scorecardresearch

Latest News

അഭിനയിക്കാന്‍ ആഗ്രഹമില്ല, ചില നല്ല കഥകള്‍ പറയണമെന്നുണ്ട്

“എനിക്കൊരിക്കലും അഭിനയിക്കാൻ തോന്നിയിട്ടില്ല. ചില നല്ല കഥകൾ പറയാനുണ്ട്. കൂടുതൽ എഴുതാനും, കൂടുതൽ സിനിമകൾ നിർമിക്കാനുമാണ് ആഗ്രഹിക്കുന്നത്,” സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ്‌ മേനോന്‍ സംസാരിക്കുന്നു… തന്റെ സിനിമാ സ്വപ്നങ്ങളെക്കുറിച്ച്, പുതിയ ചിത്രമായ ‘സര്‍വ്വം താളമയ’ത്തെക്കുറിച്ച്

Rajiv Menon director, rajiv menon mindscreen, mindscreen, Rajiv Menon new movie, Rajiv Menon ads, Rajiv Menon twitter, Rajiv Menon interviewm Rajiv Menon facebook, Rajiv Menon wife, Rajiv Menon instagram, Sarvam Thaala Mayam, Sarvam Thaala Mayam song, Sarvam Thaala Mayam dingu dongu, Sarvam Thaala Mayam mp3, Sarvam Thaala Mayam songs download, Sarvam Thaala Mayam tracklist, Sarvam Thaala Mayam full movie, Sarvam Thaala Mayam trailer, Rajiv Menon, Sarvam Thaala Mayam movie, Sarvam Thaala Mayam film, Sarvam Thaala Mayam cast, Sarvam Thaala Mayam director, gv prakash, Rajiv Menon news, Rajiv Menon latest news, Rajiv Menon interview, Rajiv Menon career, രാജീവ്‌ മേനോന്‍, സര്‍വ്വം താളമയം, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

പതിനെട്ടു വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ‘സർവ്വം താളമയം’ എന്ന പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ് വിഖ്യാത ഛായാഗ്രഹകനും സംവിധായകനുമായ രാജീവ് മേനോൻ. ‘മിൻസാര കനവ്’, ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’ എന്നീ സൂപ്പര്‍ ചിത്രങ്ങളുടെ അമരക്കാരന്‍, പരസ്യസംവിധായകൻ എന്നതിനേക്കാളൊക്കെ മലയാളിക്ക് ഓർത്തെടുക്കാൻ എളുപ്പം ചിലപ്പോൾ ‘ഹരികൃഷ്ണൻസ്’ എന്ന സിനിമയിലെ ഗുപ്തൻ എന്ന കഥാപാത്രത്തെയാവും. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിച്ച ‘ഹരികൃഷ്ണൻസി’ൽ കവിതയും കഥയും വായനയും സഹൃദയത്വവുമെല്ലാം കൂടെ കൊണ്ടു നടക്കുന്ന, ദുരൂഹതയോടെ ലോകം വിട്ടു പോവുന്ന ഗുപ്തനായി അഭിനയിച്ചത് രാജീവ് മേനോൻ ആയിരുന്നു.

ബോളിവുഡിലും തമിഴിലുമൊക്കെ തിരക്കുകളേറുമ്പോഴും, പ്രശസ്ത ഗായിക കല്യാണി മേനോന്റെ മകനും കൂടിയായ രാജീവ്, എന്നും മലയാളവുമായുള്ള അടുപ്പം കെടാതെ സൂക്ഷിച്ചിരുന്നു. എ ആർ റഹ്മാന്റെ സംഗീതം കൊണ്ട് ശ്രദ്ധേയമാവുന്ന ‘സർവ്വം താളമയ’ത്തില്‍ മലയാളികളായ നെടുമുടി വേണുവും അപർണ ബാലമുരളിയുമൊക്കെയാണ് പ്രധാന താരങ്ങൾ. നിരൂപക പ്രശംസയേറ്റു വാങ്ങി ചിത്രം പ്രദർശനം തുടരുമ്പോൾ ഇന്ത്യൻ എക്സ്പ്രസ്സിനോട് സംസാരിക്കുകയാണ് സംവിധായകന്‍.

‘മിൻസാര കനവ്’, ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’ എന്നീ ചിത്രങ്ങൾക്കു ശേഷം പിന്നീട് സിനിമ ചെയ്തു കണ്ടില്ല. എന്തു കൊണ്ട്?

ഒന്നോ രണ്ടോ വാണിജ്യ സിനിമകൾ ചെയ്യാമായിരുന്നു. പക്ഷേ ചെയ്തില്ല. എനിക്ക് ചെയ്യാൻ തോന്നുന്നത് മാത്രമാണ് ഞാൻ ചെയ്യാറ്. അനേകം സ്‌ക്രിപ്റ്റുകൾ എഴുതി, പക്ഷേ ഒന്നും നടന്നില്ല. ഞാൻ ശ്രമിച്ചു കൊണ്ടേയിരുന്നു എന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ഒരുപാട് ഡ്രാഫ്റ്റുകൾ എഴുതുകയും തിരുത്തി എഴുതുകയും ചെയ്തു. എഴുത്ത് അത്ര എളുപ്പമല്ല എന്നറിയാമല്ലോ, മുഷിപ്പിക്കുന്നതാണ്. ആശയങ്ങൾക്കെല്ലാം ഒരു വളര്‍ച്ചക്കാലമുണ്ട്, ആ കാലത്തിനുള്ളില്‍ അത് നടന്നില്ലെങ്കില്‍ പിന്നീട് നടത്താന്‍ ബുദ്ധിമുട്ടാവും.

എല്ലാരും കരുതും ഞാൻ പണക്കാരനാണ്, നല്ല ഓഫീസ് ഉണ്ട്, പരസ്യങ്ങൾ ഉണ്ടാക്കുന്നു, യാത്ര ചെയ്യുന്നു – പക്ഷേ എന്തൊക്കെത്തരം പ്രശ്നങ്ങളാണ് ഞാന്‍ നേരിടുന്നത് എന്ന് എനിക്ക് മാത്രമേ അറിയൂ. ഒരു ഫിലിംമേക്കര്‍ എന്ന നിലയിൽ ഞാൻ നിരാശപ്പെടുത്തിയിട്ടുണ്ട് എന്നാണ് തോന്നുന്നത്. പല സ്ക്രിപ്റ്റുകളും ആലോചനയിൽ ഉണ്ടായിരുന്നു. ചിലതു കാസ്റ്റിംഗ് പ്രശ്നങ്ങൾ കാരണവും, മറ്റു ചിലത് നിർമാതാക്കൾ ഇല്ലാത്തത് കാരണവും നടന്നില്ല. എവിടെയാണ് എനിക്ക് തെറ്റിയതെന്ന് ഞാൻ ആലോചിച്ചു. അനിൽ കുംബ്ലെയുമൊത്ത് ഒരു സിനിമയുടെ ഗവേഷണവും പ്രീ പ്രൊഡക്ഷനുമായി കുറേ നാൾ സമയം ചിലവഴിച്ചു. ഹൃദയസ്പർശിയായ വിഷയമായിരുന്നു അത്. അപ്പോഴാണ് ‘സര്‍വ്വം താളമയം’ ഉണ്ടായത്. പരസ്യ ചിത്രങ്ങൾ നിർമ്മിക്കുന്നതു പോലെ നമുക്ക് തന്നെ എന്തു കൊണ്ട് ആ ചിത്രം നിർമ്മിച്ചു കൂടായെന്ന് എന്റെ ഭാര്യ ചോദിക്കുകയുണ്ടായി. ഒരുപാട് ‘വാട്ട് ഇഫുകൾ’ (അനിശ്ചിതത്ത്വങ്ങള്‍) മനസ്സിൽ ഉണ്ടായിരുന്നെങ്കിലും അതാണ് ശരിയെന്നു എനിക്കും ബോധ്യപ്പെട്ടു.

Read More: സര്‍വ്വം താളമയം: 18 വര്‍ഷങ്ങള്‍ക്കു ശേഷം എ.ആര്‍.റഹ്മാനും രാജീവ്‌ മേനോനും ഒന്നിക്കുന്ന ചിത്രം, നായിക അപര്‍ണ്ണാ ബാലമുരളി

ഞാൻ ചെയ്യുന്നതും, എഴുതുന്നതുമൊക്കെ കടുത്ത സ്വയം വിമര്‍ശനത്തിനു വിധേയനാക്കുന്ന ആളാണ്‌ ഞാന്‍. എന്റെ മനസിലുള്ള ആശയങ്ങൾ മാർക്കറ്റിൽ വിജയിക്കാൻ ഇടയില്ലാത്തവയാണെന്ന് എനിക്ക് തന്നെ അറിയാം. വലിയൊരു സ്റ്റാറിനെ വെച്ച് സിനിമ ചെയ്തുള്ള മത്സരത്തിന് പോകാനും എനിക്ക് താല്പര്യമില്ല. സ്വകാര്യവും, ലളിതവും, എനിക്ക് താദാത്മ്യം തോന്നിപ്പിക്കുന്നതുമായ കഥകൾ ഉണ്ടാക്കാനാണ് എനിക്കാഗ്രഹം. എഴുതുമ്പോൾ എപ്പോഴും എന്റെ മനസ്സിൽ ഒരു ചിന്തയെ ഉണ്ടാകാറുള്ളൂ – സത്യസന്ധവും ആധികാരികവുമായിരിക്കണം എഴുത്ത് എന്നത്.

 

കർണാടക സംഗീതത്തിനോടുള്ള താല്പര്യം കൊണ്ടാണോ ‘സര്‍വ്വം താളമയം’ എന്നൊരു സിനിമ?

എന്റെ അമ്മയ്ക്ക് നാലപ്പത് വയസു കഴിഞ്ഞ സമയത്താണ് അച്ഛൻ മരിച്ചത്. പക്ഷേ അമ്മ കരയുന്നത് ഞാൻ കണ്ടിട്ടില്ല. വീടിന്റെ ഉത്തരവാദിത്വം അവര്‍ ഏറ്റെടുക്കുകയും, അതോടൊപ്പം എന്നും സംഗീതം അഭ്യസിക്കുകയും ചെയ്തു. ഒറ്റയ്ക്കു എല്ലാം സഹിച്ച് അമ്മ ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത് കാണുന്നത് തന്നെ പ്രചോദനം ആയിരുന്നു. അത് കൊണ്ട് തന്നെ, കർണാടക സംഗീതവും അതിനെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള ആഗ്രഹവും, എന്നുമുണ്ടായിരുന്നു. ഏറ്റവും ആഴത്തിലുള്ള മനസംഘര്‍ഷങ്ങളെപ്പോലും മറികടക്കാൻ സംഗീതം കൊണ്ട് സാധിക്കും എന്നതിന് ഞാന്‍ സാക്ഷിയാണ്. ഇത് പോലെ ഭിന്നിപ്പുകൾ ഉള്ളൊരു സമൂഹത്തിൽ മനുഷ്യരെ ഉണർത്തിക്കൊണ്ടു വന്നു, ഒരുമിപ്പിക്കാന്‍  സംഗീതത്തിന് സാധിക്കും.

കർണാടക സംഗീത ലോകത്ത് ഞാന്‍ ഇല്ലെങ്കില്‍ക്കൂടി, അതിന്റെ ഒരു ‘ഇന്‍സൈഡര്‍ വ്യൂ’ എനിക്കുണ്ട്. ടി.എം. കൃഷ്ണ, സഞ്ജയ് സുബ്രമണ്യം, പി. ഉണ്ണികൃഷ്ണൻ എന്നിവരുമായി നല്ല സൗഹൃദമുണ്ട്. നാല് വർഷം മുൻപ് മൃദംഗം ആചാര്യനായ ഉമയാൾപുരം കെ ശിവരാമന്റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി ഒരു ഡോക്യുമെന്ററി തയ്യാറാക്കാമോ എന്നൊരാൾ ചോദിച്ചതനുസരിച്ച് അദ്ദേഹത്തിന്റെ ജീവിതത്തെ വിശദമായി രേഖപ്പെടുത്താൻ തുടങ്ങി.

