scorecardresearch

പ്രാന്തന്‍കണ്ടലിന്റെ കീഴെ നിന്നും നടന്നു വരുന്നത് വിനായകനല്ല, എന്റെ തൊട്ടപ്പൻ തന്നെ: ഫ്രാൻസിസ് നൊറോണ

ജീവിതത്തിന്റെ വന്യതയാണ് എന്നെ കൂടുതൽ ആകർഷിച്ചിട്ടുള്ള ഘടകം. ആ വന്യതയിലൂടെയാണ് തൊട്ടപ്പനും മകളും കടന്നു പോവുന്നത്

ജീവിതത്തിന്റെ വന്യതയാണ് എന്നെ കൂടുതൽ ആകർഷിച്ചിട്ടുള്ള ഘടകം. ആ വന്യതയിലൂടെയാണ് തൊട്ടപ്പനും മകളും കടന്നു പോവുന്നത്

author-image
Dhanya K Vilayil
New Update
Thottappan, തൊട്ടപ്പൻ, Vinayakan, വിനായകൻ, Francis Noronha, ഫ്രാൻസിസ് നൊറോണ, Writer Francis Noronha, ഷാനവാസ് കെ ബാവക്കുട്ടി, Shanavas K Bavakutty, thottappan release, Thottappan Vinayakan, IE Malayalam, Indian express Malayalam

ഉള്ളിലെ മുഴുവൻ നന്മകളോടെയും മറ്റൊരാളുടെ ജീവിതത്തിൽ അനുഗ്രഹം പകരുകയാണ് ഓരോ തൊട്ടപ്പനും. ഒരു കുഞ്ഞിന്റെ നെറുകയിൽ അമരുന്ന തൊട്ടപ്പന്റെ വിരലുകളിൽ ഒരു ജന്മത്തിന്റെ നിയോഗം തന്നെയുണ്ടാവും. അതോടെ ആ കുഞ്ഞിന്റെ ജീവിതത്തിനു തന്നെ കാവലാളായി മാറുകയാണ് തൊട്ടപ്പൻ. ഫ്രാൻസിസ് നൊറോണയുടെ 'തൊട്ടപ്പനും' സ്നേഹത്തിന്റെ മറ്റൊരു പര്യായമാണ്.

Advertisment

മലയാളസാഹിത്യത്തിൽ അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ട ചെറുകഥകളിൽ​ ഒന്നായ 'തൊട്ടപ്പനെ' ഫ്രാൻസിസ് നൊറോണ കണ്ടെത്തിയത് തന്റെ ചുറ്റുപാടുകളിൽ നിന്നു തന്നെയാണ്. തന്റെ ചുറ്റുപാടുകളെ പശ്ചാത്തലമാക്കി സങ്കൽപ്പിച്ചെടുത്ത 'തൊട്ടപ്പൻ'എന്ന കഥയെ കുറിച്ച് ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളവുമായി സംസാരിക്കുകയാണ് ഫ്രാൻസിസ് നൊറോണ.

"തുടക്കക്കാരനായ എഴുത്തുകാരന് ഏറ്റവുമെളുപ്പം അവന്റെ ചുറ്റുപാടിന്റെ പശ്ചാത്തലത്തിലുള്ള കഥ എഴുതുകയാണ്. തൊട്ടടുത്തുള്ള ജീവിതപരിസരം, ജീവജാലങ്ങൾ, മണ്ണ് എല്ലാം ചേർന്നു നിൽക്കുന്ന ഒരു ഭൂമിയിൽ നിന്ന് എഴുതുന്നതാണ് എളുപ്പം. തൊട്ടപ്പൻ എന്ന കഥ എഴുതിയതും അങ്ങനെയാണ്. മാതൃഭൂമിയ്ക്ക് വേണ്ടി എഴുതിയ കഥയാണത്. അതിൽ എന്റെ ബാല്യം, കൗമാരം, ജീവിത പരിസരങ്ങൾ, സ്കൂൾ,​ എന്നെ തല തൊട്ടനുഗ്രഹിച്ച തൊട്ടപ്പൻ തുടങ്ങി കുറേയേറെ കാര്യങ്ങൾ വരുന്നുണ്ട്. ​അതൊരു പുരുഷ കഥാപാത്രത്തിലൂടെ പറയുന്നതിലും നല്ലത്, ഒരു സ്ത്രീ കഥാപാത്രത്തിലൂടെ പറയുന്നതാണെന്ന് എനിക്കു തോന്നി. ഞാൻ ആ കഥാപാത്രത്തിന് പേരൊന്നും ഇട്ടിരുന്നില്ല. കളിയാക്കി കുഞ്ഞാടെ എന്നൊക്കെ വിളിക്കുന്നുണ്ടെങ്കിലും ആ കഥാപാത്രത്തിനൊരു പേരില്ല," ഫ്രാൻസിസ് നൊറോണ പറഞ്ഞു.

Thottappan, തൊട്ടപ്പൻ, Vinayakan, വിനായകൻ, Francis Noronha, ഫ്രാൻസിസ് നൊറോണ, Writer Francis Noronha, ഷാനവാസ് കെ ബാവക്കുട്ടി, Shanavas K Bavakutty, thottappan release, Thottappan Vinayakan, IE Malayalam, Indian express Malayalam

എന്റെ തൊട്ടപ്പൻ

Advertisment

തല തൊട്ട് അനുഗ്രഹിച്ച ജീവിതത്തിലെ എന്റെ തൊട്ടപ്പൻ ശരിക്കും എന്നെ അത്ഭുതപ്പെടുത്തിയ വ്യക്തിയാണ്. ഒരുപാട് കഴിവുകളുള്ള, ഒരു വീടിന്റെ എല്ലാ ജോലികളും തനിയെ ചെയ്തൊരു ആളായിരുന്നു അദ്ദേഹം. പലക വെച്ച വീടായിരുന്നെങ്കിലും ഒരു ബിനാലെ കാണുന്ന സൗന്ദര്യമുണ്ടായിരുന്നു അദ്ദേഹത്തിന്റെ വീടിന്. എന്നെ അത്രയും പ്രചോദിപ്പിച്ച, മറ്റു മനുഷ്യരിൽ കാണാത്ത കുറേ പ്രത്യേകതകളും മനുഷ്യ സ്നേഹവും ഒക്കെയുണ്ടായിരുന്ന ഒരാൾ.

എന്നാൽ, എന്റെ തൊട്ടപ്പന്റെ രീതികളും സ്വഭാവവുമല്ല കഥയിലെ തൊട്ടപ്പന് നൽകിയിരിക്കുന്നത്. ഞാനെന്റെ പരിസരത്ത് കണ്ട പലരുടെയും സ്വഭാവങ്ങൾ ഒരു കഥാപാത്രത്തിലേക്ക് സന്നിവേശിപ്പിക്കുകയാണ് ചെയ്തത്. എന്റെ സങ്കൽപ്പത്തിൽ വളർന്നു വന്ന ഒരു കഥാപാത്രമാണ് തൊട്ടപ്പൻ. പക്ഷേ, നമ്മുടെ ജീവിത പരിസരത്ത് പലരിലായി അദ്ദേഹത്തെ കണ്ടെത്താനും കഴിയും.

സിനിമ തേടിയെത്തിയപ്പോൾ

കഥ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച് വന്ന് ഒരാഴ്ച കഴിഞ്ഞപ്പോൾ സംവിധായകൻ ഷാനവാസ് കെ ബാവക്കുട്ടി വിളിച്ചു. 'തൊട്ടപ്പൻ എന്ന കഥ എന്നെ ഇൻസ്പെയർ ചെയ്തു. എനിക്കിത് സിനിമയാക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ ഞാനിപ്പോൾ ബിജു മേനോനെ വെച്ചൊരു സിനിമ ആലോചിക്കുകയാണ്. അതു കഴിഞ്ഞ് ചെയ്യാം എന്നാഗ്രഹിക്കുന്നു, അതുവരെ മറ്റാർക്കും കൊടുക്കാതെ വെയിറ്റ് ചെയ്യാൻ പറ്റുമോ?' എന്നു ചോദിച്ചു. എനിക്കത് ഒരു അത്ഭുതമായിരുന്നു.

