scorecardresearch

പുതിയ ചിത്രത്തിൽ ഫൈറ്റൊന്നുമില്ലാട്ടോ; മടങ്ങി വരവിനെക്കുറിച്ചു വാണി വിശ്വനാഥ്

പ്രായത്തിന് ചേരുന്ന കഥാപാത്രത്തെ അവതരിപ്പിച്ചു വേണം രണ്ടാമൂഴം എന്നെനിക്കുണ്ടായിരുന്നു, അത്തരത്തിൽ പ്രേക്ഷകരെ നിരാശപ്പെടുത്താത്ത ഒരു കഥാപാത്രത്തിനു വേണ്ടിയാണ് കാത്തിരുന്നത്

പ്രായത്തിന് ചേരുന്ന കഥാപാത്രത്തെ അവതരിപ്പിച്ചു വേണം രണ്ടാമൂഴം എന്നെനിക്കുണ്ടായിരുന്നു, അത്തരത്തിൽ പ്രേക്ഷകരെ നിരാശപ്പെടുത്താത്ത ഒരു കഥാപാത്രത്തിനു വേണ്ടിയാണ് കാത്തിരുന്നത്

author-image
Dhanya K Vilayil
New Update
Vani Viswanath, Vani Viswanath interview, Vani Viswanath latest photos, Vani Viswanath family, Vani Viswanath comeback

വില്ലന്റെ അതിക്രമങ്ങളെ തടയാൻ നായകൻ എത്തുന്നതും കാത്തിരിക്കുന്ന, വ്രീളാ വിവശരും നാണം കുണുങ്ങികളുമായ നായികമാർ നിറഞ്ഞു നിന്ന മലയാള സിനിമയുടെ ശാലീനതാ സങ്കൽപ്പത്തിലേക്കാണ് വാണി വിശ്വനാഥ് എന്ന നടി ഒരൽപം ഹീറോയിസവും ആക്ഷനുമൊക്കെ എഴുതിച്ചേർത്തത്. നായകന്റെ തോളൊപ്പം നിന്ന് ആക്ഷൻ സീനുകളിൽ വില്ലന്മാരെ ഇടിച്ചു വീഴ്ത്തി, തീക്ഷ്ണമായ നോട്ടവും ആത്മവിശ്വാസം സ്ഫുരിക്കുന്ന ശരീരഭാഷയുമായി അവർ സ്ക്രീനിൽ നിറഞ്ഞു നിന്നു. അടി, ഇടി, ചെയ്സിംഗ്, ഓട്ടം, ചാട്ടം, ഹോഴ്സ് റൈഡിംഗ് എന്നു തുടങ്ങി ശാരീരിക ക്ഷമത വേണ്ട സാഹസ രംഗങ്ങളെല്ലാം ഒരു കൂസലുമില്ലാതെ കൈകാര്യം ചെയ്തു. തെലുങ്കിൽ വിജയശാന്തി എന്ന പോലെ, മലയാളത്തിൽ ആക്ഷൻ ക്വീൻ എന്ന പദവി നേടിയെടുത്തു.

Advertisment

നടൻ ബാബുരാജുമായുള്ള വിവാഹത്തെ തുടർന്ന് സിനിമയിൽ നിന്നും വിട്ടു നിന്ന വാണി വിശ്വനാഥ് പതിമൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷം 'ദി ക്രിമിനല്‍ ലോയര്‍' എന്ന ചിത്രത്തിലൂടെഅഭിനയത്തിലേക്ക് തിരിച്ചെത്തുകയാണ്. മടങ്ങി വരവിനെക്കുറിച്ചും ഇടവേളയുടെ കാലയളവിലെ തിരക്കേറിയ തന്റെ കുടുംബജീവിതത്തെകുറിച്ചുമൊക്കെ ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളത്തിനോട് സംസാരിക്കുകയാണ് വാണി.

ഏറെ നാളുകൾക്ക് ശേഷമുള്ള ഈ തിരിച്ചു വരവിന് പ്രചോദനമായതെന്താണ്?

