‘ക്വീൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് ജെൻസൺ ആലപ്പാട്ട്. മലയാളത്തിനു പുറമെ തമിഴിലും ഈ നടൻ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. തന്റെ പുതിയ സിനിമാവിശേഷങ്ങൾ ഇന്ത്യൻ എക്സ്‌പ്രസ് മലയാളവുമായി പങ്കു വെക്കുകയാണ് ജെൻസൺ.
ക്വീനിന്റെ തമിഴ് പതിപ്പായ ‘ഫ്രണ്ട്ഷിപ്പി’ലും ജെൻസൺ തന്നെയാണ് അഭിനയിച്ചത്. ക്രിക്കറ്റ് ഇതിഹാസം ഹർഭജൻ സിങ്ങും ചിത്രത്തിൽ അഭിനയിച്ചിരുന്നു. ഹർഭജൻ സിംഗിൻറെ ഒപ്പം അഭിനയിച്ചതിന്റെ ത്രില്ല് ഇപ്പോഴും വിട്ടുമാറിയിട്ടില്ലെന്നാണ് ജെൻസൺ പറയുന്നത്. “ലൊക്കേഷനിൽ എത്തി ആദ്യം എടുത്ത സീൻ ഹർഭജൻ എന്നെ കെട്ടിപ്പിടിക്കുന്നതായിരുന്നു. ഒരു വലിയ ആൾ, ലോകം മുഴുവൻ ആരാധിക്കുന്ന ഒരു ക്രിക്കറ്റ് താരം എന്നെ കെട്ടിപിടിച്ചപ്പോൾ വല്ലാതായി. പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭവമായിരുന്നു അത്.”

“ക്യൂനിൽ ചെയ്ത അതേ കഥാപാത്രം തന്നെയാണ് ഫ്രണ്ട്ഷിപ്പിലും. അനിരുദ്ധ് എന്നാണ് കഥാപാത്രത്തിന്റെ പേര്. ക്യൂനിലെ കഥാപാത്രത്തിന്റെ പേരിലാണ് ഞാൻ ഇപ്പോഴും അറിയപ്പെടുന്നത്. പലരും വരുന്നതും പരിചയപ്പെടുന്നതുമെല്ലാം മാടപ്രാവ് ചേട്ടൻ അല്ലേ എന്നു ചോദിച്ചാണ്. അതിൽ എന്നും സന്തോഷം മാത്രമേ ഉള്ളു. ആ കഥാപാത്രം ഇന്നും ആളുകൾക്കുള്ളിൽ ഉള്ളത് കൊണ്ടാണല്ലോ. തമിഴിൽ ആ കഥാപാത്രത്തെ അവതരിപ്പിക്കേണ്ടിയിരുന്നത് യോഗി ബാബുവായിരുന്നു, അദ്ദേഹത്തിന് ഡേറ്റ് ഇല്ലാതെ വന്നപ്പോഴാണ് എന്നെ തേടി അവസരമെത്തിയത്.”

അഭിനയത്തോടുള്ള ഇഷ്ടമാണ് തന്നെ സിനിമയിലേക്കെത്തിച്ചത് എന്ന് ജെൻസൺ പറയുന്നു. “മൂന്നാം ക്ലാസ് മുതൽ നാടകങ്ങളിൽ അഭിനയിക്കാറുണ്ട്. ആ പരിചയമാണ് സിനിമയിലേക്ക് എത്തിച്ചത്. ക്വീൻ സിനിമക്കു ശേഷം സകലകലാശാല, പൂഴിക്കടകൻ, വർക്കി, മുഹബത്തിൻ കുഞ്ഞബ്ദുള്ള എന്നിങ്ങനെ പതിനെട്ടോളം സിനിമകൾ ചെയ്തു. നവംബർ 19ന് പുറത്തിറങ്ങുന്ന ജിജു ജേക്കബ് സംവിധാനം ചെയ്ത ‘എല്ലാം ശരിയാകും” എന്ന സിനിമ ഉൾപ്പെടെ എട്ട് സിനിമകൾ കൂടി മലയാളത്തിൽ റിലീസ് ചെയ്യാനുണ്ട്.”