ഒരു കണ്ണിറുക്കല്‍ കൊണ്ട് ലോക ശ്രദ്ധ പിടിച്ചു പറ്റിയ മലയാളി പെണ്‍കുട്ടി. ഇന്‍സ്റ്റാഗ്രാമില്‍ 6.4 മില്ല്യന്‍ ഫോളോവേര്സ്, ഇന്ത്യാക്കാര്‍ കഴിഞ്ഞ വര്‍ഷം ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തവണ തിരിഞ്ഞ പേര്.
“എല്ലാം സ്വപ്നം പോലെ…” എന്നാണ് പ്രിയാ വാര്യര്‍ പറയുന്നത്. ആദ്യ ചിത്രമായ ‘ഒരു അഡാര്‍ ലവ്’ റിലീസ് ആകാനിരിക്കെ പ്രിയാ വാര്യര്‍ ഇന്ത്യന്‍ എക്സ്പ്രസ്സിനോട് സംസാരിച്ചു.
മൂന്നു മിനിറ്റ് ഗാനത്തിലെ മുപ്പതു സെക്കന്റ്കള്‍ മാത്രം നീണ്ട ‘കണ്ണിറുക്കല്‍ സീന്‍’. ഇത് ഇത്രയും വലിയ ഹിറ്റാകും എന്ന് വിചാരിച്ചിരുന്നോ?
ഇപ്പോള്‍ കിട്ടുന്ന പ്രശസ്തിയൊക്കെ ആസ്വദിച്ചു കൊണ്ട് തന്നെ പറയട്ടെ, ഇത് ഇത്രയും വലിയ ഹിറ്റാകും എന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. ഇന്ന് വരെ എനിക്കറിയില്ല, അത് ഇത്രയും വൈറലായത് എങ്ങനെ എന്ന്. എന്തൊക്കെ പറഞ്ഞാലും, വളരെ ഒരു ചെറിയ വീഡിയോ അല്ലേ അത്. ആ ഷോട്ടിന്റെ ആദ്യ ‘ടേക്ക്’ തന്നെ ഓക്കേ ആയിരുന്നു. ചില ‘ക്യൂട്ട് എക്സ്പ്രസ്ഷന്’ വേണം എന്ന് സംവിധായകന് പറഞ്ഞത് ഞാന്‍ അനുസരിക്കുകയായിരുന്നു. ആളുകള്‍ ഇത്ര കണ്ടു ഇഷ്ടപ്പെടാനും മാത്രം അതില്‍ എന്താണ് ഉണ്ടായിരുന്നത് എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. ഇന്നും, ഞാന്‍ എവിടെപ്പോയാലും ആളുകള്‍ എന്നോട് കണ്ണിറുക്കി കാണിക്കാന്‍ പറയുന്നു. എന്നെ അത് ആലോസരപ്പെടുത്തുന്നില്ല, പക്ഷേ ബോറടിപ്പിക്കുന്നു. ഒരു ഇരുനൂറു തവണയെങ്കിലും ആളുകളുടെ ആവശ്യപ്രകാരം ഞാന്‍ കണ്ണിറുക്കിയിട്ടുണ്ടാകും.
ഈ പ്രശസ്തി ആസ്വദിക്കുന്നുണ്ടോ?
ഇത് എങ്ങനെ മാനേജ് ചെയ്യണം എന്ന് പഠിച്ചു വരുന്നതേയുള്ളൂ. പ്രശസ്തിയില്‍ മതിമറക്കാതെ, ഭൂമിയില്‍ തന്നെ ചവിട്ടി നില്ക്കാന് എന്നെ പ്രേരിപ്പിക്കുന്നത് എന്റെ അമ്മയാണ്. ജീവിതം വലുതായി മാറിയിട്ടൊന്നുമില്ല. കോളേജിലേക്ക് ബസില്‍ പോയിരുന്ന പണ്ടത്തെ അതേ മിഡില്‍ ക്ലാസ് പെണ്‍കുട്ടി തന്നെയാണ് ഞാന്‍ ഇപ്പോഴും. സ്വകാര്യത നഷ്ടപ്പെട്ടു എന്നത് വാസ്തവമാണ്. സെല്‍ഫി എടുക്കാന്‍ എപ്പോഴും ആവശ്യക്കാരുണ്ടാകും. പക്ഷേ ഇപ്പോള്‍ ഞാന്‍ പ്രശസ്തി ഇഷ്ടപ്പെടുന്നും ആസ്വദിക്കുന്നുമുണ്ട്.
ട്രോളുകളെ കാര്യമായി എടുക്കാറുണ്ടോ?
ആദ്യമൊക്കെ വിഷമമായിരുന്നു. പിന്നെ മനസ്സിലായി, ഇതൊക്കെ ഇതിന്റെ ഭാഗമാണ് എന്ന്. ഒരു പബ്ലിക് ഫിഗര്‍ ആകുമ്പോള്‍ ഇതില്‍ നിന്നുമൊക്കെ രക്ഷപ്പെടാന്‍ പറ്റില്ല എന്ന്.
എങ്ങനെയാണ് അഡാർ ലവ്വിൽ എത്തിയത്?
ഞാൻ ചിത്രത്തിന്റെ ഓഡിഷനു ചെന്നപ്പോൾ തെരെഞ്ഞെടുക്കുകയായിരുന്നു. ആദ്യം ഒമർ സാർ ചെറിയൊരു റോളായിരുന്നു നൽകിയിരുന്നത്. എന്നാൽ ചിത്രത്തിലെ ആ കണ്ണിറുക്കൽ വൈറലായതോടെ ഞാൻ ചിത്രത്തിലെ പ്രധാന താരങ്ങളിലൊരാളായി മാറി. എന്റെ കഥാപാത്രത്തിന് പ്രാധാന്യം ലഭിക്കുന്ന രീതിയിൽ ഒമർ സാർ കഥയും തിരക്കഥയും മാറ്റിയെഴുതുകയായിരുന്നു.
ഒരു അഭിനേത്രിയാവണമെന്നായിരുന്നോ ആഗ്രഹം?
കുട്ടിക്കാലം മുതൽ ഞാൻ സ്വപ്നം കാണുന്ന ഒന്നാണ് സിനിമകളിൽ അഭിനയിക്കുക എന്നത്. എന്റെ അമ്മാവൻ എപ്പോഴും പറയുമായിരുന്നു ഒരു നടിയുടെ ലുക്ക് എനിക്ക് കിട്ടിയിട്ടുണ്ടെന്ന്. മോഡലിംഗിൽ ശ്രമിക്കണമെന്ന് പറഞ്ഞതും അദ്ദേഹമാണ്. ഒരു ജൂനിയർ ആർട്ടിസ്റ്റായിട്ടാണ് ഞാൻ സിനിമയിൽ വന്നത്. സത്യത്തിൽ എനിക്കന്ന് മൂന്നു സീനുകളിൽ മാത്രമേ പെർഫോം ചെയ്യാൻ അവസരമുണ്ടായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ ലീഡ് റോളിലെത്തി. എന്റേത് പതിയെ ഉള്ള വളർച്ചയാണെന്നാണ് ഞാൻ കരുതുന്നത്. ഇത്രപെട്ടെന്ന് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ പറ്റുമെന്ന് ഞാൻ കരുതിയിരുന്നില്ല. ചിലപ്പോഴൊക്കെ ജീവിതം എന്നു പറയുന്നത് പ്രവചിക്കാൻ കഴിയാത്തതാണ്. സിനിമ ഫെബ്രുവരി 14 ന് റിലീസിനൊരുങ്ങുമ്പോൾ ഞാനിത്തിരി ടെൻഷനിലാണ്.
എന്താണ് ഒരു അഡാർ ലവ്?
ഇതൊരു ഹൈസ്കൂൾ പ്രണയകഥയാണ്. എല്ലാവർക്കും റിലേറ്റ് ചെയ്യാവുന്ന ഒന്ന്. കുറച്ച് നൊസ്റ്റാൾജിയ ഉണർത്തുന്ന ക്യാമ്പസ് പ്രണയകഥകൾ എപ്പോഴും രസകരമല്ലേ.
തമിഴ് സിനിമകൾ ശ്രദ്ധിക്കാറുണ്ടോ?
ഉണ്ട്. ഞാൻ വിജയ് സേതുപതിയുടെയും ആറ്റ്ലിയുടെയും വലിയൊരു ആരാധികയാണ്. രണ്ടുപേരുടെയും കൂടെ സിനിമകൾ ചെയ്യാൻ ആഗ്രഹമുണ്ട്. ഒരിക്കൽ സാധിക്കുമെന്ന് കരുതുന്നു (ചിരിക്കുന്നു).
ഒരു സിനിമ തിരഞ്ഞെടുക്കുമ്പോൾ പ്രധാനമായും നോക്കുന്നതെന്താണ്?
നല്ലൊരു സ്റ്റോറി നിർബന്ധമാണ്. എന്നെ ചലഞ്ച് ചെയ്യുന്ന, എന്റെ പരിമിതികളിൽ നിന്നു പുറത്തുകൊണ്ടുവരുന്ന, മനസ്സിന് ആവേശം നൽകുന്ന കഥാപാത്രങ്ങൾ ചെയ്യാനാണ് ഞാനാഗ്രഹിക്കുന്നത്. ഒരു നല്ല പെർഫോർമർ ആയി തിരിച്ചറിയപ്പെടാനാണ് ആഗ്രഹം.
ബോളിവുഡിലേക്കും കാലുവെയ്ക്കുകയാണല്ലോ. എത്രത്തോളം ആവേശഭരിതയാണ്?
മലയാളസിനിമ, ബോളിവുഡ് സിനിമ അതുപോലുള്ള വിഭജനങ്ങളില്ല. ഒരു അഭിനേതാവിനെ സംബന്ധിച്ച് തന്റെ ജോലി എന്നു പറയുന്നത് അഭിനയിക്കുക, സിനിമ ചെയ്യുക എന്നാണ്. സിനിമ എന്നു പറഞ്ഞാൽ സിനിമ മാത്രമാണ്, ഭാഷ അവിടെ പ്രശ്നമല്ല.
പത്തുവർഷങ്ങൾക്കു ശേഷമുള്ള പ്രിയവാര്യരെ എങ്ങനെ കാണുന്നു?
ഞാനപ്പോഴും അഭിനയിക്കുകയാവാം (ചിരിക്കുന്നു).
സിനിമകളിൽ സ്പെഷ്യൽ ഡാൻസ് നമ്പറുകൾ ചെയ്യാൻ തയ്യാറാവുമോ?
ഞാൻ കംഫർട്ടബിൾ ആണെങ്കിൽ, എന്നെ ആരെങ്കിലും ട്രെയിൻ ചെയ്യാൻ ഉണ്ടെങ്കിൽ, തീർച്ചയായും ചെയ്യും.
Read more: പ്രണയിച്ചിട്ടില്ല, ഇഷ്ടം ദുൽഖറിനോട്; മനസ്സു തുറന്ന് പ്രിയ വാര്യർ