പക്ഷേ, അപ്പോഴും എനിക്ക് ആശങ്കയുണ്ടായിരുന്നു, ഒരുപാട് ഹാലൂസിനേഷനുകളിലൂടെ സഞ്ചരിക്കുന്ന ഒന്നാണ് തൊട്ടപ്പൻ എന്ന കഥ. കഥയുടെ ഫ്രെയിമിൽ നിന്നും സിനിമയുടെ ക്യാൻവാസിലേക്ക് എങ്ങനെ കൊണ്ടുവരും എന്നതായിരുന്നു പ്രധാന സംശയം. ആ കഥയ്ക്ക് അകത്ത് ഒരു സിനിമയുണ്ട്, അതാണ് എനിക്ക് വേണ്ടത് എന്നായിരുന്നു ഷാനവാസിന്റെ മറുപടി.

സിനിമയാകുമ്പോൾ കഥയുടെ ആത്മാവ് നഷ്ടമാകില്ലേ, വിശാലമായ ക്യാൻവാസിൽ നിന്നും ചെറിയൊരു ക്യാൻവാസിലേക്ക് ചുരുങ്ങുകയല്ലേ എന്നൊക്കെ പലരും ചോദിച്ചു. പക്ഷേ സിനിമയിൽ എനിക്ക് ആശങ്കകളില്ല. കഥയിൽ നിന്നും സിനിമയിലേക്ക് പരകായപ്രവേശനം നടത്തുമ്പോൾ എന്റെ കഥയിൽ എന്തെങ്കിലും നഷ്ടപ്പെടുമോ എന്നൊന്നും ഞാൻ ഭയപ്പെടുന്നില്ല. അതിലെല്ലാം ഉപരി ഈ സിനിമയുടെ റിയലിസ്റ്റിക് സ്വഭാവമാണ് എന്നെ ആകർഷിക്കുന്നത്.

തുടർച്ചയായി നമ്മൾ കണ്ടു കൊണ്ടിരിക്കുന്ന സിനിമകളിൽ നിന്നും തികച്ചും വ്യത്യസ്തമായ റിയലിസ്റ്റിക് ട്രീറ്റ്മെന്റിലാണ് ചിത്രം പോകുന്നത്. ഇതിൽ മനുഷ്യരും മണ്ണും പ്രകൃതിയും സകല ജീവജാലങ്ങളും കടന്നുവന്നിട്ടുണ്ട്. ഒരു തുരുത്ത്, അവിടുത്തെ കാഴ്ചകൾ, ആളുകൾ, അവരുടെ വികാരങ്ങൾ എല്ലാം വരുന്നുണ്ട്. ഒരു ക്രിയേറ്റർ എന്ന രീതിയിൽ എനിക്കേറെ ആഹ്ളാദം നൽകുന്ന രീതിയിലാണ് അവർ 'തൊട്ടപ്പൻ' ചിത്രീകരിച്ചിരിക്കുന്നത്.

തിരക്കഥ മുഴുവൻ ഞാൻ വായിച്ചിരുന്നു. പി എസ് റഫീഖ് നന്നായി തന്നെ അതു ചെയ്തിട്ടുണ്ട്. സിനിമ എന്നു പറയുന്നത് ശരിക്കും സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയുമാണ്. ഛായാഗ്രഹണം, കഥാപാത്രങ്ങൾ, കോസ്റ്റ്യൂം, സംഗീതം എന്നു തുടങ്ങി ബാക്കി വരുന്ന കാര്യങ്ങളെല്ലാം സംവിധായകനും തിരക്കഥാകൃത്തും കണ്ട സ്വപ്നം സാക്ഷാത്കരിക്കാൻ കോൺട്രിബ്യൂഷൻ നൽകുന്നവരാണ്. അത്തരമൊരു കോൺട്രിബ്യൂഷൻ ആയി മാത്രമേ എന്റെ കഥയേയും ഞാൻ കാണുന്നുള്ളൂ.

വിനായകനല്ല, തൊട്ടപ്പൻ തന്നെ

അവധിദിവസങ്ങളിൽ പലപ്പോഴും ഞാൻ 'തൊട്ടപ്പന്റെ' ലൊക്കേഷനിൽ പോകുമായിരുന്നു. ജീവിതത്തിൽ ആദ്യമായി ഞാൻ കണ്ട സിനിമാ ലൊക്കേഷനും 'തൊട്ടപ്പൻ' എന്ന ചിത്രത്തിന്റേതാണ്. അവിടെ വെച്ചാണ് വിനായകനെയും ആദ്യമായി കാണുന്നത്. വളരെ പരുക്കനായിരിക്കുമ്പോഴും ആർദ്രമായ ഒരു ഹൃദയമുള്ള ആളാണ് 'തൊട്ടപ്പൻ' എന്ന കഥാപാത്രം. പരുക്കൻ വഴികളിലൂടെ സഞ്ചരിക്കുന്ന, ഹൃദയത്തിൽ നന്മയുള്ള മനുഷ്യൻ. ആ കഥാപാത്രത്തിനായി വിനായകനെ കിട്ടിയത് ഭാഗ്യമാണ്. അയാൾ തൊട്ടപ്പനായി ജീവിക്കുകയായിരുന്നു. പ്രാന്തൻകണ്ടലും ചെമ്മീൻ കെട്ടുമെല്ലാമുള്ള ആ തുരുത്തിന്റെ വഴികളിലൂടെ വിനായകൻ നടന്നു വരുമ്പോൾ ഞാൻ കണ്ടത് എന്റെ തൊട്ടപ്പനെ തന്നെയാണ്.

ജീവിതത്തിന്റെ വന്യതയാണ് എന്നെ കൂടുതൽ ആകർഷിച്ചിട്ടുള്ള ഘടകം. ആ വന്യതയിലൂടെയാണ് തൊട്ടപ്പനും മകളും കടന്നു പോവുന്നത്. അതിന് അതിന്റേതായൊരു സൗന്ദര്യവുമുണ്ട്. ആർദ്രമായ ഹൃദയവും വന്യമായ ഭാവങ്ങളും ജീവിതത്തിന്റെ പരുക്കൻ പരിസരങ്ങളുമൊക്കെയാണ് സിനിമയും ഒപ്പിയെടുക്കുന്നത്. ഈ സിനിമയിലെ ഗാനരംഗങ്ങൾ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. കഥാപാത്രങ്ങളുടെ കണ്ണുകളെ നല്ല രീതിയിൽ സിനിമ ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്നാണ് എന്റെയൊരു നിരീക്ഷണം. ഓരോ നോട്ടത്തിലൂടെയും കുറേയേറെ കാര്യങ്ങൾ പറഞ്ഞു പോവുന്നുണ്ട്.

Thottappan, തൊട്ടപ്പൻ, Vinayakan, വിനായകൻ, Francis Noronha, ഫ്രാൻസിസ് നൊറോണ, Writer Francis Noronha, ഷാനവാസ് കെ ബാവക്കുട്ടി, Shanavas K Bavakutty, thottappan release, Thottappan Vinayakan, IE Malayalam, Indian express Malayalam

സിനിമ വന്നു കാണൂ എന്ന് സംവിധായകൻ പലപ്പോഴും ക്ഷണിച്ചെങ്കിലും എനിക്കത് തിയേറ്ററിൽ കണ്ടാൽ മതി എന്നു തീരുമാനിച്ചിരിക്കുകയാണ്. തൊട്ടപ്പൻ തിയേറ്ററിൽ കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്റെ കഥയിൽ നിന്നും ഇറങ്ങി, സ്ക്രീനിലൂടെ, തിയേറ്ററിന്റെ ഇരുട്ടിലൂടെ അയാൾ എന്റെ മുന്നിൽ വന്നു നിൽക്കുന്നത് കാണാനായുള്ള കാത്തിരിപ്പിലാണ് ഞാൻ.

Dileesh Pothan Interview New Release Vinayakan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: