ഓണക്കാലം എന്നാൽ മലയാള സിനിമയുടെ ഉത്സവകാലം കൂടിയാണ്. പ്രളയവും കോവിഡും കവര്‍ന്നെടുത്ത കാലങ്ങളൊഴിച്ചാല്‍, തിയേറ്ററുകൾ അക്ഷരാർഥത്തിൽ പൂരപ്പറമ്പായിരുന്നു. അത് പോലൊരു ഓണക്കാലത്ത് തിയേറ്ററുകളിൽ സൂപ്പർസ്റ്റാർ/മെഗാസ്റ്റാർ ചിത്രങ്ങളായ ‘അയ്യർ ദി ഗ്രേറ്റി’നും ‘ഒളിയമ്പുകൾ’ക്കും ‘ഇന്ദ്രജാലത്തി’നും ‘അർഹതയ്ക്കു’മൊപ്പം ഒരു കൊച്ചു ചിത്രം റിലീസിനെത്തി. ഉര്‍വ്വശിയെ കേന്ദ്ര കഥാപാത്രമാക്കി ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘തലയണമന്ത്രം.’ സൂപ്പര്‍ താര സിനിമകളെ പിന്തള്ളി ആ ഓണക്കാലത്തെ ഏറ്റവും വലിയ ഹിറ്റായി ആ ചിത്രം.
സ്വാഭാവികമായ അവതരണം കൊണ്ട് ഉര്‍വ്വശി അനശ്വരമാക്കിയ കാഞ്ചന മലയാള ചലച്ചിത്ര അഭിനയ ഏടുകളിലെ തിളക്കമാര്‍ന്ന അധ്യായമാണ്. ‘തലയണമന്ത്രം’ മൂന്നു പതിറ്റാണ്ട് പിന്നിടുമ്പോള്‍ അപ്രതീക്ഷിതമായി ചെയ്യേണ്ടി വന്ന ആ സിനിമയെക്കുറിച്ചും പ്രതീക്ഷിച്ച പോലെ തന്നെ വന്നു ചേര്‍ന്ന വിജയത്തെക്കുറിച്ചും സമകാലിക കേരളത്തില്‍ അത്തരം ഒരു സിനിമയ്ക്ക് പ്രസക്തിയുണ്ടോ എന്നതിനെക്കുറിച്ചും സത്യന്‍ അന്തിക്കാട് വിലയിരുത്തുന്നു.
‘തലയണമന്ത്രം’ എന്ന സിനിമയിലേക്ക് എങ്ങനെയാണ് എത്തിയത്?
ഞാനും ശ്രീനിവാസനും ഒരു സിനിമ കമ്മിറ്റ് ചെയ്ത് കഴിഞ്ഞ് പലതരം ചർച്ചകൾ നടത്തുകയും അനുഭവങ്ങൾ പങ്കു വയ്ക്കുകയും ചെയ്യും. അങ്ങനെയാണ് ഒരു സിനിമയുടെ വിഷയത്തിലേക്ക് എത്തുന്നത്. 1990ലെ ഓണത്തിനു മുദ്ര ശശി എന്ന നിർമാതാവിനായി ഒരു സിനിമ ചെയ്യാം എന്ന് സമ്മതിച്ചിരുന്നു. സിനിമ റിലീസ് ചെയ്യാൻ അദ്ദേഹം തിയേറ്ററുകൾ ബുക്കും ചെയ്തിരുന്നു. മോഹൻലാൽ ചിത്രമായിരുന്നു മനസിൽ. പക്ഷേ ‘ഇന്ദ്രജാലം’ എന്ന സിനിമ കമ്മിറ്റ് ചെയ്തതിനാൽ മോഹൻലാലിന്റെ ഡേറ്റ് ക്ലാഷായി. മോഹൻലാലിന് വേണ്ടി എഴുതുന്ന കഥ മറ്റൊരാളെക്കൊണ്ട് അഭിനയിപ്പിച്ചാൽ ശരിയാവില്ല. അതിനാൽ അദ്ദേഹത്തിന് റോൾ ഇല്ലാത്ത, സ്റ്റാർഡം ഇല്ലാത്ത ഒരു ചിത്രമായിരിക്കണം. അങ്ങനെ അതിനായുള്ള ആലോചന തുടങ്ങി.
