/indian-express-malayalam/media/media_files/uploads/2022/04/Vijay-Alphonse-Puthren.jpg)
തമിഴ് സൂപ്പർതാരം വിജയ് നായകനാവുന്ന ബീസ്റ്റ് ഏപ്രിൽ 13ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ബീസ്റ്റിന്റെ റിലീസിന് മുന്നോടിയായി വിജയ് നൽകിയ അഭിമുഖമാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്. ഏതാണ്ട് ഒരു ദശാബ്ദത്തോളമായി അഭിമുഖങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുകയായിരുന്നു താരം. ബീസ്റ്റിന്റെ സംവിധായകൻ നെൽസൺ ദിലീപ് കുമാറാണ് വിജയ്‌യുടെ അഭിമുഖം നടത്തിയത്.
അഭിമുഖത്തിനിടെ മകൻ സഞ്ജയ് ജേസണെ കുറിച്ച് പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുകയാണ്. മകൻ തന്റെ പാത പിന്തുടരുന്നത് കാണാൻ തനിക്ക് അതിയായ ആഗ്രഹമുണ്ടെന്ന് വിജയ് വെളിപ്പെടുത്തി. എന്നിരുന്നാലും, തന്റെ താൽപ്പര്യത്തിന് വേണ്ടി മകനെ സമ്മർദ്ദത്തിലാക്കില്ലെന്നും വിജയ് പറഞ്ഞു.
"പ്രേമം സംവിധായകൻ അൽഫോൺസ് പുത്രൻ ഒരിക്കൽ എന്നെ കാണണമെന്നു പറഞ്ഞു. അവൻ എന്നോട് കഥ പറയാൻ വന്നതാണെന്നു കരുതി ഞാൻ കൂടിക്കാഴ്‌ചയ്ക്ക് സമയം നൽകി. പക്ഷേ, സഞ്ജയിനോട് കഥ പറയാൻ വന്നതായിരുന്നു അദ്ദേഹം. അതൊരു ക്യൂട്ട് കഥയായിരുന്നു, അടുത്ത വീട്ടിലെ പയ്യൻ എന്നൊക്കെ പറയുന്നതുപോലൊരു കഥാപാത്രം. സഞ്ജയ് ആ സിനിമയോട് 'യെസ്' പറയണമെന്ന് ഞാൻ രഹസ്യമായി ആഗ്രഹിച്ചിരുന്നു. പക്ഷേ, തനിക്ക് കുറച്ച് വർഷങ്ങൾ കൂടി വേണമെന്നാണ് അവൻ പറഞ്ഞത്, ഞാൻ നിർബന്ധിച്ചില്ല.”
സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ പ്ലാനുണ്ടോ എന്ന ചോദ്യത്തിന് തന്റെ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഇതുവരെ ഒരു ടൈംലൈൻ നിശ്ചയിച്ചിട്ടില്ല എന്നായിരുന്നു വിജയ്‌യുടെ ഉത്തരം. 'ദൈവം ഇച്ഛിച്ചാൽ' താൻ രാഷ്ട്രീയത്തിൽ വരുമെന്ന് മുൻപ് രജനീകാന്ത് പറഞ്ഞ വാക്കുകൾ തന്നെയാണ് ചോദ്യത്തിന് മറുപടിയായി വിജയ് കടമെടുത്തത്. “ഇന്ന് എന്റെ ആരാധകർ ആഗ്രഹിക്കുന്നത് ഞാൻ ദളപതി (സിനിമാ താരം) ആകണമെന്നാണ്. നാളെ ഞാൻ തലൈവൻ (നേതാവ്) ആകണമെന്ന് അവർ ആഗ്രഹിക്കുന്നുവെങ്കിൽ, അങ്ങനെയാകട്ടെ."
“ഞാനൊരു ഉറച്ച വിശ്വാസിയാണ്. തുപ്പാക്കിയുടെ ചിത്രീകരണത്തിനിടെ പള്ളിയിലും അമ്പലങ്ങളിലും അമീൻ പീർ ദർഗയിലും പോയിട്ടുണ്ട്. എല്ലായിടത്തും ഒരു ദിവ്യാനുഭൂതി അനുഭവിച്ചിട്ടുണ്ട്. എന്റെ അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയുമാണ്. ഇരുവരും പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. എങ്ങോട്ട് പോകണം, പോകരുത് എന്ന കാര്യത്തിൽ ഒരിക്കലും എന്നെ പരിമിതപ്പെടുത്താത്ത ഒരു വീട്ടിലാണ് ഞാൻ വളർന്നത്. ഞാൻ എന്റെ കുട്ടികളെയും ഇത് തന്നെ പഠിപ്പിക്കുന്നു, ” തന്റെ മതവിശ്വാസത്തെ കുറിച്ച് വിജയ്.
വിജയും അച്ഛൻ എസ് എ ചന്ദ്രശേഖറുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും പലകുറി വാർത്തകളിൽ ഇടം പിടിച്ചതാണ്. അച്ഛനെ കുറിച്ചുള്ള ചോദ്യത്തിന്, “ദൈവവും പിതാവും തമ്മിലുള്ള ഒരേയൊരു വ്യത്യാസം, നമുക്ക് ദൈവത്തെ കാണാൻ കഴിയില്ല, പക്ഷേ നമുക്ക് നമ്മുടെ പിതാവിനെ കാണാൻ കഴിയും,” എന്നാണ് വിജയ് മറുപടി നൽകിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.