അനുശ്രീയ്ക്ക് ഇത് ഏറെ മധുരതരമായ ഒരു ക്രിസ്മസ് കാലമാണ്. അനുശ്രീയുടെ രണ്ടു ചിത്രങ്ങൾ ഈ ക്രിസ്മസ് കാലത്ത് തിയേറ്ററുകളിലെത്തുകയാണ്, റോഷൻ ആൻഡ്രൂസ് ചിത്രം ‘പ്രതി പൂവൻകോഴി’യും സുഗീത്- ദിലീപ് ചിത്രം ‘മൈ സാന്റ’യും. പുതിയ ചിത്രങ്ങളുടെ വിശേഷങ്ങൾ ഇന്ത്യൻ എക്സ്‌പ്രസ് മലയാളവുമായി പങ്കു വയ്ക്കുകയാണ് അനുശ്രീ.
“ക്രിസ്മസ് കാലത്ത് രണ്ടു റിലീസ് ആദ്യമായിട്ടാണ്. മുൻപ് ഒരു ഓണക്കാലത്ത് ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ’, ‘ഒപ്പം’ എന്നിങ്ങനെ രണ്ടു ചിത്രങ്ങൾ ഒന്നിച്ച് പ്രദർശനത്തിനെത്തിയിരുന്നു. ‘പ്രതി പൂവൻകോഴി’യും ‘മൈ സാന്റ’യും എനിക്ക് ഒരുപോലെ എക്സൈറ്റ്‌മെന്റ് സമ്മാനിച്ച ചിത്രങ്ങളാണ്,” അനുശ്രീ പറയുന്നു.
Read more: Prathi Poovankozhi Movie Review: പിടക്കോഴി തിരിഞ്ഞു കൊത്തുമ്പോള്‍: ‘പ്രതി പൂവന്‍കോഴി’ റിവ്യൂ
‘പ്രതി പൂവൻകോഴി’യിലെ റോസമ്മ
മാധുരി, റോസമ്മ എന്നിങ്ങനെ രണ്ടു സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. റോസമ്മ മാധുരിയുടെ അടുത്ത കൂട്ടുകാരിയാണ്. ഒരു ടെക്സ്റ്റയിൽ ഷോപ്പിൽ ഒന്നിച്ചു ജോലി ചെയ്യുന്നവർ. ഇരുവരും വരുന്നതും പോവുന്നതുമെല്ലാം ഒരുമിച്ചാണ്. റോസമ്മയ്ക്ക് അറിയാത്ത കാര്യങ്ങൾ മാധുരിക്കോ മാധുരിയ്ക്ക് അറിയാത്ത കാര്യങ്ങൾ റോസമ്മയ്ക്കോ ഇല്ലെന്നു പറയാം. എന്തുവിശേഷവും അങ്ങോട്ടും ഇങ്ങോട്ടും പങ്കുവയ്ക്കുന്ന, ഏത് കാര്യത്തിലും കൂടെ നിൽക്കുന്ന രണ്ടു കൂട്ടുകാർ. എന്റേതായ ചില സ്വഭാവസവിശേഷതകൾ ഒക്കെ റോസമ്മ എന്ന കഥാപാത്രത്തിനുമുണ്ട്.
സ്വപ്ന സാക്ഷാത്കാരമായിരുന്നു അത്
ഞാൻ സിനിമയിലേക്ക് വന്ന സമയത്ത് മഞ്ജു ചേച്ചി അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. അതിനാൽ തന്നെ, ഒരിക്കലും പ്രതീക്ഷിക്കുന്നില്ല മഞ്ജുചേച്ചി സിനിമയിലേക്ക് വീണ്ടും വരുമെന്ന്. എന്നും എനിക്കേറെ ഇഷ്ടമുള്ള നടിയായിരുന്നു മഞ്ജു ചേച്ചി. ഒരുപാട് അഭിമുഖങ്ങളിൽ ഞാനത് പറഞ്ഞിട്ടുണ്ട്. എപ്പോഴെങ്കിലും മഞ്ജുചേച്ചിയെ ഒന്നു നേരിൽ കാണണം, കെട്ടിപിടിക്കണം എന്നൊക്കെ ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ ഒരിക്കലും വിചാരിച്ചതല്ല, ചേച്ചിയ്ക്ക് ഒപ്പം അഭിനയിക്കാൻ കഴിയുമെന്ന്.
ചേച്ചി രണ്ടാമതും അഭിനയത്തിലേക്ക് വന്നപ്പോൾ ആഗ്രഹിച്ചിരുന്നു,എന്നെങ്കിലും ഒന്നിച്ച് അഭിനയിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ… ഇപ്പോഴത് സാധിച്ചു. ഒരു സ്വപ്ന സാക്ഷാത്കാരമാണ് ഇതെന്ന് പറയാം. ടെൻഷൻ ഉണ്ടായിരുന്നു ആദ്യം അഭിനയിക്കുമ്പോൾ, ഇത്രയും സീനിയർ ആയ ആർട്ടിസ്റ്റാണ്, നമ്മൾ കാരണം എന്തെങ്കിലും തെറ്റുവരുമോ, സീനുകൾ വൈകുമോ എന്നൊക്കെ… പക്ഷേ ചേച്ചി ഒരുപാട് സപ്പോർട്ട് ചെയ്തു.
രണ്ടു മാസത്തോളം ഞങ്ങൾ ഒരുമിച്ചായിരുന്നു. ചേച്ചിയോട് ഒരുപാട് സംസാരിച്ചു. ഒരുപാട് നേരം ഒന്നിച്ച് ചെലവഴിച്ചു. രാവിലെ ഷൂട്ടിന് ഏഴുമണിയ്ക്ക് റൂമിൽ നിന്ന് ഇറങ്ങുന്നത് മുതൽ ഞങ്ങൾ കഥാപാത്രങ്ങളുടെ കോസ്റ്റ്യൂമിൽ ആയിരിക്കും. എന്നും യൂണിഫോമിൽ കാണും സംസാരിക്കും തിരിച്ചുപോരും. കഥാപാത്രങ്ങളുടെ വേഷത്തിൽ അല്ലാതെ ഞങ്ങൾ പരസ്പരം കാണുന്നത് പ്രമോഷന്റെ ടൈമിൽ ആണ്.
‘പ്രതിപൂവൻകോഴി’യിലേക്ക് ആകർഷിച്ച ഘടകങ്ങൾ
റോഷൻ ആൻഡ്രൂസ്, മഞ്ജുവാര്യർ, ഉണ്ണിച്ചേട്ടന്റെ സ്ക്രിപ്റ്റ്- ഒറ്റയടിക്ക് പറഞ്ഞാൽ ഇതു മൂന്നും തന്നെയാണ് ആ ഘടകങ്ങൾ. റോഷൻ സാറിന്റെ ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുക, മഞ്ജുചേച്ചിയെ പോലൊരു ആർട്ടിസ്റ്റിനൊപ്പം സ്ക്രീൻ സ്പെയ്സ് പങ്കിടുക, ഉണ്ണി ആറിനെ പോലൊരു എഴുത്തുകാരന്റെ തിരക്കഥയിൽ, സമകാലിക പ്രാധാന്യമുള്ള ഒരു പ്രമേയം പറയുന്ന ചിത്രത്തിൽ അഭിനയിക്കുക- ഇതൊക്കെ മതിയായിരുന്നു എനിക്ക് റോസമ്മ എന്ന കഥാപാത്രമായി മാറാൻ, അധികം ചിന്തിക്കേണ്ടി വന്നില്ല. ചിത്രം കൈകാര്യം ചെയ്യുന്ന വിഷയത്തെ കുറിച്ചു പറഞ്ഞാൽ, ഇങ്ങനെ ഒരു അവസ്ഥ അനുഭവിച്ചിട്ടില്ലാത്തവർ ചുരുക്കമായിരിക്കും.
ജീവിതത്തിൽ ഞാൻ കണ്ട പൂവൻകോഴികൾ
പഠിക്കുന്ന സമയത്തൊക്കെ സിനിമയിൽ പറയുന്ന രീതിയിലുള്ള പൂവൻ കോഴികളെ കണ്ടിട്ടുണ്ട്. പക്ഷേ ആരുടെ അടുത്തു നിന്നും മോശം അനുഭവങ്ങൾ ഉണ്ടായിട്ടില്ല. ചെറിയ കൗണ്ടറടികളും മറ്റും ഉണ്ടായിട്ടുണ്ടെന്നല്ലാതെ മറ്റു ദുരനുഭവങ്ങൾ ഒന്നുമില്ല. കുറേയൊക്കെ ചിരിച്ചു കളയും, ചില കമന്റിനൊക്കെ തിരിച്ചു പറഞ്ഞിട്ടുമുണ്ട്. ഒരു ഗ്രാമപ്രദേശമാണ് ഞങ്ങളുടേത്. സ്ഥിരം കാണുന്ന ആളുകളുടെ കൂടെയാണ് കൂടുതലും യാത്രകൾ. ഒരേ ബസിലാവും പലപ്പോഴും പോവുന്നതും തിരിച്ചുവരുന്നതുമെല്ലാം. ബസിലെ എല്ലാവരെയും ഏറെക്കുറെ പരിചയം കാണും. പരിചയമുള്ള മുഖങ്ങൾ, അതുകൊണ്ടാവാം അടുത്തുനിന്ന് മോശം അനുഭവങ്ങൾ ഉണ്ടാവാറില്ലല്ലോ. പിന്നെ, തനിയെ യാത്ര ചെയ്യാൻ തുടങ്ങിയപ്പോഴേക്കും ആർട്ടിസ്റ്റായി. എപ്പോഴും ആരെങ്കിലുമൊക്കെ കൂടെ കാണും.
ദിലീപേട്ടൻ എന്ന സുഹൃത്ത്
എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ദിലീപേട്ടൻ. ഞാനെപ്പോഴും പറയാറുണ്ട്, സിനിമയിൽ ഒരുപടി മേലെ സൗഹൃദം ആരോടെങ്കിലും ഉണ്ടെങ്കിൽ അത് ദിലീപേട്ടനോടും ചാക്കോച്ചനോടും ആണെന്ന്. രണ്ടുപേരുടെ അടുത്തും ഒരു കംഫർട്ട് തോന്നിയിട്ടുണ്ട്.
ദിലീപേട്ടനോടൊപ്പം, മുൻപ് ‘ചന്ദ്രേട്ടൻ എവിടെയാ’ എന്ന ചിത്രം ചെയ്തു. ‘മൈ സാന്റ’യിൽ ആദ്യം മുതൽ അവസാനം വരെയുള്ളൊരു കഥാപാത്രമൊന്നുമല്ല എന്റേത്. ഒരു കുട്ടിയും സാന്റയും തമ്മിലുള്ള ആത്മബന്ധമായതു കൊണ്ട് ദിലീപേട്ടനും ആ കുട്ടിയുമാണ് കൂടുതൽ സീനുകളിൽ. ആ കുട്ടി എല്ലാം തുറന്നു പറയുന്ന ഒരു ക്ലാസ്മേറ്റ് ഉണ്ട് ചിത്രത്തിൽ. ആ ക്ലാസ്സ്മേറ്റിന്റെ അമ്മയായാണ് ഞാനെത്തുന്നത്. കുട്ടികൾക്ക് ഇഷ്ടം തോന്നുന്ന ഒരു ചിത്രമായിരിക്കും ‘മൈ സാന്റ’ എന്നാണ് പ്രതീക്ഷ. ആ രീതിയിലാണ് ചിത്രമെടുത്തിരിക്കുന്നത്.