പതിമൂന്ന് വർഷമായി ഞാനൊരു മലയാള സിനിമയിൽ അഭിനയിച്ചിട്ട്. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ബ്ലാക്ക് ഡാലിയ (2008) ആണ്. സിനിമയിൽ നിന്നും മാറി നിന്നതിൽ ഒരു വിഷമവും തോന്നിയിട്ടില്ല. കുടുംബത്തിനു വേണ്ടി, മക്കളുടെ വിദ്യഭ്യാസം നോക്കാൻ വേണ്ടിയാണ് അവധിയെടുത്തത്. ഇത്ര നാളും മക്കളുടെ കാര്യങ്ങളുമായി തിരക്കിലായിരുന്നു ഞാൻ, 24 മണിക്കൂർ തികയാത്ത അവസ്ഥ. ഇക്കഴിഞ്ഞ 14 വർഷവും രണ്ടു പേരെയും സ്കൂളിൽ കൊണ്ടു വിടുന്നതും തിരികെ വിളിച്ചു കൊണ്ടു വരുന്നതുമൊക്കെ ഞാനായിരുന്നു. ഇപ്പോൾ മക്കൾ വലുതായി. മകൾ ആർച്ച പ്ലസ് ടു കഴിഞ്ഞ് ദുബായിലെ ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ മെഡിസിന് ചേർന്നു. മകൻ അദ്രി എട്ടാം ക്ലാസിലായി. സ്വന്തം കാര്യങ്ങളൊക്കെ തനിയെ ചെയ്യാനുള്ള പ്രാപ്തിയായി രണ്ടാൾക്കും. ഒന്ന് ഫ്രീയായപ്പോൾ തിരിച്ചു വരാം എന്നോർത്തു.

എന്റെ പ്രായവും ഇപ്പോഴത്തെ മലയാള സിനിമയുടെ ട്രെൻഡിന് അനുസരിച്ചുമുള്ള ഒരു നല്ല കഥാപാത്രത്തെ അവതരിപ്പിച്ചു വേണം രണ്ടാമൂഴം എന്നെനിക്കുണ്ടായിരുന്നു. വാണി വിശ്വനാഥിന് ചേർന്ന കഥാപാത്രം എന്നതിനെ കുറിച്ച് പ്രേക്ഷകരുടെ മനസ്സിലും ഒരു സങ്കൽപ്പമുണ്ടല്ലോ, പ്രേക്ഷകരെ നിരാശപ്പെടുത്താത്ത ഒരു കഥാപാത്രത്തിനു വേണ്ടിയാണ് കാത്തിരുന്നത്. ആഗ്രഹിച്ചതു പോലെ തന്നെ ഒരു വേഷം കിട്ടി. 'ദി ക്രിമിനല്‍ ലോയറി'ന്റെ കഥ കേട്ടപ്പോൾ തന്നെ എനിക്കിഷ്ടമായി. ഞാനും ബാബുവേട്ടനും (ബാബുരാജ്) രണ്ടു പേരും വക്കീലന്മാരായാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഒരു ത്രില്ലർ മൂവിയാണിത്.

Advertisment
publive-image
മക്കളായ ആർച്ചയ്ക്കും അദ്രിയ്ക്കുമൊപ്പം വാണി വിശ്വനാഥും ബാബുരാജും

മാറിയ മലയാള സിനിമയിലേക്ക് തിരിച്ചെത്തുമ്പോൾ ടെൻഷനുണ്ടോ?

സിനിമയും സിനിമയുടെ ടെക്നോളജിയുമൊക്കെ ഒരുപാട് മാറിയിട്ടുണ്ട്. ഇന്ന് സിനിമ ഡിജിറ്റൽ ആണല്ലോ. അഭിനേതാക്കളുടെ കാര്യമെടുത്താലും, പുതിയ കുട്ടികളൊക്കെ മിടുക്കരാണ്, റിയലിസ്റ്റിക്കായി അഭിനയിക്കുന്നവർ, ഒന്നിനൊന്ന് മെച്ചം. അവരുടെ കൂടെയൊക്കെ പിടിച്ചു നിൽക്കാൻ പറ്റുമോ എന്നറിയില്ല.

റിയലിസ്റ്റിക് സിനിമകളുടെ പ്രേക്ഷകരുടെ മുന്നിലേക്കാണ് ഞാൻ വരുന്നത്. മുൻപ് ഞാൻ അവതരിപ്പിച്ചതിൽ അധികവും റിയലിസ്റ്റിക്ക് അല്ലാത്ത കഥാപാത്രങ്ങളാണ്. എന്റർടെയിനർ സിനിമകളുടെ ഭാഗമായിരുന്നല്ലോ ഞാൻ. സ്വാഭാവികമായി അഭിനയിക്കുന്ന ഒരു നടി എന്ന രീതിയിലല്ല എന്നെ പ്രേക്ഷകർ നോക്കി കണ്ടത്. വാണി വരുന്നു, ആക്ഷൻ ചെയ്യുന്നു, രണ്ടു പേരെ അടിച്ചിടുന്നു. അതിനൊക്കെയാണ് എനിക്ക് കയ്യടി കിട്ടിയത്. തമിഴിലോ തെലുങ്കിലോ അത്തരം രംഗങ്ങൾ ചെയ്യുമ്പോൾ കയ്യടി കിട്ടുന്നതിൽ എനിക്ക് അതിശയപ്പെടാനില്ല, എന്നാൽ കേരളത്തിലെ പ്രേക്ഷകരിൽ നിന്നും എനിക്കു കിട്ടിയ ആ കയ്യടി വലിയൊരു അംഗീകാരമായി കരുതുന്ന ആളാണ് ഞാൻ. തിരിച്ചു വരുമ്പോൾ, റിയലിസ്റ്റിക് ആയ രീതിയിൽ എങ്ങനെ അഭിനയിക്കാം എന്നതാണ് എന്റെ ചിന്ത.

Also Read: നായികയും വില്ലനും ഒന്നായിട്ട് 19 വർഷം

ഇത് വരെ ചെയ്തതിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രം ?

എനിക്ക് അങ്ങനെയൊന്നുമില്ല. സിനിമക്കു വേണ്ടി അങ്ങനെ മുന്നൊരുക്കങ്ങളോ ഹോം വർക്കോ ഒന്നും നടത്തുന്ന ആളല്ല ഞാൻ. ലൊക്കേഷനിൽ ചെല്ലുന്നു, സംവിധായകൻ പറഞ്ഞു തരുന്നത് എന്റെ സ്റ്റൈലിൽ ചെയ്യുന്നു, അത്രയേ ഉള്ളൂ. 'സൂസന്ന' ചെയ്യുമ്പോഴും അതെ, ടിവി ചന്ദ്രൻ സാർ പറയുന്നത് അതു പോലെ ചെയ്യുകയായിരുന്നു.

publive-image
ടിവി ചന്ദ്രന്റെ 'സൂസന്ന'യിൽ വാണി. ഈ ചിത്രത്തിലെ പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരം നേടി

സിനിമയ്ക്ക് വേണ്ടി ഹോംവർക്ക് ചെയ്യുന്നതൊക്കെ ഇപ്പോഴാണ് സാധാരണമായത്. അന്ന് ടേക്ക് ആയാലാണ് പ്രശ്നം. ഫിലിമിലാണ് ഷൂട്ട്. ഒന്നു കൂടി ചെയ്താൽ നന്നാവും എന്നു നമുക്കുണ്ടാവും, പക്ഷേ ഫിലിം വേസ്റ്റായി പോവുമല്ലോ, പ്രൊഡ്യൂസറുടെ പൈസ പോവുമല്ലോ എന്നൊക്കെ ഓർക്കുമ്പോൾ എന്നാൽ പിന്നെ കിട്ടിയത് മതി എന്നു കരുതും. ഇന്ന് പക്ഷേ, ഒന്നു കൂടി ചെയ്തു നോക്കണമെന്നുണ്ടെങ്കിൽ അതു നടക്കും, അത്ര പ്രശ്നമില്ല. ഇന്നത്തെ ടെക്നോളജിയിൽ ഞാനിഷ്ടപ്പെടുന്നത് അതാണ്.

