ക്ഷണിക്കപ്പെടാത്തൊരു അതിഥിയെപ്പോലെയാണ് പലപ്പോഴും ജീവിതത്തിലേക്ക് വിഷാദം കടന്നു വരുന്നത്. ആകാശത്തേക്ക് ഉയരെ പറന്നു കൊണ്ടിരിക്കുന്ന പട്ടങ്ങൾ പെട്ടെന്ന് നിശ്ചലമാകുന്നതു പോലെ മനസ് നിന്നു പോവുന്ന, ഒന്നിനും ഉന്മേഷം തോന്നാത്ത ഒരവസ്ഥ- വിഷാദത്തിന് അങ്ങനെയും ഒരു മുഖമുണ്ട്. അത്തരമൊരു വിഷാദകാലത്തെ അതിജീവിച്ച ഓർമകൾ പങ്കു വയ്ക്കുകയാണ് യുവതാരം ഷെയ്ൻ നിഗം.

“പടച്ചോൻ ഒട്ടും വെളിച്ചം കാണിക്കാത്ത ആറു മാസം എന്റെ ജീവിതത്തിലും ഉണ്ടായിരുന്നു,” ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന വിജയ ചിത്രത്തിനു ശേഷമായിരുന്നു ഡിപ്രഷന്റെ ഒരവസ്ഥയിൽ താനെത്തിയതെന്നും ഷെയ്ൻ പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിലാണ് ഷെയ്ൻ നിഗം മനസ് തുറന്നത്.

 

“ഞാനേറെ സന്തോഷത്തോടെ ജീവിച്ച സെറ്റുകളിലൊന്നാണ് ‘കുമ്പളങ്ങി നൈറ്റ്സ്’. നിങ്ങൾ സിനിമയിൽ കണ്ട ആ ബോബിയെപ്പോലെയാണ് ആ രണ്ടരമാസവും ഞാൻ ജീവിച്ചത്. ബോബിയുടെ നടപ്പ്, ലുക്ക്, മാനറിസങ്ങൾ അതെല്ലാം എന്റേതു കൂടിയായിരുന്നു. ആ ചിത്രം കഴിഞ്ഞശേഷം ‘ഇഷ്കി’നു വേണ്ടി മുടിയും താടിയുമെല്ലാം വെട്ടി. അതോടെ ഒന്നും ശരിയാവാത്തതുപോലെ, ഡ്രസുകൾ ശരിയാവുന്നില്ല, എന്റെ നടപ്പ് ശരിയാവുന്നില്ല. ഞാനാകെ പെട്ടുപോയി. എന്റെ ജീവിതത്തിലെ ഡാർക്ക് ടൈം ആയിരുന്നു അത്. ദൈവം ഒട്ടും വെളിച്ചം കാണിച്ചുതരാത്ത ആറുമാസം,” ഷെയ്ൻ ഓർത്തെടുത്തു.

“ഡിപ്രഷൻ തന്നെയായിരുന്നു അത്. അപ്പോഴാണ് ഞാൻ മനസിലാക്കിയത്, ബോബിയെന്ന ആ കഥാപാത്രവുമായി ഞാനേറെ അറ്റാച്ച്ഡ് ആയിരുന്നുവെന്ന്. അതിൽ നിന്നും പുറത്തുവരാൻ എന്റെ മനസ് ആഗ്രഹിക്കുന്നില്ല. കാരണം അത്രയും നല്ല ലൊക്കേഷൻ, ചുറ്റും നല്ല ആളുകൾ… ഞാൻ സത്യമായും പൊളിക്കുകയായിരുന്നു ആ ദിവസങ്ങളിൽ, അത്രയും സന്തോഷത്തിലാണ് ജീവിച്ചത്. പെട്ടെന്ന് അതിൽനിന്നു മാറിയപ്പോൾ എനിക്ക് എന്നെ കാണാൻ പറ്റാതെയായി, സാധാരണഗതിയിലേക്ക് കാര്യങ്ങൾ വരുന്നില്ല. ഷെയ്ൻ ആവാൻ പറ്റുന്നില്ല, ‘ഇഷ്കി’ലെ സച്ചിയാവാനും പറ്റുന്നില്ല. ഒന്നിനും കഴിയാത്ത അവസ്ഥ. ആ ഡിപ്രഷന്റെ പൊക്കത്തിൽനിന്നുകൊണ്ടാണ് ഞാൻ ‘ഇഷ്ക്’ ചെയ്യുന്നത്. 48 ദിവസങ്ങൾ, ഉറക്കമില്ലാതെ…”

shane nigam, shane nigam new film, ഷെയ്ൻ നിഗം, ഷെയ്ൻ നിഗം പുതിയ ചിത്രം, വെയിൽ, ഷെയ്ൻ നിഗം വെയിൽ, shane nigam veyil, shane nigam films, shane nigam movies, kumbalangi nights, shane nigam latest,​ The Indian Express Malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം

“ഏത് ഡോക്ടറെ കാണിക്കണം? എന്താണൊരു പരിഹാരം? എന്താണ് എനിക്ക് സംഭവിച്ചു കൊണ്ടിരിക്കുന്നത്? നൂറായിരം ചോദ്യങ്ങൾ… ഒരു പരിഹാരത്തിനായി ഞാൻ പലതവണ ഗൂഗിൾ ചെയ്തു നോക്കി. ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു അത്തരമൊരു അവസ്ഥ,” ഡിപ്രഷൻ നാളുകളെക്കുറിച്ച് ഷെയ്ൻ​.

“പതിയെ എനിക്ക് മനസ്സിലായി, ഐഡന്റിറ്റി ക്രൈസിസ് ആണ് എന്റെ പ്രശ്നമെന്ന്. ഞാനിതാണ് എന്ന ബോധത്തെ കൂടി ബോബി എന്ന കഥാപാത്രം സ്വാധീനിച്ചിരുന്നു. ഒരുപാട് ചിന്തിച്ചുകൂട്ടിയൊരു കാലമായിരുന്നു അത്. സിനിമയിൽ ഒക്കെ അഭിനയിക്കുന്നതിനു മുൻപ് കോളേജിലൊക്കെ പോയൊരു ഷെയ്ൻ നിഗമുണ്ടല്ലോ… ആ ഞാൻ എങ്ങനെയായിരുന്നുവെന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു. കോളേജ് കാലമൊന്നും ശരിക്കും ജീവിച്ചിട്ടില്ലെന്നു മനസിലാക്കിയത് അപ്പോഴാണ്, എന്റെ കോളേജ് കാലമൊക്കെ താളം തെറ്റിയ ഒന്നായിരുന്നു. അക്കാലമാണ് എന്നെ റബലാക്കിയത്.”

Shane Nigam, Shane Nigam on Depression, ഷെയ്ൻ നിഗം,​ Shane Nigam films

ആറുമാസമെടുത്താണ് ആ വിഷാദകാലത്തെ താൻ അതിജീവിച്ചതെന്നും ഷെയ്ൻ പറഞ്ഞു. “ജീവിതത്തിൽ ഡാർക്ക് അടിച്ചിരിക്കുന്ന ആരേലും ഉണ്ടെങ്കിൽ, അവരോടെനിക്ക് പറയാനുള്ളത് ഇത് ജീവിതത്തിന്റെ ഒരു ഘട്ടം മാത്രമാണെന്നു മനസിലാക്കുക എന്നതാണ്. ഒരു രാത്രിയ്ക്ക് ഒരു പകലുണ്ട്, അതുപോലെ ഇരുട്ടിനപ്പുറം വെളിച്ചവുമുണ്ട്. എനിക്ക് സംഭവിച്ചത് ആറുമാസമാണെങ്കിൽ നിങ്ങൾക്ക് എത്രകാലമായിരിക്കും എന്നെനിക്കറിയില്ല. പക്ഷേ, ഒരു കാര്യം വിശ്വസിക്കുക. നിങ്ങളിലൂടെ സംഭവിക്കേണ്ട കാര്യങ്ങൾ ദൈവം നടത്തും, ആ വിശ്വാസത്തോടെ മുന്നോട്ടുപോവുക.”

വിഷാദകാലത്തെ അതിജീവിക്കാൻ വീട്ടുകാരും കൂട്ടുകാരും നൽകിയ പിന്തുണ ചെറുതല്ലെന്നും ഷെയ്ൻ ഓർത്തെടുക്കുന്നു. “ഒരു കാരണവശാലും നമ്മൾ വെറുതെ വീട്ടിൽ ഇരിക്കരുത്. നമുക്ക് ഇരുട്ടുമുറിയായിരിക്കും താൽപ്പര്യം. പക്ഷേ അതുകരുതി ആരോടും മിണ്ടാതെ മാറിയിരിക്കരുതത്. സുഹൃത്തുക്കൾക്കൊപ്പം പുറത്തേക്കിറങ്ങണം, സംസാരിക്കണം. എന്റെ കൂട്ടുകാരാണ് എന്നെ വീട്ടിൽനിന്ന് പുറത്തേക്കിറക്കിയത്. വീട്ടുകാരാണ് വെറുതെയിരിക്കല്ലേ വാ ഒരു ഡ്രൈവിനു പോവാം എന്നു പറഞ്ഞ് നിർബന്ധിച്ച് കൂടെ കൊണ്ടുപോയത്. അത്തരം കാര്യങ്ങളിലൂടെ മാത്രമേ നമുക്ക് തിരിച്ചുവരാൻ പറ്റൂ.”

Read more: Valiyaperunnal Movie Review: ഷെയിന്‍ നിഗം തിളങ്ങുന്ന ‘വലിയ പെരുന്നാള്‍’ റിവ്യൂ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook