പാട്ടെഴുത്തും സിനിമാഎഴുത്തും വരയുമൊക്കെ ചേർന്ന കലാജീവിതത്തെക്കുറിച്ച്, കടന്നു വന്ന വഴികളെക്കുറിച്ച്, പ്രചോദനമായവരെക്കുറിച്ച്, മുന്നോട്ടുള്ള വഴിയെക്കുറിച്ച്… ഷിബു ചക്രവർത്തി സംസാരിക്കുന്നു. സുനീഷ് നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം. ആദ്യ ഭാഗം ഇവിടെ വായിക്കാം.
മലയാളിയുടെ ഗൃഹാതുരത്വമാര്‍ന്ന സ്മരണകളില്‍ ഓണപ്പാട്ടുകള്‍ക്കും കാസറ്റുകള്‍ക്കുമെല്ലാം വലിയ സ്ഥാനമുണ്ട്. ഓണപ്പാട്ടുകളെന്നാല്‍ തരംഗിണിയുടെ ഓണപ്പാട്ടുകളായിരുന്ന ഒരു കാലമുണ്ട്. ആ കാലത്തുതന്നെയാണ് താങ്കളുടെ പാട്ടുകള്‍ തരംഗിണിയെ മറികടക്കുന്നത്. താങ്കളുടെ വിദ്യാര്‍ത്ഥിജീവിതത്തിന്റെ ഭാഗം കൂടിയായിരുന്ന ആ കാലത്തെ, ആ പാട്ടുകളെ, അതിനെ തുടര്‍ന്നുണ്ടായ അനുഭവങ്ങളെ ഓര്‍മ്മിക്കാമോ?
മഹാരാജാസിലെ വിദ്യാര്‍ത്ഥിജീവിതത്തെക്കുറിച്ച് പറയുമ്പോള്‍ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഞാനവിടെ വിദ്യാര്‍ത്ഥിയായിരുന്നില്ലെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. പ്രീഡിഗ്രിയൊക്കെ വരെ മാത്രമേ വിദ്യാര്‍ത്ഥി എന്ന യൂണിഫോം എനിക്കുണ്ടായിരുന്നുള്ളൂ. മഹാരാജാസില്‍ ക്ലാസില്‍ വരണമെന്ന നിര്‍ബന്ധം പഠിപ്പിക്കുന്ന ആര്‍ക്കും തന്നെ ഉണ്ടായിരുന്നില്ല. പക്ഷേ, ക്ലാസില്‍ വന്നാല്‍ അവിടെയിരുന്ന് വേഷം കെട്ട് കാണിക്കാന്‍ പാടില്ല. അങ്ങനെയുള്ള ഈ സ്വാതന്ത്യം കൊണ്ടും ഒപ്പം പഠനം സ്വന്തം ചെലവില്‍ നടത്തണമെന്ന വാശി കൊണ്ടും ഞാന്‍ ക്ലാസില്‍ കയറല്‍ കുറവായിരുന്നു.
ഞാന്‍ ഫിലോസഫി പഠിക്കുന്നത് വീട്ടുകാര്‍ക്ക് അത്ര താത്പര്യമുള്ള വിഷയമായിരുന്നില്ല. അച്ഛന്‍ ട്രഷറി ഓഫീസറായിരുന്നു. എങ്ങനെയെങ്കിലും ബികോം പഠിച്ച് ബാങ്കിലൊരു ജോലി കണ്ടെത്തുകയെന്നതായിരുന്നു അച്ഛന്റെ താത്പര്യം. പ്രാക്ടിക്കലായി ചിന്തിക്കുന്ന ഏത് മാതാപിതാക്കളും ചിന്തിക്കുന്നൊരു കാര്യമാണത്. എന്നാല്‍ മാത്തമാറ്റിക്‌സ് എനിക്ക് ബാലികേറാമലയായിരുന്നു. അത്ര മോശമായിരുന്നു കണക്കില്‍ ഞാന്‍. ബാങ്കിലിരുന്ന് കണക്കുകൂട്ടി ആള്‍ക്കാര്‍ക്ക് പൈസ കൊടുത്തു വിടുന്നത് എനിക്ക് ചിന്തിക്കാന്‍ കൂടി പറ്റുന്നതായിരുന്നില്ല. എനിക്ക് അത്തരമൊരു കഴിവില്ല. ഒരു കാലത്തുമില്ല, ഇപ്പോഴുമില്ല. എന്നെ അട്രാക്റ്റ് ചെയ്ത കാര്യങ്ങളായിരുന്നു ലിറ്ററേച്ചറും അതിനേക്കാളുപരി ഫിലോസഫിയും. അച്ഛന്റെ ഇഷ്ടമില്ലാതെയാണ് ഞാന്‍ ഡിഗ്രിക്ക് ഫിലോസഫിയെടുക്കുന്നത്. അച്ഛനറിയാതെ ചെയ്ത കാര്യത്തിന്റെ പേരില്‍ വീട്ടില്‍ കുറച്ച് പ്രശ്‌നങ്ങളൊക്കെ ഉണ്ടായി. അച്ഛന്റെ പൈസ വാങ്ങാതെ പഠിക്കാന്‍ അങ്ങനെയാണ് ഞാന്‍ തീരുമാനിക്കുന്നത്.
ഡിഗ്രിക്കു പഠിക്കുമ്പോള്‍ മുതല്‍ ജോലി ചെയ്യുവാന്‍ തുടങ്ങി. പല പല ജോലികള്‍. പല പേരുകളില്‍ കഥകളെഴുതുക, ചിത്രകഥക്ക് സ്‌ക്രിപ്‌റ്റെഴുതുക തുടങ്ങിയവയൊക്കെ. എഴുത്താണ് എനിക്ക് ഈസിയായി ചെയ്യാന്‍ പറ്റിയൊരു ജോലിയെന്ന് മനസ്സിലായി. ചിത്രകഥക്ക് സ്‌ക്രിപ്‌റ്റെഴുതുകയെന്ന് പറഞ്ഞാല്‍ യഥാര്‍ത്ഥത്തില്‍ മണ്ണ് ചുമക്കാന്‍ പോകുന്നതിലും പ്രയാസമായിരുന്നു. ഒരു ലക്കം ചെയ്താല്‍ അമ്പതോ എഴുപത്തഞ്ചോ രൂപ കിട്ടും. നാലഞ്ചു ദിവസമൊക്കെ ഉറക്കമൊഴിച്ച് വര്‍ക്ക് ചെയ്യേണ്ടിവരും. അപ്പോഴാണ് കുറച്ചു കൂടി ഈസിയായി, പന്ത്രണ്ട് വരിയൊക്കെ എഴുതിയാല്‍ നൂറു രൂപ കിട്ടുമെന്നറിയുന്നത്. അങ്ങനെ ഒരു താത്പര്യം കൊണ്ടാണ് പാട്ടെഴുതാന്‍ പോകുന്നത്.
ക്ലാസ് കട്ട് ചെയ്താല്‍ ഞങ്ങളെല്ലാവരും എറണാകുളം ലിസി ഹോസ്പിറ്റലിന്റെ എതിര്‍വശത്തെ എസ്ആര്‍എം റോഡിലുള്ള ഗായത്രി പ്രിന്റേഴ്‌സ് എന്ന ചെറിയ പ്രസ്സില്‍ ഒരുമിച്ചു കൂടും. പിന്നീട് ‘ന്യൂഡല്‍ഹി’യുടെ ഒക്കെ എഴുത്തുകാരനായി മാറിയ ഡെന്നീസിന്റെ പ്രസ്സായിരുന്നു അത്. അവിടെയിരുന്ന് പാട്ടുകളുണ്ടാക്കും. ആരും ക്ലാസിക്കലും സംഗീതവുമൊന്നും പഠിക്കാത്തതു കൊണ്ട് നൊട്ടേഷന്‍ എഴുതി വയ്ക്കാന്‍ അറിയില്ലായിരുന്നു. അതിനാല്‍ ഒരു ട്യൂണ്‍ ഉണ്ടാക്കിയാല്‍ ആ നിമിഷം തന്നെ എന്തെങ്കിലും ലിറിക്‌സ് എഴുതിയിടണം. എനിക്കെപ്പോഴും കംഫര്‍ട്ടബിള്‍ ഈ നാടന്‍ പാട്ടുകള്‍ പോലുള്ള സാധനങ്ങളൊക്കെ ചേര്‍ത്ത് എഴുതുന്നതിലായിരുന്നല്ലോ. അങ്ങനെ പല കാലങ്ങളില്‍ പലപ്പോഴായി എഴുതിയിടുന്ന പാട്ടുകളായിരുന്നു ഓരോ വര്‍ഷവും ഞങ്ങള്‍ ഓണപ്പാട്ടുകള്‍ക്കായി എടുത്തിരുന്നത്.