വിജയശാന്തി, വാണി വിശ്വനാഥ് - തെന്നിന്ത്യൻ സിനിമയിൽ തന്നെ ആക്ഷൻ നായികമാരായി തിളങ്ങിയവർ നിങ്ങൾ രണ്ടു പേരും മാത്രമാണ്. ആക്ഷൻ ചിത്രങ്ങളിലൊക്കെ അഭിനയിക്കുമ്പോൾ പലപ്പോഴും അപകടങ്ങളും സംഭവിക്കാറില്ലേ?

ഒരുപാട് ഉണ്ടായിട്ടുണ്ട്. ഞാൻ ഒരു മൂന്നാലു മാസം ഗ്ലാമർ വേഷമൊക്കെ ചെയ്ത് പാട്ടു സീനുകളിലൊക്കെ​ അഭിനയിച്ചതിനു ശേഷമാവും ഫൈറ്റ് സീനുകളിൽ അഭിനയിക്കുന്നത്. പാട്ടു സീനുകൾക്ക് വേണ്ടി നഖമൊക്കെ നീട്ടി വളർത്തിയിട്ടുണ്ടാവും. അന്ന് ഇന്നത്തെ പോലെ ഡാൻസ് സീനുകളിലും മറ്റും നഖം ഒട്ടിക്കുന്ന പരിപാടിയൊന്നുമില്ല.

'അടുത്ത സീനിൽ ഫൈറ്റാണ് മാഡം,' എന്ന് അസിസ്റ്റന്റ് വന്നു പറയുമ്പോൾ ഞാൻ ഇരുന്ന് നഖം വെട്ടാൻ തുടങ്ങും. തെലുങ്കിലെ പ്രശസ്ത ഫൈറ്റ് മാസ്റ്റർ വിജയൻ മാസ്റ്റർ അതുകണ്ട് പറയും, വാണി ഇത്ര കഷ്ടപ്പെട്ട് നഖം വളർത്തിയിട്ട് മൊത്തം വെട്ടികളയുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു എന്ന്. നഖം മുഴുവനായും വെട്ടി കളയണം, അല്ലെങ്കിൽ കൈചുരുട്ടിപ്പിടിച്ച് ഇടിക്കുമ്പോൾ നല്ല വേദനയാണ്, നഖം കൊണ്ട് എന്റെ കയ്യിൽ തന്നെ മുറിവാകുകയും ചെയ്യും. വിജയൻ മാസ്റ്ററെ പോലെ, ഫൈറ്റ് സീനിലൊക്കെ എന്നെ ഒരുപാട് സഹായിച്ച ഒരാളാണ് ശശി മാസ്റ്ററും.

ഷൂട്ടിനിടെ ചെറുതും വലുതുമായി ഇത്തരത്തിലുള്ള ഒരുപാടു പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ടൈമിംഗ് ഒക്കെ തെറ്റി എത്രയോ തവണ ഇടി കൊണ്ടിട്ടുണ്ട്. ചാടുമ്പോൾ കൈ എവിടേലും കൊണ്ടിടിക്കും. എന്റെ വലത്തെ കൈയുടെ ഷോൾഡർ എപ്പോഴും പണി തരാറുള്ള ചങ്ങാതിയാണ്. എത്രയോ തവണ തെന്നി മാറിയിട്ടുണ്ട്, 'ഹിറ്റ്‌ലറിന്റെ' ഷൂട്ടിംഗ് സമയത്തു പോലും ഷോൾഡർ തെന്നിയിറങ്ങി. 'ഷോൾഡർ ഡിസ്‌ലൊക്കേഷൻ' വന്നാൽ പിന്നെ ഭീകര വേദനയാണ്.

publive-image

അപകടങ്ങളും ഈ വേദനയുമൊക്കെ സ്ഥിരമായിരുന്നു ഒരു സമയത്ത്. ബാബുവേട്ടൻ എന്നെ കളിയാക്കി പറയും, ഒന്നും അറിയില്ലെങ്കിലും 'സ്റ്റാർട്ട് ക്യാമറ, ആക്ഷൻ' എന്നു പറഞ്ഞാൽ അവൾ എന്തും ചെയ്തിരിക്കും. സത്യമാണത്, ഒരു ആക്ഷൻ ഹീറോയിനു വേണ്ട ഒന്നും എനിക്കറിയില്ല, ഫൈറ്റോ മറ്റ് ആയോധനമുറകളോ ഒന്നും ഞാൻ പഠിച്ചിട്ടില്ല. എല്ലാം ഒരു ധൈര്യത്തിന് അങ്ങ് ചെയ്യുകയാണ്. ഉള്ളിൽ ലഹരി പോലെ സിനിമയോടുള്ള ഒരിഷ്ടം കിടക്കുന്നതുകൊണ്ടോ കാരണവന്മാരുടെ പുണ്യം കൊണ്ടോ ഒക്കെയാവും എല്ലാം ശരിയായി വരുന്നത്. കുതിരപ്പുറത്തൊക്കെ കയറാൻ പൊതുവെ എല്ലാവർക്കും പേടിയാണ്. പക്ഷേ പോണ്ടിച്ചേരിയിൽ വച്ച് കുതിരപ്പുറത്ത് സിഗ്-സാഗ് റൈഡിനൊക്കെ പോയിട്ടുണ്ട് ഞാൻ.

അടുത്തിടെ നിങ്ങൾ രണ്ടുപേരും ഒന്നിച്ച് വർക്ക് ഔട്ട് ചെയ്യുന്ന ഒരു ഫോട്ടോ വൈറലായിരുന്നല്ലോ? ഫിറ്റ്നസ്സിനൊക്കെ എങ്ങനെയാണ് സമയം കണ്ടെത്തുന്നത്?

സത്യം പറഞ്ഞാൽ, ഞാനെന്നെ ശ്രദ്ധിക്കാറില്ലായിരുന്നു. കുട്ടികളുടെ കാര്യവും വീടുമൊക്കെയായി എപ്പോഴും തിരക്ക്. കുട്ടികളെ സ്കൂളിലാക്കാൻ ധൃതിപിടിച്ച് ഇറങ്ങുമ്പോഴാവും മക്കൾ പറയുന്നത്, അമ്മ ചെരിപ്പ് ഇട്ടിട്ടില്ല എന്ന്. അപ്പോഴാവും ഞാനും ശ്രദ്ധിക്കുക. ഞാൻ ക്ലാസിലേക്ക് ഇറങ്ങുന്നില്ല, ഡ്രോപ്പ് ചെയ്യുന്നേയുള്ളൂ എന്നാവും ഞാൻ. അത്ര കൂടി ശ്രദ്ധയില്ലായിരുന്നു ഇടയ്ക്ക്.

കോവിഡ് വന്നതിനു ശേഷം കൂടുതൽ സമയം വീട്ടിലിരുന്നപ്പോഴാണ് വർക്ക് ഔട്ട് ചെയ്തു തുടങ്ങാം എന്നു തോന്നിയത്. മോൾ കോളേജിൽ ചേരാൻ ഒരുങ്ങുന്നു, മോനാണെങ്കിലും അവന്റെ ഓൺലൈൻ ക്ലാസൊക്കെ തനിയെ മാനേജ് ചെയ്യുന്നു. അതോടെ വർക്ക് ഔട്ട് സ്ഥിരമാക്കി. 'ഉണ്ണിയാർച്ച'യിലൊക്കെ അഭിനയിക്കുന്ന സമയത്തെ വെയിറ്റേ ഇപ്പോഴുള്ളൂ. അതിനിടയിൽ ഈ സിനിമ വന്നു. എല്ലാം ഒരു നിമിത്തം പോലെ വന്നു എന്നു പറയാം. ഈ സിനിമയിൽ ഫൈറ്റൊന്നുമില്ലാട്ടോ, ഫൈറ്റൊക്കെ ഇനിയും ചെയ്യാമല്ലോ. (ചിരിക്കുന്നു)

