നായികയെ സ്വന്തമാക്കുന്ന നായകന്മാരെയാണ് സിനിമാ പ്രേക്ഷകർക്ക് കണ്ടു പരിചയം. അതിനാലാവാം, തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ ഹിറ്റ് നായിക വാണി വിശ്വനാഥും മലയാളസിനിമയിലെ അക്കാലത്തെ കൊടും വില്ലന്മാരിൽ ഒരാളായ ബാബുരാജും പ്രണയിച്ച് വിവാഹിതരാവാൻ ഒരുങ്ങുന്നു എന്ന് കേട്ടവരൊക്കെ ആദ്യമൊന്ന് അതിശയിച്ചത്. എടുത്തു പറയാൻ മാത്രം ഒരു സീനിൽ പോലും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത രണ്ടു പേർക്കിടയിൽ പ്രണയം വിടർന്ന കഥയറിയാനായി പിന്നെ മലയാളികൾക്ക് കൗതുകം. ‘ഞങ്ങളുടേത് ഒരു ഡിഷ്യൂം ഡിഷ്യൂം ലവ് സ്റ്റോറി’ എന്നാണ് വാണിയുമായുള്ള പ്രണയജീവിതത്തെ ബാബുരാജ് ഒരിക്കൽ വിശേഷിപ്പിച്ചത്.
ബാബുരാജുമായുള്ള പ്രണയം, വിവാഹജീവിതം, കുടുംബവിശേഷങ്ങൾ… വാണി വിശ്വനാഥ് മനസ്സു തുറക്കുന്നു.
“അഭിനേതാക്കളുടെ കഥാപാത്രം വെച്ചിട്ടാണല്ലോ ആളുകൾ പലപ്പോഴും താരങ്ങളെ നോക്കികാണാറുള്ളത്. ഞങ്ങൾ തമ്മിൽ പ്രണയം എന്നു പറഞ്ഞ് വാർത്ത കാണിക്കുമ്പോൾ, ഒന്നിച്ചുള്ള ഒരു പ്രണയ രംഗമോ പാട്ടു സീനോ പോലും ഇടാനില്ല. പ്രണയം വേണ്ട, ഞങ്ങളുടെ മൂവി സീനുകൾ കാണിക്കുമ്പോൾ തന്നെ അടിയും ഇടിയും കുത്തും തെറിവിളിയുമൊക്കെയേ കാണിക്കാനുള്ളൂ,” വാണി വിശ്വനാഥ് പറയുന്നു.
“നഗ്മയൊക്കെ അന്നെന്റെ കൂട്ടുകാരിയാണ്. ഇടയ്ക്ക് ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ വിളിച്ച് ഷൂട്ടിംഗ് വിശേഷങ്ങളൊക്കെ ചോദിക്കും. ഞാൻ ചോദിക്കുമ്പോൾ നഗ്മ അണിഞ്ഞൊരുങ്ങി സുന്ദരിയായി വൃന്ദാവൻ ഗാർഡനിലൊക്കെ പാട്ടു സീനിൽ ഡാൻസ് ചെയ്യുകയായിരിക്കും. എന്നോട് ചോദിക്കുമ്പോഴാണ് തമാശ, ഞാനിവിടെ മേലാകെ അഴുക്കും മുറിവുമൊക്കെയായി ഫിഷ് മാർക്കറ്റിൽ ഫൈറ്റ് ചെയ്തു കൊണ്ടിരിക്കുകയാവും. ഞങ്ങളത് പറഞ്ഞ് കുറേ ചിരിക്കും,” വാണി പറഞ്ഞു തുടങ്ങി.

വിവാഹം കഴിഞ്ഞിട്ട് 19 വർഷം പിന്നിടുന്നു; നിങ്ങളുടെ പാർട്ണർഷിപ്പിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ എന്താണ് പറയാനുള്ളത്?
