കാഴ്ചയുള്ളവരെ പറ്റിക്കാനും തൊട്ടപ്പനായ ഇത്താക്കിനെയും അപ്പനെയും പോലെ കുഞ്ഞുകുഞ്ഞു മോഷണങ്ങള്‍ നടത്താനുമൊക്കെ മിടുക്കിയാണ് കുഞ്ഞാടെന്നു വിളിപ്പേരുള്ള സാറാ. എന്നാല്‍ അദ്രുമാന്‍ എന്ന അന്ധനായ പലചരക്കുകടക്കാരനെ പറ്റിക്കുക സാറയ്ക്കും സാറയുടെ സന്തത സഹചാരിയായ കുട്ടിക്കും അത്ര എളുപ്പമുള്ള ജോലിയല്ല. കാഴ്ചയില്ലെങ്കിലും ഉള്‍ക്കണ്ണു കൊണ്ട് അദ്രുമാന്‍ പലതും കാണുന്നുണ്ട്. കേള്‍വിയിലെ സൂക്ഷമതയിലൂടെയും ഗന്ധത്തിലൂടെയും അയാള്‍ തന്റെ കാഴ്ചയില്ലായ്മയെ മറികടക്കുകയാണ്. ആദ്യമായി അഭിനയിക്കുന്ന ഒരാളുടെ യാതൊരുവിധ പതര്‍ച്ചകളുമില്ലാതെ, അമ്പരപ്പിക്കുന്ന രീതിയില്‍ അദ്രുമാന്‍ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയത് കഥാകൃത്തും തിരക്കഥാകൃത്തുമായ രഘുനാഥ് പലേരിയാണ്. ‘തൊട്ടപ്പന്‍’ എന്ന ചിത്രത്തെ കുറിച്ചും ജീവിതത്തിലെ ആദ്യത്തെ ക്യാരക്ടര്‍ പെര്‍ഫോമന്‍സിനെ കുറിച്ചുമൊക്കെ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് മനസ്സു തുറക്കുകയാണ് രഘുനാഥ് പലേരി.
“മുന്‍പ് ക്ലാസ്സ് എടുക്കുമ്പോള്‍ അഭിനയത്തെ കുറിച്ച് കുട്ടികളോട് സംസാരിക്കുകയും ചിലതൊക്കെ അഭിനയിച്ചു കാണിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ജീവിതത്തില്‍ ആദ്യമായിട്ടാണ് ഒരു കഥാപാത്രമായി പെര്‍ഫോം ചെയ്യുന്നത്,” ‘തൊട്ടപ്പനി’ലേക്ക് എത്തിയതിനെക്കുറിച്ച് രഘുനാഥ് പലേരി പറഞ്ഞു തുടങ്ങി.
Read Here, Thottappan movie Review: തൊട്ടപ്പന് ഉടലും ഉയിരുമേകി വിനായകൻ, വിസ്മയിപ്പിച്ച് പ്രിയംവദ

‘തൊട്ടപ്പനി’ലേക്കുള്ള വഴികള്‍
രഘുനാഥ് പലേരിയുടെ സിനിമകള്‍ ധാരാളം കാണുകയും അതിനാല്‍ സ്വാധീനിക്കപ്പെടുകയും ചെയ്ത ‘തൊട്ടപ്പന്‍’ സംവിധായകന്‍ ഷാനവാസ് യാദൃശ്ചികമായാണ് ഒരു ദിവസം രഘുനാഥ് പലേരിയെ വിളിച്ചത്.