തരംഗിണിയുടെ ആദ്യകാല വര്‍ക്കുകളൊക്കെ ഗംഭീരമായിരുന്നു. ശ്രീകുമാരന്‍ തമ്പിസാറിന്റെ ‘ഉത്രാടപ്പൂനിലാവേ’ ഒക്കെ വലിയ ഹിറ്റായിരുന്നല്ലോ. അതാത് സമയത്ത് പ്രഗത്ഭരെ ഇരുത്തി ചെയ്യിക്കുന്നതായിരുന്നു ഈ കാസറ്റുകളെല്ലാം. രവീന്ദ്രന്റെ ‘മാമാങ്കം’ തുടങ്ങിയവയൊക്കെ ഇങ്ങനെ ഉണ്ടായതാണ്. സിനിമയേക്കാള്‍ ആഘോഷിച്ചവയായിരുന്നു അവയെല്ലാം. പിന്നീട് പിന്നീട് വന്നപ്പോള്‍ തരംഗിണിയുടെ പാട്ടുകള്‍ കുറെക്കൂടി യാന്ത്രികമായി. ആ ഒരു ഗ്യാപ്പിലാണ് രഞ്ജിനിയുടെ ഓണപ്പാട്ട് കയറുന്നത്.
പ്രത്യേകിച്ചൊരു പര്‍പ്പസൊന്നുമില്ലാതെ ഞങ്ങളുടെ ഇഷ്ടത്തിന് സൃഷ്ടിച്ച പാട്ടുകളായിരുന്നു അവ. പലപ്പോഴായി ഉണ്ടാക്കിയ ആ പാട്ടുകളില്‍ ഓണത്തിന്റെ ഫ്‌ളേവറില്ലെങ്കില്‍ അതൊക്കെ ചേര്‍ത്ത് എട്ടോ പത്തോ പാട്ടുകള്‍ എടുത്താണ് ഈ കാസറ്റുകളുണ്ടാക്കിയിരുന്നത്. എല്ലാവരും ചേര്‍ന്നുണ്ടാക്കുന്ന ട്യൂണുകളൊക്കെയായിരുന്നു ഇതില്‍. ബേണിയായിരുന്നു പ്രധാന മ്യൂസിക് ഡയറക്ടര്‍. പിന്നീട് മലയാളത്തില്‍ ഏറ്റവും ഹിറ്റുകളിറക്കുന്ന ഒരു കമ്പനിയായൊക്കെ രഞ്ജിനി കാസറ്റ്‌സ് മാറി. ‘ചിത്ര’വും ‘വന്ദന’വുമെല്ലാം രഞ്ജിനിയാണ് കാസറ്റ് ഇറക്കിയത്.
ഞാന്‍ പാട്ടെഴുതുന്നത് ക്യാമ്പസ്സിലൊന്നും അന്ന് ആര്‍ക്കും അറിയുമായിരുന്നില്ല. അതറിയാതിരിക്കാനാണ് എന്റെ പേരിനൊപ്പം ചക്രവര്‍ത്തി എന്ന് ചേര്‍ത്തത്. പാട്ടെഴുത്തുകാരന്‍ പോയിട്ട് എന്തെങ്കിലും ആയിത്തന്നെ അറിയപ്പെടണമെന്ന് ഒരു കാലത്തും ഞാനാഗ്രഹിച്ചിട്ടില്ല. അങ്ങനെ വന്നുപെട്ടതാണ്. ഞാന്‍ വളരെ ഷൈയായിട്ടുള്ള ആളായിരുന്നു. അങ്ങേയറ്റം ഇന്‍ട്രോവര്‍ട്ടായിരുന്നു. ആള്‍ക്കാരുമായി ഇടപെടുക, തിരിച്ചറിയപ്പെടുക ഇതെല്ലാം എനിക്ക് വല്ലാത്ത ബുദ്ധിമുട്ടായിരുന്നു. എന്തെങ്കിലും വായിക്കുക, എവിടെയെങ്കിലും ചുരുണ്ടു കൂടിയിരിക്കുക ഇതായിരുന്നു അക്കാലത്തെ താത്പര്യം.

സിനിമ സാഹിത്യമല്ലെന്ന് പറയുമ്പോഴും സാഹിത്യകൃതികള്‍ ധാരാളമായി സിനിമയാക്കപ്പെട്ടിട്ടുണ്ട്. ഇന്ന് സിനിമയ്ക്ക് തിരക്കഥ പോലും വേണ്ടെന്ന രീതിയില്‍ അതിന്റെ ആഖ്യാനതലങ്ങളും ഭാഷയും നവീകരിക്കപ്പെട്ടിരിക്കുന്നു. പാട്ടെഴുത്തിലും ഇത് പ്രകടമാണ്. പാട്ട് സിനിമയുടെ റിയലിസ്റ്റിക് സ്വഭാവത്തിന് വിഘാതമാകുന്നുവെന്നൊക്കെയുള്ള ചില നിരീക്ഷണങ്ങളുണ്ട്. വാസ്തവത്തില്‍ സിനിമയില്‍ പാട്ടിന്റെ സ്ഥാനമെന്താണ്? ഒഴിവാക്കപ്പെടേണ്ടത്ര പ്രാധാന്യമേ പാട്ടിന് സിനിമയിലുള്ളൂ എന്നു കരുതുന്നുണ്ടോ?
തിരക്കഥ യഥാര്‍ത്ഥത്തില്‍ സിനിമ ആകുന്ന സമയത്ത് വിലയില്ലാതായിത്തീരുന്ന ഒരു സംഭവമാണ്. അതൊരു പ്ലാന്‍ ഓഫ് ആക്ഷനാണ്. മലയാളത്തിലെ ഒരുപാട് സാഹിത്യകാരന്മാര്‍ സിനിമയിലേക്ക് വരികയും തിരക്കഥയെഴുതുകയും ചെയ്തപ്പോള്‍ സാഹിത്യസൃഷ്ടി എന്ന നിലയില്‍ അതിനൊരു മാര്‍ക്കറ്റ് വരികയായിരുന്നു. മാര്‍ക്കറ്റ് മാത്രമല്ല, സാഹിത്യഗുണം കൂടി വന്നു. മലയാളത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ മാത്രമല്ല, ലോകം മുഴുവന്‍ ഇത് നടന്നിട്ടുണ്ട്. വിക്ടര്‍ ഹ്യൂഗോയുടെ ‘പാവങ്ങള്‍’ തുടങ്ങി എത്രയോ വര്‍ക്കുകള്‍ ഇങ്ങനെ അതാതു കാലങ്ങളില്‍ വന്നിട്ടുണ്ട്. അതൊരു മസ്റ്റായിട്ടുള്ള കാര്യമല്ല. ഒരു സിനിമയ്ക്ക് ഇന്നതേ പാടുള്ളൂവെന്ന് പറയേണ്ട കാര്യമില്ലല്ലോ.
ഓര്‍മ്മയില്‍ നിന്നു പറയട്ടെ, ‘മദര്‍ ആന്റ് സണ്‍’ എന്ന സുഖറോവിന്റെ സിനിമയുണ്ട്. അതില്‍ അഞ്ചേ അഞ്ച് ഷോട്ട്‌സേ ഉള്ളൂ. അതിലാണ് കംപ്ലീറ്റ് ഫിലിം. അമ്മയും മകനും തമ്മിലുള്ള ബന്ധമാണ്. പടുവൃദ്ധയായ, മരിക്കാന്‍ കിടക്കുന്ന അമ്മയോട് മകന്‍ സംസാരിക്കുകയാണ്. മരണം പ്രതീക്ഷിച്ചു കിടക്കുന്ന അമ്മ നിരാശയോടെ ഇനി മുന്നോട്ട് പോകുന്നതില്‍ ഒരര്‍ത്ഥവും തോന്നുന്നില്ല എന്ന് പറയുമ്പോള്‍ മകന്‍ പറയുകയാണ് ഒരര്‍ത്ഥവുമുണ്ടായിട്ടല്ല മനുഷ്യന്‍ ജീവിക്കുന്നത്. ഇന്നൊരു സണ്ണി ഡേയാണല്ലോ എന്ന് പറയുമ്പോള്‍ മകന്‍ ചോദിക്കുകയാണ് ഇന്ന് നമുക്കൊന്ന് നടക്കാന്‍ പോയാലോ എന്ന്. എല്ലും തോലുമായി ചുരുണ്ടു കിടക്കുന്ന അമ്മയോടാണ് മകനിങ്ങനെ പറയുന്നത്. ഈ അമ്മയെ കൈയിലെടുത്ത് മകന്‍ പുറത്തേക്ക് നടക്കുന്നതാണ് ബാക്കി സിനിമയില്‍.
ഇങ്ങനെയും സിനിമ ചെയ്യാം. അതും ഒരു ഇമോഷന്‍ കണ്‍വേ ചെയ്യുന്നുണ്ട്. ആദ്യമദ്ധ്യാന്ത കഥ വേണമെന്നൊന്നുമില്ല. സിനിമയ്ക്ക് ഇന്നതേ പാടൂവെന്നൊന്നുമില്ല. ഓരോ ഫിലിം മേക്കേഴ്‌സുമാണ് അവരുടെ സിനിമ എന്ത് പറയണമെന്ന് നിശ്ചയിക്കുന്നത്. ഇന്നതേ പറയാവൂ എന്നൊരു കാര്യമില്ലല്ലോ. നോവല്‍ എന്തായിരിക്കണമെന്ന് പറയുന്ന നൂറായിരം തിയറികളൊക്കെയുണ്ടായിരിക്കാം. പക്ഷേ എഴുതുന്നവനാണ് നിശ്ചയിക്കുന്നത് തന്റെ നോവല്‍ എങ്ങനെയായിരിക്കണമെന്ന്. ഇതു തന്നെയാണ് സിനിമയിലും. അതു കൊണ്ടാണ് പല ഫിലിംമേക്കേഴ്‌സും ലിറ്റററി വര്‍ക്കുകള്‍ സിനിമയാക്കുമ്പോള്‍ അവരുടെ ഇന്റിപെന്റന്റ് ഇന്റര്‍പ്രട്ടേഷനായി അത് മാറുന്നത്. സക്കറിയായുടെ കഥയെടുത്ത് അടൂര്‍ ‘വിധേയന്‍’ സിനിമയാക്കിയപ്പോള്‍ സാഹിത്യസൃഷ്ടിയോട് നീതിപുലര്‍ത്തിയില്ല എന്നൊക്കെയുള്ള വലിയ ചര്‍ച്ചയുണ്ടായിരുന്നു. പത്മരാജന്റെ ‘ഉദകപ്പോള’ നോവല്‍ അദ്ദേഹം തന്നെ ‘തൂവാനതുമ്പികള്‍’ എന്ന പേരില്‍ സിനിമയാക്കിയപ്പോള്‍ കഥ തന്നെ വേറൊന്നായിരുന്നു.
സിനിമയില്‍ പാട്ട് വേണോ വേണ്ടയോ എന്നു ചര്‍ച്ചചെയ്യുമ്പോള്‍ സിനിമ റിയലിസ്റ്റിക്കാണോ എന്നൊരു കാര്യമുണ്ട്. റിയലിസ്റ്റിക്കാണെങ്കില്‍ പാട്ടിന്റെ ആവശ്യമില്ല. സിനിമയെ ഒരുപാട് കലകള്‍ കൂടിച്ചേര്‍ന്ന ഒരു എന്റര്‍ടെയിന്‍മെന്റ് ആയി കാണുകയാണെങ്കില്‍ പാട്ട് വേണം. മനുഷ്യനെ എന്റര്‍ടെയിന്‍ ചെയ്യാന്‍ എളുപ്പത്തില്‍ ലഭ്യമായൊരു എന്റര്‍ടെയിനര്‍ എന്നു പറയുന്നതിനകത്ത് ഈ പറയുന്ന എല്ലാ കാര്യങ്ങളും ചേര്‍ക്കാവുന്നതാണ്.
ഇന്ത്യയില്‍ സിനിമ രൂപം കൊണ്ടത് സംഗീത-നാടകരൂപങ്ങളുടെ എക്സ്റ്റന്‍ഷനായിട്ടാണ്. അവതരിപ്പിക്കപ്പെട്ട നാടകങ്ങള്‍ സെല്ലുലോയിഡിലേക്ക് മാറിയെന്നതൊഴിച്ചാല്‍ അങ്ങനെ തന്നെ ചിത്രീകരിക്കപ്പെട്ടവയായിരുന്നു ആദ്യകാലസിനിമകള്‍. പിന്നീട് സിനിമയിലെ ഗാനങ്ങള്‍ക്ക് അതിന്റെ വിപണിമൂല്യം കൂട്ടാന്‍ സാധിക്കും എന്നു വന്നപ്പോള്‍ പത്തും പന്ത്രണ്ടും പതിനാറും പാട്ടുകളുള്ളതായി ആദ്യകാലസിനിമകള്‍. പിന്നീട് വന്നപ്പോള്‍ പാട്ടിന്റെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കില്‍ തന്നെ ആറും ഏഴും പാട്ടുകളുള്ള സിനിമകള്‍ വരെ നമുക്കറിയാം.
സിനിമയ്ക്കകത്ത് പാട്ട് അനിവാര്യമല്ലെന്നിരിക്കലും വളരെ ബ്രില്യന്റായിട്ടുള്ള പല ഫിലിം മേക്കേഴ്‌സും പാട്ടുപയോഗിച്ചിരുന്നുവെന്ന് കാണാം. സഞ്ജയ് ലീല ബന്‍സാലി, ഗൗതം ഘോഷ് തുടങ്ങിയ സംവിധായകര്‍ അവരുടെ സിനിമകളില്‍ എത്ര മനോഹരമായിട്ടാണ് പാട്ടുകള്‍ ചേര്‍ക്കുന്നതെന്നും കാണേണ്ടതുണ്ട്. ഒരു എന്റര്‍ടെയിന്‍മെന്റ് എന്ന നിലയില്‍ അതിന്റെ ഭാഗമായി സിനിമയില്‍ എന്തും ചേര്‍ക്കാം. പക്ഷേ റിയലിസ്റ്റിക്കായിട്ടുള്ളാരു സിനിമയില്‍ പാട്ട് അനിവാര്യമാണോ എന്ന് ചോദിച്ചാല്‍ അല്ല. എന്നാല്‍ സിനിമ റിയലിസ്റ്റിക്ക് മാത്രമേ ആകാന്‍ പാടുള്ളൂവെന്ന് ഒരിക്കലും പറയാന്‍ പറ്റുകയുമില്ല. ആവുകയുമരുത് എന്നാണ് എന്നെപ്പോലുള്ളവരുടെ ആഗ്രഹം. ആയിക്കഴിഞ്ഞാല്‍ അതിലെ എന്റര്‍ടെയിന്‍മെന്റ് ഫാക്ടര്‍ നഷ്ടപ്പെടുന്നതോടെ വളരെ വരണ്ട ഒന്നായി മാറും.
മനുഷ്യന് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ റിലാക്‌സേഷനും എന്റര്‍ടെയിന്‍മെന്റിനും ഉള്ള സ്‌പേസ് വേണം. പണ്ട് അത് നാട്ടിലെ ഉത്സവങ്ങളും മറ്റുമായിരുന്നു. പിന്നീട് ഇത്തരം ചില കലാരൂപങ്ങളായി അത് മാറി. എന്റര്‍ടെയിന്‍മെന്റാണ് മനുഷ്യജീവിതം കുറച്ചു കൂടി എളുപ്പമുള്ളതാക്കുന്നത്. ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ ഉള്ളില്‍ എല്ലാമൊന്ന് മറന്ന് അല്പനേരം റിലാക്‌സ് ചെയ്യാന്‍ കിട്ടുന്ന ഒരു കാര്യമുണ്ട്. ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ തീക്ഷ്ണമായ മുഖം കാണിക്കലും മറ്റും ഒരുവശത്തുള്ളപ്പോള്‍ തന്നെ സന്തോഷിപ്പിക്കുന്ന പാട്ടും ഡാന്‍സുമൊക്കെയുള്ള സിനിമയ്ക്കും അവിടെ സ്‌പേസുണ്ട്, ഉണ്ടാവുകയും വേണം.

സിനിമയില്‍ വലിയ മാറ്റങ്ങളാണല്ലോ വന്നു കൊണ്ടിരിക്കുന്നത്. ഈ മാറ്റങ്ങളെയെല്ലാം എങ്ങനെയാണ് കാണുന്നത്?
വളരെ പോസിറ്റീവായാണ് ഞാനിതെല്ലാം കാണുന്നത്. ഇപ്പോള്‍ നമ്മള്‍ സ്ഥിരം കേള്‍ക്കുന്നതാണ് ‘ഫീല്‍ ഗുഡ്’ സിനിമകള്‍. ‘തണ്ണീർമത്തന്‍ദിനങ്ങള്‍’ തുടങ്ങിയ സിനിമകളെല്ലാം ‘ഫീല്‍ ഗുഡ്’ സിനിമകളാണ്. ഇത്തരം സിനിമകള്‍ ഒരുപാട് വരുന്നതിനിടയില്‍ ‘ആടുജീവിതം’ പോലുള്ള സിനിമകളുടെ നിര്‍മ്മാണവും ഇവിടെ നടക്കുന്നുണ്ട്. മലയാളം ഇന്‍ഡസ്ട്രിയില്‍ ചരിത്രമായി രേഖപ്പെടുത്തപ്പെടാന്‍ പോകുന്ന ഒരു സിനിമയായിരിക്കും ‘ആടുജീവിതം’ എന്നാണ് എനിക്ക് തോന്നുന്നത്.
ടെക്‌നോളജിയുടെ ഒരു ഈസിനസ്സും വന്നിട്ടുണ്ട്. പണ്ടാക്കെ ഫിലിമിലേ ഷൂട്ട് ചെയ്യാന്‍ പറ്റുമായിരുന്നുള്ളൂ. അത് കുറച്ചു കൂടി കോംപ്ലിക്കേറ്റഡായിരുന്നു. ഡിജിറ്റലായപ്പോള്‍ എത്ര ടേക്ക് വേണമെങ്കിലും എടുക്കാം, എത്ര ആംഗിളിലുമെടുക്കാം. പണ്ട് അത്തരത്തിലുള്ള സാധ്യതകള്‍ കോസ്റ്റിലിയായിരുന്നു. ഇന്ന് ടെക്‌നിക്കലായ മാറ്റങ്ങള്‍ വന്നതോടെ പലര്‍ക്കും ഇതില്‍ പരീക്ഷണങ്ങള്‍ നടത്തുവാന്‍ എളുപ്പമായി. അതു കൊണ്ടായിരിക്കും ഇത്രയും പുതിയ ആളുകള്‍ സിനിമയിലേക്ക് വരുന്നത്. ഇന്നൊരാള്‍ക്ക് സിനിമ പഠിക്കണമെങ്കില്‍ എത്രയോ ചോയ്‌സ് ഉണ്ട്. അതിനോട് താത്പര്യമുള്ളവര്‍ക്ക് സ്റ്റഡി നടത്തുവാനും കടന്നു വരാനുമുള്ള സാധ്യതകള്‍ തുറക്കപ്പെട്ടു.
ഞാന്‍ നേരത്തെ സൂചിപ്പിച്ച ഈ ഫീല്‍ ഗുഡ് എന്നൊക്കെ പറയപ്പെടുന്ന ചെറിയ സിനിമകള്‍ കൂടി ചേരുന്നതാണ് ഈ സിനിമാ ഇന്‍ഡസ്ട്രി. ഇതെല്ലാ കാലത്തും ഇങ്ങനെതന്നെയായിരുന്നു. എത്രയോ ഹോളിവുഡ് അടിപൊളിപടങ്ങള്‍ക്കിടയിലാണ് ‘ലോറന്‍സ് ഓഫ് അറേബ്യ’ പോലുള്ള വര്‍ക്കുകളും ഉണ്ടാകുന്നത്. ഒരുപക്ഷേ കാലം എടുത്തുവെയ്ക്കുന്നത് അത്തരം സിനിമകളായിരിക്കാം. എന്നാല്‍ ഇന്‍ഡസ്ട്രിയെ മുന്നോട്ട് കൊണ്ടു പോകുന്നത് വാര്‍പ്പുമാതൃകകളായിരിക്കാം. ഇന്‍ഡസ്ട്രിയും ആര്‍ട്ട് ഫോമും തമ്മിലുള്ള ഒരു വ്യത്യാസമാണത്. ഇവിടെ മാത്രമല്ല ലോകം മുഴുവന്‍ അങ്ങനെയാണ്. എത്രയോ ഹോളിവുഡ് പ്രൊഡക്ഷന്‍സുകള്‍ക്കിടയിലായിരിക്കും ഒരു ‘ഗോഡ്ഫാദര്‍’ വരുന്നത്. ഡേവിഡ് ലീനിന്റെ പ്രൊഡക്ഷനൊക്കെയുണ്ട്. വളരെ കുറച്ചേ അദ്ദേഹം ചെയ്തിട്ടുള്ളൂ. അതുപോലെ ഡിസീക്കയുടെ പടങ്ങള്‍. ‘സണ്‍ ഫ്‌ളവര്‍’ ചെയ്യുമ്പോള്‍ എനിക്ക് തോന്നുന്നത് അദ്ദേഹത്തിന് എഴുപതോളം വയസ്സുണ്ടെന്നാണ്. ലോകം കണ്ട മികച്ച ലൗ സ്റ്റോറികളിലൊന്നാണത്.
ഒരേ സമയം ‘കടുവ’യും ‘പാപ്പ’നും ‘ആടുജീവിത’വും ഇവിടെ സംഭവിക്കുന്നുണ്ട്. കോവിഡ് കഴിഞ്ഞ് ആളുകളെ തീയറ്ററിലേക്ക് വലിച്ചു കൊണ്ടു പോകുന്നത് ‘കടുവ’യും ‘പാപ്പ’നുമൊക്കെയാണ്. തീയറ്ററിലല്ലാതെ ഇത്തരം സിനിമകള്‍ ആസ്വദിക്കാന്‍ കഴിയില്ല. തീയറ്റര്‍ എക്‌സ്പീരിയന്‍സ് നമ്മളെ അനുഭവിപ്പിക്കണമെങ്കില്‍ പ്രൊഡക്ഷന്‍ അതു പോലെയായിരിക്കണം. ആദ്യം ഡിജിറ്റല്‍ വരുമ്പോള്‍ അതിനെ പുച്ഛിച്ചു നിന്നിരുന്ന ആ ഇന്‍ഡസ്ട്രിയില്‍ ഇന്ന് ഫിലിം തന്നെ ഇല്ലാതായില്ലേ? ടെക്‌നോളജിയുടെ വരവിനെ ആര്‍ക്കും നിഷേധിക്കാന്‍ പറ്റില്ല. ടെലിവിഷന്‍ വരുമ്പോള്‍ എന്തായിരുന്നു ഇവിടെ ബഹളം? ഒന്നും സംഭവിച്ചില്ല. ഒടിടി മറ്റൊരു മാര്‍ക്കറ്റ് തുറന്നു തരുന്നു. പോപ്പുലറായിട്ടുള്ള, അല്ലെങ്കില്‍ വെറുമൊരു ഫാമിലി ഡ്രാമയില്‍ തീയറ്റര്‍ എക്‌സസ്പീരിയന്‍സ് കൊണ്ട് വലിയ കാര്യമൊന്നുമില്ല. ടീവി സീരിയലിന്റെ എക്സ്റ്റന്‍ഷന്‍ പോലുള്ള സിനിമകളും മലയാളത്തിലുണ്ടായിരുന്നല്ലോ. അത്തരം പടങ്ങള്‍ ഒടിടിയിലേക്ക് പോയിക്കോട്ടെ. ഞാനതിനെ പോസിറ്റീവായി കാണാന്‍ കാരണം, നമ്മുടെ ഇന്‍ഡസ്ട്രിയുടെ ഏരിയ വികസിക്കുകയാണ്. ആര്‍ട്ട്‌ഫോമിന്റെ ഒപ്പം തന്നെ ഒരുപാട് പേര്‍ ജീവിക്കുന്ന, അവരുടെ ഉപജീവനമാര്‍ഗ്ഗം കൂടിയായി മാറുന്ന ഒരു ഇന്‍ഡസ്ട്രി കൂടിയായി സിനിമയെ കാണണം.

മഹാരാജാസിലെ ഫിലോസഫി വിദ്യാര്‍ത്ഥിയെന്ന പൂര്‍വപശ്ചാത്തലത്തിലൂടെയാണ് താങ്കള്‍ ‘അഥര്‍വ്വം’ എന്ന സിനിമയുടെ രചയിതാവാകുന്നത്. അതിലേക്കുള്ള താങ്കളുടെ എത്തിപ്പെടല്‍ എങ്ങനെയായിരുന്നു? എഴുത്തുകാരന്‍ എന്ന നിലയില്‍ ആ സിനിമ പ്രതീക്ഷിച്ച സംതൃപ്തി നല്‍കിയോ?
അതെഴുതുന്ന സമയത്ത് എനിക്ക് ഇരുപത്താറോ ഇരുപത്തേഴോ വയസ്സേയുള്ളൂ. ആ പ്രായത്തില്‍ എഴുതേണ്ട ഒരു സബ്ജക്ടായിരുന്നില്ല അത്. ഇന്നാണ് എഴുതുന്നതെങ്കില്‍ മാരുതി കാര്‍ ഉപയോഗിച്ച് അനന്തനെ തേടി പോകുന്ന രീതിയൊന്നും സ്വീകരിക്കില്ലായിരുന്നു. ക്ലാസിക്കല്‍ സ്‌റ്റൈലില്‍ തന്നെ സിനിമയെ മുഴുവനും നയിക്കുമായിരുന്നു. ആ പ്രായത്തിലുള്ള ഞങ്ങളുടെതായ പക്വതയില്ലായ്മ അതിലൊരുപാടുണ്ടായിരുന്നു.
എന്റെ ജീവിതവുമായി ചേര്‍ന്നു നില്‍ക്കുന്നതാണ് ‘അഥര്‍വ്വ’ത്തിന്റെ പ്രമേയം. മഹാരാജാസില്‍ എന്റെ പ്രിയപ്പെട്ട ഗുരുനാഥനായിരുന്നു പ്രൊഫ. രാമചന്ദ്രന്‍ സാര്‍. പരിചയപ്പെടുമ്പോള്‍ വലിയൊരു നാസ്തികനായിരുന്നു അദ്ദേഹം. സാറിന്റെ കൂടെ മീറ്റിംഗുകളില്‍ ഞങ്ങളും പോകുമായിരുന്നു. സന്യാസിമാര്‍ മുഴുവന്‍ കള്ളക്കടത്തുകാരാണെന്നും കള്ളന്മാരാണെന്നും ഒക്കെ സ്റ്റേജില്‍ നിന്ന് വിളിച്ചു പറയാന്‍ രാമചന്ദ്രന്‍ സാറിന് ഒരു മടിയുമുണ്ടായിരുന്നില്ല. അങ്ങനെയുള്ള സാര്‍ ഒരു സുപ്രഭാതത്തില്‍ സന്യാസിയായി മാറിയെന്നുള്ളത് ഞങ്ങള്‍ക്ക് ഭയങ്കര ഷോക്കായിരുന്നു. സാര്‍ ഒരു ദിവസം ഗംഗയില്‍ പോയി മുങ്ങി സന്യാസിയായി തിരിച്ചു വന്നത് അംഗീകരിക്കാനാകുമായിരുന്നില്ല. സാറിന്റെ ഏറ്റവും വത്സലശിഷ്യനായിരുന്നു ഞാന്‍. അതോടെ ഞാന്‍ കോളേജില്‍ തന്നെ പോകുന്നത് അപൂര്‍വ്വമായി. പ്രിയപ്പെട്ട സബ്ജക്ടായിരുന്ന ഫിലോസഫിയോട് വെറുപ്പ് തോന്നിത്തുടങ്ങി.
ഒരു ദിവസം സാര്‍ എന്നെ കാണണമെന്ന് പറഞ്ഞ് ഒരു കുറിപ്പ് കൊടുത്തു വിട്ടു. ഇഷ്ടമില്ലാതിരുന്നിട്ടും പോയി കണ്ടു. സാര്‍ പറഞ്ഞു, ‘ഞാന്‍ പെട്ടെന്നൊരു ദിവസം ദൈവവിശ്വാസിയായതല്ല. ഇത്രയും കാലം ഇതിനെതിരായി നടന്നു. ഇനി തിരിച്ച് ആദ്ധ്യാത്മികതയില്‍ പോകുന്നവര്‍ പറയുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടെന്ന് അന്വേഷിച്ച് നോക്കണ്ടേ? അന്വേഷണത്തിന്റെ പാതയില്‍ സഞ്ചരിക്കാന്‍ വേണ്ടി ഞാനെടുത്തിട്ടൊരു യൂണിഫോമാണ് ഈ കാഷായം. മന്വന്തരങ്ങളായി ആളുകള്‍ അന്വേഷിച്ചിറങ്ങിയ ഒരു പാതയില്‍ എന്തെങ്കിലും ഉണ്ടോയെന്നറിയണ്ടേ?’
പിന്നീട് ശനി, ഞായര്‍ ദിവസങ്ങളില്‍ സാര്‍ എന്നെ ഭഗവത്ഗീത പഠിപ്പിക്കുവാന്‍ തുടങ്ങി. രണ്ടു വര്‍ഷത്തോളം അങ്ങനെ ഗീത പഠിച്ചു. പിന്നീട് സിനിമയുടെ തിരക്കിലായപ്പോള്‍ തുടരാനായില്ല. കുറെക്കഴിഞ്ഞപ്പോള്‍ സാര്‍ എല്ലാം ഉപേക്ഷിച്ച് ഓച്ചിറയിലെ ഒരു ആലിന്‍ചുവട്ടിലായി താമസം. അപ്പോഴും സാര്‍ എന്നെ കുറിച്ച് പലരോടും അന്വേഷിച്ചിരുന്നതായി അറിഞ്ഞിരുന്നു. ഒരു റോഡ് ആക്‌സിഡന്റില്‍ അദ്ദേഹം മരണമടഞ്ഞു. അതിനൊക്കെ ശേഷം എപ്പോഴോ ഞാനെന്റെ ഡയറിയില്‍ കുറിച്ചിട്ട ഒരു കുറിപ്പില്‍ നിന്നുമാണ് അനന്തന്‍ എന്ന കഥാപാത്രത്തെ രൂപപ്പെടുത്തിയത്. മാസ്റ്ററുടെ വിനോദം താന്ത്രിക് പെയിന്റിംഗ്‌സാണെന്നും സര്‍പ്പംപാട്ടിന്റെ പശ്ചാത്തലം അമ്മവഴിക്കുണ്ടായിരുന്നുവെന്നും ഒരു കഥപോലെ എഴുതിവച്ച ആ കുറിപ്പില്‍ ഞാന്‍ സൂചിപ്പിച്ചിരുന്നു.
