സിനിമയ്ക്കായി തെരഞ്ഞെടുക്കുന്ന വിഷയം, അതിന്റെ രാഷ്ട്രീയം, ആഖ്യാനരീതി എന്നിവ കൊണ്ട് ലോകശ്രദ്ധ പിടിച്ചുപറ്റിയ മലയാളി സംവിധായകനാണ് സനൽകുമാർ ശശിധരൻ. സനലിന്റെ ചിത്രങ്ങളെ ലോകസിനിമ സഹർഷം സ്വീകരിക്കുമ്പോൾ, സ്വന്തം തട്ടകമായ മലയാളം – മുഖ്യധാരയാകട്ടെ, ചലച്ചിത്ര മേളകളാകട്ടെ – പുറം തിരിഞ്ഞു നിൽക്കുന്നു. ഏറ്റവും പുതിയ ചലച്ചിത്രമായ ‘ചോല’ കേരളത്തിലെ രാജ്യാന്തര ചലച്ചിത്ര മേളയിൽ നിന്നും വേണ്ട പരിഗണന ലഭിക്കാത്തതു മൂലം പിൻവലിക്കേണ്ടിവന്ന സാഹചര്യമുണ്ടായപ്പോൾ മേള തുടങ്ങുന്ന അതേ ദിവസം തന്നെ (December 6, 2019) ‘ചോല’ തിയേറ്റർ റിലീസ് ചെയ്യാനുള്ള അവസരവും (അത് അങ്ങനെ പ്ലാൻ ചെയ്‍തതല്ലെങ്കിൽ കൂടി) സംവിധായകന് ലഭിച്ചു.

‘ചോല’യെക്കുറിച്ചും, തിയേറ്ററിൽ സിനിമ റിലീസ് ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും, സ്വതന്ത്ര സംവിധായകർക്ക് കേരള രാജ്യാന്തര ചലച്ചിത്രമേള ഇടം നൽകേണ്ടതിനെക്കുറിച്ചും സനൽ കുമാർ ശശിധരൻ ഇന്ത്യൻ എക്‌സ്‌പ്രസ്സ് മലയാളത്തോട് സംസാരിക്കുന്നു.

എന്താണ് ‘ചോല’യുടെ പ്രമേയം ?

‘ചോല’ ഒരു ത്രില്ലറാണ്. നമ്മുടെ ചുറ്റുവട്ടത്ത് നടക്കുന്ന സ്വാഭാവികമെന്ന് കരുതുന്ന കാര്യങ്ങളിൽ വരെ ഒരു ത്രില്ലുണ്ട്.  ആർക്കും അപകടം പറ്റാം എന്നുള്ള ഒരു അനിശ്ചിതാവസ്ഥ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. പ്രതീക്ഷിക്കാത്ത സമയത്ത് കാര്യങ്ങൾ മാറിക്കൊണ്ടിരിക്കും, അതൊക്കെ സമൂഹത്തിന്റെ ഭാഗമാണ്. ത്രില്ലർ ആണെങ്കിൽ കൂടി ലഘുവായ ഒരു കഥയല്ല ‘ചോല’ പറയുന്നത്. തീയേറ്ററിൽ കാണികളെ പിടിച്ചിരുത്തുന്ന ഒരു അനുഭവമായിരിക്കും ‘ചോല’. ആഖ്യാന രീതിയിലും വ്യത്യസ്തതകൾ ഉണ്ട്. ദൃശ്യകലാകാരൻ എന്ന നിലയിൽ ‘ലോങ്ങ് ഷോട്സ്’ പോലെയുള്ളവ എന്റെ ചില ദൗർബല്യങ്ങളാണ്. അത്തരം ദൗർബല്യങ്ങളെ ഞാൻ ‘ചോല’യിലും നിലനിർത്തിയിട്ടുണ്ട്.

Read Here: Chola Movie Review: ചോരയിൽ ചാലിച്ച ‘ചോല’: റിവ്യൂ

മുൻചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി മുഖ്യധാരാ സിനിമയിൽ സജീവരായ അഭിനേതാക്കളെയാണ് ‘ചോല’യിൽ കാണുന്നത്. അതൊരു ബോധപൂർവ്വമായ തീരുമാനമാണോ ?

