ആദ്യ ചിത്രമായ ‘കാറ്റത്തെ കിളിക്കൂട്’ മുതല്‍ തന്നെ മലയാളി നെഞ്ചേറ്റിയ നായിക. തുടര്‍ന്ന് നാല് പതിറ്റാണ്ടോളമായി ഒട്ടനവധി അവിസ്മരണീയ കഥാപാത്രങ്ങള്‍, അനേകം സൂപ്പര്‍ ഹിറ്റുകള്‍. ‘കിലുക്ക’ത്തിലെ നന്ദിനി, ‘കാക്കോത്തിക്കാവിലെ’ വാവാച്ചി, ‘ദേവാസുര’ത്തിലെ ഭാനുമതി, ‘പാഥേയ’ത്തിലെ രാധ, ‘ഗ്രാമഫോണി’ലെ സാറ, ‘വൈറസി’ലെ സി കെ പ്രമീള… രേവതി എന്നാല്‍ മലയാളിക്ക് ഇതെല്ലാമാണ്. മികവിന്റെ ഈ പട്ടികയിലേക്ക് ഇനി ഒരു പുതു അദ്ധ്യായം കൂടി എഴുതിച്ചേര്‍ക്കാം – ‘ഭൂതകാല’ത്തിലെ ആശ. അമ്മ നഷ്ടപ്പെട്ട, മകനെ ഒറ്റയ്ക്ക് നോക്കുന്ന, വിഷാദരോഗിയായ ആശ.
പ്രേക്ഷക-നിരൂപക പ്രശംസ പിടിച്ചു പറ്റിയ ‘ഭൂതകാല’ത്തിലെ കഥാപാത്രത്തെക്കുറിച്ചും വര്‍ത്തമാനകാല കേരളത്തിലെ ഇടപെടലുകളെക്കുറിച്ചുമൊക്കെ രേവതി മനസ്സ് തുറക്കുന്നു.

ഇത് വരെ ചെയ്ത റോളുകളില്‍ നിന്നും ‘ഭൂതകാല’ത്തിലെ അമ്മ എത്ര വ്യത്യാസപ്പെട്ടിരിക്കുന്നു, അല്ലെങ്കില്‍ സമാനമാണ്?
അങ്ങനെയൊരു താരതമ്യത്തിന്‍റെ ആവശ്യമില്ലെന്നു തോന്നുന്നു. അടിസ്ഥാനപരമായി കഥാപാത്രത്തിന്‍റെ ഷേഡുകൾ മനസ്സിലാക്കുക എന്നതാണ്. എന്നെ സംബന്ധിച്ചിടത്തോളം ‘ഭൂതകാല’ത്തിന്‍റെ കഥാപാത്രം വളരെ സങ്കീർണ്ണമായ ഒന്നാണ്. ‘ഇതാണ് അവൾ’ എന്ന് ഒറ്റവരിയില്‍ പറയാൻ പറ്റില്ല.
സംവിധായകന്‍ രാഹുലിന്‍റെ അടുത്ത് ഒരുപാട് തവണ ഞാൻ ആ കഥാപാത്രത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. ആരാണ് ആശ? എന്ന് ചോദിച്ചു കൊണ്ടേയിരുന്നു. രാഹുലിന്‍റെ മനസ്സിൽ ആശ വളരെ വ്യക്തതയോടെ ഉണ്ടായിരുന്നു, പക്ഷേ എനിക്ക് ആശയെ മനസ്സിലാവാൻ കുറച്ചു സമയമെടുത്തു.
പണ്ട് അമ്മ വേഷങ്ങള്‍ ചെയ്യുമ്പോള്‍, ജീവിതത്തില്‍ അമ്മയായിരുന്നില്ല. ഇപ്പോള്‍ മകളുണ്ട്. അത് എന്തെങ്കിലും മാറ്റം ഉണ്ടാക്കിയിട്ടുണ്ടോ?
അങ്ങനെയൊന്നുമില്ല. എന്‍റെ മോൾ ഉണ്ടായതിനു ശേഷവും മുൻപും അമ്മയായി അഭിനയിക്കുമ്പോൾ ഞാൻ എന്നെ ഇൻവോൾവ് ചെയ്യുന്നു എന്നേയുള്ളൂ. ഞാന്‍ ഒരു അഭിനേത്രിയാണ്, ഓരോ സിറ്റുവേഷനും ആലോചിച്ച്, അതിനു വേണ്ടത് ചെയ്യുന്നു. ചില സിറ്റുവേഷനുകൾ യഥാർത്ഥ ജീവിതവുമായി അടുത്തു വരുന്നതു കൊണ്ട് നമ്മൾ കൂടുതൽ ഇൻവോൾവ്ഡ് ആയി പോവും. പക്ഷേ ഈ പടത്തിൽ അത്തരമൊരു സിറ്റുവേഷനില്ല. ഇതിലെ സാഹചര്യങ്ങൾ വളരെ യഥാർത്ഥമാണ്, പക്ഷേ എന്‍റെ ജീവിതവുമായി സാമ്യങ്ങളൊന്നുമില്ല.
Read Here: Bhoothakalam Movie Review: സൈക്കോളജിക്കൽ ഡ്രാമയായി തുടങ്ങി ഗംഭീര ഹൊറർ ത്രില്ലറായി മാറുന്ന ചിത്രം; ‘ഭൂതകാലം’ റിവ്യൂ
ഒരു സിനിമ തെരഞ്ഞെടുന്നതിന്‍റെ അടിസ്ഥാനമെന്താണ്?
എനിക്കൊരിക്കലും ഈ ചോദ്യത്തിന് വ്യക്തതയോടെ ഒരുത്തരം പറയാൻ കഴിഞ്ഞിട്ടില്ല. സത്യത്തിൽ എനിക്കത് അറിയില്ലെന്നാണ് ശരി. എന്‍റെ രണ്ടാമത്തെ ചിത്രം മുതല്‍ സ്ക്രിപ്റ്റ് കേട്ടിട്ടാണ് ഞാന്‍ സിനിമ ചെയ്യാന്‍ തയ്യാറായിട്ടുള്ളത്. കഥ കേൾക്കുമ്പോൾ ചിലപ്പോൾ നല്ലതായി തോന്നും, ചിലത് ശരിയാവില്ലെന്ന് തോന്നും.
ഞാന്‍ മുന്‍പ് ചെയ്തിട്ടുള്ള തരം കഥാപാത്രങ്ങള്‍, അല്ലെങ്കില്‍ ഒട്ടും പ്രാധാന്യമില്ലാത്ത കഥാപാത്രങ്ങള്‍ ഇവയൊക്കെ ഒഴിവാക്കാം എന്നൊരു തീരുമാനത്തിലെത്തിയിട്ടുണ്ട് ഇപ്പോള്‍.
ഒരു വേഷത്തിനായുള്ള തയ്യാറെടുപ്പ് എന്താണ്?
ഒരു കഥ തെരഞ്ഞെടുത്തു കഴിഞ്ഞാൽ അതിനെ മനസ്സിലാക്കാൻ സംവിധായകനുമായി ഒരുപാട് ഡിസ്കഷന്‍ എനിക്ക് ആവശ്യമാണ്. എന്താണ് ആ കഥാപാത്രത്തെ കുറിച്ച് സംവിധായകന്‍റെ മനസ്സിൽ എന്നതിനെ കുറിച്ച് കൃത്യമായൊരു മനസ്സിലാക്കൽ എന്നെ സംബന്ധിച്ച് പ്രധാനമാണ്. എല്ലാ വിവരങ്ങളും മനസ്സിലാക്കി കഴിഞ്ഞാൽ പിന്നെ അത് സ്വാഭാവികമായി സംഭവിച്ചോളും.
ഒപ്പം അഭിനയിക്കുന്നവര്‍ ഈ പ്രൊസസ്സില്‍ എത്ര പ്രധാനപ്പെട്ടവരാണ്?
