Latest News

വിനായകനെ പോലൊരു നടൻ സംവിധായകരുടെ ഭാഗ്യം; ‘തൊട്ടപ്പൻ’ സംവിധായകൻ പറയുന്നു

തൊട്ടപ്പൻ എന്ന കഥ വായിച്ചപ്പോൾ ആ കഥാപാത്രത്തിന് ഒരേ ഒരു മുഖമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ. അത് വിനായകൻ മാത്രമാണ്

Thottappan, തൊട്ടപ്പൻ, Vinayakan, വിനായകൻ, ഷാനവാസ് കെ ബാവക്കുട്ടി, Shanavas K Bavakutty, thottappan release, Thottappan Vinayakan, IE Malayalam, Indian express Malayalam

അടുത്ത കാലങ്ങളിലായി മലയാളകഥാലോകം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കഥകളിലൊന്നാണ് ‘ഫ്രാൻസിസ് നൊറോണ’യുടെ തൊട്ടപ്പൻ എന്ന കഥ. ഒരു അച്ഛന്റെയും മകളുടെയും വൈകാരിക ബന്ധത്തെ കുറിച്ചു പറഞ്ഞ ആ കഥ, അതേ പേരിൽ തന്നെ സിനിമയാകുമ്പോൾ വിനായകനാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ഈദ് റിലീസായി ജൂൺ അഞ്ചിന് ചിത്രം തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുമ്പോൾ കഥയിൽ നിന്നും സിനിമയിലേക്കുള്ള വഴികളെ കുറിച്ചും ‘തൊട്ടപ്പനെ’ കുറിച്ചും വിനായകനെ കുറിച്ചും ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് സംസാരിക്കുകയാണ് സംവിധായകൻ ഷാനവാസ് കെ ബാവക്കുട്ടി.

” സാഹിത്യത്തിൽ അധികം ചർച്ച ചെയ്യപ്പെട്ട ഒരു കഥയോ നോവലോ സിനിമയാക്കണമെന്ന ആഗ്രഹത്തോടെയല്ല ഞാൻ ‘തൊട്ടപ്പനെ’ സമീപിച്ചത്. തൊട്ടപ്പൻ എന്ന കഥയിൽ ഞാൻ കണ്ട ഒരു സിനിമയുണ്ട്. എല്ലാതരം ആളുകളോടും പ്രേക്ഷകരോടും സംസാരിക്കുന്ന ഒരു സിനിമയായിരിക്കും അതെന്ന ബോധ്യമുണ്ടായിരുന്നു. ആ രീതിയിലാണ് കഥയെ സമീപിച്ചത്. തൊട്ടപ്പൻ എന്ന കഥ അതുപോലെ സ്ക്രീനിലേക്ക് പകർത്തുകയല്ല ചെയ്തിരിക്കുന്നത്. അതിന്റെ മൗലികതയിൽ നിന്നുകൊണ്ട്, ആത്മാവിനെ ഉൾകൊണ്ടുകൊണ്ട് പുതിയൊരു ദൃശ്യാനുഭവം എന്ന രീതിയിലാണ് സിനിമയൊരുക്കിയിരിക്കുന്നത്. തൊട്ടപ്പൻ കഥ വായിച്ചവരാരും നിരാശപ്പെടേണ്ടി വരില്ല, ആ കഥയുടെ ആത്മാവ് നഷ്ടപ്പെട്ടുത്തിയിട്ടില്ല,” ഷാനവാസ് പറഞ്ഞു.

