അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമ കണ്ടിറങ്ങിയ ആർക്കും ചിത്രത്തിൽ ദുൽഖറിന്റെ അനിയനായി എത്തുന്ന വികൃതിക്കുട്ടിയെ അത്ര പെട്ടെന്ന് മറക്കാനാവില്ല. കയ്യിലൊരു കോഴിയും, ആവശ്യത്തിൽ കൂടുതൽ കുസൃതിയും, തരംകിട്ടിയാൽ ഏട്ടനോട് ഗുസ്തി പിടിക്കുകയും ചെയ്യുന്ന കാർത്തിക് എന്ന കുറുമ്പനെ അവതരിപ്പിച്ചിരിക്കുന്നത് അപ്പു എന്ന സർവജിത്ത് സന്തോഷ് ആണ്. സിനിമോട്ടോഗ്രാഫറും സംവിധായകനുമായ സന്തോഷ് ശിവന്റെ മകനാണ് അപ്പു.എങ്ങനെ അഭിനയത്തിലെത്തി എന്ന ചോദ്യത്തിന് വളരെ രസകരമായൊരു കഥയാണ് അപ്പുവിന് ഇന്ത്യൻ എക്സ്‌പ്രസ്സിനോട് പറയാൻ ഉണ്ടായിരുന്നത്.
“എന്റെയൊരു സുഹൃത്ത് എന്നെ വെച്ച് ഒരു യൂട്യൂബ് വീഡിയോ ഉണ്ടാക്കിയിരുന്നു. അതിൽ ഞാൻ കെഎഫ്സി എന്നു വിളിപ്പേരുള്ള എന്റെ വളർത്തുകോഴിയെ കുറിച്ചു പറയുന്നുണ്ട്. ആ വീഡിയോ കാണാനിടയായ അനൂപേട്ടൻ എന്നെ തേടി കണ്ടുപിടിക്കുകയായിരുന്നു. അദ്ദേഹം എന്നെ വിളിച്ച് പുതിയ സിനിമയിലേക്ക് കെഎഫ്സിയെ വേണമെന്ന് പറഞ്ഞു. ഞാൻ സമ്മതിച്ചു. എന്നെ ഞെട്ടിച്ചു കൊണ്ട്, ആ സിനിമയിൽ ഞാനുമുണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു.”
ചെന്നൈയിലെ അക്ഷർ അർബോൾ ഇന്റർനാഷണൽ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് അപ്പു എന്ന സർവജിത്ത്. അഭിനയത്തിൽ താൽപ്പര്യമുള്ള അപ്പു, ക്രിയാ ശക്തി നേതൃത്വം നൽകുന്ന സ്കൂളിലെ നാടകഗ്രൂപ്പിലെയും സജീവസാന്നിധ്യമാണ്.
“എനിക്ക് അഭിനയം ഇഷ്ടമാണ്. മറ്റൊരാളായി മാറുന്നത് ഞാൻ ആസ്വദിക്കുന്നു. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വളരെ രസകരമായിരുന്നു. അനൂപേട്ടൻ വളരെ സ്നേഹത്തോടെയാണ് പെരുമാറിയത്. എല്ലാ ആർട്ടിസ്റ്റുകൾക്കും ഒപ്പമുള്ള അഭിനയവും ഞാനേറെ ഇഷ്ടപ്പെട്ടിരുന്നു. ദുൽക്കർ ഇടയ്ക്കിടയ്ക്ക് എന്നെ കളിയാക്കുമായിരുന്നു,” ഷൂട്ടിംഗ് വിശേഷങ്ങൾ അപ്പു പങ്കു വച്ചു. ഷൂട്ടിന്റെ ആദ്യ ദിവസങ്ങളിൽ തന്റെ കെഎഫ്‌സി ഏറെ അസ്വസ്ഥനായിരുന്നെന്നും ഒടുവിൽ ഷൂട്ടുമായി അഡ്ജറ്റ് ആയെന്നും അപ്പു കൂട്ടിച്ചേർത്തു.
