അപൂർവ്വമായി മാത്രം കണ്ടുവരുന്ന ഒരു ട്യൂമർ തന്നെ കീഴ്‌പ്പെടുത്തിയിരിക്കുന്നു എന്ന ഇർഫാന്റ ഖാന്റെ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് ബോളിവുഡ് കേട്ടത്. വയറിലെ ആന്തരികാവയങ്ങളില്‍ കാണുന്ന ട്യൂമര്‍ (ന്യൂറോ എന്‍ഡോക്രൈന്‍ ക്യാന്‍സര്‍) എന്ന അപൂർവ്വരോഗമായിരുന്നു ഇർഫാനെ ബാധിച്ചത്. സിനിമാ തിരക്കുകളിൽ നിന്നും പൂർണ്ണമായി മാറിനിന്ന ഇർഫാൻ, ഏറെനാളായി ലണ്ടനിൽ ചികിത്സയിലായിരുന്നു.
എന്നാൽ ചികിത്സയ്ക്ക് വിട പറഞ്ഞ് ഇർഫാൻ ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്തുകയാണ്. കഴിഞ്ഞ ദിവസം മുംബൈയിൽ തിരിച്ചെത്തിയ താരം, ഫെബ്രുവരി 22 ന് തന്റെ പുതിയ ചിത്രം ‘ഹിന്ദി മീഡിയം 2’വിന്റെ ലൊക്കേഷനിൽ ജോയിൻ ചെയ്യും എന്നാണ് റിപ്പോർട്ടുകൾ. 2017 ൽ പുറത്തിറങ്ങിയ ‘ഹിന്ദി മീഡിയ’ത്തിന്റെ രണ്ടാം ഭാഗമാണ് ഇത്. സാകേത് ചൗധരി സംവിധാനം ചെയ്ത ‘ഹിന്ദി മീഡിയം’ ആദ്യഭാഗത്ത് സാബ ഖമർ ആയിരുന്നു നായിക. രണ്ടാം ഭാഗത്തിലേക്കുള്ള നായികയെ ഇതുവരെ തീരുമാനിക്കപ്പെട്ടിട്ടില്ല. ‘ഹിന്ദി മീഡിയ’ത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള 19-ാമത് ഐഫ പുരസ്‌കാരവും ഇര്‍ഫാന്‍ നേടിയിരുന്നു.
ഒരേ സമയം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചു പറ്റിയ ചിത്രം കൂടിയായിരുന്നു ‘ഹിന്ദി മീഡിയം’. ഡൽഹിയിലെ ഒരു മുന്തിയ സ്കൂളിൽ മകൾക്ക് അഡ്മിഷൻ നേടുന്നതിനായുള്ള മാതാപിതാക്കളുടെ ശ്രമവും സമ്മർദ്ദവുമൊക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇന്ത്യൻ ബോക്സ് ഓഫീസിൽ നല്ല രീതിയിൽ സ്വീകരിക്കപ്പെട്ട ചിത്രത്തിന് ചൈനയിലും മികച്ച കളക്ഷൻ നേടാൻ സാധിച്ചിരുന്നു. ലണ്ടനിൽ ചികിത്സയിലിരിക്കെയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇർഫാനെ സന്ദർശിക്കുന്നതും രണ്ടാം ഭാഗത്തിന്റെ കഥ പറയുന്നതും.
കഴിഞ്ഞ വർഷം ജൂണിലാണ് ഇർഫാന് അപൂർവ്വമായ രോഗം സ്ഥിതീകരിച്ചത്. അതിനു മുൻപ് മഞ്ഞപ്പിത്തലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് വിശാല്‍ ഭരദ്വാജിന്‍റെ ചിത്രം ഇര്‍ഫാന്‍ ഉപേക്ഷിച്ചിരുന്നു. ചികിത്സയ്ക്കിടെയാണ് മഞ്ഞപ്പിത്തമല്ല അപൂർവ്വയിനം ട്യൂമറാണ് യഥാർത്ഥ രോഗകാരണമെന്ന് തിരിച്ചറിയുന്നത്. തുടർന്ന് എല്ലാ ജോലികളും റിഷെഡ്യൂൾ ചെയ്ത് ഇർഫാൻ ചികിത്സയ്ക്കു വേണ്ടി ലണ്ടനിലേക്ക് പോവുകയായിരുന്നു.
