കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് തനിക്ക് അപൂർവ രോഗമാണെന്ന് ബോളിവുഡ് താരം ഇര്ഫാന് ഖാന് വെളിപ്പെടുത്തിയത്. പിന്നീട് ന്യൂറോ എന്‍ടോക്രൈന്‍ ട്യൂമറാണ് ഇര്ഫാന് എന്ന് സ്ഥിരീകരിച്ചു. അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടലോടെയായിരുന്നു രാജ്യം ആ വാര്‍ത്ത കേട്ടത്. ഇപ്പോഴിതാ സിനിമാ ലോകത്തിനും പ്രേക്ഷകര്‍ക്കുമെല്ലാം മറ്റൊരു സന്തോഷ വാര്‍ത്ത.
ലണ്ടനിലെ ചികിത്സയ്ക്ക് ശേഷം ഇര്ഫാന് തിരിച്ചെത്തിയിരിക്കുന്നു. ഫെബ്രുവരിയിലാണ് അദ്ദേഹം തിരിച്ചെത്തിയത്. അദ്ദേഹം പൂര്‍ണമായും രോഗ വിമുക്തനാണ് ഇപ്പോള്‍ എന്ന് സംവിധായകനും ഇര്‍ഫാന്റെ ഏറ്റവും അടുത്ത സുഹൃത്തുമായ തിഗ്മാന്‍ഷു ധൂലിയയാണ് വെളിപ്പെടുത്തിയത്. മാത്രമല്ല, ഉടന്‍ തന്നെ പുതിയ ചിത്രം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഇര്ഫാന് ഇന്ത്യയില്‍ തിരിച്ചെത്തിയതിനു ശേഷം ഞാന്‍ അദ്ദേഹത്തെ കണ്ടിരുന്നു. അദ്ദേഹം ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണ്. ഹിന്ദി മീഡിയം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു,’ തിഗ്മാന്‍ഷു വെളിപ്പെടുത്തി.
Read more: ചികിത്സയ്ക്ക് വിട; ഇർഫാൻ വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്
സാകേത് ചൗധരിയുടെ ‘ഹിന്ദി മീഡിയ’ത്തിന്റെ രണ്ടാം ഭാഗത്തില്‍, ആദ്യ ഭാഗത്തിലെ തന്റെ വേഷം തന്നെയായിരിക്കും ഇര്ഫാന് കൈകാര്യം ചെയ്യുക. തങ്ങളുടെ മകള്‍ക്ക് ഒരു ഉന്നത ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ അഡ്മിഷന് ലഭിക്കാന്‍ ശ്രമിക്കുന്ന മാതാപിതാക്കളെ ചുറ്റിപ്പറ്റിയായിരുന്നു ചിത്രം. ബോക്സ് ഓഫീസില്‍ വലിയ വിജയം നേടിയ ചിത്രം ആഗോള തലത്തില്‍ 300 കോടി കളക്ഷന്‍ നേടിയിരുന്നു.
ചിത്രത്തിന്റെ രണ്ടാം ഭാഗം 2020ഓടെ തിയേറ്ററുകളില്‍ എത്തുമെന്ന് നിര്‍മ്മാതാവ് ദിനേഷ് വിജയന് അടുത്തിടെ പറഞ്ഞിരുന്നു. ഇര്‍ഫാന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.