ഒരിക്കൽ തഞ്ചാവൂരിൽ പോയപ്പോൾ മൃദംഗം നിർമിക്കുന്ന ജോൺസൺ എന്നൊരു വ്യക്തിയെ പരിചയപ്പെട്ടു. അദ്ദേഹം വഴി പരമ്പരാഗതമായി മൃദംഗം നിർമിക്കുന്ന എൺപതോളം കുടുംബങ്ങളെയും കണ്ടു. മൃദംഗം ഉണ്ടാക്കുന്നവരാനെങ്കിലും ആ കുടുംബങ്ങളില്‍ ആര്‍ക്കും മൃദംഗം വായിക്കാൻ അറിയില്ല. എന്നാല്‍ മകനെ ശിവരാമന് കീഴിൽ മൃദംഗം അഭ്യസിക്കാൻ അയക്കുന്നുണ്ടെന്ന് ജോൺസൻ എന്നോട് പറഞ്ഞു.

Read More: എം.എസ്.സുബ്ബുലക്ഷ്മി മുതല്‍ ‘മദ്രാസ്‌ ബീറ്റ്സ്’ വരെ: രാജീവ്‌ മേനോന്‍റെ സംഗീത സ്വപ്‌നങ്ങള്‍

അത് എന്റെ മനസ്സില്‍ ഒരു സ്പാര്‍ക്ക് ഉണ്ടാക്കി. ദൗർഭാഗ്യകരമായ കാര്യമല്ലേ? ഒരു കുഞ്ഞിന് ജന്മം നല്കാൻ കഴിയാത്ത ഗൈനക്കോളജിസ്റ്റിന്റെ അവസ്ഥ പോലെ. കുറെ കാലങ്ങളായി ഈ ജോലി ചെയ്യുകയും എന്നാൽ സ്വയം ഒരു കുഞ്ഞിന് ജന്മം നൽകാനും കഴിയാത്ത അവസ്ഥ. ചെന്നൈ കലാക്ഷേത്രയിലേക്ക് ഇന്ത്യയിലെ പലയിടങ്ങളിൽ നിന്നായി ചെറുപ്പക്കാരായ കലാകാരൻമാർ സംഗീതം പഠിക്കാൻ വരുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഒരു എൻജിനീയറിങ് ജോലി വാങ്ങി നല്ലൊരു മാസശമ്പളത്തിനു അവർക്ക് സുഖമായി കഴിയാം. പക്ഷേ അവരത് ചെയ്തില്ല. കാരണം, കല അവർക്കു പ്രധാനമാണ്, അതിനായി അവർ എത്ര കടുത്ത സാഹചര്യത്തിൽ കൂടെയും കടന്നു പോകാൻ തയ്യാറാണ്. അതിശയകരമാണ് അത്.

സംഗീതത്തിനോടൊരു പ്രത്യേക ചായ്വുണ്ട് എന്റെ എല്ലാ ചിത്രങ്ങള്‍ക്കും. പാടാനും നൃത്തം ചെയാനുമറിയുന്ന കഥാപാത്രങ്ങളെയാണ് എനിക്കിഷ്ടം. ‘മിൻസാരക്കനവ്’ പകുതി ‘ബാർബർ ഓഫ് സെവില്ലും’ (Barber of Seville) പകുതി ‘സൗണ്ട് ഓഫ് മ്യൂസിക്കു’മാണ് (Sound of Music). ജെയിൻ ഓസ്റ്റിന്റെ ‘സെൻസ് ആൻഡ് സെൻസിബിളിറ്റി’യെ അടിസ്ഥാനപ്പെടുത്തിയാണ് ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’ എടുത്തത്‌.