‘ഒഴിവു ദിവസത്തെ കളി’ കണ്ടതിനു ശേഷം ജോജു ജോർജ്ജ് എന്നെ വിളിച്ചു കുറെ നേരം സംസാരിക്കുകയുണ്ടായി. അതിനു ശേഷം നമ്മൾ തമ്മിൽ ഒരു നല്ല സൗഹൃദം ഉണ്ടായി. വളരെ കാലങ്ങൾക്കു മുന്നേ തന്നെ ഞാനും മണികണ്ഠൻ കെ വിയും ചേർന്നാണ് ‘ചോല’യുടെ തിരക്കഥ എഴുതുന്നത്. നമ്മൾ ബ്ലോഗിലൂടെ പരിചയപെട്ടു ഒരു ഷോർട്ട് ഫിലിം ചെയ്തു. ‘മുരുക്കിൻപൂക്കൾ’ ആണ് ‘ചോല’യായി പരിണമിച്ചത്. സിനിമയായി ചെയ്യാൻ ആലോചിച്ചപ്പോൾ ജോജുവിനെ എന്തു കൊണ്ട് ഉപയോഗിച്ചുകൂടാ എന്ന ചിന്ത വന്നു. ജോജു എല്ലാവർക്കും അറിയാവുന്നതു പോലെ നല്ല കഴിവുള്ള ഒരു നടനാണ്. അതു പോലെ തന്നെ നിമിഷയും മികച്ചൊരു  അഭിനേത്രിയാണ്.

അടുത്ത ചിത്രം മഞ്ജു വാരിയർ അഭിനയിക്കുന്ന ‘കയറ്റം’ എന്ന സിനിമയാണ്. ഇനിയുള്ള സിനിമകൾക്കെല്ലാം തിയേറ്റർ റിലീസ് ഉണ്ടാവുമോ ?

തീർച്ചയായും. തിയേറ്റർ റിലീസ് ഇല്ലാതെ സിനിമകൾ ചെയ്യുന്നതിൽ വല്യ കാര്യമില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇവിടത്തെ ബുദ്ധിജീവികൾ എന്ന് പറയുന്ന ആളുകൾ ഉള്ളിൽ ഒരുതരം കുടിപ്പക വെച്ച് പുലർത്തുന്നവരാണ്. അവരുടെ മുന്നിൽ നമുക്ക് സത്യസന്ധമായ ഒരു സിനിമയുമായി ചെല്ലാൻ പറ്റില്ല. ഒരു പത്തു വർഷത്തിന് ശേഷം, നമ്മൾ മരിച്ചു കഴിഞ്ഞതിനു ശേഷം, നമ്മുടെ സിനിമയെ പറ്റി ആരെങ്കിലും വാഴ്ത്തുന്നതിൽ എനിക്കൊരു ത്രില്ലും തോന്നുന്നില്ല. നമ്മുടെ സിനിമ ജനങ്ങളിലേക്ക് എത്തിക്കാൻ ഈ പറയുന്ന ബുദ്ധിജീവി കൂട്ടായ്മകളെയൊന്നും ആശ്രയിച്ചിട്ടു കാര്യമില്ല, അതിന്റെ കാലമൊക്കെ പോയി. അതൊരു കോക്കസ് ആയി മാറി കഴിഞ്ഞു.

വെനീസ് ചലച്ചിത്ര മേളയിലായിരുന്നു ‘ചോല’യുടെ ആദ്യ പ്രദർശനം. എന്തായിരുന്നു അവിടത്തെ പ്രതികരണങ്ങൾ ?

ആയിരിത്തി ഇരുനൂറു പേർക്ക് കാണാവുന്ന ഒരു തിയേറ്ററിലാണ് ‘ചോല’ അവിടെ പ്രദർശിപ്പിച്ചത്. അവിടെ നമ്മളെ ആർക്കുമറിയാൻ സാധ്യതയില്ലാത്തതു കൊണ്ട് തിയേറ്ററിൽ അധികം ആളുകൾ ഉണ്ടാവില്ല എന്നാണ് വിചാരിച്ചത്. പക്ഷേ തിയേറ്ററിൽ  എൺപതു ശതമാനത്തോളം ആളുകൾ സിനിമ കാണാൻ ഉണ്ടായിരുന്നു. അത് തന്നെയായിരുന്നു ഏറ്റവും വലിയ പ്രതികരണം. വെനീസ് ഒരു ചെറിയ നഗരമാണ്, അതു കൊണ്ടു തന്നെ പല സ്ഥലങ്ങളിൽ വെച്ചും ചോലയെ കുറിച്ച് ആളുകൾ സംസാരിക്കുന്നതു കേൾക്കാൻ ഇടയായി. അതൊക്കെ വളരെ സന്തോഷം തരുന്ന കാര്യമാണ്.