Read more: ഇര്‍ഫാന്‍ ഖാനുവേണ്ടി ലണ്ടനില്‍ ‘കാര്‍വാ’യുടെ പ്രത്യേക പ്രദര്‍ശനം
രോഗാവസ്ഥയിൽ ഇരിക്കുമ്പോൾ താൻ കടന്നുപോവുന്ന അവസ്ഥകളെ കുറിച്ച് ഇർഫാൻ എഴുതിയ വാക്കുകൾ ഏറെ ഹൃദയസ്പർശിയായിരുന്നു. ” ഇതൊരു വത്യസ്തമായ കളിയാണ്. ഞാന്‍ വളരെ വേഗതയുള്ള ഒരു ട്രെയിനില്‍ സ്വപ്‌നങ്ങളിലും പ്രതീക്ഷകളിലും മുഴുകി യാത്ര ചെയ്യുകയായിരുന്നു. എനിക്ക് കൃത്യമായ ലക്ഷ്യവുമുണ്ടായിരുന്നു. പെട്ടന്ന് ടിക്കറ്റ് എക്‌സാമിനര്‍ എന്റെ തോളില്‍ തട്ടി സ്ഥലം എത്തിയെന്ന് പറഞ്ഞു. എന്നോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. ഞാന്‍ പറഞ്ഞു, എന്റെ സ്ഥലം എത്തിയിട്ടില്ല. അപ്പോള്‍ അയാള്‍ പറഞ്ഞു, ‘ഇതാണ് നിങ്ങളുടെ സ്ഥലം. ഇങ്ങനെയാണ് ജീവിതം,” ഇർഫാൻ എഴുതി.
“തളര്‍ച്ചയോടെയും മടുപ്പോടെയും ആശുപത്രിയിലേക്ക് പ്രവേശിക്കുമ്പോഴാണ് ഞാന്‍ തിരിച്ചറിയുന്നത്, എന്റെ ആശുപത്രി ലോര്‍ഡ്‌സ് സ്‌റ്റേഡിയത്തിന്റെ എതിര്‍വശത്താണ് സ്ഥിതി ചെയ്യുന്നത് എന്ന്. എന്റെ കുട്ടിക്കാല സ്വപ്‌നങ്ങളിലെ മക്കയായിരുന്നു അത്. ആ വേദനയ്‌ക്കിടയില്‍, വിവിന്‍ റിച്ചാര്‍ഡിന്റെ ചിരിക്കുന്ന മുഖമുള്ള പോസ്റ്റര്‍ ഞാന്‍ കണ്ടു. പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല, ആ ലോകം ഒരിക്കലും എന്റേതല്ലാതിരുന്നതു പോലെ. പ്രപഞ്ചത്തിന്റെ അനന്തമായ ശക്തിയെ ഞാന്‍ അറിയുകയാണിപ്പോള്‍. എനിക്കുള്ള ഒരേയൊരു നിശ്ചയം അനിശ്ചിതത്വം മാത്രമാണ്. എന്റെ കരുത്തെന്താണെന്ന് തിരിച്ചറിയുകയും ഈ കളി നന്നായി കളിക്കുകയും മാത്രമാണ് എനിക്കിപ്പോള്‍ ചെയ്യാനുള്ളത്.”
” പ്രപഞ്ചത്തിന്റെ മഹത്തായ ശക്തി എന്നെ ഏറെ സ്വാധീനിച്ചു. അനിശ്ചിതത്വമാണ് നിശ്ചിതമായിട്ടുള്ള ഏക കാര്യം. എന്റെ ശക്തി എന്താണെന്ന് തിരിച്ചറിയാനും ഈ കളി നന്നായി കളിക്കാനും അതെന്നെ സഹായിച്ചു. എട്ടുമാസം, നാല് മാസം അല്ലെങ്കില്‍ രണ്ട് വര്‍ഷങ്ങള്‍ എടുത്താലും അനന്തരഫലം എന്തു തന്നെയായാലും അതില്‍ സമര്‍പ്പിച്ച് കീഴടങ്ങാന്‍ ഈ തിരിച്ചറിവ് എന്നെ സഹായിച്ചു. എന്റെ ആശങ്കകള്‍ എല്ലാം മനസ്സിന്റെ പിന്‍ സീറ്റിലേക്ക് പോവുകയും അവിടെ നിന്ന് ഇപ്പോള്‍ മറഞ്ഞു പോകുകയും ചെയ്യുന്നു,” ഇർഫാൻ കൂട്ടിച്ചേർക്കുന്നു.