിനും അയനുമൊപ്പം മുംബൈയിലായിരുന്നു ഇര്‍ഫാന്‍ താമസിച്ചിരുന്നത്.

സിനിമ സംവിധായകന്‍ ഷൂജിത് സിര്‍കാര്‍ ആണ് ഇര്‍ഫാന്‍ ഖാന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ട് ട്വിറ്ററിലൂടെ മരണവാർത്ത പുറത്ത് വിട്ടത്. ‘എന്റെ സുഹൃത്ത് ഇര്‍ഫാന്‍ ഒരുപാട് പൊരുതി. നിന്നെ ഓര്‍ത്ത് ഞാന്‍ എന്നും അഭിമാനിക്കുന്നു. നമ്മള്‍ ഇനിയും കണ്ടുമുട്ടും. ആദാരഞ്ജലികള്‍ അര്‍പ്പിക്കുകയാണ്. ഈ പോരാട്ടത്തില്‍ സുതപ, എല്ലാ കാര്യങ്ങളും നീ നല്‍കി. ഇര്‍ഫാന്‍ ഖാന് സല്യൂട്ട്’ എന്നുമാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നത്.

Read Here: വിഭവത്തിന്റെ മറുപേര്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook