സ്പോർട്സിന്റെ പശ്ചാത്തലത്തിൽ നിരവധി സിനിമകൾ ഇതിനു മുൻപും മലയാളത്തിലുണ്ടായിട്ടുണ്ട്. ഏറെ ജനപ്രീതി നേടിയ ‘സുഡാനി ഫ്രം നൈജീരിയ’ ആയിരുന്നു ഈ ഗണത്തിൽ പെട്ട ഏറ്റവും അടുത്ത് റിലീസ് ചെയ്ത ചിത്രങ്ങളിലൊന്ന്. ഇപ്പോഴിതാ ‘ഫുട്ബോൾ ക്രേസു’ള്ള എട്ടു വയസ്സുകാരി പെൺകുട്ടിയുടെ കഥയുമായി ‘പന്ത്’ എന്നൊരു ചിത്രം കൂടി ഇന്ന് റിലീസിനൊരുങ്ങുകയാണ്.
വികൃതിക്കാരിയായ ആമിന എന്ന പെൺകുട്ടി ഒരു ഫുട്ബോൾ സ്വന്തമാക്കാൻ നടത്തുന്ന ശ്രമങ്ങളുടെ കഥ പറയുന്ന ചിത്രത്തിനു പിറകിലും ഒരു കുഞ്ഞു കൗതുകം ഒളിച്ചിരിപ്പുണ്ട്. അച്ഛന്റെ ക്യാമറയ്ക്കു മുന്നിൽ മകളാണ് കേന്ദ്ര കഥാപാത്രമായെത്തുന്നത്. പരസ്യ സംവിധായകനായ ആദിയുടെ രണ്ടാമത്തെ ചിത്രമായ ‘പന്തി’ൽ കേന്ദ്ര കഥാപാത്രമായെത്തുന്നത് മകളായ അബനി ആദിയാണ്. 2016ൽ ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ’ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്ഡും അബനി കരസ്ഥമാക്കിയിരുന്നു.
സംവിധായകൻ ആദിയും മകൾ അബനിയും ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് ‘പന്തി’ന്റെ വിശേഷങ്ങൾ പങ്കു വെച്ചു.
“ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു സിനിമയാണ് ‘പന്ത്’. സ്പോർട്സ് സിനിമ എന്നതിനേക്കാളും നിരവധി വൈകാരിക നിമിഷങ്ങളിലൂടെ കടന്നു പോകുന്നൊരു കഥയാണ് സിനിമയുടേത്. ഫുട്ബോളിനോട് ക്രേസുള്ള എട്ടു വയസ്സുകാരിയായ ആമിന എന്ന പെൺകുട്ടിയാണ് സിനിമയുടെ കേന്ദ്രകഥാപാത്രം. കളിക്കാനായി അവളൊരു ഫുട്ബോൾ കണ്ടെത്താനുള്ള ശ്രമത്തിലാണ്. വളരെ യാഥാസ്ഥിതികമായ മലപ്പുറം ജില്ലയിലെ ഒരു ഗ്രാമത്തിൽ, പർദ്ദയൊക്കെ ധരിച്ച് വളരുന്ന ഒരു പെൺകുട്ടി ഫുട്ബോൾ കളിക്കുന്നതു പോലും പ്രശ്നമാകുന്നിടത്ത് ആമിന തന്റെ സ്വപ്നത്തിനു പിന്നാലെ സഞ്ചരിക്കുകയാണ്. ആമിനയുടെ ആ യാത്രയ്ക്കിടയിൽ അമ്മൂമ്മക്കഥകളിലൂടെയും മിത്തുകളിലൂടെയും ആ നാട്ടിലെ ചുറ്റുവട്ടത്തുള്ള ആളുകളുടെ ജീവിതം കൂടി കഥയുമായി ബന്ധിക്കപ്പെടുകയാണ്. പന്ത് തേടിയുള്ള യാത്രയിൽ ആമിന ചെന്നു ചാടുന്ന പ്രശ്നങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്,” സിനിമയെക്കുറിച്ച് ആദി വിവരിച്ചതിങ്ങനെ.
അച്ഛനൊപ്പം അഭിനയിക്കാൻ ആണോ മറ്റു അങ്കിൾമാരുടെ ചിത്രത്തിൽ അഭിനയിക്കാനാണോ കൂടുതൽ ഇഷ്ടമെന്ന ചോദ്യത്തിന് ‘ആരുടെ സിനിമയായാലും കുഴപ്പമില്ല’ എന്ന വളരെ ഡിപ്ലോമാറ്റിക് ആയൊരു ഉത്തരമാണ് അബനി നൽകിയത്. “എനിക്ക് അച്ഛനെ ഇച്ചിരി പേടിയുണ്ട്. ലൊക്കേഷനിൽ അച്ഛൻ വഴക്കൊക്കെ പറയുമായിരുന്നു. ലൊക്കേഷനിൽ ഏറ്റവും ഇഷ്ടം റാബിയ ഉമ്മൂമ്മയേയും തുഷാര ആന്റി (സിനിമയിൽ അമ്മയായി അഭിനയിച്ച നടി)യേയുമാണ്,” അബനി പറയുന്നു.