ഞാനും ശ്രീനിവാസനും ഗുരുവായൂരിലെ ശ്രീവത്സം ഹോട്ടലിൽ രാവിലെ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ ശ്രീനി പറഞ്ഞു ഒരു ആശയം കിട്ടിയിട്ടുണ്ടെന്ന്. ആഢംബര ഭ്രമം, അസൂയ ഒക്കെ തോന്നുന്നത് നിഷ്കളങ്കരായ സ്ത്രീകൾക്കാണ്. പക്ഷേ ഇവരുടെ ഉള്ളിൽ നിറയെ കുശുമ്പും കുന്നായ്മയുമൊക്കെയാണ്. അത്തരം സ്ത്രീകളുടെ സ്വഭാവത്തെ ആസ്പദമാക്കി നമുക്കൊരു സിനിമയെടുക്കാമെന്ന് ശ്രീനി പറഞ്ഞു. എനിക്കത് വളരെ ഇഷ്ടപ്പെട്ടു. ഇടത്തരം കുടുംബങ്ങളിലെ ഈ സ്വഭാവമുള്ള സ്ത്രീകളെ എനിക്കറിയാം. വലിയ വരുമാനമില്ലെങ്കിലും മറ്റുള്ളവരെ കാണിക്കാൻ, വീട്ടിൽ കല്യാണം കഴിച്ചെത്തുന്ന മറ്റൊരാളെ കാണിക്കാനുമുള്ള ശ്രമങ്ങളാണ് ഇവരുടേത്. അങ്ങനെ പറഞ്ഞ് പറഞ്ഞ് ആശയം ഒരു കഥയായി രൂപം കൊള്ളുകയാണ്. സ്വർണത്തോടും ആഢംബരത്തോടും താത്പര്യമുള്ള സ്ത്രീയായതിനാൽ മുഖ്യകഥാപാത്രത്തിന് കാഞ്ചന എന്ന പേര് നിർദേശിച്ചത് ശ്രീനിവാസൻ ആണ്. ശ്രീനിക്ക് ആ പേരുള്ള ഒരു ബന്ധുവും ഉണ്ട്. അത്രയുമായപ്പോഴേക്കും അതൊരു സിനിമയാക്കാം എന്ന ആത്മവിശ്വാസമായി. ഉടൻ തന്നെ ഉർവ്വശിയെ വിളിച്ച് ഡേറ്റ് ബ്ലോക്ക് ചെയ്തു. ഉർവ്വശി അല്ലാതെ മറ്റാരും എന്റെ മനസിൽ ഇല്ലായിരുന്നു. കാരണം, ‘മഴവിൽകാവടി’യിലും ‘പൊന്മുട്ടയിടുന്ന താറാവി’ലുമെല്ലാം ഉർവശിയുടെ അഭിനയം കണ്ട് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്.
അങ്ങനെ ഓണപ്പടം ക്യാൻസൽ ചെയ്യേണ്ട എന്ന് തീരുമാനിച്ചു. പക്ഷേ ഓണത്തിന് സിനിമ കൊടുക്കണമെങ്കിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഷൂട്ട് തുടങ്ങണം. ആറാം തീയതി സിനിമ സൈൻ ചെയ്തു, 22ാം തീയതി ഷൂട്ടിങ് തുടങ്ങി. കഥ ജനിച്ച് 15 ദിവസം മാത്രം. ഈ 15 ദിവസവും മുറിയടച്ചിരുന്ന് ഒറ്റയിരുപ്പായിരുന്നു ഞാനും ശ്രീനിവാസനും. ആ സമയത്ത് നമുക്ക് പരിചയമുള്ള പല സ്ത്രീകളുടേയും സുഹൃത്തുക്കളുടെ ഭാര്യമാരുടേയും അങ്ങനെ പലരുടേയും മുഖവും സ്വഭാവവും മനസിലൂടെ കയറിയിറങ്ങി. തിരക്കഥ വികസിക്കുന്നതിനനുസരിച്ച് ഓരോ കഥാപാത്രങ്ങളും ആരായിരിക്കും അഭിനയിക്കേണ്ടത് എന്ന് രൂപമായി. അഭിനേതാക്കളുടെ ഡേറ്റ് കിട്ടുന്നതിൽ പ്രശ്നമില്ലായിരുന്നു. കാരണം അന്ന് ഏത് നടനോ നടിയോ മറ്റൊരാളുടെ സിനിമ ചെയ്യാൻ പോകുന്നതിന് മുന്നേ പറയും, ‘സത്യന്റെ സിനിമ ഉണ്ടെങ്കിൽ പോകും’ എന്ന്. അതു കൊണ്ട് ആ ടെൻഷൻ ഇല്ലായിരുന്നു.
ചുറ്റുപാടും കണ്ടതും കേട്ടതും സിനിമയിലേക്ക് പകർത്തുന്ന സംവിധായകനാണ് സത്യൻ അന്തിക്കാട്. ‘തലയണമന്ത്ര’ത്തിൽ അത്തരം അനുഭവങ്ങൾ എത്രത്തോളമുണ്ട്?