publive-image

ഞാൻ വെയിറ്റ് കുറക്കാൻ ഒരു പ്രധാന കാരണം ബാബുവേട്ടൻ കൂടിയാണ്. ഫോൺ ചെയ്ത് വീട്ടിലെ വിശേഷങ്ങളൊക്കെ തിരക്കുന്നതിനു മുൻപ് ബാബുവേട്ടൻ ആദ്യം ചോദിക്കുക, വാണി ഇന്ന് നടക്കാൻ പോയോ, ജിമ്മിൽ വർക്ക് ഔട്ട് ചെയ്തോ എന്നൊക്കെയാണ്. ഇതിങ്ങനെ സ്ഥിരമായി ആദ്യം കേൾക്കുമ്പോൾ ദേഷ്യമായിരുന്നു. പിന്നെയാണ് അതെന്റെ നല്ലതിനു വേണ്ടിയാണല്ലോ എന്ന് ഓർത്തു തുടങ്ങിയത്.

അഭിനയത്തിൽ നിന്നും മാറി നിന്നപ്പോഴും മലയാള സിനിമകൾ കാണാൻ ശ്രമിക്കാറുണ്ടായിരുന്നോ?

എല്ലാ സിനിമകളും ഞാൻ കാണാറുണ്ടായിരുന്നു. ത്രില്ലർ സിനിമകളുടെ ആരാധികയാണ് ഞാൻ. ആരെ കണ്ടാലും നല്ല ത്രില്ലർ സിനിമകൾ വല്ലതുമുണ്ടേൽ സജസ്റ്റ് ചെയ്യൂ എന്നു പറയുന്ന ആൾ.

ഈ 13 വർഷകാലം ബാബുരാജ് എന്ന നടന്റെ കരിയറിലും ഏറെ മാറ്റമുണ്ടാക്കിയ വർഷമാണ്. ഏറെ നാൾ വില്ലനായി അഭിനയിച്ചയാൾ ഹാസ്യവേഷങ്ങളിലേക്കും സ്വഭാവവേഷങ്ങളിലേക്കും കൂടുമാറി. അടുത്തിടെ ബാബുരാജ് ചെയ്തതിൽ വാണിയ്ക്ക് ഇഷ്ടപ്പെട്ട കഥാപാത്രമേതാണ്?

അദ്ദേഹത്തിന് വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. ബാബുവേട്ടന്റെ 'സാൾട്ട് ആന്റ് പെപ്പറി'ലെയും 'മായാമോഹിനി'യിലെയും കഥാപാത്രങ്ങൾ, എന്തിന് 'വികൃതി'യിലെ ആ കുഞ്ഞു റോൾ പോലും എനിക്കിഷ്ടമായി. ജോജി പിന്നെ പറയേണ്ട, അസ്സലായി. വളരെ റിയലിസ്റ്റിക് ആയി തോന്നി.

സിനിമയിൽ ആരു വളരും, ആരും വളരില്ല എന്നൊന്നും നമുക്ക് പ്രവചിക്കാൻ സാധിക്കില്ല. വെള്ളിയാഴ്ചകളിൽ ഒരാളുടെ ജീവിതം തുടങ്ങുകയോ അവസാനിക്കുകയോ ചെയ്യും എന്നാണ് പറയുക. വ്യക്തിപരമായി എനിക്ക് അനുഭവമുണ്ട്. എന്റെ ആദ്യത്തെ ചിത്രം, 'മണ്ണുക്കുൾ വൈര'ത്തിന്റെ ഷൂട്ടിംഗ് നടക്കുന്നു. അന്നെനിക്ക് 13 വയസ്സാണ് പ്രായം. ശിവാജി ഗണേശൻ സാറിന്റെ പേരക്കുട്ടിയായാണ് ഞാൻ അഭിനയിക്കുന്നത്. ആദ്യത്തെ രണ്ടു ദിവസം എനിക്ക് വർക്കില്ല. അപ്പോൾ ഡയറക്ടർ അച്ഛനോട് പറഞ്ഞു, മോളോട് ഷൂട്ടിംഗ് ഒക്കെയൊന്ന് കണ്ടു പഠിക്കാൻ പറയൂ.

ഞാൻ ലൊക്കേഷനിൽ അങ്ങനെ കറങ്ങി നടക്കുകയാണ്. അപ്പോഴാണ് രഞ്ജിനി മാഡം ('ചിത്രം' നായിക) കാറിൽ വന്ന് ഇറങ്ങുന്നത്. അവരുടെ കയ്യിൽ ഒരു ഇംഗ്ലീഷ് നോവലുമുണ്ട്. ഇതാണല്ലേ നായിക! ഞാൻ വളരെ അതിശയത്തോടെയാണ് അന്നവരെ നോക്കി നിന്നത്.

'മണ്ണുക്കുൾ വൈരം' കഴിഞ്ഞ് ഞാൻ 'പൂന്തോട്ട കാവൽക്കാരൻ' എന്ന ചിത്രത്തിൽ അഭിനയിച്ചു. അതും സൂപ്പർ ഹിറ്റായി. തൊട്ടടുത്ത വർഷം ഞാൻ തെലുങ്കിലെ ഒരു ബിഗ് ബജറ്റ് ചിത്രത്തിലെ നായികയാണ്. ആ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത്, കോസ്റ്റ്യൂം ട്രയലിനു പോലും ഞാൻ നിന്നു കൊടുക്കേണ്ട, നമ്മുടെ അളവിന് അനുസരിച്ച് ഒരു ബൊമ്മയെ ഉണ്ടാക്കി അതിലാണ് കോസ്റ്റ്യൂം ട്രയലൊക്കെ നോക്കുക. ആ സംവിധാനം ഇന്ന് കൂടി ഇവിടെയില്ല. അത്രയും ലക്ഷ്വറിയായ ലൊക്കേഷനായിരുന്നു അത്.

ജഗപതി ബാബു ആയിരുന്നു എന്റെ നായകൻ. ഹിന്ദി പടത്തിന്റെ റീമേക്ക് ആണ് ചിത്രം. ഹിന്ദിയിൽ മാധുരി ദീക്ഷിത് ചെയ്ത കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. ആ ലൊക്കേഷനിൽ ഞാനിരിക്കുമ്പോൾ രഞ്ജി 

നി മാഡം അങ്ങോട്ട് വന്നു, വേറെ ഒരു ഷൂട്ടും അവിടെ നടക്കുന്നുണ്ടായിരുന്നു, അതിനു വേണ്ടി വന്നതാണ്. എന്നെ കണ്ടതും അതിശയത്തോടെ 'വാണീ, നീയാ?' എന്നു ചോദിച്ചു. അതാണ് സിനിമ, ആര്, എപ്പോൾ, എവിടെ, എങ്ങനെ എന്നൊന്നും പ്രവചിക്കാനാവില്ല.

ബാബുവേട്ടന്റെ വളർച്ചയും അതെ, പുള്ളിയുടെ അധ്വാനം, ഭാഗ്യം, ദൈവാധീനം- അതിന്റെ ഒക്കെ ഫലമാണ്. ആള് എന്നോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്, കല്യാണം കഴിഞ്ഞതിനു ശേഷം വാണി ഇതുവരെ എന്നോട് ചെറിയ വേഷമാണ്, അതു പോയി ചെയ്യേണ്ട എന്നൊന്നും പറഞ്ഞ് തടുക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്തിട്ടില്ല. നിരന്തരമായുള്ള അദ്ദേഹത്തിന്റെ പരിശ്രമം കൊണ്ടും കൂടിയായിരിക്കാം ഈ വളർച്ച. സിനിമയെ ഇഷ്ടപ്പെടുന്നവരിലേക്ക് സിനിമ വന്നിരിക്കും എന്നു പറയാറില്ലേ, അത് ശരിയാണ്.

ആന്ധ്രാപ്രദേശ് മുൻമുഖ്യന്ത്രിയും സൂപ്പർതാരവുമായിരുന്ന എൻ ടി ആറിനൊപ്പം അഭിനയിച്ച അനുഭവം?

അദ്ദേഹത്തിന് 63 വയസ്സുള്ളപ്പോൾ 'സാമ്രാട്ട് അശോക' എന്ന പടത്തിൽ ഞാനദ്ദേഹത്തിന്റെ നായികയായി അഭിനയിച്ചിട്ടുണ്ട്. അന്നെനിക്ക് 17 വയസ്സാണ് പ്രായം. അദ്ദേഹം മുഖ്യമന്ത്രിയായിരുന്നല്ലോ, അതു കൊണ്ട് എന്നെ ഇവിടുന്ന് ഫ്ലൈറ്റിലൊക്കെയാണ് കൊണ്ടു പോവുക. എല്ലാവരും ആഗ്രഹിക്കുന്ന ഒരു അവസരമായിരുന്നു എനിക്ക് ആ പടത്തിലൂടെ കിട്ടിയത്.

publive-image

രാഷ്ട്രീയത്തിലേക്ക് വരുന്നതും അതിന്റെ തുടർച്ചയായാണോ?

തെലുങ്കു ദേശം പാർട്ടിയുടെ ഫൗണ്ടർ ആണല്ലോ അദ്ദേഹം. എൻടിആറിന്റെ അവസാന ചിത്രത്തിലെ നായിക കൂടിയാണ് ഞാൻ. ആ ഒരു നിലയിൽ എനിക്ക് പാർട്ടിയിൽ നിന്നും ക്ഷണം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരുമകൻ കൂടിയായ ചന്ദ്രബാബു നായിഡുവിന്റെ ലീഡർഷിപ്പ് എനിക്കിഷ്ടമാണ് എന്ന് ഞാൻ മുൻപ് പറഞ്ഞിരുന്നു. എല്ലാം കൂടി ഒത്തുവന്നപ്പോൾ, എന്നാൽ പാർട്ടിയ്ക്ക് വേണ്ടി മത്സരിച്ചു കളയാം എന്നു തീരുമാനിച്ചപ്പോഴാണ് എന്റെ അച്ഛൻ മരിക്കുന്നത്. അതോടെ എനിക്ക് ഒന്നിനുമുള്ള ഒരു മാനസികാവസ്ഥ ഇല്ലാതായി.

ഒരു രാഷ്ട്രീയ പാർട്ടിയിലും ഞാനിതു വരെ ചേർന്നിട്ടില്ല. തെലുങ്കു ദേശം പാർട്ടി, ബിജെപി, പവൻ കല്യാണിന്റെ പാർട്ടി എല്ലായിടത്തു നിന്നും ക്ഷണമുണ്ടായിരുന്നു. ഞാൻ നടിയാവും, രാഷ്ട്രീയത്തിലേക്ക് വരും എന്നൊക്കെ കുഞ്ഞായിരുന്നപ്പോഴേ അച്ഛൻ പ്രവചിച്ച കാര്യങ്ങളാണ്. അതൊക്കെ ഏറെക്കുറെ അതു പോലെ തന്നെ വന്നിട്ടുണ്ട് ജീവിതത്തിൽ, അതു കൊണ്ട് ചിലപ്പോൾ ഞാൻ ഭാവിയിൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിക്കൂട എന്നുമില്ല. രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനൊക്കെ ഇനിയും സമയമുണ്ടല്ലോ. എത്രത്തോളം പാകതയും അനുഭവങ്ങളും വരുന്നുവോ അത്രയും നല്ലതാണ് രാഷ്ട്രീയത്തിന്.

Interview Malayalam Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: