/indian-express-malayalam/media/media_files/uploads/2019/01/vetri-1.jpg)
ഡിസംബര്‍ മാസം ഐ എഫ് എഫ് കെ നടക്കുമ്പോഴാണ് വെട്രിമാരന്‍ എന്ന തമിഴ് സംവിധായകനെ കാണുന്നത്. 'ആടുകളം' എന്ന തന്റെ രണ്ടാമത്തെ ചിത്രവുമായി 2011ലെ മേളയില്‍ എത്തിയ തുടക്കകാരന്‍ സംവിധായകനില്‍ നിന്നും ദേശീയ-അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ നേടിയ ജൂറി അംഗമായിട്ടാണ് ഇത്തവണ അദ്ദേഹം മേളയില്‍ എത്തിയത്. പത്തു വര്‍ഷം കൊണ്ട് തമിഴ് സിനിമയില്‍ മാത്രമല്ല, ലോകസിനിമാ പ്രേമികളുടെ മനസ്സിലും തന്റെ കൈയ്യൊപ്പ് പതിപ്പിച്ച സംവിധായകന്‍. തമിഴ് ഭാവുകത്വത്തില്‍ ചവിട്ടി നിന്നു കൊണ്ട് അദ്ദേഹം പറഞ്ഞ 'യൂണിവേര്‍സല്‍' ആയ കഥകള്‍ ചുരുങ്ങിയ കാലം കൊണ്ട് രാജ്യാന്തര മേളകളുടെ റെഡ് കാര്‍പ്പെറ്റുകള്‍ നടന്നു കയറി.
തമിഴ്നാട്ടിലെ ഫിലിം സൊസൈറ്റികള്‍ നടത്തിയ സ്ക്രീനിംഗുകളില്‍ നിന്നാണ് വെട്രിമാരന്‍ ലോകസിനിമയെ പരിചയപ്പെട്ടു തുടങ്ങുന്നത്. പിന്നീട് ചെന്നൈയില്‍ ധാരാളമായി ലഭിക്കുന്ന 'പൈറേറ്റഡ്' ഡിവിഡികളിലൂടെയും. ലോകസിനിമാ കാഴ്ചകളില്‍ നിന്നും ആര്‍ജ്ജിച്ച കരുത്ത് വെട്രിമാരന്‍ പകര്‍ന്നത് തീര്‍ത്തും ' റീജനൽ' ആയ തന്റെ ചിത്രങ്ങളിലേക്കാണ്. 'പൊല്ലാതവന്‍' മുതല്‍ വടചെന്നൈ' വരെ നീളുന്ന തന്റെ സിനിമാ ജീവിതത്തെക്കുറിച്ച്, അതിന്റെ കാതലായ തിരക്കഥകളെക്കുറിച്ച്, രാഷ്ട്രീയത്തെക്കുറിച്ച്, ശക്തമായ സ്ത്രീ കഥാപാത്രങ്ങളുടെ അഭാവത്തെക്കുറിച്ച്... വെട്രിമാരന്‍ ഇന്ത്യന്‍ എക്സ്പ്രസ്സ് മലയാളത്തോട് മനസ്സ് തുറക്കുന്നു.
താങ്കൾ ഇതുവരെ ചെയ്തിട്ടുള്ളതില്‍ നിന്നും, വെട്രിമാരൻ എന്ന വ്യക്തിയുടെ രാഷ്ട്രീയം, ആറ്റിറ്റ്യൂഡ് എന്നിവയെ നിര്‍വ്വചിക്കുന്ന ഒരു ചിത്രം തെരെഞ്ഞെടുക്കാൻ പറഞ്ഞാൽ?
