കോളേജ് പയ്യനല്ല, ഇനി അൽപ്പം മാസ്സാവാം; പക്വതയാർന്ന കഥാപാത്രവുമായി റോഷൻ ബഷീർ

‘ദൃശ്യം’ ഫെയിം റോഷൻ നായകനാവുന്ന ‘വിന്‍സെന്റ് ആന്‍ഡ് ദി പോപ്പ് ‘ ഓഗസ്റ്റ് ആറിന് ഓടിടിയിലേക്ക്

റോഷൻ ബഷീർ എന്ന പേരിനേക്കാളും മലയാളികൾക്ക് പരിചയം വരുൺ പ്രഭാകറിനെയാണ്. ദൃശ്യത്തിന്റെ ആദ്യഭാഗത്തിൽ മാത്രമാണ് അഭിനയിച്ചതെങ്കിലും രണ്ടാം ഭാഗത്തിലും തന്റെ കഥാപാത്രത്തിന്റെ പേര് നിറഞ്ഞുനിൽക്കുന്നത് കാണാൻ ഭാഗ്യം കിട്ടിയൊരു നടൻ കൂടിയാണ് റോഷൻ. എപ്പോഴും കോളേജ് പയ്യൻ ഇമേജിൽ മാത്രം പ്രേക്ഷകർ കണ്ടു ശീലിച്ച റോഷൻ വേറിട്ടൊരു കഥാപാത്രവുമായി എത്തുകയാണ്, ‘വിന്‍സെന്റ് ആന്‍ഡ് ദി പോപ്പ് ‘ എന്ന ചിത്രത്തിലൂടെ.

റോഷൻ കേന്ദ്രകഥാപാത്രമായി എത്തുന്ന ഈ ക്രൈം ത്രില്ലർ ഓഗസ്റ്റ് ആറിന് ഓടിടി റിലീസ് ആയി പ്രേക്ഷകരിലേക്ക് എത്തുകയാണ്. റിലീസിനു മുന്നോടിയായി പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് പങ്കിടുകയാണ് റോഷൻ ബഷീർ.

“ചിത്രത്തിൽ വിൻസെന്റ് എന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. സംവിധായകന്റെ സിനിമയാണ് ‘വിന്‍സെന്റ് ആന്‍ഡ് ദി പോപ്പ് ‘. അൽപ്പം വ്യത്യസ്തമായ രീതിയിലാണ് സിനിമയുടെ ട്രീറ്റ്‌മെന്റ്. രണ്ടു കഥാപാത്രങ്ങളും ഒരു കാറും മാത്രമേ ചിത്രത്തിലുള്ളൂ. വളരെ സ്റ്റൈലിഷ് ആയി എടുത്തിട്ടുള്ള ഒരു റോഡ് മൂവിയാണിത്. ലോക്ക്ഡൗണിനിടയിൽ കഴിഞ്ഞ ജനുവരിയിലാണ് ചിത്രം ഷൂട്ട് ചെയ്തത്. തിരുവനന്തപുരം, നാഗർകോവിൽ ഒക്കെയായിരുന്നു പ്രധാന ലൊക്കേഷൻ. എന്റെ കഥാപാത്രം ഒരു സുപ്രഭാതത്തിൽ ടാക്സി വാടകയ്ക്ക് എടുത്ത് ഒരാളെ അന്വേഷിച്ച് ഇറങ്ങുകയാണ്, കൂട്ടിന് കാർ ഡ്രൈവറുമുണ്ട്. അവരിലൂടെ ഉരുത്തിരിയുന്ന സംഭവങ്ങളാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്,” റോഷൻ പറയുന്നു.

11 വർഷങ്ങൾക്ക് ശേഷം വീണ്ടും നായകനാവുമ്പോൾ?

ഉത്തരവാദിത്വം വളരെ കൂടുതലാണ്. ചിത്രത്തിൽ അധികം കഥാപാത്രങ്ങൾ ഇല്ലല്ലോ, മുഴുവൻ സമയവും പ്രേക്ഷകർ നമ്മളെ തന്നെ കണ്ടുകൊണ്ടിരിക്കുന്നത്. ചെറിയ ചെറിയ മിസ്റ്റേക്ക് പോലും പെട്ടെന്ന് ശ്രദ്ധിക്കപ്പെടാം. നല്ല ചലഞ്ചിംഗ് ആയിരുന്നു കഥാപാത്രം. ഡയറക്ടർ ബിജോയിയെ എനിക്ക് മുന്നേ അറിയാം. കഥാപാത്രത്തെ കുറിച്ചും ഓരോ സീനുകളെ കുറിച്ച് കൃത്യമായൊരു ചിത്രം ബിജോയി തന്നിരുന്നു.

