ഡാൻസും ഫൈറ്റും വൈകാരിക മുഹൂർത്തങ്ങളും പ്രണയവുമൊക്കെയായി തിയേറ്ററുകളിൽ പ്രേക്ഷകരുടെ കയ്യടി നേടുകയാണ് ഷെയ്ൻ നിഗം നായകനായ ‘വലിയ പെരുന്നാൾ’. ചിത്രത്തിൽ ഷെയ്ൻ അവതരിപ്പിക്കുന്ന അക്കർ എന്ന കഥാപാത്രത്തിന്റെ നായികയായി എത്തുന്നത് ഹിമിക ബോസ് ആണ്.

‘ഫില്‍റ്റര്‍ കോപ്പി’ എന്ന വെബ് സീരിസിലൂടെ ശ്രദ്ധേയയായ ഹിമികയുടെ ആദ്യമലയാളചിത്രമാണ് ‘വലിയ പെരുന്നാൾ’. മട്ടാഞ്ചേരിയിൽ താമസമാക്കിയ പൂജ എന്ന ഗുജറാത്തി പെൺകുട്ടിയുടെ വേഷത്തിലാണ് ഹിമിക ചിത്രത്തിൽ എത്തുന്നത്. ഒരേ ഡാന്‍സ് ഗ്രൂപ്പിലുള്ള അക്കറും പൂജയും തമ്മിലുള്ള പ്രണയമാണ് ചിത്രം പറയുന്ന വിഷയങ്ങളിൽ ഒന്ന്.

‘വലിയ പെരുന്നാളി’ന്റെ വിശേഷങ്ങളും ഷെയ്ൻ നിഗത്തിനൊപ്പം അഭിനയിച്ച അനുഭവങ്ങളും ഇന്ത്യൻ എക്സ്‌പ്രസ് മലയാളവുമായി പങ്കുവയ്ക്കുകയാണ് ഹിമിക. ആദ്യ മലയാള ചിത്രത്തിലെ നായകന്‍ ഷെയിന്‍ ആയതില്‍ ഏറെ സന്തോഷമുണ്ടെന്നാണ് ഹിമിക പറയുന്നത്.

Himika Bose, Valiya Perunnal, Valiyaperunnal heroine, ഹിമിക ബോസ്, വലിയ പെരുന്നാൾ, Indian express Malayalam, IE Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം

“ഷെയ്ൻ നല്ലൊരു ചെറുപ്പക്കാരനാണ്. അഞ്ചുമാസക്കാലം ഞങ്ങൾ ഒന്നിച്ചായിരുന്നു, അഭിനയിക്കുന്നതും ഭക്ഷണം കഴിക്കുന്നതും ഡാൻസ് ചെയ്യുന്നതും റിഹേഴ്സൽ ചെയ്യുന്നതുമെല്ലാം ഒന്നിച്ച്. ഷെയ്നിന്റെ അടുത്ത് ഞാൻ വളരെ കംഫർട്ടായിരുന്നു. ഒട്ടും ഈഗോ ഇല്ലാതെയാണ് ഷെയ്ൻ പെരുമാറിയത്,” ഹിമിക പറഞ്ഞു.

പരസ്പരം തെറ്റുകൾ ചൂണ്ടി കാണിച്ചും തിരുത്തിയും മുന്നോട്ട് പോവാനുള്ള സ്വാതന്ത്ര്യവും തങ്ങൾക്കിടയിൽ ഉണ്ടായിരുന്നെന്ന് ഹിമിക. “ഷെയ്ൻ ചെയ്യുന്നത് ശരിയല്ലെങ്കിൽ, ഷെയ്ൻ അത് തെറ്റാണ്, ഒന്ന് ഫിക്സ് ചെയ്യൂ എന്നു ഞാൻ പറയുമായിരുന്നു. പറയുന്നത് മനസ്സിലാക്കി തിരുത്താൻ ഷെയ്ൻ എപ്പോഴും തയ്യാറായിരുന്നു. അല്ലാതെ, എന്നോട് പറയാൻ ഇവൾക്കെങ്ങനെ ധൈര്യം വന്നു എന്നൊന്നും ഓർത്തിട്ടില്ല. കൂടുതൽ മെച്ചമാക്കാനുള്ള ശ്രമങ്ങൾ എപ്പോഴും ഷെയ്നിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. അതു വളരെ പ്രധാനപ്പെട്ടൊരു കാര്യമാണ്.” ‘വലിയ പെരുന്നാളി’ൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ തനിക്ക് കഴിഞ്ഞെന്നും ഹിമിക കൂട്ടിച്ചേർക്കുന്നു.

മലയാള ഭാഷ അറിയാത്തതു തുടക്കത്തിൽ ബുദ്ധിമുട്ടായിരുന്നുവെന്നും ഭാഷാപ്രശ്നങ്ങൾ മറികടക്കാനും കാര്യങ്ങൾ മനസ്സിലാക്കാനും ഷെയ്ൻ ഏറെ സഹായിച്ചിരുന്നുവെന്നും ഹിമിക പറഞ്ഞു. “എന്താണ് എനിക്കുചുറ്റും നടക്കുന്നതെന്ന് കൃത്യമായി മനസ്സിലാക്കി തന്ന ഒരാൾ ഷെയ്ൻ ആണ്. സെറ്റിലെ ഓരോ കാര്യങ്ങളും സംസാരവും ക്ഷമയോടെ ട്രാൻസ്ലേറ്റ് ചെയ്തു തരുമായിരുന്നു. ഒന്നിച്ചു ജോലി ചെയ്തപ്പോൾ ഒരുപാട് ഫൺ മുഹൂർത്തങ്ങൾ ഉണ്ടായിരുന്നു.”

Read more: പടച്ചോൻ ഒട്ടും വെളിച്ചം കാണിക്കാത്ത ആറു മാസം ജീവിതത്തിലുണ്ടായിരുന്നു: ഷെയ്ൻ നിഗം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook