അഴിമതിക്കാരനായ മന്ത്രി ചാണ്ടിയുടെ (അലന്‍സിയര്‍) ദുരൂഹമരണത്തിലേക്കുള്ള അന്വേഷണമാണ് ‘ഇര’ എന്ന ചിത്രം. ആശുപത്രിയിലെ പരിശോധനയ്ക്കിടെ ഹൃദയാഘാതം വന്നാണ് ചാണ്ടി മരിക്കുന്നത്. എന്നാല്‍ മരണത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് കണ്ടെത്തുകയും തുടര്‍ന്ന് പ്രാഥമികമായി സംശയം തോന്നിയ ഡോക്ടര്‍ ആര്യനെ (ഗോകുല്‍ സുരേഷ്) കസ്റ്റഡിയില്‍ എടുക്കുകയും ചെയ്യുന്നു.

ആര്യന്‍ നടത്തുന്ന പരിശോധനയ്ക്കിടെയാണ് ചാണ്ടിയുടെ അപ്രതീക്ഷിതമായ മരണം സംഭവിക്കുന്നത്. തുടര്‍ന്നു നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചാണ്ടിയുടെ ശരീരത്തില്‍ കെമിക്കലിന്‍റെ അംശം കണ്ടെത്തിയെന്നും ഇതാണ് ഹൃദയാഘാതത്തിന് കാരണമെന്നും തെളിയുന്നു. കേസിന്‍റെ അന്വേഷണത്തിനായി ഡല്‍ഹിയില്‍ നിന്നും സ്‌പെഷ്യല്‍ ഓഫീസര്‍ രാജീവ് (ഉണ്ണി മുകുന്ദന്‍) എത്തുന്നു.

പിന്നീട് ആര്യന്‍റെ ജീവിതത്തിലേക്കാണ് ക്യാമറ തിരിയുന്നത്. ചിത്രം തുടങ്ങി ആദ്യത്തെ അര മണിക്കൂറില്‍ തന്നെ പ്രധാന ത്രഡും കഥാപാത്രങ്ങളും പുതുമുഖ സംവിധായകന്‍ സൈജു പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നുണ്ട്.

ആദ്യ പകുതിയില്‍ ചിത്രത്തിന്‍റെ സസ്‌പെന്‍സ് നന്നായി കൈകാര്യം ചെയ്യാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. ഡോക്ടര്‍ ആര്യന്‍റെ വ്യക്തി ജീവിതത്തിലേക്കും കഥ പോകുന്നു. കൊല്‍ക്കത്തയിലെ അനാഥാലയത്തില്‍ വളര്‍ന്ന ആര്യന്‍ നിലവില്‍ നാട്ടിലാണ് ജോലി ചെയ്യുന്നത്. അദ്ദേഹത്തിന്‍റെ കാമുകിയായ ജെനി (നിരഞ്ജന അനൂപ്) മരിച്ച മന്ത്രി ചാണ്ടിയുടെ പേരക്കുട്ടിയാണ്.

രാജീവ് അന്വേഷണം നടത്തുന്നതോടൊപ്പം ആര്യനെതിരെയുള്ള കേസ് കൂടുതല്‍ സ്‌ട്രോങ് ആക്കാന്‍ കേരള പോലീസ് ശ്രമിക്കുന്നതും ചിത്രീകരിച്ചിട്ടുണ്ട്. കേസിനെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്ന വിധം, സെന്‍സേഷനായി വാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കുന്നത്, അന്തി ചര്‍ച്ചകള്‍ തുടങ്ങി മാധ്യമങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനം കൂടി ‘ഇര’ മുന്നോട്ടു വയ്ക്കുന്നു.

രണ്ടാം ഭാഗം കൂടുതല്‍ ഫ്‌ളാഷ് ബാക്കിലൂടെയാണ് കടന്നു പോകുന്നത്. ഇവിടെ രാജീവിന്‍റെ ജീവിതവും ആദിവാസി യുവതിയായ കാര്‍ത്തു (മിയ)വുമായുള്ള അയാളുടെ പ്രണയവും പ്രേക്ഷകരിലേക്കെത്തിക്കുകയാണ് സംവിധായകന്‍.

സിനിമയുടെ ഒരു ഘട്ടത്തില്‍ വച്ച്, ചാണ്ടിയുടെ മരണം അന്വേഷിക്കുന്നതിനു പുറകില്‍ രാജീവിന് വ്യക്തമായ ലക്ഷ്യങ്ങളുണ്ടെന്നും അയാള്‍ക്ക് ചാണ്ടിയോട് പ്രതികാരമുണ്ടായിരുന്നെന്നും മനസ്സിലാകുമ്പോഴും ആരും എന്തുകൊണ്ടാണ് ഇയാളുടെ നടപടികളെ ചോദ്യം ചെയ്യാത്തതെന്ന് പ്രേക്ഷകര്‍ അമ്പരന്നേക്കാം.

ഉണ്ണി മുകുന്ദനെ ആക്ഷന്‍ ഹീറോയായി ചിത്രീകരിക്കാന്‍ സുധീര്‍ സുരേന്ദ്രന്‍റെ ക്യാമറ വളരെയേറെ പ്രയത്‌നിച്ചിട്ടുണ്ട്. സ്ലോമോഷന്‍ രംഗങ്ങളുടെ അതിപ്രസരമാണിവിടെ. ഗോപി സുന്ദറിന്‍റെ പശ്ചാത്തല സംഗീതവും ഇതിന് വളരെയധികം സഹായകരമായിട്ടുണ്ട്. എന്നാല്‍ രണ്ടാംഭാഗം കൂടുതലും ചിത്രീകരിക്കുന്നത് കാട്ടിലാണ്. ഇവിടെ ഈ പശ്ചാത്തല സംഗീതം അല്പം അരോചകമായി തോന്നിയേക്കാം.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ചില ഭാഗങ്ങളും പരാമര്‍ശങ്ങളും ഒഴിവാക്കിയാല്‍ ‘ഇര’ ഒരു സാധാരണ കുറ്റാന്വേഷണ കഥായായി കടന്നു പോയേനെ. നടന്‍ ദിലീപിനെതിരായ അന്വേഷണത്തോട് സാദൃശ്യം തോന്നുന്ന പല ഘടകങ്ങളും ‘ഇര’യിലുണ്ട്.

തെളിവെടുപ്പു സമയത്ത് മാധ്യമപ്രവര്‍ത്തകനോട്  “എന്തിനാണ് ചേട്ടാ, വെറുതേ വായില്‍ തോന്നിയത് വിളിച്ചു പറയുന്നത്,” എന്ന് ദിലീപ് പറഞ്ഞത്, ‘ഇര’യില്‍ ഡോക്ടര്‍ ആര്യനും പറയുന്നുണ്ട്.

ഒരു കുറ്റാന്വേഷണ കഥയിലൂടെ ആക്ഷേപഹാസ്യമായാണ് ‘ഇര’ നമുക്ക് മുന്നിലെത്തുന്നത്. സെന്‍സേഷനു പുറകെ പായുന്ന മാധ്യമങ്ങളെ ‘ഇര’ കണക്കറ്റു വിമര്‍ശിക്കുന്നുണ്ട്.

ഇന്ത്യന്‍ എക്സ്പ്രസ്സ്‌.കോമിന് വേണ്ടി മനോജ്‌ കുമാര്‍.ആര്‍ എഴുതിയത്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