ആ സിനിമ ഞാനിതു വരെ ചെയ്തിട്ടില്ലെന്നാണ് ഞാൻ കരുതുന്നത്. 'വിസാരണൈ' ഒരു പരിധി വരെ അതിന്റെ രാഷ്ട്രീയം കൊണ്ട് അങ്ങനെ പറയാവുന്ന ചിത്രമാണ്. 'വട ചെന്നൈ' പറയുന്നത് ഞാനിപ്പോൾ വർക്ക് ചെയ്ത് കൊണ്ടിരിക്കുന്ന ഐഡിയോളജിയെ കുറിച്ചാണ്. അതിൽ പെർഫെക്ഷനും ക്ലാരിറ്റിയുമൊക്കെ എനിക്കിപ്പോൾ ലഭിച്ചു കൊണ്ടിരിക്കുകയാണ്. ജനങ്ങൾ, ഭൂമി, തദ്ദേശീയർ അവയൊക്കെ തമ്മിലുള്ള ഇഴയടുപ്പം കൂടുതൽ മനസ്സിലാവുന്നു. എന്തിന് അവർ അവരുടെ ഭൂമിയ്ക്കു വേണ്ടി പോരാടണം തുടങ്ങിയ കാര്യങ്ങളിലൊക്കെ കുറേ കൂടി വ്യക്തത ലഭിക്കുന്നുണ്ടിപ്പോൾ.
എങ്ങനെയാണ് താങ്കൾ സിനിമകൾ കണ്ടെത്തുന്നത്?
എന്നെ സംബന്ധിച്ച് ഒരു ആശയം കിട്ടുന്നു, അതെന്നെ രണ്ടും മൂന്നും വർഷമൊക്കെ വ്യാപൃതനാക്കുന്നു. പുതിയ ഉള്‍ക്കാഴ്ചകള്‍ കൊണ്ടു വരുന്നു. ഞാനെവിടെ നിന്നു തുടങ്ങിയോ അതിലും മെച്ചപ്പെട്ട ഒരു മനുഷ്യനായി മാറാന്‍ അതെന്നെ സഹായിക്കുന്നു. ഇത്തരം കാര്യങ്ങളാണ് പ്രധാനമായും ഞാനെപ്പോഴും ശ്രദ്ധിക്കുന്നത്.
എട്ടു മാസം മുതൽ ഒരു വർഷം വരെയൊക്കെ ഒരു തിരക്കഥയ്ക്ക് വേണ്ടി ഞാനെടുക്കാറുണ്ട്. സിനിമയാക്കാന്‍ പിന്നെയും ഒരു വർഷം എടുക്കും. റിലീസിനായി വീണ്ടും ആറു മാസത്തോളം സമയവും. ഇതൊരു നീണ്ട പ്രക്രിയ ആണ്. ഒരു സിനിമയ്ക്കു വേണ്ടി മൂന്നു വർഷമൊക്കെ ചെലവഴിക്കേണ്ട സാഹചര്യമാണ്. അപ്പോള്‍ ഞാന്‍ എന്ന വ്യക്തിയ്ക്ക്, അത് തുടങ്ങിയപ്പോൾ എനിക്കറിവില്ലാതിരുന്ന ഒരു പുതിയ കാര്യം ഈ കാലയളവ് തീർച്ചയായും സമ്മാനിക്കണം. ആ യാത്ര എനിക്ക് എന്തെങ്കിലും തരണം. അത്തരത്തിൽ ഒരു സാധ്യത ഇല്ലാത്ത ഒന്നാണെങ്കിൽ ആ കഥ അല്ലെങ്കില്‍ ആശയത്തിന് വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കില്ല.
ആദ്യ ചിത്രം 'പൊല്ലാതവൻ' (തമിഴില്‍ ദുഷ്ടന്‍ എന്നര്‍ത്ഥം) മുതല്‍ നോക്കിയാല്‍, താങ്കളുടെ സിനിമകൾ പലപ്പോഴും 'ബാഡ് മെന്നി'നെ ചുറ്റിപ്പറ്റിയാണ്. എന്ത് കൊണ്ടാണ് അങ്ങനെ?
'ബാഡ്' അല്ല 'ഗ്രേ' എന്നതാണ് എന്റെ ഏരിയ. ശരിക്കും നല്ലവരായോ അല്ലെങ്കിൽ അത്ര കണ്ട് മോശപ്പെട്ടവരായോ ആരുമുണ്ടാകില്ല. അതിന്റെ ഒരു മിശ്രിതമാണ് മനുഷ്യർ. ആര്‍ക്കും എല്ലാവരുടേയും മുന്നില്‍ നല്ലവരാവാൻ കഴിയില്ല. മോശം മനുഷ്യരും ചിലരുടെ മുന്നില്‍ നല്ലവരാവാറുണ്ട്. ഒരു തിരക്കഥ എഴുതുമ്പോൾ ആളുകളിലെ എല്ലാ ഷെയ്ഡുകളും കണ്ടെത്താൻ ശ്രമിക്കുകയാണ് ഞാൻ. ആ കണ്ടെത്തൽ എന്നെ പ്രചോദിപ്പിക്കുന്നു. ആ കണ്ടെത്തൽ തന്നെയാണ് എന്നെ സംബന്ധിച്ച് പ്രധാനവും.
അത് പറയുമ്പോഴും താങ്കളുടെ സിനിമകൾ കൂടുതലും പുരുഷന്മാരെ കേന്ദ്രീകരിച്ചാണ് എന്ന് പറയേണ്ടി വരില്ലേ? സ്ത്രീ കേന്ദ്രീകൃതമായ നിരവധിയേറെ സിനിമകൾ ഒരുക്കിയ ബാലു മഹേന്ദ്രയുടെ ശിഷ്യന്‍റെ ചിത്രങ്ങളില്‍ ശക്തമായ സ്ത്രീ സാന്നിദ്ധ്യങ്ങള്‍ കുറവാണല്ലോ?
ശരിയാണ്, അതു മാറേണ്ടതുണ്ട്. അങ്ങനെ ചിന്തിക്കുന്ന വ്യക്തിയാണ് ഞാൻ. നമ്മൾ ജനിച്ചു വളർന്ന ഒരു സിസ്റ്റത്തിന്റെ കുഴപ്പമാണത്. അമ്മ, സഹോദരി, ബന്ധുക്കളായ സ്ത്രീകൾ അവരുമായൊക്കെയാവും നമ്മൾ കൂടുതൽ കണക്റ്റ് ചെയ്തു വളർന്നത്. അതു കൊണ്ടു തന്നെ കുടുംബത്തിനു പുറത്തുള്ള സ്ത്രീകളെ അത്രയധികം പരിചയപ്പെട്ടിട്ടുണ്ടാവില്ല. മനസ്സിലാക്കാതെ പോയൊരു ഏരിയയാണത്. ഇപ്പോൾ അതിനെ കുറിച്ച് കൂടുതൽ ആലോചിക്കുന്നുണ്ട്. ഞാനതിനു വേണ്ടി വർക്ക് ചെയ്യുന്നുമുണ്ട്.
യഥാർത്ഥത്തിൽ സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ എന്നത് പോലെ തന്നെ, സമൂഹത്തില്‍ ആഴത്തില്‍ സ്വാധീനിക്കാൻ ശക്തിയുള്ള സ്ത്രീ കഥാപാത്രങ്ങളും സിനിമയ്ക്ക് ആവശ്യമുണ്ട്. ഒരു സ്ത്രീ സാന്നിധ്യം വേണം, പ്രണയിക്കാൻ ഒരു സ്ത്രീ വേണം - ആ രീതിയിലല്ല സിനിമയിൽ സ്ത്രീകളെ കാണേണ്ടത്. അതൊരു തെറ്റായ സമീപനം ആണ്. സ്ക്രിപ്റ്റിനെ സ്വാധീനിക്കുന്ന, സിനിമയിൽ മികച്ച സംഭാവനകൾ നൽകാൻ കഴിയുന്ന, സ്വന്തമായ വോയിസ് ഉള്ള , കാഴ്ചപ്പാടുകളുള്ള സ്ത്രീ കഥാപാത്രങ്ങളാണ് ഉണ്ടാവേണ്ടത്.
'പൊല്ലാതവന്‍' മുതൽ 'വട ചെന്നൈ' വരെ നീളുന്ന സിനിമകളെല്ലാം ധനുഷ് എന്ന നടനെ കേന്ദ്രീകരിച്ചാണല്ലോ. നിങ്ങൾ ഒന്നിച്ച് വർക്ക് ചെയ്തു തുടങ്ങുമ്പോൾ ഇന്നു കാണുന്ന 'സ്റ്റാർഡ'ത്തിൽ ധനുഷ് എത്തിയിട്ടില്ല. സംവിധായകൻ- നടൻ എന്നീ നിലകളിൽ ഈ കാലയളവിലെ നിങ്ങളുടെ യാത്ര എങ്ങനെയായിരുന്നു?
താങ്കൾ പറഞ്ഞത് പോലെ തന്നെ ധനുഷ് അന്നൊരു താരമല്ല, ഉയര്‍ന്നു വരുന്ന ഒരു നടനായിരുന്നു. 'പൊല്ലാതവന്‍' മുതൽ ഇതു വരെയുള്ള ധനുഷിന്റെ യാത്ര നോക്കുമ്പോൾ അത്ഭുതം തോന്നും. വലിയൊരു ആരാധകവൃന്ദമുള്ള താരമാണ് ധനുഷ് ഇന്ന്. ഈ യാത്രയിൽ, ഞങ്ങളൊന്നിച്ചു വർക്ക് ചെയ്ത ചിത്രങ്ങളിലെല്ലാം ഉള്ള ഒരു പൊതുവായ കാര്യം ഒരു എഴുത്തുകാരന്‍ എന്ന നിലയിൽ ധനുഷിന് എന്നിൽ ഉള്ള വിശ്വാസമാണ്. ആളുകൾക്ക് ഇഷ്ടപ്പെടുന്നതും സെൻസിബിളുമായ രീതിയിൽ ഒരു സിനിമ ഞാൻ ഡെലിവർ ചെയ്യുമെന്ന് ധനുഷിന് വിശ്വാസമുണ്ട്. അതെപ്പോഴും ഞങ്ങളുടെ കൂട്ടുകെട്ടിന് ഗുണം ചെയ്തിട്ടുണ്ട്.
എഴുത്തുകാരന്‍, സംവിധായകന്‍ എന്നീ നിലകളില്‍ ഇപ്പോഴും പുതിയ പുതിയ വെല്ലിവിളികൾ ധനുഷെന്ന നടന് ഞാന്‍ സമ്മാനിക്കാന്‍ ശ്രമിക്കും. ഒരു ചലഞ്ചുമായി മുന്നോട്ട് ഞാന്‍ വരുമ്പോൾ ശക്തമായി തന്നെ ധനുഷ് അതിനെ മറികടക്കും. അതാണ് ഞങ്ങൾക്കിടയിലുള്ള ഗെയിം എന്നു ഞാൻ വിശ്വസിക്കുന്നു.
ഞാനെപ്പോഴും ധനുഷിന് ബുദ്ധിമുട്ടുള്ള ഒരു സാഹചര്യം സൃഷ്ടിക്കുന്നു. ധനുഷ് അതിനെ അതിജീവിക്കുന്നു. ഞാൻ വീണ്ടും വെല്ലുവിളിക്കുന്നു, അതും ധനുഷ് മറികടക്കുന്നു. ഇതാണ് സംഭവിക്കുന്നത്.
ധനുഷ് ഇല്ലായിരുന്നുവെങ്കിൽ, പത്തു വർഷത്തെ എന്റെ സിനിമാ യാത്ര ഇത്ര എളുപ്പമായിരിക്കുമെന്ന് ഞാൻ കരുതുന്നില്ല. ജനങ്ങളാല്‍ സ്വീകരിക്കപ്പെട്ടതും നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയതുമായ ചിത്രങ്ങൾ ചെയ്യാൻ സാധിച്ചത്, ധനുഷ് ഒരാൾ കാരണമാണ്.
'വട ചെന്നൈ'യിലെ രാജൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടല്ലോ. അത്തരമൊരു കഥാപാത്രത്തിന് സംവിധായകന്‍ അമീറിനെ കണ്ടെത്തുന്നത് എങ്ങനെയാണ്?
യാദൃശ്ചികമായാണ്. ആ കഥാപാത്രം ആദ്യം വിജയ് സേതുപതി ചെയ്യുമെന്നാണ് വെച്ചിരുന്നത്. പിന്നെ രവി തേജ അഭിനയിക്കാമെന്നായി. പക്ഷേ അവരുടെ ഡേറ്റുകള്‍ കിട്ടാത്തതു കൊണ്ട് അമീര്‍ സുല്‍ത്താനെ സമീപിച്ചു. മറ്റൊരാളുടെ സംവിധാനത്തില്‍ അഭിനയിക്കുമോ എന്നാണ് ഞാന്‍ അമീറിനോട് ആദ്യം ചോദിച്ചത്. അത് സംവിധായകന്‍ ആരാണെന്നത് അനുസരിച്ചിരിക്കുമെന്നായിരുന്നു അമീറിന്റെ മറുപടി. ഞാനാണ് ആ സംവിധായകന്‍ എന്ന് പറഞ്ഞപ്പോള്‍, കഥ പോലും കേള്‍ക്കാതെ ആ വേഷം ചെയ്യാൻ അമീർ തയ്യാറാകുകയായിരുന്നു.
വളരെ ഇന്റിമേറ്റായി അഭിനയിക്കാന്‍ പറ്റില്ല എന്ന് നിബന്ധന അമീർ മുന്നോട്ടു വെച്ചിരുന്നു. അതു കൊണ്ട് കുറച്ചൊക്കെ സ്‌ക്രിപ്റ്റില്‍ മാറ്റം വരുത്തി. പക്ഷേ ആ ബന്ധത്തിന്റെ തീവ്രത സ്‌ക്രീനില്‍ കൊണ്ടു വരാൻ സാധിച്ചാലേ, ചന്ദ്ര എന്ന കഥാപാത്രം അവരുടെ ഭര്‍ത്താവിനെ കൊന്നവരോട് പ്രതികാരം ചെയ്യാന്‍ കാത്തിരിക്കുന്നതിനെ ന്യായീകരിക്കാൻ കഴിയുമായിരുന്നുള്ളൂ. അവരുടെ കണ്ടുമുട്ടൽ, കല്യാണം, ബോട്ടിലെ ആദ്യരാത്രി - ആ മൂന്നു സീനുകളിൽ രാജനും ചന്ദ്രയും തമ്മിലുള്ള ബന്ധം ചുരുക്കി അവതരിപ്പിക്കേണ്ടി വന്നെങ്കിലും പ്രേക്ഷകർക്ക് അതിന്റെ ആഴം മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടാവും എന്നു തന്നെയാണ് ഞാൻ കരുതുന്നത്.
താങ്കൾ തന്നെയാണ് എല്ലാ ചിത്രങ്ങളുടെയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഒരു തിരക്കഥാകൃത്തിന് ഉണ്ടാവണം എന്ന് താങ്കൾ കരുതുന്ന ഗുണമെന്താണ്?
എന്തെഴുതണം, എന്തു നിലവാരം വേണം എന്നൊന്നും അങ്ങനെ നിർവ്വചിക്കാൻ സാധിക്കില്ല. എഴുതുന്നത് തുറന്നമനസ്സോടെയാവണം. സ്ക്രിപ്റ്റ് ഓർഗാനിക്കാവണം. മാറ്റങ്ങൾക്ക് തയ്യാറാവണം. ആർക്കും ആ സ്ക്രിപ്റ്റിലേക്ക് സംഭാവന ചെയ്യാൻ സാധിക്കും. നിര്‍ദ്ദേശങ്ങൾ കേൾക്കാൻ തയ്യാറാവുക. അത് എടുക്കണമോ വേണമോ വേണ്ടയോ എന്നത് അടുത്ത ചോദ്യമാണ്. പലരും 'ഇതെന്റെ സ്ക്രിപ്റ്റാണ്, ഇതിൽ മാറ്റങ്ങൾ വരുത്താൻ പറ്റില്ലെന്നു' ശഠിക്കും. മറ്റുള്ളവർ പറയുന്നതെന്തെന്ന് കേൾക്കാനുള്ള തുറന്ന മനസ്സ് തിരക്കഥയ്ക്ക് ഗുണം ചെയ്യും എന്നാണ് എന്റെ വിശ്വാസം.
എന്താണ് അടുത്ത പ്രൊജക്റ്റ്?
ഞാൻ എഴുതുകയാണ്. കുറച്ചു വിഷയങ്ങൾ മനസ്സിലുണ്ട്. ഇതു തന്നെയാവുമോ എന്റെ അടുത്ത പ്രൊജക്റ്റ് എന്നുമറിയില്ല, ഒന്നും തീരുമാനമായിട്ടില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.