വളർത്തുമൃഗങ്ങളോട് ഏറെ ഇഷ്ടമുള്ള കുട്ടിയാണ് അപ്പു. വെറുമൊരു കൗതുകം മാത്രമല്ല അപ്പുവിനെ സംബന്ധിച്ച് മൃഗസ്നേഹം. മൃഗങ്ങൾക്കും പക്ഷികൾക്കും പ്രാണികൾക്കുമൊക്കെ ഈ പ്രപഞ്ചത്തിലും ആവാസവ്യവസ്ഥയിലും ഏറെ പ്രാധാന്യമുണ്ടെന്നും അവയെ സംരക്ഷിക്കേണ്ടതുണ്ടെന്നും ഈ പന്ത്രണ്ടുവയസ്സുകാരൻ വിശ്വസിക്കുന്നു.
“എനിക്ക് വളർത്തുമൃഗങ്ങളെ വളരെ ഇഷ്ടമാണ്. ഒരുപാട് വളർത്തുമൃഗങ്ങൾ വീട്ടിൽ ഉണ്ട്. കെഎഫ്സിയെ കൂടാതെ രണ്ട് കോഴികൾ കൂടെയുണ്ട്, സാൾട്ടും പെപ്പറും. വിവിധതരം മത്സ്യങ്ങളെയും വണ്ടുകളെയും പക്ഷികളെയും ഞാൻ വളർത്തുന്നുണ്ട്,” ഭാവിയിൽ ഒരു എന്റമോളജിസ്റ്റ് ആകാൻ ആഗ്രഹിക്കുന്ന അപ്പു പറയുന്നു. എന്റൊമോളജി ഒരു ശാസ്ത്രശാഖയായി പരിഗണിക്കുന്ന ഹാർവാർഡ് യൂണിവേഴ്സിറ്റി, അരിസോണ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ പോയി കൂടുതൽ പഠിക്കണമെന്നാണ് അപ്പു ആഗ്രഹിക്കുന്നത്.
അച്ഛൻ സന്തോഷ് ശിവനെ പോലെ ഫോട്ടോഗ്രാഫിയിൽ താൽപ്പര്യമുണ്ടോ എന്ന ചോദ്യത്തിന്, എന്റെമോളജിയിലും ഫോട്ടോഗ്രാഫി ഉണ്ടല്ലോ എന്നായിരുന്നു അപ്പുവിന്റെ മറുപടി. മനുഷ്യരുടെ ചിത്രങ്ങൾ പകർത്തുന്നതിനേക്കാൾ അപ്പുവിനിഷ്ടം പ്രാണികളുടെയും വണ്ടുകളുടെയുമെല്ലാം ഫോട്ടോ എടുക്കാനാണ്.
“നിങ്ങളൊരു ചിത്രശലഭപ്പുഴുവിന്റെ ചിത്രമെടുക്കുകയാണെങ്കിൽ, അതിന്റെ പരിവർത്തനത്തിന്റെ നിമിഷങ്ങൾ പകർത്താൻ ദിവസങ്ങൾ എടുത്തേക്കാം,” അപ്പു പറയുന്നു. അപൂർവ്വമായ പ്രാണികളുടെയും ഷഡ്പദങ്ങളുടെയും ചിത്രങ്ങളും വീഡിയോകളും ഈ കൊച്ചുമിടുക്കൻ തന്റെ ക്യാമറയിൽ പകർത്തിയിട്ടുണ്ട്.
Read more: ഈ ഗാനത്തിൽ കൈകോർക്കുന്ന അഞ്ച് ‘കുഞ്ഞി’ സെലബ്രിറ്റികളെ മനസ്സിലായോ?
“ഞാനിതുവരെ സിനിമ കണ്ടിട്ടില്ല. കേരളത്തിലുള്ള എന്റെ കുടുംബാംഗങ്ങളും സ്കൂളിലെ മലയാളികളായ അധ്യാപകരും സിനിമ കണ്ടിട്ട് ഞാൻ കൂടുതൽ ചിത്രങ്ങൾ ചെയ്യണം എന്നു പറഞ്ഞു. എന്നാൽ എനിക്ക് അത്ര ഉറപ്പില്ല, അഭിനയവും എന്റെ പാഷനും ബാലൻസ് ചെയ്തു കൊണ്ടു പോവാൻ ഞാൻ ശ്രമിക്കും. എന്റെ എല്ലാ താൽപ്പര്യങ്ങളെയും പിന്തുണയ്ക്കുന്നവരാണ് അച്ഛനും അമ്മയും,” അഭിനയത്തോടാണോ എന്റൊമോളജിയോടാണോ കൂടുതലിഷ്ടം എന്ന ചോദ്യത്തിന് അപ്പു നൽകിയ മറുപടി ഇങ്ങനെ.