 

ജാതി വ്യവസ്ഥയേയും കർണാടക സംഗീതത്തിന്റെ പാരമ്പര്യത്തിനെയും ചുറ്റിപറ്റിയുള്ള സിനിമ ചെയ്ത അനുഭവം എങ്ങനെയായിരുന്നു?

‘ജാതി’ പരാമര്‍ശിക്കപ്പെടുന്നില്ല ‘സർവ്വം താളമയ’ത്തിൽ. പക്ഷേ അടിച്ചമര്‍ത്തപ്പെട്ടവന്റെ കഥയാണ് അത്. ആ സിനിമ ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട് – നമ്മുടെ സിസ്റ്റം, വ്യക്തികൾ അങ്ങനെ പലതും. കര്‍ണാടക സംഗീതപഠനത്തെക്കുറിച്ചും അവതരണത്തെക്കുറിച്ചും പറയുന്നുണ്ട് ചിത്രത്തില്‍. എളുപ്പത്തിൽ നിർമിക്കാൻ കഴിയുന്നൊരു സിനിമ അല്ലായിരുന്നു ‘സര്‍വ്വം താളമയം’. അതിൽ ജീവതമുണ്ട്. മദ്രാസ്‌ മ്യൂസിക് അക്കാദമിയിൽ മക്കൾ കച്ചേരി അവതരിപ്പിക്കും എന്നും ഇപ്പോഴും പ്രതീക്ഷിക്കുന്ന ചില വ്യക്തികളെ കുറിച്ചുള്ള കഥകൾ ഞാൻ കേട്ടിട്ടുണ്ട്. പീറ്റർ എന്ന കഥാപാത്രം എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് അതാണ്‌. അയാൾ ഒരു ഗുരുവിനെ കണ്ടെത്തി സംഗീതം പഠിക്കുന്നു. സ്വീകാര്യതയും അംഗീകാരവും ലഭിക്കാനായി അയാൾ അതിർത്തികൾ മറികടക്കുന്നു.

‘സർവ്വം താളമയത്തി’ലെ കഥാപാത്രങ്ങളോടും സാഹചര്യങ്ങളോടും താദാത്മ്യം പ്രാപിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ആ അനുഭവമാണ് ഏതൊരു സിനിമയും ലക്ഷ്യം വയ്‌ക്കേണ്ടത് – മനുഷ്യരുടെ മനസിനെ എങ്ങനെ സ്പര്‍ശിക്കാം എന്ന്. നിങ്ങൾ വളരെ തീവ്രമായി അനുഭവിക്കുന്നൊരു വികാരം അതേയളവില്‍ മറ്റുള്ളവരെ അതു പോലെ അനുഭവിപ്പിക്കാനായി നിങ്ങൾ എന്തു ചെയ്യും? ഒരു സിനിമ എടുക്കുക എന്നതാണ് പ്രധാന സാധ്യത.

താരാരാധനയ്ക്കും പ്രണയത്തിനും അപ്പുറം ഒരാളുടെ ജീവിതത്തിന്റെ പരമമായ ലക്ഷ്യത്തിലേക്കാണ് ഈ സിനിമയുടെ അടിസ്ഥാന പ്രമേയം വിരല്‍ ചൂണ്ടുന്നത്. എല്ലാത്തിനെയും തമ്മിൽ ബന്ധിപ്പിച്ചു നിർത്തുന്ന സംഗീതമെന്ന ശക്തി വഴി പീറ്റർ തന്റെ ലക്ഷ്യം നേടിയെടുക്കുന്നു. ചലച്ചിത്രോത്സവങ്ങളിൽ ഈ സിനിമ പ്രദർശിപ്പിച്ചപ്പോൾ പ്രേക്ഷകർ ആ വികാരങ്ങളോട് മനോഹരമായി കണക്റ്റ് ചെയ്യുന്നത് കാണാന്‍ സാധിച്ചു.

 

എന്തു കൊണ്ട് മൃദംഗം?