ഓരോ അഭിനേതാക്കളുടെയും എക്സർസൈസ് വളരെ വ്യത്യസ്തമാണ്. ഓരോരുത്തരും അവരുടേതായ രീതിയിൽ ആണ് അഭിനയത്തെ സമീപിക്കുന്നത്. ചിലർ ഒരു സീൻ വായിച്ച് അപ്പോൾ തന്നെ വളരെ മനോഹരമായി അതിനെ അവതരിപ്പിക്കുന്നത് കാണാം. എന്നെ സംബന്ധിച്ച് ആ സമയത്ത് ക്യാമറയുടെ മുന്നിൽ നടക്കുന്നതാണ് അഭിനയം, ആ ഒരു നിമിഷം ചിലപ്പോൾ നന്നായി വരും, ചിലപ്പോൾ വർക്കൗട്ട് ആവില്ല. ഓരോ കഥാപാത്രത്തിനും ഓരോ ചിത്രത്തിനും ഓരോ തരം പ്രോസസ് ആണ്, കൃത്യമായി ഇങ്ങനെയാണെന്ന് പറഞ്ഞു വയ്ക്കാൻ കഴിയില്ല.
‘ഭൂതകാല’ത്തിൽ ഷെയിന്‍ നിഗവും ഒന്നിച്ച് അഭിനയിച്ചതിനെ കുറിച്ച്?
ഒരു സിനിമ തെരഞ്ഞെടുത്തു കഴിഞ്ഞാൽ ആദ്യം തന്നെ ചിത്രത്തിന്‍റെ സംവിധായകൻ, ക്യാമറാമാൻ, ഒപ്പം അഭിനയിക്കുന്നവര്‍ എന്നിവരൊക്കെ ആയി കണക്റ്റ് ചെയ്യാനും കംഫർട്ടബിള്‍ ആവാനും ശ്രമിക്കും. ആദ്യ രണ്ടു ദിവസങ്ങളിലെ എന്റെ ശ്രമം അതാണ്. എന്നാൽ ചില പടങ്ങളിൽ ആ കണക്ഷൻ സംഭവിക്കുകയേ ഇല്ല, അപ്പോൾ ഞാൻ എന്‍റെ വഴിയെ ചെയ്യും. പക്ഷേ ഇവിടെ ഈ ചിത്രത്തിൽ രാഹുലാവട്ടെ, ഷെയ്ൻ ആവട്ടെ, ഡിഒപി ആവട്ടെ അവരുമായുള്ള കണക്ഷൻ മനോഹരമായിരുന്നു.
ഷെയ്നിനെ കുറിച്ചു പറയുകയാണെങ്കിൽ, ചില സീനുകളിൽ ഞങ്ങൾ അക്ഷരാർത്ഥത്തിൽ അമ്മയും മോനും എന്ന രീതിയിലാണ് പെരുമാറിയത്. ചില സീനുകളിൽ ഷെയ്നിനോട് ഞാൻ പ്രതികരിക്കുക ചെയ്യുക മാത്രമാണ് ചെയ്തത്. ചില സീനുകളില്‍ ഷെയ്ൻ അപ്പർഹാൻഡ് എടുക്കും, ചിലപ്പോൾ ഞാനാവും. ഞങ്ങളുടെ ഒരു ബാലൻസിംഗ് വളരെ മനോഹരമായിരുന്നു. ഷെയ്നിന് ക്യാമറയുടെ മുൻപിൽ വരുമ്പോൾ ഒരു ഇൻഹിബിഷനുമില്ല.
മലയാളത്തില്‍ സ്വന്തം ശബ്ദം ഉപയോഗിക്കുന്നതിനെക്കുറിച്ച്?
സിങ്ക് സൗണ്ട് ആണ് ഈ സിനിമയിൽ ഉപയോഗിച്ചിട്ടുള്ളത്. ഉച്ചാരണത്തിന്‍റെ കാര്യത്തിൽ ആദ്യം കുറച്ച് ബുദ്ധിമുട്ടി. പക്ഷേ ഞാനും രാഹുലും ഷെയ്നും രസകരമായൊരു എക്സർസൈസ് ചെയതു. ഷൂട്ടിനു മുൻപ് ഞങ്ങൾ മൂന്നു പേരും ഒന്നിച്ചിരുന്ന് പല തവണ ഡയലോഗുകൾ പറയും, സ്‌ക്രിപ്റ്റിൽ എഴുതിയത് പറയുന്നതിനു പകരം കഴിയാവുന്നത്ര സ്വാഭാവിക സംഭാഷണമാക്കാനാണ് ശ്രമിച്ചത്. ഷെയ്നും ഒരുപാട് സഹകരണത്തോടെയാണ് കൂടെ നിന്നത്. ഈ ഡയലോഗ് എനിക്ക് ശരിയാവുന്നില്ല, ഒന്നൂടെ റിഹേഴ്സ് ചെയ്യാം എന്നു പറഞ്ഞാൽ, ഉടനെ കൂടെ റിഹേഴ്സ് ചെയ്യും. ഒരു ഡയലോഗ് പത്തു തവണയൊക്കെ റിഹേഴ്സ് ചെയ്തിട്ടുണ്ട്. നല്ലൊരു സിനിമ ഉണ്ടാക്കണം എന്നു മാത്രമായിരുന്നു എല്ലാവരുടെയും ലക്ഷ്യം.

ഒരു സംവിധായിക എന്ന നിലയില്‍ സ്വന്തം തീമുകള്‍ എങ്ങനെയാണ് തെരഞ്ഞെടുക്കുന്നത്?
മനസ്സിൽ തോന്നുന്ന ആശയങ്ങൾ പലപ്പോഴും ഞാൻ കുറിച്ചിട്ടും. അവയിൽ ചിലത് സിനിമയായി മാറും. എനിക്ക് പറയാൻ ആഗ്രഹമുള്ള കഥകളാണ് ഞാൻ തിരഞ്ഞെടുക്കുന്നത്. ഒരു കാര്യം എനിക്ക് പറയാനാവും, എന്‍റെ സിനിമകൾ തീർച്ചയായും ഒരു സ്ത്രീപക്ഷ കാഴ്ചപ്പാടിൽ നിന്നുള്ളതാണ്.
മലയാളത്തിലെ സഹപ്രവര്‍ത്തകര്‍, വിപ്ലവം പറഞ്ഞു നടന്നവര്‍, ഇപ്പോള്‍ അനീതികള്‍ക്ക് എതിരെ മുഖം തിരിച്ചു നില്‍ക്കുന്നു എന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അത് പറയാന്‍ പ്രകോപിപ്പിച്ചത് എന്താണ്?
കേരളത്തിൽ നടക്കുന്ന കാര്യങ്ങള്‍ തന്നെയാണ് ഒരു പ്രധാന കാരണം. ഞാനെപ്പോഴും കേരളത്തെ പുറത്തു നിന്നുള്ള ഒരാള്‍ നോക്കി കാണുന്ന പോലെയാണ് കണ്ടിട്ടുള്ളത്. കാരണം ഞാനൊരിക്കലും കേരളത്തിൽ ജീവിച്ചിട്ടില്ല, എന്നെ സംബന്ധിച്ച് ഒരു ഡ്രീം പ്ലെയ്സ് പോലെയാണ് കേരളം. വെക്കേഷൻ സമയത്തും സിനിമയുടെ ഷൂട്ടിംഗ് സമയത്തുമൊക്കെയാണ് കേരളത്തിൽ സമയം ചെലവഴിച്ചിട്ടുള്ളത്. കഴിഞ്ഞ 5-6 വർഷത്തിനിടെയാണ് കേരളവുമായി കുറേക്കൂടി ഇൻവോൾവ്ഡ് ആവുന്നത്. ഇവിടെ വരുന്നു, ആളുകളെ കുറിച്ച് മനസ്സിലാക്കുന്നു. മറ്റൊരു ലെയർ/വശം കാണുന്നത് ഇപ്പോഴാണ്, അത് പഠിച്ചു വരികയാണ്.
കേരളത്തിലെ ആളുകളെ വളരെ ആദരവോടെയാണ് ഞാൻ നോക്കിക്കാണുന്നത്. അവർ വായിക്കാത്ത പുസ്തകങ്ങളില്ല, കാണാത്ത സിനിമകളില്ല, എല്ലാവർക്കും അവരുടേതായ പൊളിറ്റിക്കൽ കാഴ്ചപ്പാടുകൾ ഉണ്ട്. അത്തരത്തിലുള്ള ആളുകളെ മറ്റെവിടെയും ഞാൻ കണ്ടിട്ടില്ല. പക്ഷേ ഇപ്പോൾ എന്താണിവിടെ സംഭവിക്കുന്നതെന്ന് കാണുമ്പോൾ നിരാശ തോന്നുന്നു. അതു കൊണ്ടാണ് ആ പോസ്റ്റ് ഇട്ടത്.
കഴിഞ്ഞ 40 കൊല്ലത്തോളമായി രേവതി ഇവിടെയുണ്ട്. ഈ ഇൻഡസട്രിയുടെ വളരെ പ്രിയപ്പെട്ട ഒരാളായി. ഡബ്ല്യുസിസിയുടെ രൂപീകരണത്തിനു ശേഷം ടേബിളിന്റെ മറുവശത്തിരുന്നു, ഇതേ ഇൻഡസട്രിയുടെ ഒരു റെസിസ്റ്റന്‍സ് നേരിടേണ്ടി വന്നു. അത് എങ്ങനെ കൈകാര്യം ചെയ്തു?
ഇപ്പോള്‍ ഓരോന്നായി പഠിച്ചു പഠിച്ചു വരികയാണ്, എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന്. ഇതൊരു യാത്രയാണ്, മുൻപാരും നടന്നിട്ടില്ലാത്ത പാതയിലൂടെയുള്ള ഒരു യാത്ര. പതിയെ പതിയെ ഞങ്ങളത് കണ്ടെത്തുകയാണ്. ഇതിനെ വിപ്ലവമെന്നു പറയില്ല, ഒരു മൂവ്മെന്റ് എന്നു പറയാം. സമൂഹത്തിനു വേണ്ടി, സമൂഹത്തിന്‍റെ കണ്ടീഷനിംഗ് മാറാനുള്ള ഒരു മൂവ്മെന്റ് ആണ്. ധൈര്യത്തോടെ ജീവിക്കാൻ ഉള്ള പോരാട്ടം. പതുക്കെയേ ആ വഴി ക്ലിയർ ചെയ്തു മുന്നോട്ട് പോവാൻ കഴിയൂവെന്ന് ഞങ്ങൾക്കെല്ലാവർക്കും അറിയാം. ആളുകൾക്ക് അംഗീകരിക്കാൻ പ്രശ്നങ്ങളുണ്ടാവും, കുറേ തടസ്സങ്ങളുണ്ടാവും, സമയമെടുക്കും. എന്നാലും ചില സമയത്ത് ഇത്രയധികം റെസിസ്റ്റൻസ് ഉയർന്നു വരുന്നത് അപ്രതീക്ഷിതമാണ്.
ഈ മാറ്റങ്ങളെല്ലാം വരുത്താൻ ആഗ്രഹിക്കുന്നത് നമ്മുടെ കുട്ടികൾക്കും ഭാവി തലമുറയ്ക്കും വേണ്ടിയാണ്, അതിനൊക്കെ എന്തിനാണ് ഇത്ര റെസിസ്റ്റൻസ് ഉണ്ടാവുന്നതെന്നു എനിക്ക് മനസ്സിലാവുന്നില്ല.
പബ്ലിക്കിന്റെ വശത്തു നിന്ന് എന്നോടുള്ള സമീപനത്തില്‍ വ്യത്യാസം തോന്നിയിട്ടില്ല. പക്ഷേ എന്റെ സഹപ്രവർത്തകരിൽ നിന്നുള്ള പെട്ടെന്നുള്ള മാറ്റം… അതാണ് എനിക്ക് ഷോക്കിംഗ് ആയത്. തമിഴ്നാട്ടിലും ഞാനെന്‍റെ രാഷ്ട്രീയം വെളിപ്പെടുത്തിയിട്ടുണ്ട്, പക്ഷേ അവിടെയൊന്നും ഞാനീ വ്യത്യാസം കണ്ടിട്ടില്ല.
ഏറെ കാലങ്ങള്‍ക്ക് ശേഷം സംവിധാനത്തിലേക്ക് വീണ്ടും കടക്കുകയാണ്. ആ ചിത്രത്തെക്കുറിച്ച് ഇപ്പോള്‍ എന്ത് പറയാന്‍ സാധിക്കും?
ഫെബ്രുവരി ആദ്യ വാരം സിനിമയുടെ ജോലികൾ ആരംഭിക്കും. അതിനു ശേഷമായിരിക്കും സിനിമയുടെ പേരും മറ്റു വിവരങ്ങളും പറയാന്‍ സാധിക്കുക.
Read Here: രേവതി വീണ്ടും സംവിധായികയാവുന്നു; കജോൾ നായിക