വേദങ്ങളുടെ ഉടമസ്ഥര്‍ ആരാണ്? വേദങ്ങളെടുത്താല്‍ തന്നെ സാമവേദത്തിന്റെയും അഥര്‍വവേദത്തിന്റെയും ഉടമസ്ഥരാരാണ്? ഈ ഡിവിഷന്‍സ് ഇങ്ങനെ വന്നു കൊണ്ടിരിക്കും. കാലങ്ങളായി പഴക്കമുള്ളതാണ് ഈ സംഘര്‍ഷം. സിനിമയില്‍ കഥ പറയാനൊരു നാടകീയതയ്ക്ക് വേണ്ടി ഈ സംഘര്‍ഷം പശ്ചാത്തലമാക്കിയെടുത്തുവെന്നു മാത്രം. സോഷ്യല്‍ ക്രിട്ടിസിസം കൊണ്ടു വരാന്‍ വേണ്ടിയൊന്നുമായിരുന്നില്ല അന്നങ്ങനെ ചെയ്തത്. സിനിമയുടെ പിരിമുറുക്കത്തിനും ഡാമ ക്രിയേറ്റ് ചെയ്യുവാനും വേണ്ടി മാത്രം ചെയ്തതാണ്. ‘അഥര്‍വ്വ’ത്തില്‍ ജാതീയതയും കടന്നു വരുന്നുണ്ട്.
ബാക്കിയെല്ലാം സിനിമ കണ്ടതിനുശേഷം മറ്റുള്ളവര്‍ വ്യാഖ്യാനിക്കുന്നതാണ്. ഇന്നാണെങ്കില്‍ ‘അഥര്‍വ്വം’ കുറച്ചു കൂടി നന്നായി എഴുതാമായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ‘അഥര്‍വ്വം’ എഴുതിയ അതേ രീതിയില്‍ തന്നെയാണ് ‘നായര്‍സാബും’ ‘മനു അങ്കിളു’മൊക്കെ എഴുതിയതും. അന്ന് ‘അഥര്‍വ്വം’ പറയത്തക്ക റഫറന്‍സൊന്നുമില്ലാതെ എഴുതിയൊരു സാധനമാണ്. കൂടുതലും സെറ്റിലിരുന്നാണ് എഴുതിയത്. അന്നത്തെ എന്റെ വായനയുടെ ഒരു റിഫ്‌ളക്ഷനാണ് അതിനകത്ത് വന്നിട്ടുള്ളത്. പശ്ചാത്തലം ഫിലോസഫിയായിരുന്നിട്ടും അതിന്റെ വിഷ്വല്‍ ഇഫക്റ്റ് തിരിച്ചറിഞ്ഞിട്ട് തന്നെയാണ് ഡെന്നീസ് ഈ പ്രമേയം അംഗീകരിച്ചത്. ‘രാജാവിന്റെ മകനൊക്കെ’ എഴുതിയ ഡെന്നീസിന് വേറെ ഏത് കൊമേഴ്‌സ്യല്‍ സബ്ജക്ട് വേണമെങ്കിലും സ്വീകരിക്കാമായിരുന്നു. എന്നിട്ടും ഈ പ്രമേയം സ്വീകരിച്ചത് അതിന്റെ സാധ്യത കണ്ടു കൊണ്ടു തന്നെയാണ്. അതാണ് ഡെന്നീസിന്റെ മേന്മയും.
കേരളത്തിലെ ബ്രാഹ്മിണ്‍സും തമിഴ് ബ്രാഹ്മിണ്‍സും വേദങ്ങള്‍ ഉപയോഗിക്കുന്നുവെന്നല്ലാതെ മറ്റെല്ലാ രീതികളിലും തീര്‍ത്തും വ്യത്യസ്തരാണ്. അങ്ങനെയുള്ള ചില കാര്യങ്ങളില്‍ ഡെന്നീസ് ശ്രദ്ധിക്കാതെ പോയി എന്നതാണ് എന്റെ പരിഭവം. അതില്‍ അശ്വാരൂഢമന്ത്രം ഒക്കെ ഉപയോഗിക്കുന്നുണ്ട്. കേരളത്തില്‍ ചൊല്ലുന്ന രീതിയില്‍ അല്ല തമിഴര്‍ ചൊല്ലുന്നത്. നമ്മുടെ വേദിക് ചാന്റിങ്ങിന് കൃത്യമായൊരു മെത്തേഡ് ഉണ്ട്. സിനിമയില്‍ അത് വല്ലാതെ കല്ലുകടിച്ചു നിന്നു.
ഇഷ്ടമില്ലാതിരുന്നിട്ടും പാട്ടെഴുത്തുകാരനായി. ആര്‍ട്ടിസ്റ്റല്ലാതിരുന്നിട്ടും വരയിലും കൈവച്ചു. ‘ഗായത്രി’യിലെ വരക്കാലത്തിനൊപ്പം തന്നെ ശ്രദ്ധേയമായിരുന്നു സിനിമയില്‍ കലാപരമായി താങ്കള്‍ നടത്തിയ ചില കൈവയ്ക്കലുകളും. ‘നിറക്കൂട്ട്,’ ‘ന്യൂഡല്‍ഹി,’ ‘അഥര്‍വ്വം’ എന്നീ ചിത്രങ്ങളില്‍ താങ്കള്‍ കലാപരമായ താങ്കളുടെ സാന്നിധ്യം പ്രധാനമായിരുന്നു. നദിയ മൊയ്തു ചോദിച്ച പോലെ വരയും പാട്ടും എങ്ങനെ ഒരുമിച്ച് കൊണ്ടു പോയി?
‘ശ്യാമ’യില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ നദിയ ബോംബെയില്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്. ജോഷിസാറിന്റെ മുമ്പ് ചെയ്ത പടങ്ങള്‍ എടുത്തു നോക്കിയപ്പോള്‍ ‘നിറക്കൂട്ട്’ കണ്ടു. ‘നിറക്കൂട്ടി’ലെ അഡ്വര്‍ടൈസ്‌മെന്റ് ബാക്ക്ഗ്രൗണ്ട് കണ്ട് ആരാണിത് ചെയ്തതെന്ന് ചോദിച്ചു. മുമ്പ് അത്തരമൊന്ന് സിനിമയില്‍ അങ്ങനെ വന്നിട്ടില്ല. പിന്നീട് ഞാന്‍ ‘ശ്യാമ’യുടെ പാട്ടുകളും ഞാന്‍ തന്നെയാണ് ചെയ്തതെന്ന് അറിഞ്ഞപ്പോള്‍ അവര്‍ അത്ഭുതപ്പെട്ടു. പാട്ടും വരയും എങ്ങനെയാണ് ഒരുമിച്ച് ചെയ്യുന്നത്! ശരിക്കിതില്‍ ഏതിലെങ്കിലുമൊന്നിലേ ഒരേ സമയം കോൺസൺട്രേറ്റ് ചെയ്യാനാവൂ.
ഞാന്‍ ഇത് രണ്ടുമല്ലാത്തതു കൊണ്ട് എനിക്ക് ചെയ്യാന്‍ പറ്റിയെന്നേ പറയാന്‍ പറ്റു. ‘ന്യൂഡല്‍ഹി’യില്‍ മമ്മൂട്ടിയുടെ കഥപാത്രം വരയ്ക്കുന്ന സുമലതയുടെ ചിത്രം ഞാന്‍ വരച്ചതാണ്. നാല് പത്രങ്ങള്‍ അതില്‍ ലേ ഔട്ട് ചെയ്തിട്ടുണ്ട്. ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോയെന്ന് അറിയില്ല. സാധാരണ ഒരു ആര്‍ട്ട് ഡയറക്ടറുടെ ജോലിയായിരുന്നില്ല അതൊന്നും. അവിടെ ചെന്നുപെട്ട സാഹചര്യത്തില്‍ അങ്ങനെ ചെയ്യേണ്ടി വന്നതാണ്. സിനിമയ്ക്ക് വേറൊരു ആര്‍ട്ട് ഡയറക്ടറുണ്ടായിരുന്നു.
