നൂറു മീറ്റർ ഓട്ടത്തിലും ലോങ് ജംബിലുമൊക്കെ തിളങ്ങിയ, അത്ലറ്റിക്സിനെ സ്നേഹിച്ച ഒരു പെൺകുട്ടി. എന്നാൽ അത്ലറ്റ് ആവാനല്ല, വെള്ളിത്തിരയിൽ നായികയാവുക എന്ന നിയോഗത്തിന്റെ വഴിയേയാണ് റേച്ചൽ ഡേവിഡ് എന്ന സായ ഇപ്പോൾ സഞ്ചരിക്കുന്നത്. അത് മാത്രമല്ല, മലയാളം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന പ്രണവ് മോഹന്‍ലാല്‍ എന്ന നടന്റെ ആദ്യനായികയായി കൂടിയായാണ് ചരിത്രം സായയെ രേഖപ്പെടുത്തുക. പ്രണവ് മോഹന്‍ലാലിന്റെ രണ്ടാമത്തെ ചിത്രമാണ് നാളെ റിലീസ് ചെയ്യാനിരിക്കുന്ന ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’. ആദ്യ ചിത്രമായ ‘ആദി’യില്‍ പ്രണവിന് നായികയില്ലായിരുന്നു.
ചിത്രത്തിലേക്ക് താന്‍ എത്തിയ വഴികളെക്കുറിച്ചും, പ്രണവുമായി സ്ക്രീന്‍ പങ്കു വച്ചതിന്റെ അനുഭവത്തെക്കുറിച്ചും, കുടുംബത്തെക്കുറിച്ചുമൊക്കെ സായ മനസ്സ് തുറന്നു.
“ഞാൻ വളരെ ഭാഗ്യവതിയാണ്. നല്ലൊരു തുടക്കമാണ് ലഭിച്ചത്. ‘ഇരുപത്തൊന്നാം നൂറ്റാണ്ടി’ലേക്കുള്ള കാസ്റ്റിംഗ് കോൾ കണ്ടിട്ട് അപ്ലെ ചെയ്യുകയായിരുന്നു. പിന്നെ അവർ സ്ക്രീൻ ടെസ്റ്റിനു വിളിച്ചു. എന്റെ കഥാപാത്രത്തെ മനസ്സിലാക്കാൻ അരുൺ ഗോപി സാർ ഒരുപാട് സഹായിച്ചിട്ടുണ്ട്. കുറേ പുസ്തകങ്ങളും സിനിമകളുമൊക്കെ വായിക്കാനും കാണാനുമായി സജസ്റ്റ് ചെയ്തു തന്നു. ചിത്രത്തിൽ എന്റെ കഥാപാത്രത്തിന്റെ പേര് സായ എന്നാണ്. ആദ്യം എനിക്ക് കഥാപാത്രവുമായി റിലേറ്റ് ചെയ്യാൻ പറ്റുന്നില്ലായിരുന്നു. ഓരോയിടത്തും എന്ത് ഇമോഷൻ ആണ് വേണ്ടത്, എക്സ്പ്രഷൻ ആണ് വേണ്ടത് എന്നൊക്കെ അരുൺ സാർ വിശദീകരിച്ചു തന്നു. ഇതൊക്കെ കാണൂ എന്നു പറഞ്ഞ് കുറേ സിനിമകളും റഫറൻസ് ആയി തന്നു.”
മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘ഇരുപതാം നൂറ്റാണ്ടു’മായി പേരിലുള്ള സാമ്യം, പ്രണവിന്റെ സാന്നിധ്യം, ‘ആദി’യുടെ വിജയം കൊണ്ട് വന്ന പ്രതീക്ഷകള്‍ എന്ന് തുടങ്ങി ‘ഇരുപത്തൊന്നാം നൂറ്റാണ്ടി’നെ പ്രസക്തമാക്കുന്ന ഘടകങ്ങള്‍ ഏറെയുണ്ട്. ആദ്യ ചിത്രത്തില്‍ താന്‍ നേരിട്ട പരിചയക്കുറവിനെ മറികടക്കാന്‍ പ്രണവ് തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട് എന്ന് സായ സാക്ഷ്യപ്പെടുത്തുന്നു.
Read More: അപ്പന്റെ ചരിത്രം ആവര്‍ത്തിക്കുമോ അപ്പു?: ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ ട്രെയിലര്‍ കാണാം
“ആദ്യം ഞങ്ങൾ രണ്ടുപേരും വളരെ ഷൈ ആയിരുന്നു. സിനിമയ്ക്കു മുൻപ് ഞങ്ങൾക്കൊരു വർക്ക് ഷോപ്പ് ഉണ്ടായിരുന്നു. പതിയെ പതിയെ ഫ്രണ്ട്ലിയായി. പ്രണവിനൊപ്പം വളരെ കംഫർട്ടബിളായി അഭിനയിക്കാൻ കഴിഞ്ഞു. കൊച്ചി, വാഗമൺ, വർക്കല, ഗോവ, ബാലി ഒക്കെയായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. ഞാൻ മലയാളം സംസാരിക്കുന്നത് കേൾക്കുമ്പോൾ എല്ലാവരും ചിരിക്കുമായിരുന്നു ആദ്യം. ഇപ്പോ കുറച്ചൊക്കെ സംസാരിക്കാൻ പഠിച്ചു.”
മലയാളിയായ സായ ജനിച്ചതും വളർന്നതും ബാംഗ്ലൂരിലാണ്. കോഴിക്കോട് സ്വദേശിയായ അച്ഛന് ബാംഗ്ലൂരിൽ ബിസിനസ് ചെയ്യുന്നു. അമ്മയുടെ സ്വദേശം ചെങ്ങന്നൂരാണ്. ഒരു അനിയത്തിയുണ്ട് സായയ്ക്ക്.
“ചെറുപ്പം മുതൽ എനിക്ക് അത്ലറ്റിക്സിൽ ആയിരുന്നു താൽപ്പര്യം. 100 മീറ്റർ ഓട്ടവും ലോങ് ജംബുമൊക്കെയായിരുന്നു എന്റെ ഐറ്റം. പിന്നെ മോഡലിംഗ് ചെയ്തു തുടങ്ങി. മോഡലിംഗിൽ നിന്നുമാണ് സിനിമയിലേക്ക് വരുന്നത്.” ബിബിഎം ബിരുദധാരിണിയാണ് സായ. ‘ഇരുപത്തൊന്നാം നൂറ്റാണ്ട്’ റിലീസ് ചെയ്തിട്ട് മതി പുതിയ പ്രൊജക്റ്റുകൾ എന്നാണ് സായയുടെ തീരുമാനം.
ത്രില്ലർ ചിത്രങ്ങൾ കാണാനിഷ്ടപ്പെടുന്ന വ്യക്തിയാണ് താനെന്നും എന്നാൽ ‘ഇരുപത്തൊന്നാം നൂറ്റാണ്ട്’ ആക്ഷനും റൊമാൻസും ഡ്രാമയുമെല്ലാമുള്ള ഒരു ഫാമിലി എന്റർടെയിൻമെന്റ് മൂവിയാണെന്നും സായ കൂട്ടിച്ചേർക്കുന്നു. ജനുവരി 25 നാണ് ‘ഇരുപത്തൊന്നാം നൂറ്റാണ്ട്’ തിയേറ്ററുകളിലെത്തുന്നത്.