ചിത്രത്തിലെ എന്റെ കഥാപാത്രത്തെ കുറിച്ചു പറയുകയാണെങ്കിൽ അൽപ്പം പക്വതയും പാകതയുമുള്ള ഒരു കഥാപാത്രമാണ്. സാധാരണ എന്നെ തേടി എത്തുന്ന കഥാപാത്രങ്ങൾ എല്ലാം ചെറിയ പയ്യൻ ഇമേജ് റോളുകളാണ്. അതിനാൽ തന്നെ ‘വിന്‍സെന്റ് ആന്‍ഡ് ദി പോപ്പ് ‘ എന്ന ചിത്രം ഒരു നടൻ എന്ന രീതിയിലും ലുക്കിലും എനിക്ക് ഗ്രോത്ത് ഉള്ളൊരു കഥാപാത്രമാണ്. രൂപത്തിൽ ആ പാകത കൊണ്ടുവന്നിട്ടുണ്ട്, ഭാവത്തിൽ ഇനിയതു ഫീൽ ചെയ്യുമോ എന്ന് സിനിമ കണ്ട് പ്രേക്ഷകരാണ് വിലയിരുത്തേണ്ടത്.

കഴിഞ്ഞ വർഷമായിരുന്നില്ലേ വിവാഹം. കോളേജ് പയ്യനിൽ നിന്നും പക്വതയുള്ള കഥാപാത്രങ്ങളിലേക്ക് പ്രമോഷൻ കിട്ടാൻ മാരിറ്റൽ സ്റ്റാറ്റസും സഹായിച്ചിട്ടുണ്ടാവുമോ?

സാധ്യതയില്ലാതില്ല (ചിരിക്കുന്നു). കല്യാണം കഴിയുമ്പോൾ ഉത്തരവാദിത്വം കൂടും എന്നാണല്ലോ പൊതുവെ പറയാറുള്ളത്. എനിക്ക് വ്യക്തിപരമായി വിവാഹശേഷം വലിയ മാറ്റമൊന്നും തോന്നിയിട്ടില്ല. നന്നായി മനസ്സിലാക്കുന്ന ഒരാൾക്കൊപ്പം, പരസ്പരം സപ്പോർട്ട് ചെയ്ത് കുറച്ചൂകൂടി രസകരമായി ജീവിതം മുന്നോട്ടുപോവുന്നു എന്നേയുള്ളൂ. ഞാനെന്റെ അഭിനയവുമായി മുന്നോട്ടു പോവുന്നു, ഫർസാന നിയമം പഠിച്ചയാളാണ്, തന്റെ കരിയറിൽ ശ്രദ്ധിച്ച് അവളും മുന്നോട്ടുപോവുന്നു.

വരുൺ പ്രഭാകർ എന്ന കഥാപാത്രം റോഷന്റെ ഇമേജിനെയും പിൻതുടരുന്നുണ്ടോ?

എവിടെ പോയാലും ഇപ്പോഴും ആളുകൾ തിരിച്ചറിയുന്നത് ആ പേരിലാണ്. ഞാനിപ്പോഴും ഓർക്കുന്നുണ്ട്, ദൃശ്യം റിലീസ് ചെയ്ത ദിവസം, ഇന്റർവെല്ലിന് പുറത്തിറങ്ങിയപ്പോൾ തിയേറ്ററിൽ സിനിമ കാണാനെത്തിയ കുറച്ചു ചേച്ചിമാർ അടുത്തുവന്നു. ഇങ്ങനെയൊക്കെ ചെയ്യാമോ മോനേ? എന്നു ചോദിച്ചു. അവരൊക്കെ സിനിമയെ അത്ര ഇൻവോൾവ്ഡ് ആയി സമീപിച്ചതു കണ്ടപ്പോൾ സന്തോഷം തോന്നി. ആ കഥാപാത്രം ഏറ്റു എന്നാണല്ലോ അവരുടെ പ്രതികരണം സൂചിപ്പിക്കുന്നത്. അത്തരം ഒരുപാട് അനുഭവങ്ങൾ ദൃശ്യവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്.

ദൃശ്യത്തിന് രണ്ടാം ഭാഗം ഇറങ്ങികഴിഞ്ഞ് ഞാനൊരിക്കൽ ജിത്തു സാറിനോട് പറഞ്ഞു, ഇതിൽ അഭിനയിച്ചിട്ടില്ലെങ്കിലും സിനിമയിൽ മൊത്തം ഞാനുള്ള ഒരു ഫീലാണ് തോന്നിയതെന്ന്. ഇനി മൂന്നാം ഭാഗം ഇറങ്ങിയാലും ചിലപ്പോൾ വരുൺ പ്രഭാകർ അതിലും നിറഞ്ഞുനിൽക്കുന്നുണ്ടാവും. അങ്ങനെ ഒരു തുടർച്ചയുണ്ടാവുന്നത് ഭാഗ്യമല്ലേ?

ഒരു നടനെന്ന രീതിയിൽ എന്റെ നിൽനിൽപ്പിന് ഏറെ ഗുണം ചെയ്തിട്ടുള്ള ചിത്രമാണ് ദൃശ്യം. തമിഴിലേക്കും തെലുങ്കിലേക്കും എനിക്ക് അവസരങ്ങൾ തന്നത് ദൃശ്യമാണ്. തമിഴിലും തെലുങ്കിലും ദൃശ്യം റീമേക്ക് ചെയ്തപ്പോൾ എനിക്കതിൽ അവസരം ലഭിച്ചു. അതിനെ തുടർന്ന് രണ്ടിടങ്ങളിലുമായി ആറോളം ചിത്രങ്ങളിൽ അഭിനയിക്കാനും സാധിച്ചു.

പക്ഷേ, ഒരു നടനെന്ന രീതിയിൽ ദൃശ്യം എനിക്ക് മുന്നിലൊരു ചലഞ്ച് കൂടി വയ്ക്കുന്നുണ്ട്. ഇനി അതിനും അപ്പുറത്തു നിൽക്കുന്ന ഒരു കഥാപാത്രം ചെയ്താൽ മാത്രമേ ആ ഇമേജിനെ ബ്രേക്ക് ചെയ്യാൻ പറ്റൂ. അത്തരം നല്ല കഥാപാത്രങ്ങൾക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞാൻ. ‘വിന്‍സെന്റ് ആന്‍ഡ് ദി പോപ്പ് ‘ എന്നിലെ നടന് ഗുണം ചെയ്യാൻ സാധ്യതയുള്ള ചിത്രമാണ്. ഇതിനായി നല്ലരീതിയിൽ കഷ്ടപ്പെട്ടിട്ടുണ്ട്, ഫലമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. ‘5 ഡബ്ല്യൂസ്’ എന്നൊരു തമിഴ് ത്രില്ലറും ഉടനെ ഇറങ്ങാനുണ്ട്. അതും എനിക്കേറെ പ്രതീക്ഷയുള്ള ചിത്രമാണ്.

Get the latest Malayalam news and Interview news here. You can also read all the Interview news by following us on Twitter, Facebook and Telegram.

Web Title: Roshan basheer interview vincent and the pope film release

Next Story
മണിരത്നം സാർ തിരക്കി, ആരാണ് മണിക്കുട്ടൻ?Manikuttan, Manikuttan interview, Manikuttan Mohanlal relationship, Manikuttan Navarasa, Bigg Boss Season 3 Winner, , Maniikuttan finale speech, Bigg Boss Manikuttan, Bigg Boss Grand finale, Bigg Boss Grand finale date, Firoz Khan, Bigg Boss Malayalam season 3 Grand Finale, Bigg Boss Malayalam, Bigg Boss Malayalam stopped, Bigg Boss Malayalam canelled, mohanlal, Bigg Boss Malayalam news, ബിഗ് ബോസ് മലയാളം സീസൺ 3
The moderation of comments is automated and not cleared manually by malayalam.indianexpress.com