അതിഗംഭീരമായൊരു ഉപകരണമാണ് മൃദംഗം. അത് നിർമ്മിക്കുവാനായി നിങ്ങൾക്ക് പശുവിന്റെയോ, എരുമയുടെയോ, ആടിന്റേയോ തോൽ വേണം. ഈ മൃഗങ്ങളിൽ, പ്രസവം കഴിഞ്ഞ മൃഗത്തിന്റെ തോൽ കൂടെയാണെങ്കിൽ ഏറ്റവും നല്ലത. മൃദംഗം നിർമിക്കുന്നവരിൽ കൂടുതലും തഞ്ചാവൂരിനും അതിനടുത്തുമായി താമസിക്കുന്ന ദളിതരാണ്. 1920 കളുടെ സമയത്താണ് ഈ ഒരു സംവിധാനം തുടങ്ങിയതെന്നാണ് കണക്കാക്കുന്നത്. സ്ഥിരമായി സംഗീത പരിപാടികൾ അവതരിപ്പിക്കുന്നൊരു വ്യക്തിയാണെങ്കിൽ മൂന്ന് മാസത്തിൽ ഒരിക്കൽ മൃദംഗത്തിന്റെ തോൽ മാറ്റേണ്ടി വരും. എനിക്കിതൊന്നും അറിയില്ലായിരുന്നു, അറിഞ്ഞപ്പോള്‍ വളരെ രസകരമായി തോന്നി.

‘സർവ്വം താളമയ’ത്തിന്റെ അഭിനേതാക്കളിൽ സംഗീതജ്ഞരുമുണ്ടല്ലോ?

ഞാൻ ഒരു സിനിമ നിർമിക്കുകയാണെന്നു എനിക്ക് തോന്നിയതേയില്ല. അത്ര ജീവസുറ്റ അന്തരീക്ഷമായിരുന്നു. പല സീനുകളിലും ലൈവ് ശബ്ദമാണ് ഉപയോഗിച്ചത്. സുമേഷ് നാരായണന്‍ എന്ന ചെറുപ്പക്കാരനായ ഒരു മൃദംഗം വായനക്കാരനെ ഞാൻ യാദൃശ്ചികമായി കണ്ടുമുട്ടി. നെടുമുടി വേണു, വിനീത്, അപർണ ബാലമുരളി എന്നിവരും കലയുമായി ബന്ധപ്പെട്ടവരാണ്. റിയാലിറ്റി ഷോ എപ്പിസോഡിൽ നിന്നുമാണ് സിക്കിൽ ഗുരുചരൺ, പി. ഉണ്ണികൃഷ്ണൻ, ശ്രീനിവാസ്, കാർത്തിക് എന്നിവര്‍ എത്തിയത്. ഇവരെല്ലാം ചേര്‍ന്നപ്പോള്‍ നല്ല രസമായിരുന്നു.

പ്രധാനപ്പെട്ട ഒരു കഥാപാത്രത്തിനായി നെടുമുടി വേണുവിനെ ഉറപ്പിച്ചതിന് ശേഷം പിന്നെ മൂന്ന് മാസത്തേക്ക് അദ്ദേഹത്തിൽ നിന്ന് വിവരമൊന്നും ലഭിച്ചില്ല. ആരോഗ്യപരമായ കാരണങ്ങൾ കൊണ്ടായിരുന്നു അത്. കുറച്ചു ദിവസം കാത്തിരുന്നതിനു ശേഷം ഞാൻ നാസറിനെ കണ്ടു. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. പക്ഷേ നിലത്തു ചമ്രം പടിഞ്ഞിരുന്ന് മൃദംഗം വായിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. അവസാനം വെമ്പു അയ്യര്‍ എന്ന കഥാപാത്രം ചെയ്യാൻ വേണു തന്നെ സമ്മതിച്ചു.

ഒരേ സമയം അഭിനയിക്കാനും മൃദംഗം വായിക്കാനും കഴിയുന്ന ജി.വി. പ്രകാശിനെ പോലെയൊരു വ്യക്തിയെയും ‘സർവ്വം താളമയ’ത്തിൽ ആവശ്യമായിരുന്നു. മൃദംഗം പഠിക്കുവാനായി അദ്ദേഹത്തെ ഞാൻ ഉമയാള്‍പുരം ശിവരാമന്റെ അടുക്കലേക്ക് പറഞ്ഞു വിട്ടു. പെട്ടന്ന് പഠിക്കുന്നൊരു വ്യക്തിയാണ് ജി വി പ്രകാശ്, ഏകദേശം ഒരു നാൽപതു ക്ലാസ്സുകളില്‍ അദ്ദേഹം പങ്കെടുത്തു. ഒടുവിൽ ശിവരാമൻ സർ എന്നോട് പറഞ്ഞു “പ്രകാശിന് താളജ്ഞാനമുണ്ട്”. അതെനിക്ക് വലിയ ആശ്വാസമായി. സിനിമ പൂർത്തിയാക്കുന്നതുവരെ അദ്ദേഹം പീറ്റർ ആയിരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു.

 

ഉമയാൾപുരം ശിവരാമനുമായുള്ള ബന്ധത്തെക്കുറിച്ചു പറയാമോ?

‘സർവ്വം താളമയ’ത്തെക്കുറിച്ച് പറഞ്ഞ അന്നു മുതൽ അദ്ദേഹം വളരെ സന്തോഷവാനാണ്. ഇടപെടുമ്പോള്‍ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുകയോ, തെറ്റായി വ്യാഖ്യാനിക്കപ്പെടുകയോ ചെയ്യുന്ന വ്യക്തിയാണ് ഉമയാള്‍പുരം. പക്ഷേ അദ്ദേഹത്തിന്റെ ഒപ്പം ജോലിചെയ്യുന്നത് തീര്‍ത്തും ആഹ്ളാദകരമാണ്. ജി.വി. പ്രകാശിനെ മൃദംഗം ക്ലാസ്സുകൾക്ക് കണ്ടില്ലെങ്കിൽ അപ്പോള്‍ തന്നെ വിളിച്ചു ചോദിക്കും, “എവിടെ നിങ്ങളുടെ സുഹൃത്ത്, ആളെ കാണാനേ ഇല്ലല്ലോ?”. അത്രയ്ക്കും ഇന്‍വോള്‍വ്ഡ്‌ ആയിരുന്നു അദ്ദേഹം.

എ.ആർ. റഹ്മാനുമായി ചേര്‍ന്ന് ഇതിന് മുന്‍പും പ്രവർത്തിച്ചിട്ടുണ്ട് താങ്കള്‍. ‘സര്‍വ്വം താളമയ’ത്തില്‍ റഹ്മാന്റെ സംഭാവന എന്താണ്?

ഉണ്ടാക്കുന്ന ഈണങ്ങളിൽ പെട്ടെന്നു സംതൃപ്തനാകുന്ന ആളല്ല റഹ്മാൻ. തന്റെ തന്നെ അതിരുകൾ കൂടുതൽ വ്യാപിപ്പിച്ചു, പുതിയ കാര്യങ്ങൾ കണ്ടെത്താൻ ശ്രമിച്ചു കൊണ്ടേയിരിക്കും. ആ പ്രക്രിയ ഞങ്ങൾക്ക് രണ്ടു പേർക്കും ഗുണം ചെയ്തിട്ടുണ്ട്. തൊണ്ണൂറുകളിലാണ് ഞാനും റഹ്മാനും ഒരുമിച്ചു പ്രവർത്തിച്ചു തുടങ്ങിയത്. ഇപ്പോൾ അദ്ദേഹമൊരു അന്താരാഷ്ട്ര സൂപ്പർസ്റ്റാറും ഞാൻ ചെറിയ പരസ്യ ചിത്രങ്ങൾ എടുക്കുന്നൊരു ആളുമായിരുന്നു.