‘അഥര്‍വ്വം’ എഴുതിയയാള്‍ തന്നെയാണ് മലയാളത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട അധോലോകചിത്രങ്ങളിലൊന്നായ’സാമ്രാജ്യ’ത്തിന്റെ തിരക്കഥയെഴുതുന്നതും. ‘ഈറന്‍മേഘവും’ ‘ചെമ്പരത്തിപ്പൂവേയും’ ‘ഓര്‍മ്മകള്‍ ഓടിക്കളിക്കുവാനെത്തുന്ന’തുമെല്ലാമായ ഗൃഹാതുരത്വമാര്‍ന്ന കാല്പനികവിസ്മയങ്ങള്‍ സമ്മാനിച്ച ഷിബു ചക്രവര്‍ത്തി തന്നെയാണോ ‘ബാഗിജീന്‍സും’ ‘പച്ചമാങ്ങ’യുമൊക്കെ എഴുതിയതെന്ന് വിശ്വസിക്കാന്‍ പ്രയാസമുള്ളവരുണ്ട്!
‘അഥര്‍വ്വം’ വേദങ്ങളെപ്പറ്റിയാണ്. ഇന്ത്യയുടെ പ്രധാനപ്പെട്ട ലിറ്ററേച്ചറുകളാണല്ലോ വേദങ്ങള്‍, ഇതിഹാസങ്ങള്‍, പുരാണങ്ങള്‍ എന്നിവ. യഥാര്‍ത്ഥത്തില്‍ ‘സാമ്രാജ്യ’ത്തിന്റെ അകത്തേയ്‌ക്കൊന്ന് നോക്കൂ. മഹാഭാരതമല്ലേ! കര്‍ണ്ണനും കുന്തിയുമൊക്കെ തന്നെയാണ് അവിടെയും. ഇവ രണ്ടും ഉള്ളടക്കപരമായി പറയത്തക്ക വ്യത്യാസമൊന്നുമില്ല. ‘സാമാജ്യം’ ആ സമയത്ത് തെലുങ്കിലും തമിഴിലുമെല്ലാം വമ്പന്‍ ഹിറ്റായിരുന്നു. പടം കണ്ടിട്ട് മണിരത്‌നം സംവിധായകന്‍ ജോമോനെ അഭിനന്ദിച്ചതായി കേട്ടിട്ടുണ്ട്.
ഒരു പടത്തിന്റെ സിറ്റുവേഷന്‍സാണ് പാട്ടിനെ സംബന്ധിച്ചിടത്തോളം പ്രധാനം അല്ലാതെ എന്റെ വ്യക്തിപരമായ ടേസ്റ്റല്ല. ഇന്ത്യയിലെ പല സ്ഥലങ്ങളില്‍ നിന്നും വരുന്ന ചെറുപ്പക്കാര്‍ ഏത് തരത്തിലായിരിക്കും ഒരു പാട്ട് പാടുന്നത്? എന്തായിരിക്കും അവരഭിരമിക്കുന്ന ലോകം? എന്തായിരിക്കും അവരുടെ സ്വപ്‌നങ്ങള്‍ ? ഹിന്ദി സിനിമയില്‍ അന്ന് കത്തി നിന്നിരുന്നവരാണ് പൂജാഭട്ടും മറ്റും. ബാഗി ജീന്‍സ് ഇറങ്ങിയ കാലം. 100 സിസി ബൈക്കുകള്‍ ഇറങ്ങിത്തുടങ്ങുന്നു. അതെല്ലാം യൂത്ത് ഐക്കണായി മാറിത്തുടങ്ങിയൊരു കാലം കൂടിയായിരുന്നു അത്. പക്ഷേ ആ പാട്ടിന്റെ ചരണം അക്കാലത്ത് ശ്രദ്ധിക്കപ്പെടാതെ പോയി എന്നാണ് എനിക്ക് തോന്നുന്നത്. ‘പാറിനടക്കും പക്ഷികളെല്ലാം വേളി കഴിക്കാറില്ല, കൂടെയുറങ്ങാന്‍ മാരേജ് ആക്ടും താലിയുമൊന്നും വേണ്ട’ എന്നൊക്കെ അതിലുണ്ട്. അക്കാലത്ത് അതൊന്നും ചര്‍ച്ച ചെയ്യപ്പെട്ടൊരു കാര്യമല്ല. ഇന്ന് പലരും പറയാറുണ്ട് ഈ ലിവിംഗ് ടുഗെതറൊക്കെ അന്നേ എഴുതിയല്ലോ എന്ന്.
വിശ്വാസിയല്ലെന്ന് ആവര്‍ത്തിച്ചു പറയുമ്പോഴും താങ്കളുടെ ആദ്യഗാനം ഒരു ക്രിസ്ത്യന്‍ ഭക്തിഗാനമാണെന്നത് ഏറെ കൗതുകകരം. താങ്കളുടെ ശ്രീകൃഷ്ണഭക്തിഗാനമടക്കമുള്ളവ ഭക്തിയോടെ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ശ്രോതാക്കളുണ്ട്. ഭക്തിയെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചുമുള്ള താങ്കളുടെ നിരീക്ഷണമെന്താണ്? വിശ്വാസിയല്ലാത്തൊരാള്‍ വിശ്വാസികള്‍ക്കു വേണ്ടി നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ സ്വയമെങ്ങനെയാണ് വിലയിരുത്തുന്നത്?
ബാഗി ജീന്‍സ് ഇട്ടിട്ടല്ലല്ലോ ഞാന്‍ ആ പാട്ട് എഴുതിയത്. മനസ്സു കൊണ്ട് ആ സിറ്റുവേഷന്‍ ഉള്‍ക്കൊള്ളാന്‍ പറ്റുമല്ലോ. ‘ഓര്‍മ്മകൾ ഓടിളോടി കളിക്കുവാനെത്തുന്ന’ എന്ന പാട്ടിന്റെ ഒരു വേര്‍ഷനില്‍ ‘കര്‍ക്കടക രാവിന്റെ കല്പടവുകളില്‍ വന്ന് കാലം കടലാസു തോണി കളിച്ചു, രാവു വെളുക്കുവാന്‍ ചോരുന്ന കൂരയില്‍ കൂനിയിരുന്നു ബാല്യം’ എന്ന് ഞാനെഴുതിയിട്ടുണ്ട്. അത് കേട്ടിട്ട് ഒഎന്‍വിസാര്‍ എന്നോട് ചെറുപ്പം ഇത്ര കഷ്ടമായിരുന്നുവോയെന്ന് ചോദിച്ചിട്ടുണ്ട്. എന്റെ ഓര്‍മ്മവച്ച കാലം മുതല്‍ വീട്ടില്‍ ഒരു കാലത്തും ഒരു തുള്ളി വെള്ളം പോലും അകത്തു വീണിട്ടില്ല. പക്ഷേ ചരുന്ന കൂരയിലിരിക്കുന്ന ഒരു ബാല്യം നമുക്ക് കണ്‍സീവ് ചെയ്തു കൂടേ? ഇതു പോലെ തന്നെയാണ് ഭക്തിഗാനങ്ങളും.
ഞാന്‍ ഭക്തിയില്‍ ജനിച്ചു വളര്‍ന്ന ആളല്ല. എന്നാല്‍ എന്റെ മുത്തച്ഛന്‍ ശ്രീനാരായണഗുരുവിന്റെ ശിഷ്യനായിരുന്നു. പാലാരിവട്ടം ജംഗ്ഷനടുത്തുള്ള അയ്യപ്പക്ഷേത്രം മുത്തച്ഛന്റെ ഏട്ടന്‍ നിര്‍മ്മിച്ചതാണ്. ആ കുടുംബത്തില്‍ തന്നെയാണ് ‘ജനയുഗ’ത്തിന്റെ സബ് എഡിറ്ററായിരുന്ന, നാടകകൃത്തായിരുന്ന, കമ്മ്യൂണിസ്റ്റായിരുന്ന വല്യച്ഛനൊക്കെ ഉണ്ടായിരുന്നതും. അമ്മയുടെ വീട്ടില്‍ വ്യത്യസ്തമായിരുന്നു അന്തരീക്ഷം. അവിടെ ക്ഷേത്രവും കാര്യങ്ങളുമൊക്കെയുണ്ടായിരുന്നു. എനിക്കിത് രണ്ടും അറിയാവുന്ന ആളായിരുന്നു. എന്നാല്‍ ഞാനിതില്‍ വിശ്വസിക്കുന്നയാളല്ല. അത് ഞാന്‍ എന്നും തുറന്നു പറഞ്ഞിട്ടുണ്ട്.
മനുഷ്യവംശത്തിന്റെ യാത്രയില്‍ ഭയത്തിന്റെയൊക്കെ ഭാഗമായി അവന്‍ ചേര്‍ത്തു പിടിച്ചതാണ് വിശ്വാസം. പക്ഷേ ഒരു കാലഘട്ടം കഴിഞ്ഞപ്പോള്‍ നമ്മുടെ ചിന്ത, അഭിരുചി, സാഹിത്യം എന്നിവയിലെല്ലാം എടുത്തു മാറ്റാന്‍ പറ്റാത്തത്ര ദൈവം കയറി വന്നിട്ടുണ്ട്. ദൈവത്തെ എടുത്തു മാറ്റാന്‍ അത്ര എളുപ്പമല്ല. നമ്മുടെ വാക്കിലും നോക്കിലും എല്ലാം അതുണ്ട്. ആദ്യകാലത്ത് ഭയം മാറ്റുവാനും മറ്റും കൂട്ടുപിടിച്ച് സൃഷ്ടിച്ച ഈ ദൈവങ്ങള്‍ വലിയ ഇന്‍സ്റ്റിറ്റിയൂഷനായി മാറി. എന്ത് വിശ്വാസവും ഇന്‍സ്റ്റിറ്റിയൂഷനലൈസ് ചെയ്യപ്പെടുമ്പോള്‍ അത് പൊല്യൂട്ടഡായി മാറും. ദൈവം പിന്നെ അവിടെ നിന്ന് മാറും. ഇത്തരം കുറെ കാര്യങ്ങള്‍ വിശ്വാസത്തിനു പിന്നിലുണ്ട്.
എല്ലാ വിശ്വാസികള്‍ക്കും വിശ്വാസം അവന്റെ ആശ്വാസമാണ്. ആത്യന്തികമായി ഞാനതില്‍ വിശ്വസിക്കുന്നില്ലെന്നേയുള്ളൂ. പക്ഷേ എനിക്കാ ആ വിശ്വാസിക്കുണ്ടാകുന്ന അനുഭൂതികളെപ്പറ്റിയും ആ അനുഭൂതി സൃഷ്ടിക്കാന്‍ സാധിക്കുന്ന വാക്കുകളെയും ഇമേജറിയെയും പറ്റിയൊക്കെ നല്ല ധാരണയുണ്ട്. ‘എന്തേ നീ കണ്ണാ എനിക്കെന്തേ തന്നില്ല’ എന്നു പാടുമ്പോൾ ഒരു കൃഷ്ണഭക്തയുടെ വിശ്വാസങ്ങളുടെ ചില സൂക്ഷ്മമായ രൂപങ്ങള്‍ ഞാനാ പാട്ടില്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ട്. എങ്ങനെയാണ് ഒരു കൃഷ്ണഭക്തയ്ക്ക് വാക്കുകള്‍ അനുരഞ്ജനം ചെയ്യപ്പെടുന്നത് എന്നെനിക്ക് ചിന്തിക്കാന്‍ പറ്റും.
ഈസ്റ്ററിന് പള്ളിയില്‍ പാടുന്ന ‘അത്യുന്നതങ്ങളില്‍ ആകാശവീഥിയില്‍ സ്വര്‍ഗ്ഗീയ ഗീതം മുഴങ്ങി, അഗ്‌നിച്ചിറകുള്ള മാലഖമാര്‍ നില്‍ക്കെ’ എന്ന എന്റെ പാട്ടു കേട്ടിട്ട് ഫാദര്‍ ആന്റണി ഉരിയാനിക്കല്‍ ഒരു റിയാലിറ്റിഷോവില്‍ വച്ച് പള്ളികളില്‍ ഈസ്റ്ററിന് പാടുന്ന പാട്ടാണിതെന്ന് എന്നോട് പറയുകയുണ്ടായി. ക്രിസ്ത്യാനിയല്ലെങ്കിലും എനിക്കത് എഴുതാന്‍ പറ്റും. മുസ്ലീം പാട്ടും എഴുതിയിട്ടുണ്ട്. ഒരു റൈറ്റര്‍, പ്രത്യേകിച്ച് അപ്ലൈഡ് ആര്‍ട്ടില്‍ നില്‍ക്കുന്നൊരാളെ സംബന്ധിച്ചിടത്തോളം അയാളതിന് യോഗ്യനായിരിക്കണം. എന്നേക്കാളെത്രയോ മഹത്തരമായി എന്റെ മുന്‍ഗാമികളിങ്ങനെ എഴുതിയിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും മനോഹരമായ ക്രിസ്തീയ ഭക്തിഗാനങ്ങള്‍ എഴുതിയിരിക്കുന്നത് വയലാറും ഭാസ്‌കരന്‍ മാഷുമാണ്.
സിനിമയില്‍ നിന്നും, മാധ്യമപ്രവര്‍ത്തനങ്ങളില്‍ നിന്നും എഴുത്തില്‍ നിന്നുമെല്ലാം ഏറെ നാളായി മാറി നില്‍ക്കുകയാണല്ലോ. എന്താണ് പുതിയ ചിന്തകള്‍, പ്രവര്‍ത്തനങ്ങള്‍?
സിനിമയില്‍ നിന്നും ടെലിവിഷനിലേക്കാണ് പോയത്. ഏകദേശം ഇരുപത് വര്‍ഷത്തോളം ദൃശ്യമാധ്യമരംഗത്ത് പ്രവര്‍ത്തിച്ചു.
നേരത്തെ പറഞ്ഞല്ലോ ‘അഥര്‍വ്വം’ ആ ഒരു പ്രായത്തില്‍ ചെയ്യേണ്ടൊരു വര്‍ക്കായിരുന്നില്ല. ‘അഥര്‍വ്വ’ത്തിന്റെ ഒരു വിഷമം എന്നും എന്റെ ഉള്ളിലുണ്ടായിരുന്നു. ‘അഥര്‍വ്വം’ ഇറങ്ങിയ സമയത്ത് എനിക്ക് അപ്രീസിയേഷന്‍ കിട്ടിയൊരു കാര്യമായിരുന്നു അതിന്റെ എഴുത്ത്. ആ എഴുത്തില്‍ ഞാന്‍ സംതൃപ്തനായിരുന്നില്ലെങ്കിലും ആ എഴുത്ത് എന്നെ സന്തോഷിപ്പിക്കാതിരിക്കില്ലല്ലോ. അന്നുമുതല്‍ ഞാന്‍ ചിന്തിക്കുന്നതാണ്, ജീവിതം പഠിപ്പിച്ച ഈ പാഠങ്ങളെല്ലാം ചേര്‍ത്ത് ഒരു ലിറ്റററി വര്‍ക്ക് ചെയ്യണമെന്ന്. അത് ചെയ്യേണ്ട സമയമാഗതമായി എന്ന് തോന്നിയത് ഇപ്പോഴാണ്. അങ്ങനെയുള്ള വലിയൊരു രചനയിലാണ്. എന്ന് പൂര്‍ത്തിയാകുമെന്നറിയില്ല.