ഓണക്കാലം ആഘോഷമാക്കാന്‍ തീയറ്ററുകളിലെത്തിയ മലയാളികളെ അത്ഭുതപ്പെടുത്തിയത് സംവിധായകൻ വിനയനാണ്. ജാതി വ്യവസ്ഥകള്‍ക്കെതിരെ പോരാടിയ ചരിത്ര പുരുഷന്‍ ആറാട്ടുപ്പുഴ വേലായുധ പണിക്കരുടെ ജീവിതം പറഞ്ഞ വിനയന്റെ ‘ പത്തൊമ്പതാം നൂറ്റാണ്ട്’ നിരൂപകപ്രശംസ നേടുകയാണ്. സിനിമയ്‌ക്കൊപ്പം തന്നെ ചിത്രത്തിൽ വേലായുധ പണിക്കരായി നിറഞ്ഞാടിയ നടന്‍ സിജു വില്‍സനും പ്രേക്ഷക പ്രീതി നേടുകയാണ്.

മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ് എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തില്‍ ചെറിയ വേഷം ചെയ്തുകൊണ്ടാണ് സിജുവിന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. പിന്നീടങ്ങോട് ചെറുതും വലുതുമായ വേഷങ്ങളിലൂടെ സിജു മലയാളികള്‍ക്കു സുപരിചിതനായി. ‘പത്തൊമ്പതാം നൂറ്റാണ്ടില്‍’ വേലായുധ പണിക്കരായി സിജു വേഷമിടുന്നു എന്ന വാര്‍ത്ത വന്നപ്പോള്‍ സംശയത്തോടെ നോക്കിയവര്‍ക്കുളള മറുപടിയാണ് ചിത്രത്തിലെ സിജുവിന്റെ പ്രകടനം. കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രത്തിലേക്കുള്ള തന്റെ യാത്രയെക്കുറിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് സംസാരിക്കുകയാണ് സിജു.
ഓണം റിലീസുകളില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയ ചിത്രമാണല്ലോ ‘ പത്തൊമ്പതാം നൂറ്റാണ്ട്’.ചിത്രത്തിനു കിട്ടിയ സ്വീകാര്യതയെക്കുറിച്ച് ആലോചിക്കുമ്പോള്‍ എന്തു തോന്നുന്നു?
വളരെ അഭിമാനം തോന്നുന്നുണ്ട്. ഇങ്ങനെ ഒരു ചരിത്ര സിനിമയില്‍ അതും ആറാട്ടുപ്പുഴ വേലായുധ പണിക്കരുടെ കഥാപാത്രം അവതരിപ്പിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്.
എങ്ങനെയാണ് ‘പത്തൊമ്പതാം നൂറ്റാണ്ടിലേയ്ക്ക് എത്തുന്നത്?
എ കെ സാജന്‍ ചേട്ടനാണ് വിനയന്‍ സറിനു എന്നെ കാണണമെന്നു പറഞ്ഞു വിളിക്കുന്നത്. അങ്ങനെ ഞങ്ങള്‍ കൊച്ചിയില്‍ വച്ചു മീറ്റ് ചെയ്ത സമയത്ത് സര്‍ കഥയെയും കഥാപാത്രത്തെയും കുറിച്ച് പറഞ്ഞുതന്നു. ഒരുപ്പാട് പെര്‍ഫോം ചെയ്യാനുളള കഥാപാത്രമാണെന്നത് കൂടുതല്‍ ആകാംക്ഷയുണ്ടാക്കി. ഞാന്‍ തന്നെയാണ് ആ കഥാപാത്രം ചെയ്യുന്നതെന്ന് യാതൊരു ഉറപ്പും സര്‍ അന്നു പറഞ്ഞിരുന്നില്ല. പിന്നീട് ആറുമാസങ്ങള്‍ക്കു ശേഷമാണ് സര്‍ വിളിച്ച് ഉറപ്പു പറയുന്നത്. അതിനിടയില്‍ ഓഡിഷനുകളൊക്കെ നടക്കുന്നുണ്ടായിരുന്നു പക്ഷെ സാറിനു ഞാന്‍ തന്നെ ഈ കഥാപാത്രം ചെയ്യണമെന്നായിരുന്നു ആഗ്രഹം.