ഇന്ത്യൻ സിനിമ സംഗീതത്തിൽ റഹ്മാന് ശേഷം ഒരു ‘ബ്രേക്ക് ത്രൂ’ കലാകാരനുണ്ട് എന്ന് തോന്നുന്നില്ല. ‘കണ്ണാമൂച്ചി യേനടാ’യും ‘എൻ വീട്ടുതൊട്ടത്തി’ലും കേൾക്കുമ്പോൾ ഇപ്പോഴും എനിക്ക് രോമാഞ്ചം വരും. മുപ്പതു വർഷത്തെ പരിചയമുണ്ട് റഹ്മാനുമായി, എന്നിട്ടും എന്റെ ഒരു ഈണം അദ്ദേഹത്തെ കേൾപ്പിക്കാൻ കൊണ്ടു പോയപ്പോൾ എനിക്ക് വല്ലാത്ത ആശങ്കയുണ്ടായിരുന്നു.

പക്ഷേ അദ്ദേഹത്തിന് അതിഷ്ടപ്പെട്ടു. നന്തനാർ ചരിതത്തിലെ ‘വരുകലാമോ’ പോലെയാണ് ചിത്രത്തിലെ ‘വരലാമാ’ എന്ന ഗാനം. ‘എപ്പോ വരുമോ’ ആണ് ആൽബത്തിലെ ഏറ്റവും ടഫ് ആയ പാട്ട്. രാത്രി മൂന്ന് മണി വരെ അദ്ദേഹത്തിന്റെ സ്റ്റുഡിയോയിൽ ഉണർന്നിരുന്നത് ഇപ്പോഴും ഓർക്കുന്നു. എന്തെങ്കിലും റെക്കോർഡ് ചെയ്തിട്ട് പിന്നെ ഞങ്ങൾ കുറച്ചു മാസത്തേക്ക് അതിലേക്ക് ശ്രദ്ധിക്കാറില്ല. കുറച്ചു നാളുകൾക്ക് ശേഷം വീണ്ടും കേൾക്കും, മാറ്റങ്ങള്‍ വേണോ എന്ന് ആലോചിക്കും. അങ്ങനെ പതുക്കെ വളര്‍ത്തിയെടുക്കുന്ന ഈണങ്ങളാണ്.

</p>

മണിരത്നത്തിന്റെ ‘റോജ’യിലെ നായക കഥാപാത്രം താങ്കൾക്കാണ് ഓഫര്‍ ചെയ്യപ്പെട്ടത്. പിന്നെയത് അരവിന്ദ് സാമി ചെയ്തു. ഇനിയും അഭിനയിക്കാൻ പദ്ധതിയുണ്ടോ?

ഇല്ല. എനിക്കൊരിക്കലും അഭിനയിക്കാൻ തോന്നിയിട്ടില്ല. ചില നല്ല കഥകൾ പറയാനുണ്ട്. കൂടുതൽ എഴുതാനും, കൂടുതൽ സിനിമകൾ നിർമിക്കാനുമാണ് ആഗ്രഹിക്കുന്നത്. ‘റോജ’യ്ക്ക് വേണ്ടി മണി എന്നെ വിളിച്ചപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ‘എനിക്ക് ഈ സിനിമ ഷൂട്ട് ചെയ്യാനാണ് ആഗ്രഹമെന്ന്’. അത് പറഞ്ഞു ഇന്നും മണി എന്നെ കളിയാക്കാറുണ്ട്.

Read More: പതിനെട്ട്‌ തികയ്ക്കുന്ന സുന്ദരികളും സുന്ദരന്മാരും

‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍’ പോലൊരു സിനിമ ഇനിയും പ്രതീക്ഷിക്കാമോ?

വീണ്ടും ഒരു മള്‍ട്ടിസ്റ്റാറര്‍ ചിത്രമോ? ഒരിക്കലുമില്ല (ചിരിക്കുന്നു)

മണിരത്‌നത്തിന്റെ കൂടെ ഇനി എപ്പോഴാണ്?

അത് അദ്ദേഹത്തോട് തന്നെ ചോദിക്കണം. ഒരു ഫോണ്‍ വിളിയ്ക്കപ്പുറത്ത് ഞാനുണ്ട് എന്ന് മണിയ്ക്കറിയാം.

Read in English Logo Indian Express

Stay updated with the latest news headlines and all the latest Interview news download Indian Express Malayalam App.

Web Title: Rajiv menon director cinematographer sarvam thalamayam