താങ്കളെ സംബന്ധിച്ച് എന്താണ് ഒരു സിനിമയുടെ ആത്യന്തികമായ വിജയം ? സാമ്പത്തികമാണോ അതോ ജനങ്ങളുടെ പ്രതികരണങ്ങളാണോ ?

ജനങ്ങളുടെ പ്രതികരണം എന്ന് പറയുന്നത് സാമ്പത്തിക ലാഭമായി പരിണമിക്കുന്നതാണ്. ബുദ്ധിജീവികളുടെ പ്രതികരണം എന്ന് പറയുന്നത് മാറി നിന്ന് ഒരു സിനിമയുടെ അന്തസത്ത ഉൾക്കൊള്ളാതെയുള്ള തള്ളിക്കളയലുകളാണ്.

എന്തു കൊണ്ടാണ് ബുദ്ധിജീവികൾ എന്ന് പറയുന്ന കൂട്ടങ്ങളോട് ഇത്ര വിമർശനം ?

ബുദ്ധിജീവികളെ ആശ്രയിക്കുകയും അവരുടെ താളംതുള്ളലുകൾക്കു നിൽക്കുകയും ചെയേണ്ടി വരുന്നത് ശരിയായ പ്രവണതയല്ല. പല നല്ല സിനിമകളും ഇവിടെ ആരാലും ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ട്. ‘കരി’ എന്ന ചിത്രം, ‘അകത്തോ പുറത്തോ’, ‘സുനേത്ര’, അങ്ങനെ ഒരുപാടു നല്ല ചിത്രങ്ങൾ തഴയപ്പെട്ടിട്ടുണ്ട്. കുറച്ചു വർഷങ്ങൾക്ക് ശേഷം ഈ പറഞ്ഞ ചിത്രങ്ങളെല്ലാം പുറത്തു വരും, ആളുകൾ അവയെ പറ്റി ചർച്ച ചെയ്യും. ഇത്തരം സിനിമകളെ തഴഞ്ഞ് പകരം അവാർഡുകൾ വാങ്ങിയ സിനിമകളുടെ നിലവാരമൊക്കെ ചർച്ച ചെയ്യപ്പെടും.

കലാമൂല്യമുള്ള സിനിമകൾ വാങ്ങാനോ, പ്രദർശിപ്പിക്കാനോ വിതരണക്കാരെയോ നിർമാതാക്കളെയോ കിട്ടാനില്ല, അത്തരം സിനിമകൾക്കു പ്രേക്ഷകർ കുറവാണ്  എന്നൊക്കെയുള്ള വസ്തുത നമ്മുടെ മുന്നിലുണ്ട്. അതേ സമയം നമുക്ക് പല ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും നല്ല സിനിമകൾ കാണാനുള്ള അവസരമുണ്ട്. നല്ല സിനിമകൾ കാണാൻ നമ്മൾ ഇനിയും തിയേറ്ററുകളെ ആശ്രയിക്കേണ്ട കാര്യമുണ്ടോ  ?

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും തീയേറ്ററും രണ്ടും രണ്ടു തന്നെയാണ്. ഓൺലൈൻ മൂവി പോർട്ടലുകളും സിനിമയുടെ വല്യ ക്യാൻവാസിനെ തന്നെയാണ് ചൂഷണം ചെയുന്നത്. അതു കൊണ്ടാണ് അവർ വല്യ മേളകളിൽ നല്ല അഭിപ്രായം നേടിയ ചിത്രങ്ങൾ വാങ്ങുന്നത്, തിയേറ്ററുകളിൽ വല്യ വിജയം നേടിയ ചിത്രങ്ങൾ വാങ്ങുന്നത്. അതിനെ മാറ്റാനായി അവർ തന്നെ വെബ് സീരീസുകളും ഒറിജിനൽസുമൊക്കെ തുടങ്ങുന്നത്. തിയേറ്ററുകളിൽ നിന്നും പൂർണ്ണമായി കാണികളെ ഇങ്ങോട്ടു ആകർഷിക്കുക എന്ന ലക്ഷ്യം തന്നെയാണ് അവർക്കുമുള്ളത്. ഇതൊക്കെയാണെങ്കിലും തിയേറ്ററുകൾ നിലനിൽക്കുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. തിയേറ്ററുകൾ പോകണമെങ്കിൽ ഇനി വെർച്ച്വൽ റിയാലിറ്റി പോലെയുള്ള സാങ്കേതിക വിദ്യകൾ കൂടുതലായി ഉപയോഗത്തിൽ വരണം, അത് സിനിമ എന്ന ആശയത്തെ തന്നെ അടിമുടി മാറ്റുന്ന സാങ്കേതികതയാണ് .

ടി വിയിൽ വരുന്ന പരസ്യചിത്രങ്ങളും പരിപാടികളും മുഖ്യധാരാ ചിന്താഗതികളെ ഊട്ടിഉറപ്പിക്കുന്ന കാഴ്ചകളാണ് നമുക്ക് ചുറ്റും. ഈയൊരു കുത്തൊഴുക്കിൽ എങ്ങനെയാണ്  നമുക്കു കലാമൂല്യമുള്ള ചിത്രങ്ങളെ പിടിച്ചു നിർത്താനാവുക ?

മലയാള സിനിമാ പ്രേക്ഷകർ വളരെയധികം മാറി ചിന്തിച്ചു തുടങ്ങിയിട്ടുണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജല്ലിക്കെട്ട്’ എന്ന സിനിമയ്ക്ക് ലഭിച്ച സ്വീകാര്യതയൊക്കെ നമ്മൾ കണ്ടതാണ്. വാണിജ്യ സിനിമയുടെ കെട്ടും മട്ടുമൊന്നും  ഇല്ലാതിരുന്നിട്ട് കൂടി ആ സിനിമ പ്രേക്ഷകർ ഏറ്റെടുത്തു. ലിജോയ്ക് അത് സാധ്യമാകുന്നുണ്ടെങ്കിൽ ബാക്കിയുള്ള ഫിലിം മേക്കേഴ്സിനും അത് സാധ്യമാണ്. ലിജോയുടെ സിനിമകൾ ജനങ്ങളിലേക്കു എത്തിക്കുന്നതിന് വേണ്ടി ചില വാണിജ്യ ചേരുവകൾ ഉപയോഗിക്കുന്നുണ്ട്. അറിയപ്പെടുന്ന താരങ്ങൾ, അറിയപ്പെടുന്ന പ്രൊഡക്ഷൻ ബാനർ, കൃത്യമായ പരസ്യ പ്രചരണങ്ങൾ, ഇവയെല്ലാം സിനിമയെ പ്രേക്ഷകരിലേക്ക് കൂടുതൽ ആകർഷിക്കുന്ന ഘടകങ്ങളാണ്. ഇത് പോലെയുള്ള വളരെ അസാധാരണമായ ചിത്രങ്ങൾ വേറെയും ഇവിടെ ഇറങ്ങുന്നുണ്ട്, പക്ഷേ അത് ജനങ്ങളിലേക്കു എത്താത്തതിനു കാരണം കൃത്യമായ മാർക്കറ്റിംഗ് സ്ട്രാറ്റജി ഉപയോഗിക്കാത്തതാണെന്ന് ഞാൻ വിശ്വസിക്കുന്നു.

അത്തരം സ്ട്രാറ്റജികൾ പ്രധാനമാണ് എന്ന് കരുതുന്നുണ്ടോ ?

നാലൊരു കലാസൃഷ്ടി മുന്നോട്ടു വെച്ചാൽ അതിനെ സ്വീകരിക്കാൻ പ്രേക്ഷകർ ഉണ്ടാവുമെന്നുള്ള വിശ്വാസമെനിക്കുണ്ട്. ഒരു പിന്തുണയുമില്ലാതെയാണ് ഞാൻ സിനിമ ചെയ്തു തുടങ്ങുന്നത്, അടുത്ത കാലത്താണ് ആ സ്ഥിതിക്കൊരു മാറ്റം ഉണ്ടാവുന്നത്. ‘ഒഴിവു ദിവസത്തെ കളി’ തിയേറ്ററിൽ എത്തിക്കാൻ പറ്റി, ഇപ്പോൾ ‘ചോല’ തിയേറ്ററിലേക്ക് എത്തുന്നു, ഇതൊക്കെ പതുക്കെ വന്ന മാറ്റങ്ങളാണ്. അത് അനിവാര്യവുമാണ്, അല്ലെങ്കിൽ ഈ ചിത്രങ്ങൾ തമസ്ക്കരിക്കപ്പെടും. വെനീസ് ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്ത ചിത്രത്തിന് ഐ എഫ് എഫ് ഐയിലും ഐ എഫ് എഫ് കെ-യിലും സ്ഥാനമില്ല, അപ്പോൾ അങ്ങനെ ഒരു സംവിധാനത്തെ ആശ്രയിച്ചിരിക്കേണ്ട കാര്യമില്ല.

സ്വതന്ത്ര മലയാള സിനിമകളെ സംബന്ധിച്ച് കേരള രാജ്യാന്തര ചലച്ചിത്ര മേള (IFFK) എന്ന പ്ലാറ്റ്‌ഫോം പ്രധാനമല്ലേ? മേളയുടെ സിനിമാ തെരഞ്ഞെടുപ്പിനെക്കുറിച്ചു താങ്കൾക്ക് എന്താണ് പറയാനുള്ളത് ?

സിനിമ എന്ന് പറയുന്നത് ഒന്നിച്ചിരുന്നു കാണുന്ന ഒരു കലയാണ്. ആ അവസ്ഥ ഇപ്പോൾ മാറി കൊണ്ടിരിക്കുകയാണ്. കംപ്യൂട്ടറിലും മൊബൈലിലുമൊക്കെ  സിനിമ കാണുന്നവരാണ് ഇപ്പോൾ അധികവും. അതിനെ ചെറുക്കാൻ കഴിവുള്ള ഇടങ്ങൾ ചലച്ചിത്ര മേളകൾ തന്നെയാണ്. പല സ്ഥലങ്ങളിൽ നിന്നും സമാനമനസ്കരായ ആളുകൾ കൂട്ടമായി സിനിമ കാണാനും ചർച്ച ചെയ്യാനുമായി വരുന്ന സ്ഥലമാണ് ചലച്ചിത്ര മേളകൾ. പക്ഷേ, ആ പ്ലാറ്റ്‌ഫോം എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ കുറിച്ചാണ് വിമർശനം.

ഐ എഫ് എഫ് കെ സെലക്ഷന്റെ കാര്യം എടുക്കുകയാണെങ്കിൽ, മലയാളത്തിലെ സിനിമകൾ തിരഞ്ഞെടുക്കാൻ ഇരിക്കുന്ന ജൂറിയിൽ സംവിധായകരാണ് കൂടുതൽ ഉള്ളത്, അത് തന്നെ പ്രശ്നമാണ്. അങ്ങനെ വരുമ്പോൾ അവിടെ വലുപ്പ ചെറുപ്പങ്ങളും, അളന്നു നോക്കലുകളുമൊക്കെ ഉറപ്പായും സംഭവിക്കും. സെലക്ഷൻ ജൂറിയിൽ നിന്ന് തല്പര കക്ഷികളെ മാറ്റി നിർത്തിയാൽ തന്നെ ഒരു വിധം പ്രശ്നങ്ങൾ ഒഴിവാക്കാനാകും. പുറത്തു നിന്നുള്ള ആളുകൾ വരട്ടെ സെലക്ഷൻ ജൂറിയിൽ. ഇപ്പോഴത്തെ അവസ്ഥയിൽ മലയാള സിനിമ വിഭാഗം കാണാൻ ആർക്കും താൽപ്പര്യമുണ്ടാവില്ല. എല്ലാ ചവറുകളും കാണിക്കുന്ന വിഭാഗമായി മാറി കഴിഞ്ഞു ‘മലയാള സിനിമ ടുഡേ’.

താങ്കൾ ആരംഭിച്ച സമാന്തര ചലച്ചിത്ര മേളയായ കിഫ് ഇത്തവണയുമുണ്ടോ?

തീർച്ചയായും. ഇത്തവണ ഒരു മത്സര മേളയായിട്ടാണ് കിഫ് നടത്താൻ ഉദ്ദേശിച്ചിരിക്കുന്നത്. പത്തു സിനിമകൾ ഉണ്ടാവും. ഒരു ഉദ്ഘാടന ചിത്രവും എട്ടു മത്സര ചിത്രങ്ങളും ഒരു ക്ലോസിങ് സിനിമയും.  എല്ലാം തദ്ദേശ സിനിമകളായിരിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook