/indian-express-malayalam/media/media_files/uploads/2023/02/iranian-film-director-jafar-panahi-goes-on-hunger-strike-in-prison.jpeg)
രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടിയ അനേകം സിനിമകൾ സംവിധാനം ചെയ്ത ഇറാനിയൻ ചലച്ചിത്രകാരൻ ജാഫർ പനാഹി നിരാഹാര സമരത്തിൽ. ഇറാൻ ഭരണകൂടത്തിന്റെ നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ പെരുമാറ്റത്തിൽ പ്രതിഷേധിച്ചാണ് നിരവധി അന്താരാഷ്ട്ര സമ്മാനങ്ങൾ നേടിയ സംവിധായകൻ ഭക്ഷണവും മരുന്നും ഉപേക്ഷിച്ചു കൊണ്ടുള്ള നിരാഹാരത്തിലേക്ക് കടന്നത്.
കഴിഞ്ഞ വേനൽക്കാലത്താണ് ജാഫർ പനാഹി അറസ്റ്റിലായത്. നാല് മാസത്തിലേറെയായി സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളുമായി തടങ്കലിൽ തുടരുകയാണ് അദ്ദേഹം.
ഇറാന്റെ ദിവ്യാധിപത്യത്തിനെതിരെ (theocracy) സംസാരിച്ചതിനായി നിരവധി ഇറാനിയൻ കലാകാരന്മാർ, കായികതാരങ്ങൾ, സെലിബ്രിറ്റികൾ എന്നിവർ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ആ കൂട്ടത്തിൽ ഒരാളാണ് ജാഫർ പനാഹി. സെപ്തംബറിൽ പോലീസ് കസ്റ്റഡിയിൽ ഒരു യുവതി മരണപെട്ടതോടെ രാജ്യവ്യാപകമായി പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയും തുടർന്ന് ഇത്തരം അറസ്റ്റുകൾ പതിവാവുകയും ചെയ്തു.
സർക്കാർ വിരുദ്ധ പ്രചാരണം നടത്തിയെന്നാരോപിച്ച് 62 കാരനായ പനാഹിയെ 2011-ൽ ആറ് വർഷത്തെ തടവിന് ശിക്ഷിച്ചെങ്കിലും ശിക്ഷ നടപ്പാക്കിയില്ല. ഇറാനിൽ യാത്ര, ചലച്ചിത്ര നിർമ്മാണം എന്നിവയിൽ നിന്നും വിലക്കപ്പെട്ട അദ്ദേഹം, രഹസ്യമായി സിനിമകൾ ചെയ്യുകയും അവ വിദേശത്ത് റിലീസ് ചെയ്ത് വലിയ സ്വീകാര്യത നേടുകയും ചെയ്തു.
കഴിഞ്ഞ ജൂലൈ മാസമാണ് പനാഹി അറസ്റ്റിലായത്. അറസ്റ്റിലായ രണ്ട് ഇറാനിയൻ ചലച്ചിത്ര നിർമ്മാതാക്കളെ അന്വേഷിക്കാൻ തലസ്ഥാനമായ ടെഹ്‌റാനിലെ പ്രോസിക്യൂട്ടറുടെ ഓഫീസിൽ പോയപ്പോഴാണ് അദ്ദേഹത്തെയും അറസ്റ്റ് ചെയ്തത്. നേരത്തെയുള്ള ശിക്ഷ അനുഭവിക്കണമെന്ന് പിന്നീട് ഒരു ജഡ്ജി വിധിക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'നോ ബെയേഴ്‌സ്,' പ്രതിഷേധം ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പ് സെപ്റ്റംബറിൽ വെനീസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചു. ന്യൂയോർക്ക് ടൈംസും അസോസിയേറ്റഡ് പ്രസ്സും ഈ വർഷത്തെ മികച്ച 10 ചിത്രങ്ങളിൽ ഒന്നായി ഇതിനെ തിരഞ്ഞെടുത്തു, ലോസ് ഏഞ്ചൽസ് ടൈംസിലെ ചലച്ചിത്ര നിരൂപകൻ ജസ്റ്റിൻ ചാങ് ഇതിനെ 2022-ലെ മികച്ച ചിത്രമായി വിശേഷിപ്പിച്ചു.
ഇറാന്റെ കർശനമായ ഇസ്ലാമിക വസ്ത്രധാരണരീതി ലംഘിച്ചുവെന്നാരോപിച്ച് സദാചാര പോലീസിന്റെ അറസ്റ്റ് ചെയ്ത 22 കാരിയായ മഹ്സ അമിനി മരിച്ചതിനെ തുടർന്നാണ് വ്യാപകമായി പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ഇറാൻ ഭരിക്കുന്ന പുരോഹിതന്മാരെ അട്ടിമറിക്കാനുള്ള ആഹ്വാനമായി അതിവേഗം വളർന്ന പ്രകടനങ്ങൾ, അവരുടെ നാല് പതിറ്റാണ്ട് നീണ്ട ഭരണത്തിന് വലിയ വെല്ലുവിളി ഉയർത്തി.
ബുധനാഴ്ച, പടിഞ്ഞാറൻ ഇറാനിയൻ നഗരമായ അബ്ദാനനിൽ നടന്ന പ്രതിഷേധത്തിൽ നൂറോളം പേർ പങ്കെടുത്തതായി ഇറാന്റെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തു. സുരക്ഷാ സേനയുടെ ഇടപെടലിൽ അഞ്ച് 'ലഹളക്കാർക്ക്' നിസാര പരിക്കേറ്റതായും 10 പേരെ അറസ്റ്റ് ചെയ്തതായും കൂടുതൽ വിവരങ്ങൾ നൽകാത്ത വാർത്തയിൽ പറയുന്നു.
പ്രകടനങ്ങളിലേക്കുള്ള മാധ്യമ പ്രവേശനം ഇറാൻ കർശനമായി നിയന്ത്രിക്കുകയും ഇടയ്‌ക്കിടെ ഇന്റർനെറ്റ് അടച്ചു പൂട്ടുകയും ചെയ്യുന്നതിനാൽ, നിർദ്ദിഷ്ട സംഭവങ്ങൾ സ്ഥിരീകരിക്കുന്നതിനോ നടന്നു കൊണ്ടിരിക്കുന്ന പ്രകടനങ്ങളുടെ തോത് കണക്കാക്കുന്നതിനോ സാധ്യമല്ല.
മരണത്തെക്കുറിച്ചോ അറസ്റ്റിനെക്കുറിച്ചോ ഇറാൻ അധികൃതർ ഔദ്യോഗിക കണക്കുകൾ പുറത്തു വിട്ടിട്ടില്ല. എങ്കിലും, ഇറാനിലെ അശാന്തി സൂക്ഷ്മമായി നിരീക്ഷിച്ച മനുഷ്യാവകാശ പ്രവർത്തകരുടെ അഭിപ്രായത്തിൽ, പ്രതിഷേധം ആരംഭിച്ചതിന് ശേഷം കുറഞ്ഞത് 527 പ്രതിഷേധക്കാർ കൊല്ലപ്പെടുകയും 19,500-ലധികം ആളുകൾ തടവിലാവുകയും ചെയ്തിട്ടുണ്ട്.
അസ്ഗർ ഫർഹാദിയുടെ 2016-ലെ ഓസ്‌കാർ പുരസ്‌കാരം നേടിയ 'ദ സെയിൽസ്മാൻ' എന്ന ചിത്രത്തിലെ നായിക, 38 കാരിയായ താരാനെ അലിദൂസ്തി, പ്രതിഷേധങ്ങൾക്കെതിരെയുള്ള അടിച്ചമർത്തലുകളെ സോഷ്യൽ മീഡിയയിൽ വിമർശിച്ചത്തിനായി കഴിഞ്ഞ ഡിസംബറിൽ അറസ്റ്റിലായി. മൂന്നാഴ്ചയ്ക്ക് ശേഷം അവർക്ക് ജാമ്യം ലഭിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us