ആര്‍ മാധവന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘ റോക്കറ്ററി, ദി നമ്പി എഫക്റ്റ്’. ഐഎസ്ആർഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് തിരുവനന്തപുരം സ്വദേശി അങ്കിത് മാധവ് ആണ്. പരസ്യ ചിത്രങ്ങളിലൂടെ സുപരിചിതനാണ് അങ്കിത്. ആറു സിനിമകളില്‍ ഇതിന് മുമ്പ് അഭിനയിച്ചിട്ടുളള അങ്കിതിന്റെ ആദ്യത്തെ ബിഗ് സ്‌കെയില്‍ ചിത്രമാണ് ‘ റോക്കറ്ററി’.
പരസ്യങ്ങള്‍ കണ്ടാണ് റോക്കറ്ററിയുടെ കാസ്റ്റിങ് ഡയറക്റ്റര്‍ അങ്കിതിനെ സമീപിച്ചത്. മൂന്ന് ഭാഷകളില്‍ പ്രാവീണ്യം ഉണ്ടാകുക എന്നതായിരുന്നു അഭിനേതാവിനെ തിരഞ്ഞെടുക്കാന്‍ നിശ്ചയിച്ചിരുന്ന മാനദണ്ഡം. ഇംഗ്ലീഷ്, ഹിന്ദി, തമിഴ് എന്നീ ഭാഷകള്‍ ഒഴുക്കോടെ സംസാരിക്കാന്‍ കഴിയുന്ന അങ്കിത് അങ്ങനെ റോക്കറ്ററിയുടെ ഭാഗമായി. കുട്ടിക്കാലം തൊട്ടേ താന്‍ ആരാധിക്കുന്ന പ്രിയപ്പെട്ട മാഡി (മാധവൻ) ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ അഭിനയിച്ചതിന്റെ ആവേശത്തിലാണ് അങ്കിത് . പ്രതീക്ഷയ്ക്കും അപ്പുറമായിരുന്നു മാധവനൊപ്പമുളള അനുഭവങ്ങള്‍ എന്ന് അങ്കിത് പറയുന്നു.

“ഇത്രയും പ്രാധാന്യം അര്‍ഹിക്കുന്ന വിഷയം സിനിമയാകുമ്പോള്‍ അതിന്റെ ഭാഗമാകാന്‍ പറ്റിയതില്‍ സന്തോഷമുണ്ട്. അഞ്ചു ദിവസം മുംബൈ ഫിലിം സിറ്റിയിലും, പത്ത് ദിവസം സെര്‍ബിയയിലുമായിരുന്നു ചിത്രീകരണം. ആദ്യത്തെ ഷോട്ട് മാധവന്‍ സാറിന് ഒപ്പമായിരുന്നു. തികച്ചും ഒരു ഫാന്‍ ബോയ് മൊമന്റായിരുന്നു അത്. പേടിച്ചു നിന്ന എനിക്ക് ധൈര്യം തന്നു, എന്നെ കൂളാക്കി. ഷൂട്ടിന്റെ തലേദിവസമുളള സ്‌ക്രിപ്റ്റ് വായന മൂന്നു ഭാഷകളില്‍ ഒരേ സമയം അഭിനയിക്കാനുളള ബുദ്ധിമുട്ട് കുറയ്ക്കാനും സഹായിച്ചു.” അങ്കിത് പറഞ്ഞു.
തിരുവനന്തപുരത്ത് ജനിച്ചു വളര്‍ന്ന അങ്കിതിന്റെ ജീവിതത്തോട് വളരെ അടുത്ത് നില്‍ക്കുന്ന സിനിമയാണ് റോക്കറ്ററി. സിനിമയുടെ കഥ കേട്ടപ്പോള്‍ ഐ എസ് ആര്‍ ഒ യില്‍ ജോലി ചെയ്തിരുന്ന വീടിനടുത്തുളള അങ്കിളിനെയാണ് അങ്കിതിന് ഓര്‍മ്മ വന്നത്. “സ്‌ക്കൂള്‍ ബസ്സ് കാത്തുനില്‍ക്കുന്ന സമയം ഐ എസ് ആര്‍ ഒ ഉദ്യോഗസ്ഥര്‍ സഞ്ചരിക്കുന്ന വാഹനം അതുവഴി പോകുമായിരുന്നു. ചാര നിറത്തിലുളള ആ വണ്ടി കണ്ട് ആളുകള്‍ ‘ചാര’ വണ്ടി എന്ന് പറഞ്ഞ് കളിയാക്കുമായിരുന്നു’. അന്ന് അവരെല്ലാം തല കുനിച്ചാണ് നടന്നിരുന്നത്.” സിനിമ കണ്ട് ആശംസ അറിയിക്കാന്‍
ഇതെ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ വിളിച്ചു എന്ന സന്തോഷവും അങ്കിത് പങ്കുവെച്ചു. ബോളിവുഡില്‍ ഒരുപാട് ബ്രാന്റുകള്‍ക്ക് വേണ്ടി പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ച അങ്കിത് റിലീസിന് ഒരുങ്ങുന്ന ഒരു ഇന്റര്‍നാഷണല്‍ വെബ് സീരീസിലും അഭിനയിച്ചിട്ടുണ്ട്. നവംബറില്‍ ചിത്രീകരണം തുടങ്ങുന്ന സൂപ്പര്‍സ്റ്റാര്‍ ചിത്രം, പഞ്ചതന്ത്ര എന്ന ആന്തോളജി ചിത്രത്തിലെ ലീഡ് റോള്‍ അങ്ങനെ നീളുന്നു അങ്കിതിന്റെ ഭാവി പരിപാടികള്‍.