ഷാനവാസ് കെ ബാവക്കുട്ടി

കഥയിൽ നിന്നും സിനിമയിലേക്കുള്ള വഴികൾ

അപ്പനും മകളും തമ്മിലുള്ള ബന്ധം പുതുമയുള്ളതല്ല, പലരും പലരീതിയിൽ പറയപ്പെട്ട ഒരു വിഷയമാണ്. എന്നാൽ തൊട്ടപ്പനിൽ സ്വന്തം അപ്പനല്ല, അപ്പന്റെ കൂട്ടുകാരനാണ്, രക്തബന്ധമല്ല അത്. ആ അപ്പനും മകളും തമ്മിലുള്ള സ്നേഹവും ഇമോഷനും സംരക്ഷണവും കരുതലും സ്നേഹവും എല്ലാം രസകരമായി തോന്നി. അത് ടിപ്പിക്കൽ അല്ല. അതാണ് എന്നെ ആ കഥയിലേക്ക് ആകർഷിച്ചതും ഈ സിനിമയിലെത്തിച്ചതും.

‘തൊട്ടപ്പനി’ൽ വിനായകനും ദിലീഷ് പോത്തനും

തൊട്ടപ്പൻ മാതൃഭൂമി ആഴ്ചപതിപ്പിൽ വായിച്ചതിനു ശേഷം ഞാനൊരിക്കൽ ഫ്രാൻസിസ് നൊറോണയെ നേരിട്ട് കണ്ടു. ആ കഥയിൽ എനിക്ക് തോന്നിയ ഒരു സ്റ്റോറി ലൈൻ ഞാനദ്ദേഹത്തോട് പറഞ്ഞു. തിരക്കഥ പൂർത്തീകരിച്ചു കാണിച്ചപ്പോഴും അദ്ദേഹം സന്തോഷവാനാണ്. തൊട്ടപ്പന്റെ സൃഷ്ടാവ് തന്നെ ഹാപ്പി ആകുമ്പോൾ മറ്റൊന്നും ആലോചിക്കേണ്ടല്ലോ. കഥയുടെ ഭംഗി കളയാതെ മികച്ചതായി തന്നെ തിരക്കഥയിൽ കൊണ്ടുവരാൻ പി എസ് റഫീഖിന് ആയിട്ടുണ്ട്. ഏതാണ്ട് ഒരു വർഷകാലം ഒരുമിച്ചിരുന്ന് സംസാരിച്ചാണ് ഞാനും റഫീഖും തിരക്കഥ പൂർത്തിയാക്കിയത്.

Read more: വിനായകന്‍ നായകനാകുന്ന ‘തൊട്ടപ്പന്‍’; പോസ്റ്റര്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സിനിമ ഒരു കൂട്ടായ്മയാണ്. കൊടുക്കൽ വാങ്ങലുകളുടേതാണ് അതെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരാൾ മാത്രം വിചാരിച്ചാൽ ഒരു നല്ല സിനിമ ഉണ്ടാകണമെന്നില്ല. ഒരുപാട് പേരുടെ നല്ല ചിന്തയിൽ നിന്നാണ് ഒരു നല്ല സിനിമയുണ്ടാകുന്നത്. തൊട്ടപ്പനും ഒരു ടീം വർക്കിന്റെ സിനിമയാണ്.

വിനായകൻ എന്ന ഒരേ ഒരു ഓപ്ഷൻ

തൊട്ടപ്പൻ എന്ന കഥ വായിച്ചപ്പോൾ ആ കഥാപാത്രത്തിന് ഒരേ ഒരു മുഖമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ. അത് വിനായകൻ മാത്രമാണ്. അപ്പനും മകളും തമ്മിലുള്ള ബന്ധം ഞാൻ മുൻപ് പറഞ്ഞതുപോലെ പല നടന്മാരും അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ, നായകന്റെ സ്റ്റൈലിൽ നമ്മൾ അത് കണ്ടിട്ടില്ല. വിനായകന്റെ സ്റ്റൈലിൽ അതു കാണുമ്പോൾ അതിലൊരു പുതുമയുമുണ്ട്. സിനിമയിൽ, റോഷൻ ചെയ്ത കഥാപാത്രത്തിന് ഞാൻ മറ്റു പലരെയും ആലോചിച്ചിരുന്നു. പക്ഷേ ഒടുവിൽ റോഷനിലെത്തുകയും അത് പെർഫെക്റ്റ് കാസ്റ്റിംഗ് ആവുകയുമായിരുന്നു. എന്നാൽ വിനായകന്റെ കഥാപാത്രത്തിന് പകരം മറ്റാരെയും തന്നെ സങ്കൽപ്പിച്ചു നോക്കിയിട്ടില്ല.

