മലയാളവും തമിഴും കടന്ന് ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയങ്കരിയായ സുബലക്ഷ്മി അമ്മ. ആദ്യചിത്രം ‘ദിൽ ബെച്ചാര’ റിലീസിന് ഒരുങ്ങുമ്പോൾ വലിയൊരു സങ്കടം കൂടി ഈ മുത്തശ്ശിയുടെ ഉള്ളിലുണ്ട്, സ്ക്രീനിലും ജീവിതത്തിലും ഒരു പേരക്കുട്ടിയെ പോലെ കുറച്ചുനാൾ കൂടെയുണ്ടായിരുന്ന സുശാന്ത് സിംഗ് രാജ്പുതിന്റെ മരണമാണ് ഈ എൺപതിനാലുകാരിയെ സങ്കടപ്പെടുത്തുന്നത്.
സുശാന്തിന്റെ അവസാനചിത്രം ‘ദിൽ ബെച്ചാര’യിൽ താരത്തിന്റെ അമ്മൂമ്മയായി അഭിനയിച്ചത് സുബ്ബലക്ഷ്മിയമ്മ ആയിരുന്നു. രാവിലെ മുതൽ വൈകിട്ട് വരെ ഒന്നിച്ച് ചിലവഴിച്ച ആ ഒമ്പതുദിവസങ്ങൾ കൊണ്ട് തന്നെ സ്വന്തം വീട്ടിലെ കുട്ടിയെ പോലെ ഏറെ അടുത്തിരുന്നു സുശാന്ത് എന്നാണ് സുബ്ബലക്ഷ്മിയമ്മ പറയുന്നത്.
“സിനിമയിൽ സുശാന്തിന് അമ്മയേക്കാളും അച്ഛനേക്കാളുമൊക്കെ ഇഷ്ടം അമ്മൂമ്മയോടാണ്. സ്നേഹമുള്ള ഒരു മുത്തശ്ശിയും പേരക്കുട്ടിയുമായാണ് ഞങ്ങൾ അഭിനയിച്ചത്. അവനെന്നെ നാനീ… നാനീ… എന്നാണ് വിളിച്ചുകൊണ്ടിരുന്നത്. വളരെ സ്നേഹത്തോടെയുള്ള പെരുമാറ്റമായിരുന്നു. ഓരോ ഷോട്ട് കഴിയുമ്പാഴും അവൻ എന്തെങ്കിലും പാട്ട് പാടുകയോ ഡാൻസ് ചെയ്യുകയോ ചെയ്യും, ഞാനും ഒപ്പം കൂടും. ഹിന്ദി പാട്ടുകളൊക്കെ എനിക്ക് വളരെ ഇഷ്ടമാണ്. ഗിറ്റാറും പിടിച്ച് പാട്ടുപാടി ഉത്സാഹത്തോടെ നടക്കും അവൻ. ഷോട്ട് കഴിഞ്ഞാൽ പിന്നെ കളിചിരികളായിരുന്നു,” സുശാന്തിനെ കുറിച്ചുള്ള ഓർമകൾ സുബ്ബലക്ഷ്മിയമ്മ ഇന്ത്യൻ എക്സ്പ്രസ് മലയാളവുമായി പങ്കുവച്ചു.
“വളരെ നിഷ്കളങ്കനായ ചെറുപ്പക്കാരനായിരുന്നു സുശാന്ത്. ഈ പ്രായത്തിനിടെ പ്രശസ്തിയും പേരുമൊക്കെ ഉണ്ടാക്കിയെടുത്തെങ്കിലും അതിന്റെ ജാഢയോ തലക്കനമോ ഇല്ല. എല്ലാരോടും നല്ല രീതിയിലാണ് പെരുമാറുക. ഡ്രസ്സിംഗ് ഒക്കെ വളരെ സിമ്പിളായിരുന്നു. ചുമ വന്നാലും ജലദോഷം വന്നാലുമൊക്കെ വേഗം മിണ്ടാതെ ഒരിടത്ത് പോയി ഇരിക്കും, ‘അയാം നോട്ട് വെൽ’ എന്നു പറയും. ഞാനപ്പോൾ കളിയാക്കും, ഇങ്ങനെയാണെങ്കിൽ വലിയ പനി വന്നാൽ എന്തു ചെയ്യും? പുതച്ചു മൂടി കിടക്കുമെന്ന് കൈകൊണ്ട് ആംഗ്യം കാണിച്ച് അവൻ ചിരിക്കും. കൊച്ചുകുട്ടികളുടെ പ്രകൃതമായിരുന്നു എന്റെ അടുത്ത്.”
“സുശാന്തിന്റെ സഹായികൾ ജ്യൂസോ പഴങ്ങളോ ഒക്കെ കൊണ്ടു കൊടുക്കുമ്പോൾ അവൻ നാനീ എന്നു വിളിച്ച് എനിക്ക് നേരെ നീട്ടും. ആദ്യം നാനിയ്ക്ക് എന്നു പറഞ്ഞ് എനിക്ക് തരും. തന്നേക്കാൾ പ്രായമുള്ളവരോടൊക്കെ വലിയ ബഹുമാനമായിരുന്നു ആ കുട്ടിക്ക്. കൂടെ അഭിനയിക്കുന്നവരെ ആരെയും താഴ്ത്തിക്കെട്ടില്ല.”
“സുശാന്തിന്റെ മരണം എനിക്കിതുവരെ സഹിക്കാനായിട്ടില്ല. രണ്ടുദിവസം അവന്റെ മുഖം മാത്രമായിരുന്നു മനസ്സിൽ, ഞാൻ കസേരയിലൊക്കെ ഇരിക്കുമ്പോൾ ഓടിവന്ന് കുസൃതി ഒപ്പിക്കുന്ന ആ മുഖം. എങ്ങനെ അവനിത് ചെയ്യാൻ തോന്നി? പറയുമ്പോൾ, ഒമ്പത് ദിവസത്തെ പരിചയമേ ഉള്ളൂ. പക്ഷേ ആ ഒമ്പത് ദിവസവും രാവിലെ മുതൽ വൈകിട്ട് വരെ ഒന്നിച്ചായിരുന്നു എപ്പോഴും. മറക്കാൻ പറ്റില്ല ആ കുട്ടിയെ. ഒരിക്കൽ നേരിട്ട് പരിചയപ്പെട്ട ആർക്കും ആ കുട്ടിയെ മറക്കാൻ പറ്റില്ല. ഇപ്പോഴും ദിവസവും അവനെ കുറിച്ചുള്ള വാർത്തകൾ വായിച്ചുകൊണ്ടിരിക്കുകയാണ്. ഇനി തിരിച്ചുവരില്ലെന്നറിയാം, എന്നാലും എന്തിനായിരുന്നു ഇതെല്ലാം….? എന്ന് അറിയാതെ ചോദിച്ചുപോവുന്നുണ്ട്.” വേദനയോടെ സുബലക്ഷ്മിയമ്മ പറഞ്ഞു.
ബോളിവുഡ് അരങ്ങേറ്റം, നിമിത്തമായത് രൺബീർ
രൺബീറിന്റെ കൂടെ ഞാനൊരു പരസ്യം ചെയ്തിരുന്നു. ആ പരസ്യം കണ്ടിട്ടാണ് എന്നെ ബോളിവുഡിലേക്ക് വിളിച്ചത്. ആദ്യം അവർക്കെല്ലാം പേടിയുണ്ടായിരുന്നു. ഞാൻ കേരളത്തിൽ നിന്നും വരുന്നു, ഇത്ര പ്രായമുള്ള സ്ത്രീയാണ്, നമ്മൾ എങ്ങനെ ചെയ്യും എന്നറിയില്ല… അങ്ങനെ കുറേ ടെൻഷൻ. അവിടെ എന്നെ ആർക്കും അറിയില്ലല്ലോ.
എനിക്ക് ആദ്യം ഹിന്ദി ഡയലോഗായിരുന്നു തന്നത്. ഞാനത് കാണാപാഠം പഠിച്ച് വീഡിയോ ചെയ്ത് അയച്ചുകൊടുത്തു, അത് ഇഷ്ടപ്പെട്ടിട്ടാണ് എന്നെ തിരഞ്ഞെടുത്തത്. സിനിമയിലെ അമ്മൂമ്മ വലിയ രജനി ഫാനാണ്. അവിടെ ചെന്ന് ഹിന്ദി ഡയലോഗ് സീനുകൾ എല്ലാം എടുത്ത് കഴിഞ്ഞപ്പോൾ സംവിധായകൻ പറഞ്ഞു, നമുക്കീ ഡയലോഗുകൾ തമിഴിൽ തന്നെയാക്കിയാലോ. കാരണം എന്റെ കഥാപാത്രം മദ്രാസിയാണ് ചിത്രത്തിൽ. അപ്പോ ഞാനും തമിഴ് സംസാരിച്ചാൽ കുഴപ്പമില്ല, കഷ്ടപ്പെട്ട് ഹിന്ദി പറയേണ്ട ആവശ്യമില്ലല്ലോ എന്നായി അവരെല്ലാം. അങ്ങനെ ഞാൻ തന്നെ ഇരുന്ന് എന്റെ ഹിന്ദി ഡയലോഗുകളെല്ലാം തമിഴിലേക്ക് ആക്കി. ആദ്യസിനിമയിൽ തന്നെ അങ്ങനെയൊരു അവസരം കൂടി ലഭിച്ചു.
അവരെനിക്ക് കോസ്റ്റ്യൂം എല്ലാം എടുത്തുവെച്ചിരുന്നെങ്കിലും ഞാൻ കൊണ്ടുപോയ ഡ്രസ്സുകൾ കണ്ടപ്പോൾ “ഇതു നല്ല ഭംഗിയുണ്ടല്ലോ, ഇതു തന്നെ മതി”യെന്ന് പറഞ്ഞ് എന്റെ ഡ്രസ്സുകൾ തന്നെയാണ് അധികവും സിനിമയിൽ ഉപയോഗിച്ചത്. ജംഷദ്പൂരിലും ബോംബെയിലുമായിരുന്നു ഷൂട്ടിംഗ്. കൂടുതൽ സീനുകൾ സുശാന്തിനൊപ്പമായിരുന്നു, അധികവും വീടിനകത്ത് തന്നെയുള്ള സീനുകളായിരുന്നു.
ചിരിക്കാനാണ് എനിക്കിഷ്ടം
എന്തിനാ കോമഡി തിരഞ്ഞെടുത്തത് എന്ന് ആളുകൾ ചോദിക്കാറുണ്ട്. ജീവിതം മൊത്തം ദുഖമായിരുന്നു. പതിനൊന്ന് വയസിൽ അമ്മ മരിച്ചു. കൂട്ടുകുടുംബത്തിൽ വളർന്നു. ഒരുപാട് നിയന്ത്രണങ്ങൾ ഉള്ള ഓർത്തോഡക്സ് കുടുംബം. കുട്ടിക്കാലത്തെ കഷ്ടപ്പാടുകൾ. കല്യാണം കഴിഞ്ഞ് പിന്നെയും ജീവിതപ്രശ്നങ്ങൾ… ആ ദുഖമൊക്കെ മറക്കാൻ ഞാൻ മനപൂർവ്വം തിരഞ്ഞെടുത്തതാണ് ഈ മേഖല. എന്റെ ആഗ്രഹം കൊണ്ട് മാത്രമാണ് ഇവിടെ വരെയെങ്കിലും എത്തിയത്, അത് തന്നെ വലിയ സന്തോഷമാണ്. പൊതുവെ, എനിക്ക് കരയാൻ ഇഷ്ടമില്ല, ചിരിയോടെ ഇരിക്കാനാണ് ആഗ്രഹിക്കുന്നത്. ആളുകൾ തമ്മിൽ വഴക്കു കൂടുന്നത്, മുഷിയുന്നത് ഒന്നും ഇഷ്ടമല്ല. എപ്പോഴും സന്തോഷത്തോടെയും സമാധാനത്തോടെയും സംസാരിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്.
Read more: കാണാനാകില്ല, കാണാതിരിക്കാനും; സുശാന്തിനോട് കൃതി പറയുന്നു