ജീവിതത്തിലെ എല്ലാ അനിശ്ചിതത്വങ്ങളിലും കരുത്തായി കൂടെയുണ്ടായിരുന്ന അമ്മയെ നഷ്ടമായ വേദനയിൽ നിന്ന്, അമ്മയില്ലായ്മയെന്ന ശൂന്യതയിൽ നിന്ന് ഇനിയും മോചിതനായിട്ടില്ല സംവിധായകനും നടനുമായ സിദ്ധാർത്ഥ് ഭരതൻ. നികത്താനാവാത്ത ആ നഷ്ടത്തെ അതിജീവിക്കാൻ സിനിമാതിരക്കുകളിലേക്ക് മുഴുകുകയാണ് സിദ്ധാർത്ഥ്.
റിലീസിന് തയ്യാറെടുക്കുന്ന പുതിയ ചിത്രം ജിന്നിനെ കുറിച്ച്, അമ്മയുടെ അവസാന ദിവസങ്ങളെ കുറിച്ച് ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് മനസ്സു തുറക്കുകയാണ് സിദ്ധാർത്ഥ്. ഈദിനോട് അനുബന്ധിച്ച് ‘ജിന്ന്’ തിയേറ്ററിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് സിദ്ധാർത്ഥ് ഭരതൻ.
എന്താണ് ‘ജിന്ന്’ എന്ന സിനിമ പറയുന്നത്?
ജിന്നിന്റെ കഥ ഇതാണെന്ന് പറഞ്ഞ് പലരും യൂട്യൂബിലൊക്കെ വീഡിയോ ഇറക്കിയിട്ടുണ്ട്. അതൊക്കെ കണ്ട് ഞാൻ തന്നെ ചിരിച്ചു, യഥാർത്ഥത്തിൽ അതൊക്കെ രസകരമായ സ്റ്റോറികളാണ്, അടുത്ത പടം അതുവച്ച് ഇറക്കും ഞാൻ (ചിരിക്കുന്നു). എന്നാൽ, അതൊന്നുമല്ല നമ്മുടെ സിനിമ.
ജിന്ന് കയറുക എന്നു പറയാറില്ലേ നമ്മൾ? മുസ്ലീം സമൂഹത്തിൽ അതിനെ ജിന്നെന്നും ഹിന്ദുക്കളാവുമ്പോൾ ബാധയെന്നും ക്രിസ്ത്യാനികളാവുമ്പോൾ സാത്താൻ കൂടിയെന്നുമൊക്കെ പറയും. അതാത് മതവിശ്വാസങ്ങൾക്ക് അനുസരിച്ച് പേരുകൾ മാറുമെന്ന് മാത്രം. പക്ഷേ ജിന്നായാലും ബാധയായാലും സാത്താനായാലും കയറുന്നത് സാധാരണ മനുഷ്യരിലാണ്. സമൂഹത്തിന് മനസ്സിലാവാത്ത രീതിയിൽ ഒരാൾ പ്രവർത്തിക്കുമ്പോഴാണ് പലപ്പോഴും ഇങ്ങനെ ജിന്ന് കയറിയെന്നൊക്കെ വിധിയെഴുതപ്പെടുന്നത്. സത്യത്തിൽ, അങ്ങനെയാരും കയറുന്നില്ല എന്നതാണ് വാസ്തവം. ഈ പറഞ്ഞതിന്റെയൊക്കെ ഒരു പ്രതിഫലനമാണ് ചിത്രം.
നാട്ടുകാരുടെ കാഴ്ചപ്പാടിലുള്ള ജിന്ന് കയറലിനെ കുറിച്ചല്ല ചിത്രം അന്വേഷിക്കുന്നത്, അവിടെ യഥാർത്ഥത്തിൽ സംഭവിക്കുന്നത് എന്താണെന്നാണ്. അതിനു പിറകിലൊരു നാടകീയത ഉണ്ടാവുമല്ലോ, അതിനെയാണ് ചിത്രം പുറത്തു കൊണ്ടുവരാൻ ശ്രമിക്കുന്നത്.
സൗബിനാണല്ലോ ജിന്നിലെ കേന്ദ്ര കഥാപാത്രം. എങ്ങനെയാണ് സൗബിനിലേക്ക് എത്തിയത്?
ഞാനും തിരക്കഥാകൃത്ത് രാജേഷ് ഗോപിനാഥും 2018ലാണ് ജിന്നിന്റെ എഴുത്തു തുടങ്ങുന്നത്. ലാലപ്പൻ എന്ന കഥാപാത്രത്തിന്റെ ഒരു വൺ ലൈൻ ആദ്യം റെഡിയാക്കി. അപ്പോഴാണ് അതുപോലെയുള്ള ഒരു റിയൽ ലൈഫ് കഥാപാത്രം വയനാട്ടിലുണ്ടെന്ന് അറിവു കിട്ടുന്നത്, ഞങ്ങളവിടെ പോയി ആ കക്ഷിയെ കണ്ട് സംസാരിച്ച് അയാളുടെ ജീവിതത്തിൽ നിന്നുള്ള കുറേ സംഭവങ്ങൾ കൂടി കഥയിലേക്ക് എടുത്തു. അതെല്ലാം കൂടിയായപ്പോൾ നന്നായി പെർഫോം ചെയ്യാനുള്ള ഒരു കഥാപാത്രമായി ലാലപ്പൻ മാറി.
കലിയെന്ന ചിത്രം എഴുതിയ ആളാണ് രാജേഷ്. അത് സംവിധാനം ചെയ്തത് സമീർ താഹിറും. സമീറൊക്കെ അടങ്ങിയ ആ ഗ്യാങ്ങിനൊപ്പം ഞാൻ പലപ്പോഴും ഇരിക്കുകയും സംസാരിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്യാറുണ്ട്. ഞാൻ ആദ്യ ചിത്രമായ നിദ്ര ചെയ്യുമ്പോൾ മുതൽതന്നെ ആ ഗ്യാങ്ങിനൊപ്പം സൗബിനെ കാണുകയും സംസാരിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. ആ ഗ്രൂപ്പിലെ ഏറ്റവും ഫണിയായിട്ടുള്ള ആളും സൗബിയാണ്. എന്റെ കൂടെ ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രത്തിലും സൗബി വർക്ക് ചെയ്തിട്ടുണ്ട്.

സൗബിൻ എത്രത്തോളം ഇതുവരെ പെർഫോം ചെയ്തിട്ടുണ്ട്, ഇനിയും എത്രത്തോളം സൗബിന് പെർഫോം ചെയ്യാനാവും, സൗബിന്റെ ഒരു റേഞ്ച് എത്രവരെ പോവുമെന്നൊക്കെ എനിക്കൊരു ധാരണയുണ്ട്. കലിയിൽ സൗബിനൊപ്പം പ്രവർത്തിച്ചതിനാൽ രാജേഷിനും സൗബിനെ നന്നായറിയാം. അങ്ങനെ വന്നപ്പോൾ രാജേഷാണ് ആദ്യം സൗബിയെ ആലോചിച്ചാലോ നമുക്കെന്ന് ചോദിക്കുന്നത്. അതൊരു കൃത്യമായ സജഷൻ ആയിരുന്നു.
കഥ പറഞ്ഞ സമയത്ത് സൗബിൻ നാലഞ്ചു പടങ്ങൾ കരാറായി നിൽക്കുകയായിരുന്നു. അതു തീർത്തിട്ടേ സൗബിയ്ക്ക് ഡേറ്റ് നൽകാൻ കഴിയുമായിരുന്നുള്ളൂ. സൗബിനേ ഇതു ചെയ്യാൻ പറ്റുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു, അങ്ങനെ സൗബി ഫ്രീയാവാനായി ഒന്നൊന്നര വർഷം വെയിറ്റ് ചെയ്തു. കാത്തിരിപ്പിനൊടുവിൽ ഷൂട്ടൊക്കെ ചെയ്ത് ചിത്രം പുറത്തിറക്കാൻ ശ്രമിച്ചപ്പോഴേക്കും കൊറോണ വൈറസ് കയറിവന്നു. അങ്ങനെ ‘ജിന്ന്’ പെട്ടിയ്ക്ക് അകത്തായി. അലാവുദ്ദീന്റെ അത്ഭുതവിളക്കിൽ പെട്ടുപോയ ഞങ്ങളുടെ ജിന്നിനെ ഒന്നു പുറത്തെത്തിക്കാൻ ഇങ്ങനെ ഉരച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ.
ജിന്നിൽ നിന്നും നിമിഷ പിന്മാറാൻ കാരണം?
2018 മേയ് മാസത്തിൽ ഞാൻ ‘ജിന്ന്’ അനൗൺസ് ചെയ്യുമ്പോൾ നിമിഷയും ഉണ്ടായിരുന്നു ടീമിൽ, അന്ന് സൗബിന്റെയും നിമിഷയുടെയും പേരുവച്ച് ഒരു ടൈറ്റിൽ പോസ്റ്ററും ഇറക്കിയിരുന്നു. എന്നാൽ 2019ൽ ഷൂട്ട് തുടങ്ങാറായപ്പോഴേക്കും മാലിക്കും നായാട്ടുമൊക്കെ വന്ന് നിമിഷയുടെ ഡേറ്റ് ക്ലാഷായി. അങ്ങനെയാണ് ശാന്തി ബാലചന്ദ്രനിലേക്ക് എത്തുന്നത്. തിരുത്തലുകളോടെ ശാന്തിയുടെ പേരുവച്ച് വീണ്ടും പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നെങ്കിലും ഇപ്പോഴും ആദ്യത്തെ പോസ്റ്റർ തന്നെയാണ് എല്ലായിടത്തും കറങ്ങികൊണ്ടിരിക്കുന്നത്. നായികയുടെ പേരുടെ ഇതുവരെ രജിസ്റ്റർ ആവാത്തതിൽ ശാന്തിയ്ക്ക് ആകെ വിഷമമാണ്, ഇടയ്ക്ക് അതിനെ ചൊല്ലി എന്റെയടുത്ത് പരിഭവം പറയും.

സിദ്ധാർത്ഥ് ഇതുവരെ സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളിലും അമ്മയുണ്ടല്ലോ? ജിന്നിലും അമ്മ അഭിനയിച്ചിട്ടുണ്ടോ?
ഉണ്ട്, ഒരു മുസ്ലീം തറവാട്ടിലെ കാരണവത്തിയായാണ് അമ്മ അഭിനയിക്കുന്നത്. ജിന്നിന്റെ ഷൂട്ടി നടക്കുന്ന സമയത്ത് അമ്മ ആരോഗ്യവതിയായിരുന്നു. അമ്മയ്ക്ക് വയ്യാതാവുന്നത് കൊറോണ വൈറസ് വ്യാപകമായി തുടങ്ങിയ സമയത്താണ്. അമ്മയ്ക്ക് കോവിഡ് വന്നിട്ടല്ല, പക്ഷേ ലോക്ക്ഡൗൺ കാലത്ത് ഒന്നും ചെയ്യാനാവാതെ വീട്ടിലിരിക്കേണ്ടി വന്നപ്പോൾ മറ്റുപലരെയും പോലെ അമ്മയേയും ഒരു ഡിപ്രഷൻ ബാധിച്ചിരുന്നു.
മുഴുവൻ സമയവും ഓടി നടന്നൊരാൾ വെറുതെ ഇരിക്കേണ്ടി വന്നപ്പോൾ അത് അമ്മയെ ഡൗണാക്കി. മാത്രമല്ല, ആ സമയത്ത് ഞാനും അമ്മയെ വല്ലാതെ നിയന്ത്രിച്ചിരുന്നു. കോവിഡ് എങ്ങാനും വന്നു കഴിഞ്ഞാൽ അമ്മയുടെ കണ്ടീഷൻ മോശമാവും, കടുത്ത പ്രമേഹം, ലിവർസംബന്ധമായ അസുഖമൊക്കെയുള്ള ആളാണ്. അന്ന് വാക്സിൻ പോലും കണ്ടുപിടിക്കാത്ത സമയമാണ്. അമ്മയ്ക്ക് എങ്ങാനും കോവിഡ് വന്നു കഴിഞ്ഞാൽ, പിന്നെ പോയി എന്നു കൂട്ടിയാൽ മതി, അത്രയും ഹൈറിസ്ക് കാറ്റഗറിയാണ്. അതുകൊണ്ട് ‘അതു ചെയ്യേണ്ട, ഇതു ചെയ്യേണ്ട എങ്ങും പോവേണ്ട, എനിക്കു അമ്മയെ വേണം’ എന്നൊക്കെ പറഞ്ഞ് ഞാൻ വീട്ടിലിരിക്കാൻ നിർബന്ധിക്കുമായിരുന്നു. എന്തിനാണ് ഞാനിങ്ങനെ വിലക്കുന്നതെന്ന് അമ്മയ്ക്കും അറിയാമായിരുന്നു, പക്ഷേ എന്നാലും ഇരുന്ന് മടുക്കുമ്പോൾ പരാതി പറയും. നീയെന്നെ എവിടെയും വിടുന്നില്ല എന്നൊക്കെ.