വിനായകൻ എന്ന നടനെ കിട്ടുന്ന എല്ലാ സംവിധായകരും ഭാഗ്യവാന്മാരും സന്തോഷവാന്മാരും ആവും. കാരണം, ഒരു സംവിധായകന്റെ ഏറ്റവും വലിയ ആയുധം അയാളുടെ മുന്നിലുള്ള നടീനടന്മാരാണ്. അവരിലൂടെയാണ് ആ കഥ ജനങ്ങളിലേക്ക് എത്തേണ്ടത്. തൊട്ടപ്പൻ വായിച്ചപ്പോൾ ഞാൻ പ്രതീക്ഷിച്ചതിലും അപ്പുറമാണ് വിനായകൻ ഈ സിനിമയിലൂടെ എനിക്ക് തന്നിരിക്കുന്നത്. വിനായകൻ ഒരു മികച്ച നടനാണ്, മലയാളത്തിലെ യൂണിവേഴ്സൽ ആക്ടർ.

രഘുനാഥ് പലേരി എന്ന സ്നേഹത്തിന്റെ ബ്രാൻഡ് അംബാസിഡർ

വളരെ പ്രധാനപ്പെട്ട കഥാപാത്രമായാണ് രഘുനാഥ് പലേരി ചിത്രത്തിലെത്തുന്നത്. അദ്ദേഹവും ഈ ചിത്രത്തിലേക്ക് വന്നു ചേർന്നതാണ്. ഈ തിരക്കഥ ആലോചിക്കുമ്പോൾ അദ്ദേഹത്തിന്റെ മുഖം എന്റെ മനസ്സിൽ ഇല്ല. അദ്ദേഹത്തിന്റെ സിനിമകളും തിരക്കഥകളും അറിയാം എന്നതിന് അപ്പുറം എനിക്ക് വേറെ ഒരു പരിചയവുമില്ല.

ഒരു ദിവസം ‘പൊന്മുട്ടയിടുന്ന താറാവ്’ വീണ്ടും കണ്ടപ്പോൾ എനിക്കദ്ദേഹത്തെ കാണണമെന്ന് തോന്നി. ആ സിനിമ എത്രയോ വട്ടം മുൻപു കണ്ടതാണ്. അന്നൊന്നും തോന്നാത്തൊരു തോന്നലിന്റെ പുറത്ത് ഞാൻ അദ്ദേഹത്തെ വിളിച്ചു, ഫ്ളാറ്റിൽ പോയി സംസാരിച്ചു. ഞങ്ങൾക്കിടയിൽ ഊഷ്മളമായൊരു സൗഹൃദം ഉണ്ടാകാൻ ആ സന്ദർശനം കാരണമായി. അദ്ദേഹത്തിന്റെ ബോഡി ലാംഗ്വേജ് ഒക്കെ കണ്ടപ്പോൾ എന്റെ സിനിമയിലെ അദ്രുമാൻ ആകാൻ അദ്ദേഹത്തിനു കഴിയുമെന്നു തോന്നി.

Thottappan, തൊട്ടപ്പൻ, Vinayakan, വിനായകൻ, ഷാനവാസ് കെ ബാവക്കുട്ടി, Shanavas K Bavakutty, thottappan release, Thottappan Vinayakan, IE Malayalam, Indian express Malayalam
രഘുനാഥ് പലേരി ‘തൊട്ടപ്പനി’ൽ

അഭിനയിക്കുന്ന കാര്യം പറഞ്ഞപ്പോൾ ആദ്യമൊക്കെ അദ്ദേഹം സ്നേഹത്തോടെ നിരസിച്ചു. ‘തൊട്ടപ്പൻ’ എന്ന സിനിമ സംസാരിക്കുന്നത് സ്നേഹത്തെ കുറിച്ചാണ്. അങ്ങനെ സ്നേഹത്തെ കുറിച്ച് സംസാരിക്കുന്ന ഒരു സിനിമയിൽ നിന്നും സ്നേഹത്തിന്റെ ബ്രാൻഡ് അംബാസിഡറായ രഘുനാഥ് പലേരിയ്ക്ക് മാറി നിൽക്കാൻ കഴിയില്ലല്ലോ! അങ്ങനെയാണ് അദ്ദേഹം ഈ ചിത്രത്തിന്റെ ഭാഗമാകുന്നത്.

ചേർത്തലയിലെ പൂച്ചാക്കൽ, കൊച്ചിയിലെ വരാപ്പുഴ, കടമക്കുടി എന്നിവിടങ്ങളിലാണ് ‘തൊട്ടപ്പൻ’ ചിത്രീകരിച്ചിരിക്കുന്നത്. അരികുവത്കരിക്കപ്പെട്ട ജനങ്ങളെ കുറിച്ചും പ്രദേശങ്ങളെ കുറിച്ചുമൊക്കെ മലയാളസിനിമയിൽ പലയാവർത്തി കഥകളുണ്ടായിട്ടുണ്ട്. എന്നാൽ വിനായകന്റെ മറ്റു സിനിമകളുമായോ, സമീപകാലത്ത് ഇറങ്ങിയ ചിത്രങ്ങളുമായോ ഒരുതരത്തിലുള്ള സാമ്യതയും ‘തൊട്ടപ്പന്’ ഇല്ലെന്നാണ് ഷാനവാസ് പറയുന്നത്.

” ഫ്രാൻസിസ് നെറോണയുടെ കഥ നടക്കുന്നത് കടലോരത്താണ്. ഞങ്ങൾ ആ കഥയെ ഒരു തുരുത്തിലേക്കാണ് കേന്ദ്രീകരിച്ചത്. അതിൽ പേരോ കാലമോ ഒന്നും പറയുന്നില്ല. ആ തുരുത്തിൽ അവർ പാട്ടു പാടുന്നുണ്ട്, ഡാൻസ് ചെയ്യുന്നുണ്ട്, എന്റർടെയിമെന്റ് ഉണ്ട്. സിനിമയ്ക്കു വേണ്ടിയുള്ള എന്റെ യാത്രകൾക്കിടയിൽ ആലപ്പുഴയിലേയും കടമക്കുടിയിലുമൊക്കെ കടലോരങ്ങളിലും തുരുത്തുകളിലുമൊക്കെ ഞാൻ കണ്ട, ഉള്ളിൽ പതിഞ്ഞ കാഴ്ചകളും ചിത്രത്തിലുണ്ട്. അതൊക്കെ സ്വാഭാവികമായി വന്നു ചേർന്നതാണ്.”

വിനായകൻ കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രത്തിൽ ദിലീഷ് പോത്തൻ, റോഷൻ മാത്യു, മനോജ് കെ ജയൻ, കൊച്ചു പ്രേമൻ, പോളി വിൽസൺ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പുതുമുഖം പ്രിയംവദയാണ് നായിക.

Get the latest Malayalam news and Interview news here. You can also read all the Interview news by following us on Twitter, Facebook and Telegram.

Web Title: Thottappan movie vinayakan director shanavas k bavakutty interview

Next Story
‘ലൂസിഫര്‍’ തുറക്കുന്ന വാതിലുകള്‍: ആമസോണ്‍ പ്രൈം മേധാവി പറയുന്നുLucifer in Amazon Prime, Lucifer, Mohanlal, Prithviraj, ലൂസിഫർ, മോഹൻലാൽ, പൃഥ്വിരാജ്, vivek oberoi, manju warrier, tovino thomas, sachin khedekar, prithviraj sukumaran, movie review, മഞ്ജു വാര്യര്‍, ടോവിനോ തോമസ്‌, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com