എന്റെയും ശ്രീനിവാസന്റേയും ഒരു പൊതു സുഹൃത്തിന്റെ ഭാര്യയുടെ സ്വഭാവമാണ് കൂടുതലും കാഞ്ചനയ്ക്ക്. കരിമണി മാല വേണം എന്ന ആവശ്യമൊക്കെ അങ്ങനെ ഉണ്ടായതാണ്. അക്കാലത്ത് സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് പ്രിവ്യൂ ഷോ നടക്കും. പ്രിവ്യൂ കാണാൻ ഇവരും എത്തി. ഇവരെ കണ്ടപ്പോൾ എന്റെ ഉള്ളിൽ ചെറിയൊരു ടെൻഷൻ ഉണ്ടായിരുന്നു. തന്നെക്കുറിച്ചാണോ ഇങ്ങനെയൊക്കെ സിനിമയെടുത്തത് എന്നവർ ചോദിക്കുമോ എന്ന് ഞാൻ കരുതി. പക്ഷേ സിനിമ കഴിഞ്ഞിറങ്ങിയപ്പോൾ അവർ എന്റെയടുത്ത് വന്ന് പറഞ്ഞു,’നന്നായിട്ടുണ്ട് സത്യാ, ഇതുപോലുള്ള കുറേ സ്ത്രീകളെ എനിക്കറിയാം,’ എന്ന്. അത് കേട്ടപ്പോൾ എനിക്ക് സമാധാനമായി.
പാർവ്വതിയുടെ കഥാപാത്രത്തിന്റെ സഹോദരൻ ഗൾഫിൽ നിന്ന് വന്ന് അവർക്ക് ഒരു വിസിആർ കൊടുക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമെല്ലാം ഇന്നസെന്റ് തന്റെ അനുഭവത്തിൽ നിന്ന് പറഞ്ഞതായിരുന്നു. മാമുക്കോയ ശ്രീനിവാസനെ ഡ്രൈവിങ് പഠിപ്പിക്കുന്നത് എന്റേയും ശ്രീനിയുടേയും അനുഭവത്തിൽ നിന്നുള്ളതാണ്. ആ സിനിമയുടെ തൊട്ടു മുൻപാണ് ഞാനും ശ്രീനിവാസനും ഡ്രൈവിങ് പഠിക്കാൻ പോകുന്നത്. ‘നാടോടിക്കാറ്റൊ’ക്കെ ഇറങ്ങി ശ്രീനിയെ ആളുകൾ കണ്ടാൽ തിരിച്ചറിയുന്ന സമയം ആണ്. അതു കൊണ്ട് നാട്ടിൽ പഠിക്കാതെ ചെന്നൈയിൽ പോയാണ് പഠിച്ചത്.
മലയാളികളുടെ അല്ലാത്ത ഡ്രൈവിങ് സ്കൂൾ വേണമെന്ന് പറഞ്ഞ് ബാലാജി ഡ്രൈവിങ് സ്കൂൾ എന്നൊരിടത്ത് പോയി ചേർന്നു. അവർക്ക് ഞങ്ങളെ അറിയില്ല. ആദ്യ ദിവസം കാറിന്റെ രൂപത്തിൽ മരം കൊണ്ടുള്ള ഒരു ഡമ്മിയിൽ കയറ്റി ഓരോ ഭാഗങ്ങളും പറഞ്ഞു തന്നു. അതാണ് ഞാൻ പിന്നീട് ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’ എന്ന സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. പഠിക്കാൻ പോയി ആറാമത്തെ ദിവസമാണ് ഞങ്ങളുടെ കൈയിൽ വണ്ടി തരുന്നത്. ഞങ്ങളെ കൂടാതെ വേറെയും ആളുകളുണ്ട് വണ്ടിയിൽ. എനിക്ക് നേരത്തേ തന്നെ സ്റ്റിയറിങ് ബാലൻസ് ഉണ്ട്. ശ്രീനിക്ക് ഇല്ല, ആദ്യമായിട്ടാണ് അദ്ദേഹം വണ്ടി ഓടിക്കുന്നത്. പുള്ളി വണ്ടിയെടുത്ത് നുങ്കമ്പാക്കത്ത് ഒരു ഇലക്ട്രിക് പോസ്റ്റിന് തൊട്ടടുത്ത് ഇടിച്ച് നിന്നു. ബ്രേക്കിന് പകരം ശ്രീനി ആക്സിലറേറ്ററാണ് ചവിട്ടിയത്. പെട്ടെന്ന് മാഷ് കേറി ബ്രേക്ക് ഇട്ടതുകൊണ്ട് വണ്ടി നിന്നു. എന്നിട്ട് അയാൾ ശ്രീനിവാസനെ വിളിച്ച തെറി, ആ കാറിലുള്ള എല്ലാവരും കേട്ടു. ഇത്രയ്ക്ക് വിവരമില്ലാത്ത ഒരാളെ ഞാൻ ഇതുവരെ ഡ്രൈവിങ് പഠിപ്പിച്ചിട്ടില്ല എന്നൊക്കെ പറഞ്ഞു. കാറിൽ നിന്നിറങ്ങിയ ശ്രീനി എന്നോട് പറഞ്ഞു, ‘ഇപ്പോൾ ഇവിടെ പറഞ്ഞത് നിങ്ങൾ മാത്രമേ കേട്ടുള്ളൂ, വേറെ ആരോടും പറയണ്ട,’ എന്ന്. ഇല്ല എന്നൊക്കെ പറഞ്ഞ് ഞാൻ റൂമിലെത്തി മോഹൻലാലിനെയും ജോൺസനേയും ഒക്കെ വിളിച്ച് പറഞ്ഞു. എന്തായാലും അന്നത്തോടെ ഡ്രൈവിങ് പഠനം നിന്നു. ആ സംഭവം മനസിൽ വച്ചു കൊണ്ടാണ് ‘തലയണമന്ത്ര’ത്തിലെ ആ രംഗം ചിത്രീകരിച്ചത്. തിരുവനന്തപുരത്തെ ജവഹർ നഗറിൽ വച്ചാണ് ചിത്രം ഭൂരിഭാഗവും ഷൂട്ടിംഗ് നടന്നത്.
കഥ ചർച്ച ചെയ്യുമ്പോൾ പെട്ടെന്ന് ശ്രീനി ചില ഡയലോഗുകൾ പറയും. എന്നാല്‍ തിരക്കഥയാക്കുമ്പോൾ അത് മറക്കും. ഇൻസ്റ്റാൾമെന്റിന് ടിവി വാങ്ങി പിന്നീട് പൈസ കൊടുക്കാതെയാകുമ്പോൾ കടക്കാരൻ ഉർവ്വശിയെ വഴക്ക് പറയുന്ന ഒരു രംഗമുണ്ട്. തുടർന്ന് അയാളെ പോയി തല്ലിയതിന് ശേഷം വീട്ടിൽ തിരിച്ചെത്തിയ സുകുമാരൻ പറയുന്ന ഒരു ഡയലോഗ് ഉണ്ട്. ‘ഇന്ത്യ അമേരിക്കയുടെ കൈയിൽ നിന്ന് കടം വാങ്ങാറില്ലേ, അതിന് അമേരിക്ക ഇന്ത്യയെ വിളിച്ച് തെറി പറയാറുണ്ടോ,’ എന്ന്. അത് ഞങ്ങൾ സംസാരിക്കുന്നതിനിടെ ശ്രീനി പറഞ്ഞതാണ്. പക്ഷേ തിരക്കഥ എഴുതി വന്നപ്പോൾ അതിന് ശ്രീനി പുതിയൊരു രൂപം നൽകി. സ്ട്രക്ചർ മാറ്റി. ഞാൻ പറഞ്ഞു ‘ശ്രീനി എന്താണോ ആദ്യം പറഞ്ഞത് അത് തന്നെ മതി,’ എന്ന്. വളരെയധികം സമ്മർദ്ദം അനുഭവിക്കുകയും അത്ര തന്നെ ആസ്വദിക്കുകയും ചെയ്തതായിരുന്നു ‘തലയണമന്ത്ര’ത്തിന്റെ കാലം.
വലിയ വിജയം നേടിയ ചിത്രമാണ്. അത് പ്രതീക്ഷിച്ചിരുന്നോ?
മോഹൻലാലിന്റേയും മമ്മൂട്ടിയുടേയുമൊക്കെ സിനിമയുടെ കൂട്ടത്തിലായിരുന്നു ‘തലയണമന്ത്രം’ റിലീസ് ആയത്. പക്ഷേ സിനിമ വിജയിക്കും എന്നൊരു ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. കേരളത്തിലെ പ്രേക്ഷകർക്ക്, പ്രത്യേകിച്ച് ഇടത്തരക്കാർക്ക് എളുപ്പത്തിൽ മനസിലാക്കാനും ഇഷ്ടപ്പെടാനും സാധിക്കുന്ന ഒരു ചിത്രമാണ്. സിനിമ വിജയിക്കും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഏറ്റവും വലിയ വിജയമാകും എന്നൊന്നും പ്രതീക്ഷിച്ചിരുന്നില്ല. റിലീസ് ചെയ്ത് ആദ്യ ദിവസങ്ങളിൽ തിയേറ്ററുകളിൽ നിന്ന് ആളുകൾ വിളിച്ച് നിരാശപ്പെടുത്തുന്ന പ്രതികരണങ്ങളായിരുന്നു. ആളുകൾ കുറവാണ്, സിനിമ ട്രിം ചെയ്യേണ്ടി വരും എന്നൊക്കെ പറഞ്ഞു. ‘തലയണ വേണ്ട’ എന്നു പറഞ്ഞ് ആളുകൾ തിയേറ്ററിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. രണ്ടാഴ്ച കാത്തിരിക്കാൻ ഞാൻ പറഞ്ഞു. എന്നാൽ ഒരാഴ്ച കൊണ്ട് കാര്യങ്ങൾ മാറിമറിഞ്ഞു.
ഉർവശിയുടെ കാഞ്ചന എന്ന കേന്ദ്ര കഥാപാത്രം ഉൾപ്പെടെ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത ഓരോ അഭിനേതാക്കളുടേയും പ്രകടനം എടുത്തു പറയേണ്ടതാണ്. സിനിമയിൽ ഒരു ഡാൻസ് മാഷായിട്ടാണ് ഒടുവിൽ ഉണ്ണികൃഷ്ണൻ അഭിനയിച്ചത്. ഉണ്ണിച്ചേട്ടൻ ഷൂട്ടിന് വന്ന് മേക്കപ്പൊക്കെ ചെയ്തതിന് ശേഷം എന്നോട് പറഞ്ഞു, സത്യാ, എനിക്കിപ്പോഴും ആ കഥാപാത്രത്തെ മുഴുവനായും ഉൾക്കൊള്ളാനായിട്ടില്ല എന്ന്. ഞാൻ പറഞ്ഞു ചെറിയ വേഷമല്ലേ ഉണ്ണിയേട്ടാ, പറ്റും എന്ന്. പക്ഷേ ആ കഥാപാത്രം എന്റെ ശരീരത്തിലേക്ക് ഇനിയും കയറിയിട്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഒരു യഥാർഥ കലാകാരനിൽ നിന്ന് വരുന്ന വാക്കുകളാണ് അത്. അങ്ങനെ അന്ന് ഉണ്ണിച്ചേട്ടന്റെ ഷൂട്ട് ഞങ്ങൾ ക്യാൻസൽ ചെയ്യുകയും മറ്റൊരു ദിവസം എടുക്കുകയും ചെയ്തു. കാഞ്ചന എന്ന കഥാപാത്രം ഉണ്ണിയേട്ടന്റെ കഥാപാത്രത്തെ അടിക്കുമ്പോൾ അദ്ദേഹം വീടിന് പുറത്തേക്ക് ഓടി ഗേറ്റ് കടന്ന്, ഒന്നും സംഭവിച്ചിട്ടില്ലാത്തതു പോലെ നടക്കുന്നതൊക്കെ എന്തൊരു നാച്വറൽ ആയാണ് അഭിനയിച്ചിരിക്കുന്നത്.
Read Here: മായമില്ല, മന്ത്രമില്ല; അഭിനയവഴികള്‍ പറഞ്ഞ് ഉര്‍വശി
ഇന്നിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സിനിമകളെ പല തരത്തില്‍ അവലോകനം ചെയ്യുന്ന കൂട്ടത്തില്‍ ‘തലയണമന്ത്ര’ത്തിന് കാര്യമായ വിമര്‍ശനങ്ങള്‍ ഉണ്ടാവുന്നുണ്ട്, പ്രത്യേകിച്ച് അതിലെ സ്ത്രീവിരുദ്ധത…
ഒരു സിനിമ റിലീസ് ചെയ്ത് കഴിഞ്ഞാൽ പിന്നെ സംവിധായകന് അതിൽ അവകാശമൊന്നുമില്ല, അത് പ്രേക്ഷകരുടേതാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അവർക്ക് കണ്ട് യോജിപ്പുകളും വിയോജിപ്പുകളും പ്രകടിപ്പിക്കാനുള്ള പൂർണസ്വാതന്ത്ര്യമുണ്ട്. വിമർശനങ്ങൾ കഴമ്പുള്ളതാണെങ്കിൽ സ്വീകരിക്കും. നമ്മളൊരു നല്ല കാര്യം ചെയ്യുന്ന സമയത്ത് ആളുകൾ അതിനെ പല തരത്തിൽ വ്യാഖ്യാനിക്കാറുണ്ട്. എല്ലാ സ്ത്രീകളും കാഞ്ചനയെ പോലെയാണ് എന്ന് ആ സിനിമ പറയുന്നില്ല. സമൂഹത്തിൽ അങ്ങനെയുള്ള സ്ത്രീകളും ഉണ്ട്. അതേ സിനിമയിൽ തന്നെ കെപിഎസി ലളിത, പാർവ്വതി എന്നിവരേയും കാണിക്കുന്നുണ്ട്. കുടുംബത്തിൽ കുത്തിത്തിരിപ്പുകളുണ്ടാക്കു,ന്ന അത്യാഗ്രഹങ്ങൾ ഉള്ള സ്ത്രീകൾക്ക് സ്വയം കറക്ട് ചെയ്യാനാകുന്ന ഒരു സന്ദേശം കൂടിയാണ് ‘തലയണമന്ത്രം’ എന്ന സിനിമയിലൂടെ ഉദ്ദേശിച്ചത്. പിന്നെ ആ കാലത്ത് നമ്മുടെ നാട്ടില്‍ അത്തരത്തിലുള്ള സ്ത്രീകൾ ഉണ്ടായിരുന്നു. ഇപ്പോൾ അതിന് സാധ്യതയില്ല. ഒരു കാലത്തെ അടയാളപ്പെടുത്തുന്നത് കൂടിയല്ലേ സിനിമ. ആ കാലത്ത് എടുക്കുമ്പോൾ ആ കാലത്തെ കഥയാണ് സിനിമ പറയുന്നത്.
‘തലയണമന്ത്രം’ സ്ത്രീരുദ്ധമാണെന്ന് വിമർശിക്കുന്നവർ അങ്ങനെ പറഞ്ഞോട്ടെ. അതല്ല, എന്ന് എനിക്കറിയാം. പിന്നെ അങ്ങനെ വിമർശിക്കുമ്പോൾ അല്ലേ അടുത്ത സിനിമയിൽ നമുക്കത് ശ്രദ്ധിക്കാൻ പറ്റൂ. എല്ലാ അഭിപ്രായങ്ങളേയും ഞാൻ ബഹുമാനിക്കുന്നു. പക്ഷേ അതിനോട് യോജിക്കുന്നില്ല.
‘തലയണമന്ത്രം’ എന്ന പേരില്‍ തുടങ്ങി, എല്ലാ പ്രശ്നങ്ങളുടെയും കാരണം ആ സ്ത്രീ ആണെന്നും, അവരെ അതിലേക്ക് എത്തിച്ച ചുറ്റുപാടുകളെ അഡ്രെസ്സ് ചെയ്തില്ല എന്നൊക്കെയുള്ള കാര്യങ്ങളാണ് ചര്‍ച്ചപ്പെടുന്നത്?
തന്റെ അച്ഛന് തന്നെ പഠിപ്പിക്കാനുള്ള സാമ്പത്തിക സാഹചര്യമില്ലാത്തു കൊണ്ടാണ് തനിക്ക് വിദ്യാഭ്യാസം കുറഞ്ഞത് എന്ന് ഉർവ്വശിയുടെ കഥാപാത്രം പറയുമ്പോൾ അങ്ങനെയല്ല, പഠിക്കാൻ മണ്ടിയായിരുന്നു എന്ന് ജയറാം തിരുത്തുന്നുണ്ട്. പഠിക്കാൻ മടിയുള്ള ധാരാളം ആളുകൾ ഇപ്പോഴും ഉണ്ട്. അത്തരം ഒരു കുടുംബത്തെ അവിടെ അവതരിപ്പിച്ചു എന്നേ ഉള്ളൂ. അതിന്റെ കാര്യകാരണങ്ങളിലേക്കൊന്നും കടന്നിട്ടില്ല. ഒരു കഥ വളരെ സ്വാഭാവികമായി ഉണ്ടാകേണ്ടതാണ്. അത് റിലീസ് ചെയ്തതിന് ശേഷമാണ് ആളുകൾ അതിനെ അവലോകനം ചെയ്യുന്നത്. അത്തരം ചോദ്യങ്ങൾക്കുള്ള പഴുതടച്ച് എല്ലാത്തിനും ന്യായീകരണങ്ങൾ നിരത്താൻ നിന്നാൽ ആ സിനിമയുടെ സ്വാഭാവികത നഷ്ടപ്പെടും, അതിന്റെ ‘ജെനുവിനിറ്റി’ നഷ്ടപ്പെടും. ഒന്നും നമ്മൾ ബോധപൂർവം ചെയ്യുന്നതല്ല. കാഞ്ചന അങ്ങനെയാണ്. അത് വിദ്യാഭ്യാസ കുറവു കൊണ്ടല്ല. അവരുടെ സ്വഭാവം അതാണ്. അതിന് മറ്റ് കാരണങ്ങൾ ഇല്ല. വിദ്യാഭ്യാസം ഉണ്ടായിട്ടും അസൂയയും കുശുമ്പും ഉള്ളവരില്ലേ. ഇതൊന്നും ഒരു കുറ്റമല്ല, അവരുടെ സ്വഭാവമാണ്. അത്തരം സ്വഭാവമുള്ളവർ നമുക്ക് ചുറ്റുമുണ്ട്.
സിനിമയിൽ സുകുമാരി ചെയ്ത കഥാപാത്രത്തെ പോലെ നിരവധി സ്ത്രീകൾ അക്കാലത്തും ഇക്കാലത്തും നമ്മുടെ സമൂഹത്തിൽ ഉണ്ട്. അത് ഫെമിനിസത്തെ പരിഹസിക്കുകയല്ല. സമൂഹത്തിന്റെ ഒരു പരിഛേദമാണ് സിനിമ. അല്ലെങ്കിൽ അത്തരം കഥാപാത്രങ്ങൾ സമൂഹത്തിൽ ഇല്ലാതാകണം. അപ്പോൾ നിങ്ങൾ പൊങ്ങച്ചം പറയുന്ന സ്ത്രീകളെ തിരുത്തുക.
അന്നത്തെ ഒരു ട്രെന്‍ഡ് അനുസരിച്ച്, ഒരു ഭാഷയില്‍ വിജയിക്കുന്ന ചിത്രങ്ങള്‍ മറ്റു ഭാഷകളിലേക്കും പോകും. ‘തലയണമന്ത്ര’ത്തിനു അത്തരത്തില്‍ ഒരു സാധ്യത ഉണ്ടായില്ലേ?