തിരിഞ്ഞു നോക്കേണ്ട എന്നാണ് ഞാൻ വിചാരിക്കുന്നത്. അത് അങ്ങനെ മുന്നോട്ട് പോയികൊള്ളും. ഞങ്ങളിപ്പോഴും ഇടയ്ക്ക് വഴക്കുണ്ടാവും, അടികൂടി അടുത്ത നിമിഷം അങ്ങ് പിരിഞ്ഞുപോയാലോ എന്നു വരെ ഓർക്കും. പിന്നെ ആലോചിക്കുമ്പോൾ, ഒന്നിച്ചു നിൽക്കാൻ തോന്നിപ്പിക്കുന്ന മനോഹരമായ എത്രയോ നിമിഷങ്ങളും ഓർമകളുമുണ്ടല്ലോ എന്നോർക്കും. അതുവച്ച് അടുത്തവർഷം പോയ്കൊള്ളും. അതാണ് ജീവിതം. വഴക്കും പിണക്കങ്ങളുമൊന്നുമില്ലാത്ത വീടുണ്ടാവില്ല. ഒന്നിച്ച് ജീവിക്കുന്നവർക്കിടയിൽ വഴക്കോ പിണക്കങ്ങളോ അഭിപ്രായവ്യത്യാസങ്ങളോ ഒന്നുമില്ലെങ്കിൽ അവിടെ എന്തോ പ്രശ്നമുണ്ടെന്ന് വിചാരിക്കാം.
ഞാൻ തന്നെ പറയും, പ്രണയം തുടങ്ങുമ്പോൾ നല്ല റൊമാന്റിക് സിനിമ പോലെയാണ് ജീവിതം, പിന്നെ ഷാജി കൈലാസ് ചിത്രങ്ങളെ പോലെയാവും, ഫൈറ്റും വഴക്കുമൊക്കെ ഇടയ്ക്ക് കയറി വരും. അവസാനമാകുമ്പോഴേക്കും അടൂർ ഗോപാലകൃഷ്ണൻ സാറിന്റെ സിനിമകൾ പോലെയാവും. വിവാഹജീവിതത്തെ മുന്നോട്ടു കൊണ്ടുപോവുന്നത് ഉള്ളിന്റെയുള്ളിൽ പരസ്പരമുള്ള ഒരു ‘അഫക്ഷൻ’ ആണ്. അതുണ്ടെങ്കിൽ, എന്തൊക്കെ പ്രശ്നം വന്നാലും, എത്ര വഴക്കുണ്ടായാലും മനസ്സിൽ നിന്നും സ്നേഹം പോവില്ല. ആ അടുപ്പം പ്രണയത്തിനും അപ്പുറമാണ്.
പാരന്റിംഗ് അനുഭവങ്ങൾ
ജീവിതത്തെ മൊത്തം മാറ്റിയ ഒരനുഭവമാണ് എനിക്ക് പാരന്റിംഗ്. അതുവരെ, എന്താവശ്യത്തിനും ചുറ്റും ധാരാളം ആളുകളുണ്ട്. ഒന്ന് ചുമച്ചാൽ സഹായികൾ ഓടിവരും, ചായ കൊണ്ടുവരാൻ, കതക് തുറന്നു തരാൻ… തെലുങ്കിലൊക്കെ ഞാൻ അറുപതോളം പടങ്ങൾ ചെയ്തിട്ടുണ്ട്. അവിടുന്നൊക്കെ കിട്ടുന്ന മര്യാദയും ലക്ഷ്വറിയുമൊക്കെ വലുതാണ്. പക്ഷേ, സ്വന്തമായൊരു ജീവിതം ആരംഭിക്കുമ്പോൾ അത് നമ്മുടെ ഉത്തരവാദിത്വമാണ്. അവിടുത്തെ രാജകുമാരിയും സഹായിയുമൊക്കെ നമ്മളാണ്.

ഉത്തരവാദിത്വങ്ങളെല്ലാം ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. പുതിയ കാര്യങ്ങൾ മനസ്സിലാക്കി തനിയെ ചെയ്യുന്നതൊക്കെ ഞാൻ ആസ്വദിച്ചിരുന്നു. മകളുടെ അഡ്മിഷന്റെ കാര്യം തന്നെയെടുക്കാം. പെട്ടെന്നാണ് മോൾക്ക് മെഡിസിന് അഡ്മിഷൻ റെഡിയായത്, അപ്പോഴേക്കും അവിടെ ക്ലാസ് തുടങ്ങികഴിഞ്ഞിരുന്നു. അതൊക്കെ, വളരെ കൂളായി തനിയെ ചെയ്തു കഴിഞ്ഞപ്പോൾ വലിയ സംതൃപ്തി തോന്നി. ബാബുവേട്ടൻ പറയും, നീയായിട്ടാണ് ഇതൊക്കെ കൂളായി കൊണ്ടുപോവുന്നത് എന്ന്.
