ലോകപ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മാജിദ് മജീദി മലയാളി താരം മാളവിക മോഹനനെ നായികയാക്കി ഒരുക്കിയ ബിയോണ്ട് ദി ക്ലൗഡ്‌സ് 48ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്. ഈ മാസം 20 മുതല്‍ 28 വരെ നടക്കുന്ന മേളയുടെ ഉദ്ഘാടന ചിത്രമായിരിക്കും ബിയോണ്ട് ദി ക്ലൗഡ്‌സ്.

‘ചില്‍ഡ്രന്‍ ഓഫ് പാരഡൈസ്’, ‘ചില്‍ഡ്രന്‍ ഓഫ് ഹെവന്‍’ എന്നീ പ്രശസ്ത ചിത്രങ്ങളുടെ സംവിധായകനും നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനുമായ മാജിദ് മജീദി ആദ്യമായിട്ടാണ് ഇറാന് പുറത്ത് സിനിമ ചിത്രീകരിക്കുന്നത്. ഇന്ത്യയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്.

വര്‍ഷങ്ങളായി സംഭവിക്കാന്‍ കാത്തിരുന്ന ഒരു സിനിമയാണ് ബിയോണ്ട് ദി ക്ലൗഡ്‌സ് എന്നാണ് അദ്ദേഹം ഈ ചിത്രത്തെക്കുറിച്ച് പറഞ്ഞത്. മലയാളി നടി മാളവിക മോഹനന്‍ നായികയാകുന്ന ചിത്രത്തില്‍ ഷാഹിദ് കപൂറിന്റെ സഹോദരന്‍ ഇഷാന്‍ ഘട്ടറാണ് നായകന്‍. മാനുഷിക മൂല്യങ്ങള്‍, സ്‌നേഹം, സൗഹൃദം, കുടുംബ ബന്ധങ്ങള്‍ എന്നിവയാണ് ചിത്രം കൈകാര്യം ചെയ്യുന്ന വിഷയം.

നടിക്കു വേണ്ടിയുള്ള തിരച്ചിലിനൊടുവില്‍ മാജിദ് മാളവികയിലേയ്ക്ക് എത്തുകയായിരുന്നു. പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകന്‍ കെയു മോഹനനന്റെ മകളാണ് മാളവിക. നേരത്തെ ബോളിവുഡ് നടി ദീപികാ പദുകോണ്‍ ചിത്രത്തില്‍ നായികയാകുമെന്ന് വാര്‍ത്തകള്‍ വരികയും പിന്നീട് അവരെ ഒഴിവാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ കഥാപാത്രമാണ് മാളവികയെ തേടിയെത്തിയത്.

ദീപികയെ വെച്ച് ചിത്രത്തിന്റെ കുറച്ചു ഭാഗങ്ങള്‍ ഷൂട്ട് ചെയ്തിരുന്നു. എന്നാല്‍ ക്യാമറ ടെസ്റ്റില്‍ കഥാപാത്രത്തിന് ചേര്‍ന്ന പ്രത്യേകതകള്‍ ഇല്ലാത്തതിനാലാണ് ദീപികയെ ഒഴിവാക്കിയതെന്നാണ് സൂചന. എന്നാല്‍ തിരക്കുകള്‍ കാരണം ദീപിക പിന്മാറിയതാകാമെന്ന് ആരാധകര്‍ പറയുന്നു.

സംവിധായകന്‍ ഗൗതം ഘോഷും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പട്ടം പോലെ, നിര്‍ണ്ണായകം എന്നീ ചിത്രങ്ങളിലെ നായികയാണ് മാളവിക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