വേലായുധ പണിക്കരാകുവാന്‍ ശാരീരികമായി ഒരുപാട് കഷ്ടപ്പെട്ടെന്നു തോന്നുന്നു?
ആദ്യ മീറ്റിങ്ങില്‍ ബോഡി നല്ല ഫിറ്റായിരിക്കണമെന്ന് വിനയന്‍ സര്‍ പറഞ്ഞിരുന്നു. ആറുമാസത്തോളം അതിനായി ചിലവഴിച്ചിട്ടുണ്ട്. കളരി, കുതിരയോട്ടം ഇതെല്ലാം പഠിച്ചെടുത്തു. ഇതുവരെ ഞാന്‍ ചെയ്ത സിനിമകളില്‍ നിന്നു തികച്ചും വ്യത്യസ്തമായൊരു വേഷമായതു കൊണ്ട് എത്ര എഫര്‍ട്ട് എടുക്കാനും ഞാന്‍ തയ്യാറായിരുന്നു.
ശാരീരികമായി അല്ലാതെ വേറെ എന്തെങ്കിലും വെല്ലുവിളി നേരിടേണ്ടി വന്നിരുന്നോ
ജനുവരിയിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിടുന്നത്. ആരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്ന് അതുവരെ ആര്‍ക്കും വ്യക്തമല്ലായിരുന്നു. പോസ്റ്ററിന്റെ താഴെ പോസ്റ്റീവ് കമന്റുകള്‍ക്കൊപ്പം ‘ഇവന്‍ ചെയ്താല്‍ ശരിയാകുമോ?’ എന്നു തരത്തിലുളള നെഗറ്റീവ് കമന്റുകളുമുണ്ടായിരുന്നു. സാറിനു ആ കാര്യത്തില്‍ ആത്മവിശ്വാസം ഉണ്ടായിരുന്നു, അതുകൊണ്ട് ആ കമന്റുകളൊന്നും എന്നെയും ബാധിച്ചില്ല.

ഒരുപ്പാട് അഭിനന്ദനങ്ങള്‍ പല ആളുകളില്‍ നിന്നായി ലഭിച്ചു കാണുമല്ലോ. അതില്‍ ഏറ്റവും പ്രിയപ്പെട്ടത് ഏതായിരിക്കും.
സാധാരണക്കാരാണ് എന്നെ കൂടുതലും വിളിച്ചത്. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകള്‍ എവിടുന്നൊക്കെയോ നമ്പര്‍ കിട്ടി വിളിച്ച് അഭിനന്ദനം അറിയിക്കുന്നുണ്ട്. 15 -20 മിനിറ്റൊക്കെ അഭിനയത്തെപ്പറ്റി അവരെന്നോട് സംസാരിക്കുന്നു. സിജുവിനെയല്ല സ്‌ക്രീനില്‍ വേലായുധ പണിക്കരെയാണ് കാണാന്‍ കഴിഞ്ഞതെന്നു കേള്‍ക്കുമ്പോള്‍ ഒരുപാടു സന്തോഷം തോന്നി.
പുതിയ സിനിമകള്‍ ഏതൊക്കെയാണ്?
വിനയന്‍ സറിന്റെയും മേജന്‍ രവി സറിന്റെയും പ്രൊജക്റ്റുകളുടെ ചര്‍ച്ച നടക്കുന്നുണ്ട്. മൊഹ്‌സിന്‍ കാസിമിന്റെ സിനിമയാണ് ഇനി ചെയ്യാന്‍ പോകുന്നത്. റിലീസാകാനുളളത് റോഷന്‍ ആന്‍ഡ്രൂസിന്റെ ‘സാറ്റര്‍ഡേ നൈറ്റാണ്.’