“ഞാനൊന്നു കാണാന്‍ വന്നോട്ടെ എന്നു വിളിച്ചു ചോദിക്കുമ്പോള്‍ ഞാനന്ന് എറണാകുളത്താണ്, അവന്‍ പൊന്നാനിയിലും. ഇതിനായിട്ട് അത്ര ദൂരെ നിന്നും വരേണ്ട, മറ്റെന്തെങ്കിലും ആവശ്യത്തിനു എറണാകുളം വരുമ്പോള്‍ കാണാം എന്നു പറഞ്ഞു. പക്ഷേ ഷാനവാസ് അതൊന്നും കേള്‍ക്കാതെ അന്നു തന്നെ വണ്ടിയെടുത്തു വന്നു. മണിക്കൂറുകളോളം സംസാരിച്ച് അന്ന് വൈകിട്ടാണ് പോയത്. എനിക്കവനോട് വാത്സല്യം തോന്നി. പ്രായം കൊണ്ടൊക്കെ എന്നേക്കാള്‍ എത്രയോ ഇളയതായ ഒരു ചെറുപ്പക്കാരന്‍. പിന്നെ അവന്‍ ഇടയ്‌ക്കൊക്കെ വിളിക്കും, കാണും. ഞങ്ങളുടെ മൂന്നാമത്തെ കണ്ടുമുട്ടലിലാണ് ‘തൊട്ടപ്പന്‍’ എന്ന ഒരു സിനിമ ചെയ്യാന്‍ പോവുന്ന കാര്യം ഷാനവാസ് പറയുന്നത്. കഥയൊക്കെ പറഞ്ഞപ്പോള്‍ നല്ലൊരു കേള്‍വിക്കാരനായി ഞാന്‍ കേട്ടിരുന്നു,” ആദ്യ കൂടിക്കാഴ്ചയെ അദ്ദേഹം ഇങ്ങനെ ഓര്‍ത്തെടുത്തു.
“അതും കഴിഞ്ഞ് പിന്നീടൊരിക്കല്‍ ഫോണിലാണ്, ഒരു ക്യാരക്ടര്‍ ചെയ്തു തരാവോ എന്ന് ചോദിക്കുന്നത്. അഭിനയിക്കാവോ എന്നാണ് ചോദിച്ചതെന്ന് അപ്പോ എനിക്കു മനസ്സിലായില്ല. എന്നോടെന്തോ സഹായം ചോദിച്ചതാണെന്നു കരുതി, എന്തു വേണമെങ്കിലും ചെയ്തു തരാമെന്ന് ഞാന്‍ പറയുകയും ചെയ്തു. പിന്നീട് കാര്യം മനസ്സിലായപ്പോള്‍ ഞാനൊന്നു ഞെട്ടി. നോ പറയാം എന്നൊക്കെ ആലോലിച്ചു. പക്ഷേ ഷാനവാസ് അതില്‍ തന്നെ ഉറച്ചു നില്‍ക്കുകയായിരുന്നു. ഒടുവില്‍ അതവനു തന്നെ വിട്ടു കൊടുത്തു. ഞാന്‍ ചെയ്തിട്ട് ശരിയായില്ലെങ്കില്‍ വേറെ ആരെയെങ്കിലും വെച്ച് ചെയ്യണം, മടിക്കാതെ പറയണം എന്നൊക്കെ ഞാനാദ്യമേ പറഞ്ഞിരുന്നു. ശരിയാവുന്നില്ലെങ്കില്‍ എനിക്ക് പകരമായി ഞാനൊരാളെ നോക്കുന്നുമുണ്ടായിരുന്നു. ‘തൊട്ടപ്പന്’ വേണ്ടിയാണ് ഞാന്‍ ജീവിതത്തില്‍ ആദ്യമായി താടിയൊക്കെ നീട്ടി വളര്‍ത്തിയത്,” രഘുനാഥ് പലേരി കൂട്ടിച്ചേര്‍ത്തു.
അഭിനയത്തിന്റെ താളം
അദ്രുമാന്‍ എന്ന കഥാപാത്രത്തിന്റെ അന്ധതയേയും സൂക്ഷ്മായ ചലനങ്ങളെയും, ചതിക്കപ്പെടുന്നു എന്നറിയപ്പോഴുള്ള വേദനയേയും നിസ്സഹായാവസ്ഥയേയും എല്ലാം മനോഹരമായി തന്നെ ആവിഷ്‌കരിച്ച രഘുനാഥ് പലേരിയുടെ പെര്‍ഫോമന്‍സ് ‘തൊട്ടപ്പന്‍’ പ്രേക്ഷകര്‍ക്കായി കാത്തുവച്ച സര്‍പ്രൈസ് ആണ്. എന്നാല്‍ അന്ധനായി അഭിനയിക്കുക എന്ന വെല്ലുവിളിയെ മറികടക്കുക അത്ര എളുപ്പമായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.
“കഥാപാത്രമായി മാറാന്‍ പ്രത്യേക നിര്‍ദ്ദേശങ്ങളൊന്നും ഷാനവാസ് തന്നിരുന്നില്ല. ഞാന്‍ ആളുകളെ നിരീക്ഷിക്കാറുണ്ടായിരുന്നു, ആളുകളുടെ ശൈലി, കാഴ്ചയില്ലാത്തവരുടെ ശരീരഭാഷ തുടങ്ങിയ കാര്യങ്ങളൊക്കെ. അദ്രുമാന്റെ വേഷം ചെയ്യും മുന്‍പ്, ഞാന്‍ കണ്ണടച്ചൊക്കെ ആലോചിച്ചു നോക്കും, ആ കഥാപാത്രം എങ്ങനെയാവും നടക്കുക, പെരുമാറുക, ചുറ്റുമുള്ള കാര്യങ്ങളെ മനസ്സിലാക്കുക- തുടങ്ങിയ കാര്യങ്ങളെ കുറിച്ചൊക്കെ ആലോചിച്ചിരുന്നു. ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍, എനിക്ക് കണ്ണു കാണുന്നില്ല, ഇരുട്ടല്ലാതെ ഒന്നുമെന്റെ മുന്നിലില്ല, ഞാനൊന്നും കാണുന്നില്ല എന്നൊക്കെ സ്വയം വിചാരിച്ചങ്ങ് അഭിനയിച്ചു. പിന്നെ മുന്‍പ് കുട്ടികളെ പഠിപ്പിക്കുമ്പോഴൊക്കെ ഞാനവര്‍ക്ക് പറഞ്ഞു കൊടുത്തിട്ടുണ്ട്, കാഴ്ചയില്ലാത്തവര്‍ക്ക് അവരുടേതായൊരു താളവും മനസ്സുകൊണ്ട് ദൂരമൊക്കെ അളന്നു വയ്ക്കുന്ന രീതിയും അവര്‍ക്കുണ്ടെന്ന്,” തന്റെ അഭിനയ പ്രോസസ് അദ്ദേഹംവിവരിച്ചതിങ്ങനെ.
ശരീരവും മനസ്സും വഴങ്ങുമെങ്കില്‍ നിങ്ങള്‍ക്ക് ഏതു കഥാപാത്രത്തെയും ചെയ്യാമെന്ന് തന്റെ ശിഷ്യന്മാരെ പഠിപ്പിച്ച രഘുനാഥ് പലേരിയ്്ക്ക് ആ പാഠങ്ങള്‍ തന്നെയാണ് അഭിനയത്തിലും സഹായകരമായത്. ചെയ്യുന്ന സീനുകളില്‍ മനസ്സു അപ്ലൈ ചെയ്ത് ഫീല്‍ ചെയ്ത് അനുഭവിച്ചാല്‍ അത് പ്രേക്ഷകരുടെ ഉള്ളിലും മിടിപ്പുണ്ടാക്കും എന്നാണ് രഘുനാഥ് പലേരിയുടെ വിശ്വാസം. അന്ധനാണെങ്കിലും തൊട്ടപ്പനിലെ അദ്രുമാന്റെ കണ്ണുകള്‍ പോലും കഥ പറയുന്നുണ്ട്.
“ശബ്ദം കേള്‍ക്കുമ്പോള്‍ കാതുകള്‍ അലേര്‍ട്ട് ആവുന്നതു പോലെ കണ്ണിനും ഒരു അലേര്‍ട്ട് സ്വഭാവം ഉണ്ടാവുമല്ലോ? അങ്ങനെ ഒരു തോന്നല്‍ എനിക്കുമുണ്ടായിരുന്നു. അതാവാം ചിലപ്പോള്‍ കണ്ണില്‍ പ്രകടമായത്. ബോധപൂര്‍വ്വം ഞാന്‍ ചെയ്തതല്ല അത്. അല്ലെങ്കിലും ബോധപൂര്‍വ്വം അന്ധനാവുക, കേള്‍ക്കാതിരിക്കുക എന്നതൊന്നും സാധ്യമല്ലല്ലോ, ശരീരത്തിന് അതിന്റേതായ പരിമിതികള്‍ ഉണ്ട്.”
സത്യന്‍ അന്തിക്കാടിനു വേണ്ടി ഒരു സിനിമ
‘തൊട്ടപ്പന്‍’ കണ്ട് ധാരാളം പേര്‍ വിളിച്ചു, കലക്കി എന്നൊക്കെ പറയുമ്പോഴും ഷാനവാസ് ആവശ്യപ്പെട്ടത് ചെയ്തു കൊടുക്കാന്‍ പറ്റി എന്നതില്‍ തന്നെ ഏറെ സന്തോഷിക്കുന്നു എന്നും രഘുനാഥ് പലേരി.
“ഇനിയും അഭിനയിക്കുമോ എന്നൊക്കെ ആളുകള്‍ ചോദിക്കുന്നുണ്ട്. എനിക്കറിയില്ല, അഭിനയിക്കണം എന്നെനിക്ക് തീക്ഷ്ണമായ ആഗ്രഹമൊന്നുമില്ല. ആരെങ്കിലും ആവശ്യപ്പെട്ടാല്‍ ചിലപ്പോള്‍ ഞാന്‍ ചെയ്തു കൊടുത്തേക്കാം. എനിക്ക് ധാരാളം കഥകള്‍ എഴുതണമെന്നാണ് ആഗ്രഹം. സത്യന്‍ അന്തിക്കാടിനു വേണ്ടി ഒരു പടം എഴുതി കൊടുക്കണമെന്നുണ്ട്. ഒന്നു എഴുതി തീര്‍ത്തിട്ട് വേണം അവനോട് പറയാന്‍. സത്യന്‍ എന്നോട് പല തവണ ആവശ്യപ്പെട്ട കാര്യമാണത്. സത്യനൊപ്പം ജോലി ചെയ്യുന്നത് തോളില്‍ കയ്യിട്ടു നടക്കുന്നതുപോലെ സന്തോഷം നിറഞ്ഞൊരു അനുഭവമാണെനിക്ക്.”

ഞാന്‍ ആനന്ദത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നു
‘സ്‌നേഹത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍’ എന്നാണ് രഘുനാഥ് പലേരിയെ ‘തൊട്ടപ്പന്‍’ സംവിധായകന്‍ ഷാനവാസ് കെ ബാവക്കുട്ടി വിശേഷിപ്പിച്ചത്. ആ വിശേഷണത്തില്‍ അതിശയോക്തി ഇല്ലെന്ന് അദ്ദേഹത്തോട് അടുത്തുനില്‍ക്കുന്നവരൊക്കെ സാക്ഷ്യം പറയുകയും ചെയ്യും. ജീവിതത്തോടുള്ള തന്റെ സമീപനത്തെ കുറിച്ചും സൗഹൃദങ്ങളെ കുറിച്ചും രഘുനാഥ് പലേരിയുടെ വാക്കുകള്‍ ഇങ്ങനെ.
“എന്തൊക്കെ പ്രശ്‌നങ്ങളുണ്ടെങ്കിലും ആനന്ദത്തോടെ ജീവിക്കുക എന്നതാണ് എന്റെ ചിന്ത. അധികം ആഗ്രഹങ്ങളൊന്നുമില്ലാതെ, തൃപ്തിയോടെ ജീവിക്കുമ്പോഴാണ് നമുക്ക് ഏറ്റവും കൂടുതല്‍ സന്തോഷം ലഭിക്കുക. എന്‌റെ കയ്യില്‍ ഉള്ളതെന്താണല്ലോ അതിന് അനുസരിച്ച് ജീവിക്കുന്നതില്‍ സന്തോഷമുണ്ട്. ഞാന്‍ ഒറ്റയ്ക്കാണ് ഭൂമിയിലെങ്കില്‍, എന്റെ കൂടെ കുടുംബം ഇല്ലായിരുന്നുവെങ്കില്‍, സൗഹൃദങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ മറ്റൊരാളായി മാറിയേനെ.
പക്ഷേ അതല്ല, എനിക്ക് മക്കളുണ്ട്, ഭാര്യയുണ്ട്, സുഹൃത്തുക്കളുണ്ട്. വ്യക്തികളോടുള്ള ഉത്തരവാദിത്വങ്ങളുണ്ട്. ഞാന്‍ ആളുകളെ റെസ്പക്റ്റ് ചെയ്യുന്നുണ്ട്. സഹജാവബോധം എന്നതിന് വാല്യു കൊടുക്കുന്നുണ്ട്. അതൊന്നുമില്ലെങ്കില്‍, പ്രിയപ്പെട്ടവര്‍ ചുറ്റുമില്ലെങ്കില്‍ പിന്നെ നമുക്ക് എന്ത് ജീവിതം? ‘തൊട്ടപ്പന്‍’ ചെയ്തു കൊടുക്കാന്‍ തന്നെ കാരണം, എനിക്ക് ഷാനവാസിനോട് തോന്നിയ സ്‌നേഹമാണ്.”
Read here, Ashita on Raghunath Paleri: സ്നേഹാവിഷ്ടൻ