ഹീറോ ഓറിയന്റഡ് ആയിട്ടുള്ള കഥകളാണ് കൂടുതൽ മറ്റ് ഭാഷകളിലേക്ക് വിറ്റു പോയിട്ടുള്ളത്. എന്റെ പല സിനിമകളും കേരളത്തിലെ സ്ത്രീകളെയും കുടുംബങ്ങളേയും കുറിച്ചായിരുന്നു. ആ സിനിമകളുടേ വേരുകൾ ഇവിടെയായിരുന്നു. അത്രയും പ്രതിഭയുള്ള ഒരാൾക്കേ അത് മനസിലാക്കാനും മറ്റൊരു ഭാഷയിൽ നിർമിക്കാനും സാധിക്കൂ. മമ്മൂട്ടിയോ മോഹൻലാലോ അഭിനയിക്കുന്ന സിനിമകൾക്ക് ഹീറോയിസം ഉണ്ട്. അതു കൊണ്ടാണ് റീമേക്കിന് ആളുകൾ ചാടി വീഴുന്നത്. ‘തലയണമന്ത്ര’ത്തിന് ചെറിയ വിലയ്‌ക്കൊക്കെ ആളുകൾ സമീപിച്ചിട്ടുണ്ട്, പക്ഷേ ഞാൻ അനുവദിച്ചില്ല.
ഇന്നത്തെ കാലത്ത് ‘തലയണമന്ത്രം’ പോലൊരു സിനിമയ്ക്ക് പ്രസക്തിയുണ്ടോ? ഉണ്ടെങ്കിൽ ആരായിരിക്കും കാഞ്ചന എന്ന കഥാപാത്രത്തെ അവതരിപ്പിക്കുക?
ഇന്ന് ‘തലയണമന്ത്രം’ എടുത്താലും ഈ രൂപത്തിൽ ആയിരിക്കണം എന്നില്ല. ഇന്നത്തെ കാലത്ത് ആ സിനിമയ്ക്ക് പ്രസക്തി കുറവാണ്. കാരണം തൊഴിൽ ലഭിക്കാനുള്ള സാധ്യത കൂടുകയും കൂട്ടുകുടുംബങ്ങൾ കുറയുകയും ചെയ്തിട്ടുണ്ട്. ഇത് ഒരു ഇടത്തരം കുടുംബത്തിൽ സംഭവിക്കുന്നതാണ്. ഓരോ സിനിമകളും അതാത് കാലത്തിന് വേണ്ടി മാത്രം ഉണ്ടാകുന്നതാണ്. ‘അപ്പുണ്ണി’യും, ‘പൊന്മുട്ടയിടുന്ന താറാവും’ ‘തലയണമന്ത്ര’വുമെല്ലാം ഇന്നെടുക്കേണ്ട സിനിമകളാണെന്ന് പലരും പറഞ്ഞിട്ടുണ്ട്. എനിക്കതിനോട് യോജിപ്പില്ല. അത് അന്നത്തെ കാലത്തിന്റെ കഥയാണ്. ഇന്ന് കാഞ്ചനയേയും സുകുമാരനേയും കണ്ടാൽ ആളുകൾ അയ്യേ എന്ന് പറയും. കാരണം ഇത്തരത്തിലുള്ള ആളുകളും കോളനികളും ഇപ്പോൾ ഇല്ല. മുപ്പത് കൊല്ലം മുൻപത്തെ സാമൂഹിക സാഹചര്യങ്ങൾ വച്ചു കൊണ്ട്, അന്നത്തെ ഒരു റിയലിസ്റ്റിക് സിനിമയാണത്. ഇന്ന് അതിന് പ്രസക്തിയില്ല.
അന്നത്തെ കാലത്ത് ഉർവശി ചെയ്ത പല കഥാപാത്രങ്ങളും ഇന്ന് ഏറ്റവും നന്നായി ചെയ്യാൻ കഴിവുള്ള താരം അനുശ്രീയാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഏത് കഥാപാത്രവും ഒരു തടസവും ബുദ്ധിമുട്ടും ഇല്ലാതെ ചെയ്യുന്ന നടിയാണ് അനുശ്രീ. ‘ചന്ദ്രേട്ടൻ എവിടെയാ’ എന്ന സിനിമയൊക്കെ അസാധ്യമായി ചെയ്തിട്ടുണ്ട്. തലയണമന്ത്രത്തെ ഇപ്പോൾ അനുശ്രീയുടെ രൂപത്തിൽ വേണമെങ്കിൽ കാണാം. പക്ഷേ ഉർവശിക്കൊരു റീപ്ലേസ്മെന്റ് ഇല്ല.
ഒരുപാട് സിനിമകളില്‍ ഉര്‍വ്വശിയുമായി ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. അവരുടെ തിരിച്ചു വരവും ‘അച്ചുവിന്റെ അമ്മ’യിലൂടെയായിരുന്നു…
തീർച്ചയായും. സിനിമയോടുള്ള ഉർവശിയുടെ സമീപനമൊക്കെ കണ്ടു പഠിക്കേണ്ടതാണ്. അവർ സിനിമ ചെയ്യുന്നില്ല എന്ന് തീരുമാനിച്ച് എട്ടു വർഷത്തിന് ശേഷമാണ് ‘അച്ചുവിന്റെ അമ്മ’ എന്ന സിനിമ ഉണ്ടാകുന്നത്. ആ സിനിമ തീരുമാനിച്ചപ്പോൾ എന്റെ മനസിൽ തോന്നിയ രണ്ട് കാസ്റ്റിങ് അമ്മയായി ഉർവശിയും മകളായി മീരാ ജാസ്മിനുമാണ്. അതിനും ഒരു വർഷം മുൻപ് മറ്റൊരു സിനിമയ്ക്കായി ഉർവശിയെ വിളിച്ചപ്പോൾ, കുഞ്ഞിനെ നോക്കാനുണ്ട് എന്നൊക്കെ പറഞ്ഞ് ഉർവശി സിനിമയോട് നോ പറഞ്ഞു. ‘അച്ചുവിന്റെ അമ്മ’യെ കുറിച്ച് ഫോണിലൂടെയല്ല, ചെന്നൈയിൽ നേരിട്ട് പോയാണ് സംസാരിച്ചത്. നോ എന്നാണ് പറയുന്നതെങ്കിലും നേരിട്ട് എന്റെ മുഖത്ത് നോക്കി പറഞ്ഞോട്ടെ. അവിടെ എത്തി ഉർവശിയെ കണ്ടു. മകൾ കുറച്ച് വലുതായി വേണമെങ്കിൽ സിനിമയിലേക്ക് തിരിച്ചുവരാവുന്ന സമയമാണ്. കഥ പറയുന്നതിനും മുൻപ് ഉർവശിയോട് ഞാൻ പറഞ്ഞു, സിനിമയിൽ മീരാ ജാസ്മിന്റെ അമ്മയായിട്ടാണ് അഭിനയിക്കേണ്ടത് എന്ന്. എട്ട് കൊല്ലം മുൻപ് വരെ നായികയായി അഭിനയിച്ച ആളാണ്. അന്ന് ഉർവശി എന്നോട് പറഞ്ഞ മറുപടി ഇങ്ങനെയാണ് ‘സത്യേട്ടന്റെ സിനിമയിൽ സുകുമാരിചേച്ചിയുടെ അമ്മയായി അഭിനയിക്കാനും ഞാൻ തയ്യാറാണ്. കാരണം ആ അമ്മയ്ക്ക് സിനിമയിൽ പ്രാധാന്യം ഉണ്ടാകും എന്നെനിക്കറിയാം. അതു കൊണ്ടല്ലേ സത്യേട്ടൻ എന്നെ കാണാൻ ഇത്രയും ദൂരം വന്നത്,’ എന്ന്. ഒരു അഭിനേതാവിന് സംവിധായകനിലുള്ള വിശ്വാസമാണത്. ഇമേജിനെ ഭയക്കുന്ന ഒരു നടിയല്ല ഉർവശി. എന്തു വേഷവും ചെയ്യാൻ അവർ തയ്യാറാണ്. ഒരു നല്ല കഥയുടെ ഭാഗമാവാനാണ് അവർ ശ്രമിക്കുന്നത്. ‘തലയണമന്ത്ര’ത്തിന്റെ ഓരോ സീൻ എടുക്കുമ്പോഴും പുറകിൽ നിന്ന് ജയറാം പറയും ഇത്തവണത്തെ സ്റ്റേറ്റ് അവാർഡ് അടിച്ചെടുക്കുന്ന ആളാണ് എന്ന്. ഉർവശി ഇല്ലായിരുന്നെങ്കിൽ ‘തലയണമന്ത്രം’ എന്ന സിനിമ ഞാൻ എടുക്കില്ലായിരുന്നു. ഉർവശി ഇല്ലായിരുന്നെങ്കിൽ, ഉർവശി ഉണ്ടാകുന്ന കാലം വരെ ഞാനത് മാറ്റിവച്ചേനെ.
‘ലേഡി മോഹൻലാൽ’ എന്ന് ഉര്‍വശിയെ വിശേഷിപ്പിക്കുന്നവരുണ്ട്…
അങ്ങനെ വിശേഷിപ്പിക്കേണ്ട ആവശ്യമില്ല. അവർക്ക് അവരുടേതായ ശൈലിയുണ്ട്. മോഹൻലാലിനെ നമ്മൾ ആൺ ഉർവശി എന്ന് വിളിക്കാറില്ലല്ലോ. ഉർവശിക്ക് ഉർവശിയുടേതായ വ്യക്തിത്വവും മോഹൻലാലിന് മോഹൻലാലിന്റേതായ വ്യക്തിത്വവുമുണ്ട്. മോഹൻലാലിനെ പോലെ സ്വാഭാവികവും അനായാസവുമായി അഭിനയിക്കുന്ന ഒരു നടിയാണ് ഉർവശി. ഇരുവരും ഒരേ ആത്മാർഥതയോടെയും അർപ്പണബോധത്തോടെയുമാണ് കഥാപാത്രങ്ങളെ സമീപിക്കുന്നത്. ലേഡി മോഹൻലാൽ എന്ന വിശേഷണം അവരെ അപമാനിക്കുന്നതിന് തുല്യമാണ്.