മക്കൾക്കും അഭിനയത്തോട് താൽപ്പര്യമുണ്ടോ?
ആർച്ചയ്ക്ക് അഭിനയത്തിൽ ടാലെൻഡ് ഉണ്ട്. സ്കൂളിൽ തിരുവിളയാടൽ എന്ന നാടകത്തിൽ ശിവാജി ഗണേശന്റെ വേഷമായിരുന്നു അവൾ ചെയ്തത്. ഓരോ ഡയലോഗും ഓരോ പാരഗ്രാഫ് കാണും. അതൊക്കെ പഠിച്ചു കാണാതെ പറയൽ എളുപ്പമല്ല, പക്ഷേ അവളത് പുഷ്പം പോലെ ചെയ്ത് എന്നെ ഞെട്ടിച്ചു കളഞ്ഞു. ഓവർ ഓൾ പെർഫോമൻസിന് മികച്ച നടിയായും അവൾ തിരഞ്ഞെടുക്കപ്പെട്ടു.

സിനിമയിൽ നിന്നും ഒന്നു രണ്ട് അവസരങ്ങളൊക്കെ അവൾക്കു വന്നിരുന്നു. പക്ഷേ അവൾക്ക് വലിയ താൽപ്പര്യമില്ല. അവൾക്ക് ഡോക്ടർ ആവണം എന്നാണ് ആഗ്രഹം. അതിനു ശേഷം നോക്കാം എന്നുവിചാരിക്കുന്നു
മകൻ അദ്രിയ്ക്ക് കൂടുതൽ താല്പര്യം സ്പോർട്സിലാണ്. അവനിപ്പോൾ ക്രിക്കറ്റ് കോച്ചിംഗിനു പോവുന്നുണ്ട്. എന്റെ ഇഷ്ടങ്ങൾ കിട്ടിയിരിക്കുന്നത് അവനാണ്. എനിക്ക് സിനിമയേക്കാളും ഇഷ്ടം സ്പോർട്സ് ആയിരുന്നു. അവന് സ്പോർട്സ് ഇഷ്ടമില്ലായിരുന്നെങ്കിലും ഞാനവനെ ക്രിക്കറ്റ് പഠിപ്പിക്കുമായിരുന്നു, അത്രയ്ക്ക് ജീവനാണ് ക്രിക്കറ്റ് എനിക്ക്.
അമ്മ അഭിനയത്തിലേക്ക് തിരികെ വരുന്നതിൽ സന്തോഷത്തിലാണോ മക്കൾ?
അതെ, രണ്ടുപേർക്കും ഹാപ്പിയാണ്. അവരുടെ ഇഷ്ടതാരങ്ങൾ അധികവും തമിഴിലാണ്. ആർച്ച ധനുഷ് ഫാനാണ്, അദ്രി വിജയ് ഫാനും. പക്ഷേ രണ്ടുപേരും മലയാളം സിനിമകളൊക്കെ കുത്തിയിരുന്ന് കാണും. റിയലിസ്റ്റിക് പടങ്ങൾ കാണണമെങ്കിൽ മലയാളം കാണണം എന്നാണ് രണ്ടാളുടെയും അഭിപ്രായം. ഇടയ്ക്ക് പറയും, കൂട്ടുകാരൊക്കെ വിളിച്ച് മലയാളത്തിലെ ആ പടം കണ്ടോ എന്നൊക്കെ ചോദിക്കുമ്പോൾ കണ്ടില്ലെങ്കിൽ നാണക്കേടാണ്. നല്ല പടം ഉണ്ടെങ്കിൽ പറയൂ, അവര് കാണും മുൻപെ ഞങ്ങൾ കാണട്ടെ എന്ന്.
Read more: പുതിയ ചിത്രത്തിൽ ഫൈറ്റൊന്നുമില്ലാട്ടോ; മടങ്ങി വരവിനെക്കുറിച്ചു വാണി വിശ്വനാഥ്
തേഡ് അയ് മീഡിയ മേക്കേഴ്സിന്റെ ബാനറിൽ ജിതിൻ ജിത്തു സംവിധാനം ചെയ്യുന്ന ‘ദി ക്രിമിനൽ ലോയർ’ എന്ന ചിത്രത്തിലൂടെയാണ് വാണി വിശ്വനാഥ് തിരിച്ചെത്തുന്നത്.