“ആമിനയെന്ന വികൃതി പെൺകുട്ടിയുടെ കഥ പറയുന്നതിനൊപ്പം തന്നെ ഒരു അമ്മൂമ്മയും കുട്ടിയും തമ്മിലുള്ള ആത്മബന്ധവും സിനിമ പറഞ്ഞു പോവുന്നുണ്ട്. മലപ്പുറം ജില്ലയിൽ ഇപ്പോഴും ഒരു നാലു തലമുറയെങ്കിലും ഉണ്ടാവും. 35 വയസ്സൊക്കെ ആവുമ്പോഴേക്കും അമ്മൂമ്മയാവുന്ന ഏറെ സ്ത്രീകളെ നമുക്ക് കണ്ടെത്താനാവും. ഈ സിനിമയിലും വളരെ പ്രായം ചെന്ന ഒരു അമ്മൂമ്മ കഥാപാത്രമുണ്ട്. ആകാശവാണി ആർട്ടിസ്റ്റ് ആയിരുന്ന റാബിയ ബീഗമാണ് ആ കഥാപാത്രം കൈകാര്യം ചെയ്യുന്നത്,” ആദി കൂട്ടിച്ചേർത്തു.
മഞ്ജു വാര്യരെ കാണാനെത്തുകയും കെട്ടിപ്പിടിക്കുകയമൊക്കെ ചെയ്ത ഒരു അമ്മൂമ്മയെ കുറിച്ചുള്ള വാർത്തകളിൽ നിന്നുമാണ് ആദി തന്റെ സിനിമയിലേക്കുള്ള ഉമ്മൂമ്മയെ കണ്ടെത്തുന്നത്.
“റാബിയ ബീഗം മഞ്ജു വാര്യരെ കാണാൻ വന്ന ഒരു വാർത്ത ഞാനും കണ്ടിരുന്നു. ആ സമയത്ത് ഈ റോളിന് പറ്റിയൊരു മുത്തശ്ശിയെ കണ്ടു കിട്ടാത്ത വിഷമത്തില് ആയിരുന്നു ഞാൻ. അവരുടെ വീഡിയോ കണ്ടപ്പോൾ ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കുന്ന ആ കഥാപാത്രം ഇവരാണെന്ന് തോന്നി. അന്നു തന്നെ ഞാൻ അവരെ അന്വേഷിച്ചു പുറപ്പെട്ടു. അഡ്വാൻസും കൊടുത്ത് എല്ലാം പറഞ്ഞുറപ്പിച്ചാണ് പിറ്റേന്ന് ഞാൻ മടങ്ങിയത്,” ആദി വെളിപ്പെടുത്തി.
മുൻ ആകാശവാണി ആർട്ടിസ്റ്റായിരുന്ന റാബിയ ബീഗത്തിന് 82 വയസ്സുണ്ട് ഇപ്പോൾ. രാമു കാര്യാട്ട് ‘ചെമ്മീനി’ൽ അഭിനയിക്കാൻ ആദ്യം ക്ഷണിച്ചത് റാബി ബീഗത്തെ ആയിരുന്നു. അന്ന് രാമു കാര്യാട്ടിനോട് നോ പറഞ്ഞ റാബിയ ബീഗം, തന്റെ 82-ാം വയസ്സിൽ വെള്ളിത്തിരയിലേക്ക് എത്തുന്നു എന്ന സവിശേഷത കൂടി ‘പന്തി’നുണ്ട്. ആദി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.
“ക്യാമറയ്ക്ക് മുന്നിലും പിറകിലുമായി നിൽക്കുമ്പോൾ അച്ഛൻ-മകൾ എന്നുള്ള ഫീലിംഗ് ഒന്നുമില്ലായിരുന്നെന്നു പറയാം. എന്നെ ഇത്തിരി പേടിയുണ്ട് അബനിയ്ക്ക്. മറ്റുള്ളവരുടെ അടുത്തുള്ള കുസൃതി അധികം എന്നോട് കാണിക്കില്ല. എന്നാലും, മകളെ സിനിമയിൽ അടിക്കുന്ന സീൻ ഷൂട്ട് ചെയ്യുമ്പോഴും അവൾ കരയുന്ന സീനുകൾ ചിത്രീകരിക്കുമ്പോഴുമൊക്കെ എന്റെ ഉള്ളിലെ അച്ഛൻ പുറത്തു വരും. ഷൂട്ടിനിടയിൽ ഒന്നു രണ്ടു തവണ അപകടമുണ്ടായപ്പോഴും എന്റെ ഉള്ളിലെ അച്ഛൻ അസ്വസ്ഥനായിരുന്നു, അതെനിക്ക് ഫീൽ ചെയ്തിരുന്നു.
ഒരു ആർട്ടിസ്റ്റ് എന്ന രീതിയിൽ എനിക്ക് അബനിയോട് ആദരവാണ്. അവൾ എന്റെ മോളായതുകൊണ്ടല്ല അത്. അതെന്താണെന്ന് സിനിമ കാണുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും. സിനിമയിൽ തന്നെയാണ് അതിനുള്ള ഉത്തരമിരിക്കുന്നത്.”, സംവിധായകന് പറഞ്ഞു നിര്ത്തി.
Read more: ഫുട്ബോളിനെ സ്നേഹിച്ച പെൺകുട്ടി; ‘പന്ത്’ ട്രെയിലർ കാണാം
പൊന്നാനിയിലും പരിസര പ്രദേശങ്ങളുമായിട്ടാണ് ‘പന്ത്’ ചിത്രീകരിച്ചിരിക്കുന്നത്. അപ്പോജി ഫിലീംസിന്റെ ബാനറിൽ, ഷാജി ചങ്ങരംകുളമാണ് ചിത്രം നിർമ്മിക്കുന്നത്. അജു വർഗ്ഗീസ്, വിനീത്, നെടുമുടി വേണു, ഇന്ദ്രൻസ്,സുധീർ കരമന, ഇർഷാദ്, സുധീഷ്, ശ്രീകുമാർ, ജയകൃഷ്ണൻ എന്നിവരും ചിത്രത്തിലുണ്ട്.