സിനിമ, സ്വപ്നം കാണുന്നവന്റെ മാത്രം കലയാണ്. ആ സ്വപ്നം കയ്യെത്തി തൊടാനുള്ള കഷ്ടപ്പാടുകൾ, പാതിവഴിയിലെ വീഴ്ചകൾ, അത്ഭുതകരമായ ഉയർത്തെഴുന്നേൽപ്പുകൾ. സിനിമയെന്ന സ്വപ്നത്തിനു പിറകെ സഞ്ചരിച്ച ഏതൊരു ചലച്ചിത്രപ്രണയിക്കും പറയാൻ ഇതിലേന്തെങ്കിലുമൊരു കഥയുണ്ടാകും.
ഇസഹാക്ക് ഇബ്രാഹിം എന്ന ചെറുപ്പക്കാരനും അത്തരമൊരു കഥയാണ് പറയാനുള്ളത്. ‘ആന്‍ഡ് ദ ഓസ്കാര്‍ ഗോസ് ടു’ എന്ന സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയുമായി സലീം അഹമ്മദ് എത്തുമ്പോൾ, ടൊവിനോ തോമസാണ് ഇസഹാക്ക് ഇബ്രാഹിമാകുന്നത്.
‘ഉയരെ’, ‘വൈറസ്’ എന്നീ ചിത്രങ്ങൾ തിയേറ്ററുകളിൽ വിജയം നേടിയതിനു പിന്നാലെ എത്തുന്ന ടൊവിനോ ചിത്രമാണ് ‘ആന്‍ഡ് ദ ഓസ്കാര്‍ ഗോസ് ടു’. ജൂണിലെ ടൊവിനോയുടെ രണ്ടാമത്തെ റിലീസാണ് ‘ആൻഡ് ദ ഓസ്കാർ ഗോസ് ടു’. പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ ഇന്ത്യൻ എക്സ്പ്രസ്സ് മലയാളവുമായി പങ്കുവയ്ക്കുകയാണ് ടൊവിനോ തോമസ്.
“ചിത്രത്തിൽ ഇസഹാക്ക് ഇബ്രാഹിം എന്ന സംവിധായകന്റെ വേഷമാണെനിക്ക്. സ്വന്തമായൊരു സിനിമയെടുക്കുക എന്ന ലക്ഷ്യത്തിനിടയിൽ അയാൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും അതിനെയൊക്കെ അതിജീവിച്ച് സിനിമയെടുത്ത് ഉയർന്നു വരുന്നതുമൊക്കെയാണ് ചിത്രത്തിന്റെ പ്ലോട്ട്. ഒടുവിൽ ഓസ്കാർ അവാർഡിന് ‘ബെസ്റ്റ് ഫോറിൻ ഭാഷാചിത്രം’ എന്ന കാറ്റഗറിയിലേക്ക് ഇന്ത്യയുടെ നോമിനേഷനായി ഇസഹാക്കിന്റെ സിനിമ തെരെഞ്ഞെടുക്കപ്പെടുന്നു. ആ സിനിമയുമായി ഓസ്കാറിനു പോകുകയാണ് ഇസഹാക്ക് ഇബ്രാഹിം,” തന്റെ കഥാപാത്രത്തെ കുറിച്ച് ടൊവിനോ തോമസ് പറഞ്ഞു.
Read Here: And the Oskar Goes to Movie Review
And The Oskar Goes To: ഇത് സലിം അഹമ്മദിന്റെ ജീവിതം: ടൊവിനോ തോമസ് പറയുന്നു
വെറുമൊരു കഥയ്ക്ക് അപ്പുറം സംവിധായകനായ സലിം അഹമ്മദിന്റെ ജീവിതവുമായ ഏറെ ചേർന്നുകിടക്കുന്ന ചിത്രം കൂടിയാണ് ‘ആൻഡ് ദ ഓസ്കാർ ഗോസ് ടു’. “ആദാമിന്റെ മകൻ അബു എന്ന സിനിമ എടുത്തിട്ട് സലിം അഹമ്മദ് എന്ന സംവിധായകൻ എങ്ങനെയാണോ ഓസ്കാറിനു പോയത് അതു തന്നെയാണ് ഇതിന്റെയും ഇതിവൃത്തം. ആ സംഭവങ്ങളുടെ ഒരു സിനിമാറ്റിക് ആവിഷ്കാരമാണ് ചിത്രം,” ടൊവിനോ കൂട്ടിച്ചേർക്കുന്നു.
സലിം അഹമ്മദിന്റെ ആദ്യചിത്രമായ ‘ആദാമിന്റെ മകൻ അബു’ 84-ാമത് അക്കാദമി അവാർഡിലെ ബെസ്റ്റ് ഫോറിൻ ഫിലിം കാറ്റഗറിയിലേക്കുള്ള ഇന്ത്യയില്‍ നിന്നും ഉള്ള ഒഫീഷ്യൽ എൻട്രിയായിരുന്നു.
” ഈ സിനിമയെ കുിച്ച് കഴിഞ്ഞ വർഷം പകുതിയാലാണ് സലിം അഹമ്മദ് ഞാനുമായി സംസാരിക്കുന്നത്. അദ്ദേഹത്തെ പോലെ ലോകമറിയുന്ന ഒരു സംവിധായകന്റെ കൂടെ ജോലി ചെയ്യാൻ പറ്റുന്നത് ഒരു ഭാഗ്യമായി ഞാൻ കരുതുന്നു. അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധമുള്ളതു കൊണ്ട് കഥാപാത്രത്തിന്റെ റഫറൻസിനു വേണ്ടി പുറത്തെവിടെയും പോകേണ്ടി വന്നില്ല. അദ്ദേഹത്തെ വളരെ സട്ടിൽ ആയ രീതിയിൽ ഞാൻ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ തമ്മിൽ സംസാരിക്കുമ്പോഴൊക്കെ അദ്ദേഹത്തിന്റെ ചില മാനറിസങ്ങളൊക്കെ നോക്കി എന്റേതായ രീതിയിൽ ഉപയോഗിച്ചിട്ടുണ്ട്.”
“ഇപ്പോൾ ആളുകൾ ഫോർമുലകളെക്കാളും ഗിമ്മിക്കുകളെക്കാളും ഇഷ്ടപ്പെടുന്നത് സത്യസന്ധമായ കഥപറച്ചിൽ ആണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. പ്രേക്ഷകനെ എന്റർടെയിൻ ചെയ്യാതിരുന്നാൽ സിനിമയുടെ പർപ്പസ് നല്ല രീതിയിൽ സെർവ്വ് ചെയ്യപ്പെടില്ല എന്ന ബോധ്യവുമുണ്ട്. വലിയ ഗിമ്മിക്കുകൾ ഒന്നും ചിത്രത്തിൽ ഇല്ല, അതേസമയം കൊമേർഷ്യൽ ഓഡിയൻസിനു വർക്ക് ആവുന്ന, അവരെ എൻഗേജിംഗ് ആക്കുന്ന ഒരു ഇമോഷണൽ സിനിമയായിരിക്കും ആൻഡ് ദ ഓസ്കാർ ഗോസ് ടു,” ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ ടൊവിനോ പങ്കുവയ്ക്കുന്നു.
” പ്രഗത്ഭരായ നിരവധിയാളുകൾ ഈ ചിത്രത്തിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. മധു അമ്പാട്ടാണ് ക്യാമറ. റസൂൽ പൂക്കുട്ടിയും അണിയറയിലുണ്ട്, നമ്മുടെ സിനിമയിൽ ഒരു ഓസ്കാർ ജേതാവ് കൂടിയുണ്ടെന്നത് അഭിമാനകരമായ കാര്യമാണ്. വിജയ് ശങ്കറാണ് എഡിറ്റർ, മർഷ ഹംസ, രഞ്ജിത് അമ്പാടി തുടങ്ങി എല്ലാ മേഖലയിലെയും മികച്ചവര്‍ എന്നു പറയാവുന്നവർ തന്നെയാണ് ചിത്രത്തിനു പിറകിലുള്ളത്. അഭിനയിച്ചിട്ടുള്ളവരാണെങ്കിലും സലിം കുമാർ, ശ്രീനിവാസൻ, ലാൽ, സിദ്ദിഖ്, സറീന വഹാബ്, അനു സിത്താര, കവിത നായർ തുടങ്ങി നിരവധി ആർട്ടിസ്റ്റുകളുണ്ട്. വളരെ ഇമോഷണലാണ് പടം,” ടൊവിനോ കൂട്ടിച്ചേർക്കുന്നു.
And The Oskar Goes To: ഷൂട്ടിംഗ് എന്ന ചലഞ്ച്
“വലിയ ക്യാൻവാസിൽ എടുക്കുന്ന ഒരു വലിയ സിനിമയായതു കൊണ്ടു തന്നെ ഷൂട്ടിംഗ് ഒട്ടും എളുപ്പമായിരുന്നില്ല. ഒരുപാട് ഷൂട്ട് ചെയ്യാൻ ഉണ്ടായിരുന്നു, ധാരാളം യാത്രകൾ വേണ്ടി വന്നു. പൈതൽ മലയുടെ മുകളിൽ ഒരു ഷോട്ട് എന്നൊക്കെ പറഞ്ഞാൽ ഒന്നര മണിക്കൂർ വേണം മലകയറാൻ തന്നെ. വേറെ ഷോർട്ട് കട്ട് ഒന്നുമില്ല, മല കയറുക തന്നെ വേണം. ബ്രേക്ക് പോലും എടുക്കാതെ കണ്ണൂരും എറണാകുളത്തും ബോംബെയിലും കാനഡയിലും എല്ലാമായി നമ്മൾ ഷൂട്ട് ചെയ്തു.
45 ദിവസത്തിൽ അധികം ഉണ്ടായിരുന്ന ഷൂട്ട് ഹെക്റ്റിക് ആയിരുന്നു. എത്രയോ ദിവസങ്ങളിൽ നൈറ്റ് ഷൂട്ട് ഉണ്ടായിരുന്നു. ലൊക്കേഷന്റെ അവൈലിബിലിറ്റി പ്രശ്നം, എന്റെ ഡേറ്റിന്റെ പ്രശ്നം, ആർട്ടിസ്റ്റുകളുടെ ഡേറ്റ് ഇഷ്യൂ, ഷൂട്ട് തീർക്കാനുള്ള തത്രപ്പാട് തുടങ്ങി നല്ല ടെൻഷനായിരുന്നു. അവസാന ദിവസത്തെ ഷൂട്ടൊക്കെ രാത്രി കഴിഞ്ഞ് പിറ്റേദിവസം ഉച്ചയ്ക്കാണ് പാക്ക് അപ്പ് പറയുന്നത്. ഒരു മലയാള സിനിമയുടെ ബഡ്ജറ്റിലും പരിമിതികളിലും നിന്നു കൊണ്ട് നമ്മൾ എടുക്കാൻ ശ്രമിച്ചത് ഒരു ഇന്റർനാഷണൽ സിനിമയാണ്. അതിന്റേതായ ഇരട്ടിപ്പണി നമ്മുടെ ഭാഗത്തും നിന്നും ഉണ്ടായിട്ടുണ്ട്. ഹെക്റ്റിക് ആയിരുന്നെങ്കിലും ക്വാളിറ്റിയുള്ള ഒരു ഔട്ട്പുട്ടാണ് നമുക്കു കിട്ടുന്നത് എന്നതിൽ സന്തോഷമുണ്ട്,” ടൊവിനോ പറയുന്നു.