കേരളത്തിന്റെ സമരചരിത്രത്തിലെ വേറിട്ടൊരു ചുവടുവെപ്പാണ് 1996 ഒക്ടോബർ നാലിന് അയ്യങ്കാളിപ്പട നടത്തിയത്. അത്യന്തം നാടകീയമായി തോന്നിയേക്കാവുന്ന ആ യഥാര്‍ത്ഥ സംഭവത്തിന്റെ പശ്ചാത്തലത്തിൽ നിന്നുമാണ് കെ എം കമൽ സംവിധാനം ചെയ്യുന്ന ‘പട’ എന്ന ചിത്രമെത്തുന്നത്. അയ്യങ്കാളിപ്പടയിലെ റിയൽ ലൈഫ് ഹീറോകളെയും ബന്ധപ്പെട്ട അധികാരികളെയുമെല്ലാം നേരിൽ കണ്ടും സംസാരിച്ചും മാസങ്ങളോളം നീണ്ട റിസർച്ചുകൾക്കൊടുവിലാണ് കമൽ ‘പട’ ഒരുക്കിയത്. മാർച്ച് 11ന് ചിത്രം തിയേറ്ററുകളിലേക്ക് എത്തുമ്പോൾ, ‘പട’യ്ക്ക് മുൻപുള്ള മുന്നൊരുക്കങ്ങൾ, എഴുത്തുവഴികൾ, ചരിത്രത്തിന്റെ വഴിയെ നടത്തിയ അന്വേഷണയാത്രകൾ എന്നിവയെ കുറിച്ചൊക്കെ ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് മനസ്സു തുറക്കുകയാണ് കെ. എം കമൽ.

25 വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു യഥാർത്ഥ സംഭവം സിനിമയ്ക്കായി തിരഞ്ഞെടുക്കാൻ എന്തായിരുന്നു പ്രചോദനം? ഇന്നത്തെ സമൂഹത്തിൽ എത്രത്തോളം പ്രസക്തിയുണ്ട് ‘പട’ മുന്നോട്ട് വയ്ക്കുന്ന വിഷയത്തിന്?
കേരളത്തിലെ, ഇന്ത്യയിലെ ആദിവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു വിഷയമാണ് ‘പട’ പറയുന്നത്. 25 വർഷം മുൻപ് ആ സംഭവം നടന്നപ്പോൾ എന്ത് അവസ്ഥയിലായിരുന്നോ അവിടെ നിന്ന് കേരളത്തിലെ ആദിവാസി സമൂഹത്തിന്റെ ഇന്നത്തെ സാമ്പത്തിക-സാമൂഹികാവസ്ഥ ഒരടി പോലും മുന്നോട്ട് പോയിട്ടില്ല എന്നതാണ് സത്യം. കേരളത്തിലെ ഒരു ശതമാനം മാത്രം വരുന്നൊരു ജനവിഭാഗത്തെ, പാർശ്വവത്കരിക്കപ്പെട്ടവരായി നിർത്താൻ പൊതുസമൂഹത്തിന് എങ്ങനെയാണ് കഴിഞ്ഞത്? ഇക്കാലഘട്ടത്തിലും ആ സമീപനം തുടരാൻ? അന്തർദ്ദേശീയ തലത്തിലുള്ള പൊളിറ്റിക്സ് എടുത്തു നോക്കൂ, അവിടത്തെ ജനത അവരുടെ ഗോത്രവിഭാഗങ്ങളെ എങ്ങനെയാണ് കാത്തുസംരക്ഷിക്കുന്നതെന്നും പൊതുസമൂഹത്തിലേക്ക് അവരെ കൊണ്ടുവരുന്നതെന്നും ആദരിക്കുന്നതെന്നും കാണാം, ഇതൊന്നും മനസ്സിലാക്കാതെയാണ് നമ്മുടെ സമൂഹം അവരെ അവഗണിക്കുന്നത്. 25 വർഷം മുൻപ് നടന്ന ആ സംഭവത്തെ കുറിച്ചു പറയുമ്പോൾ, ആളുകൾ ആദ്യം ചോദിക്കാൻ പോവുന്ന ചോദ്യമെന്താണെന്ന് ബോധ്യമുണ്ടായിരുന്നു. പഴയ സംഭവമല്ലേ, അതെന്തിനാണ് ഇന്ന് പറയുന്നതെന്നാവും. എന്നാൽ അത് വീണ്ടുമൊരു ഒരോർമ്മപ്പെടുത്തലാവുമ്പോൾ, ഇന്നിന്റെ ഒരു യഥാർത്ഥചിത്രം കാഴ്ചക്കാരന് മനസ്സിലാക്കാനാവും.
സിനിമയെന്ന മാധ്യമത്തിലൂടെ എങ്ങനെ ഇത്തരം വിഷയങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ കഴിയുമെന്നാണ് താങ്കൾ കരുതുന്നത്?
എല്ലാവരും കാണുന്നൊരു മീഡിയമായതുകൊണ്ടു തന്നെ സിനിമയ്ക്ക് അതിന്റേതായ പ്രസക്തിയുണ്ട്. സിനിമ എപ്പോഴും ഒരനുഭവമാണ്, അത് പ്രണയ സിനിമയായാലും പ്രേതസിനിമയായാലും, അത് നമ്മളിൽ ചില അനുഭവങ്ങൾ ബാക്കിവയ്ക്കുന്നുണ്ട്. സിനിമ കണ്ടിറങ്ങുമ്പോൾ വിനോദത്തിനപ്പുറം അതു നമ്മളെ ചിന്തിപ്പിക്കുന്നുണ്ടെങ്കിൽ എവിടെയോ ഒരു ആത്മപരിണാമം ഉണ്ടാക്കുന്നുണ്ടെന്നാണ് അർത്ഥം.
ഒരു സിനിമയും ലോകത്തെയോ സമൂഹത്തെയോ മാറ്റിമറിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. പക്ഷേ ചോദ്യങ്ങൾ ചോദിക്കാനുള്ള കഴിവുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, ആ ചോദ്യങ്ങൾ കാഴ്ചക്കാരിലേക്ക് പകരാനാവുമെന്നും. പൊതുസമൂഹത്തോട് ചോദിക്കുന്ന ഒരു ചോദ്യവുമായാണ് ഈ സിനിമയും വരുന്നത്. അതിനുള്ള ഉത്തരം നമ്മളിൽ ഓരോരുത്തരിൽ നിന്നുമാണ് വരേണ്ടത്. ചിലപ്പോൾ, ആ ഉത്തരത്തിൽ നിന്ന് ഇനിയുമേറെ ചോദ്യങ്ങളും ഉണ്ടായേക്കാം.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലെ മാനദണ്ഡമെന്തായിരുന്നു?
ഒരു സിനിമ ചെയ്യണമെന്ന് നമ്മൾ പ്ലാൻ ചെയ്യുമ്പോൾ സ്വാഭാവികമായും മനസ്സിലേക്ക് ചില മുഖങ്ങൾ തെളിഞ്ഞുവരും. ആ നാലുപേരുടെ സ്വഭാവ സവിശേഷതകൾ, രൂപസാദൃശ്യം ഇവയൊക്കെ എനിക്കെന്റെ അഭിനേതാക്കളിലേക്ക് എത്തി ചേരാൻ കാരണമായിട്ടുണ്ട്. കഥാപാത്രങ്ങളോട് ഈ അഭിനേതാക്കൾ എത്രത്തോളം അടുത്തു വരുന്നുണ്ടെന്നതായിരുന്നു ഞങ്ങളുടെ മുൻഗണന. അങ്ങനെ നോക്കിയപ്പോഴാണ് വിനായകൻ ബാലുവായതും ചാക്കോച്ചൻ രാകേഷായും ദിലീഷ് നാരായണൻകുട്ടിയായും ജോജു ജോർജ് അരവിന്ദനായും മാറിയത്. പ്രകാശ് രാജ് അവതരിപ്പിച്ച കഥാപാത്രം യഥാർത്ഥത്തിൽ ഒരു മലയാളി ഓഫീസറുടേതാണ്, എന്നാൽ ചിത്രത്തിൽ തമിഴനായ ഒരു ഐഎസുകാരനായാണ് അവതരിപ്പിച്ചത്. അതുവഴി ചിത്രത്തിലേക്ക് ഒരു പാൻ ഇന്ത്യൻ കഥാപാത്രത്തെ കൂടി ഉൾപ്പെടുത്തുകയാണ് ചെയ്തത്.

‘പട’യ്ക്ക് മുൻപുള്ള മുന്നൊരുക്കങ്ങൾ എന്തൊക്കെയായിരുന്നു?
പടയെ കുറിച്ച് ആലോചിച്ചപ്പോൾ, യഥാർത്ഥ സംഭവമാണെങ്കിലും ഒരു സിനിമയെന്ന രീതിയിൽ പരിണമിക്കാനുള്ള കാമ്പുണ്ടെങ്കിൽ മാത്രം നമ്മൾ മുന്നോട്ട് പോയാൽ മതിയെന്നാണ് ഞാൻ നിർമ്മാതാവിനോട് പറഞ്ഞ്. സംഭവിച്ചതാണെന്നു കരുതി എല്ലാം നമുക്ക് സിനിമയാക്കാനാവില്ലല്ലോ, അതിന് അതിന്റേതായ ഒരു ഫോമും നാടകീയവും അത്യന്താപേക്ഷിതവുമായ ചില ഘടകങ്ങൾ കൂടിവേണം. ആ തരത്തിൽ ആഴമുണ്ട് ഈ സംഭവത്തിനെന്ന് എനിക്ക് പറഞ്ഞുതന്നത് അയ്യങ്കാളിപ്പടയിലെ യഥാർത്ഥ നായകന്മാരായ കല്ലറ ബാബു, അജയൻ മണ്ണൂർ, കാഞ്ഞങ്ങാട് രമേശൻ, വിളയോടി ശിവൻകുട്ടി എന്നിവരാണ്, പിന്നെ എംഎൻ രാവുണ്ണിയും. ഇവരാണ് എന്റെ റിസർച്ചിന് ദിശ കാണിച്ചു തന്നത്. കേരളത്തിന്റെ സമരചരിത്രത്തെ കുറിച്ച് നിരന്തരം എഴുതികൊണ്ടിരിക്കുന്ന പത്രപ്രവർത്തകൻ കൂടിയായ ആർകെ ബിജുരാജും റിസർച്ചിൽ എന്നെയേറെ സഹായിച്ചിട്ടുണ്ട്.
2018 ജനുവരിയിലാണ് ചിത്രത്തിന്റെ റിസർച്ച് ഞാൻ തുടങ്ങുന്നത്. അയ്യങ്കാളി പടയുടെ സാക്ഷ്യത്തിന്റെ മറുവശം തപ്പിയുള്ള യാത്രയിൽ അന്നത്തെ ഐജിയായിരുന്ന ജേക്കബ് പുന്നൂർ, സിപി നായർ ഐഎഎസ് എന്നിവരോടും ഞാൻ സംസാരിച്ചു. എന്റെ അന്വേഷണവഴിയിൽ ഞാനവസാനം കണ്ടയാൾ, അന്നത്തെ കളക്ടറായിരുന്ന ഡബ്ല്യുആർ റെഡ്ഡിയെ ആണ്. ഹൈദരാബാദിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.
അന്നത്തെ സംഭവങ്ങളുമായി ബന്ധപ്പെട്ട ഓരോരുത്തരുമായും നടത്തിയ സുദീർഘമായ ചർച്ചകൾ എന്റെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഉത്തരം നൽകി. അന്നേ ദിവസം അവർ കടന്നുപോയ വൈകാരികമായ അവസ്ഥയെ മനസ്സിലാക്കാനും ഈ കൂടിക്കാഴ്ചകൾ സഹായിച്ചിട്ടുണ്ട്. അവരെല്ലാം നൽകിയ വിശദാംശങ്ങളാണ് തിരക്കഥയെ സമ്പന്നമാക്കാൻ സഹായിച്ചത്. റിസർച്ചാണ് എന്തിന്റെയും ‘കീ ഫാക്റ്റർ’ എന്നു കരുതുന്നയാളാണ് ഞാൻ, ആറുമാസത്തോളം സമയമെടുത്ത് സംഭവവുമായി ബന്ധപ്പെട്ട ഓരോ വ്യക്തികളെയും കണ്ടും സംസാരിച്ചുമാണ് തിരക്കഥ ഒരുക്കിയത്.
റിസർച്ചിന്റെ വഴികളിൽ അത്ഭുതപ്പെടുത്തിയ എന്തെങ്കിലും വസ്തുതകളുണ്ടോ?
എന്നെ അത്ഭുതപ്പെടുത്തിയ വസ്തുതകളെല്ലാം സിനിമയിലുണ്ട്. എന്റെ സിനിമ തന്നെ മാറുന്നത് അങ്ങനെയാണ്. മറ്റൊരുദാഹരണം പറയാം, റിസർച്ചിനിടെ എനിക്ക് നേരിട്ട് കാണാനോ സംസാരിക്കാനോ കഴിയാതെ പോയ ഒരാൾ ഈ സംഭവങ്ങളുടെ മധ്യസ്ഥത വഹിച്ച ക്രിമിനൽ അഭിഭാഷകനായ വീരചന്ദ്ര മേനോനെയായിരുന്നു, അന്ന് ധീരമായ നിലപാട് എടുത്തൊരാൾ. 10-12 വർഷങ്ങൾക്കു മുൻപെയാണ് അദ്ദേഹം മരണപ്പെട്ടത്. അദ്ദേഹത്തെ കുറിച്ച് കഴിയാവുന്നത്ര വിവരങ്ങൾ ശേഖരിച്ചിരുന്നെങ്കിലും ഒന്നു നേരിൽ കാണാനായില്ലല്ലോ എന്ന സങ്കടത്തിലിരിക്കുമ്പോഴാണ് തീർത്തും യാദൃശ്ചികമായി ഒരത്ഭുതം സംഭവിച്ചത്. പടയിൽ ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ടിജി രവി സാറാണ്. കഥ പറയാനായി ഞാൻ രവി സാറിനടുത്തെത്തിയപ്പോഴാണ്, അദ്ദേഹവും വീരചന്ദ്ര മേനോനും അടുത്ത സുഹൃത്തുക്കളാണെന്ന് അറിയുന്നത്. പിന്നെ കൂടുതൽ ഒന്നും പറയേണ്ടി വന്നില്ല. എവിടെയോ നഷ്ടപ്പെട്ടെന്ന് കരുതിയ ചിലത് നിയോഗം പോലെ സിനിമയിലേക്ക് തന്നെ വന്നെത്തുകയായിരുന്നു.
ഒരുവേള മരിച്ചുപോയേക്കാം എന്നു തന്നെ വിശ്വസിച്ച്, ധീരമായ സമീപനവുമായി ഇറങ്ങി തിരിച്ച നാലു ചെറുപ്പക്കാർ. യഥാർത്ഥ സംഭവങ്ങൾ സിനിമയുടെ ഫോമിലേക്ക് മാറ്റുമ്പോൾ പരിമിതികളുണ്ടാവുക സ്വാഭാവികം. അതിനിടയിലും, ആ പോരാളികളോട് എത്രത്തോളം നീതി പുലർത്താനായിട്ടുണ്ട്?
എനിക്ക് അധികം കോംപ്രമൈസ് നടത്തേണ്ടി വന്നിട്ടില്ല. സിനിമയുടെ തുടക്കത്തിൽ കൊടുക്കുന്ന ഡിസ്ക്ലൈമർ പോലുള്ള ചെറിയ കാര്യങ്ങളിലല്ലാതെ. എന്റെ റിസർച്ചിൽ നിന്നും വെളിപ്പെട്ട 80 ശതമാനം കാര്യങ്ങൾ തന്നെയാണ് ചിത്രം സംസാരിക്കുന്നത്. പതിവുട്രാക്കുകൾ പിൻതുടരാൻ നിർബന്ധിക്കപ്പെടുന്ന ഒരു അവസ്ഥ എനിക്ക് ഉണ്ടായിട്ടില്ല. സിനിമയ്ക്കായി ഒരു പാട്ടുസീൻ ഉണ്ടാക്കേണ്ടതായോ അല്ലെങ്കിൽ ലവ് ട്രാക്ക് ഉണ്ടാക്കാനായി കുഞ്ചാക്കോ ബോബന് ഒരു കാമുകിയിരിക്കട്ടെ എന്നു കരുതേണ്ടതായോ ഒന്നും വന്നില്ല. എന്നാൽ കഴിയും വിധം കഥയോടും കഥാപാത്രങ്ങളോടും നീതി പുലർത്താൻ കഴിഞ്ഞിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം.
അന്നത്തെ ആ പോരാളികളോട് പലപ്പോഴായി ചർച്ചകൾ നടത്തിയിട്ടുള്ള ഒരാളാണല്ലോ, എങ്ങനെയാണ് അവർ ഈ ചിത്രത്തോട് പ്രതികരിച്ചത്? അവരുടെ ഇന്നത്തെ ചിന്തകളും സമീപനങ്ങളും എങ്ങനെയാണ്?
അന്നെന്തുചെയ്തുവോ അതിലവർക്ക് കൃത്യമായ ബോധ്യമുണ്ടായിരുന്നു. കോടതിയുടെ മുന്നിലും ഞങ്ങളെ വെറുതെ വിടണമെന്നോ ശിക്ഷയിൽ ഇളവ് നൽകണമെന്നോ അവർ ആവശ്യപ്പെട്ടിട്ടില്ല. “ഞങ്ങൾ നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യങ്ങളാണ്, ഇതിനു ഞങ്ങളെ പ്രേരിപ്പിച്ചത്, നിങ്ങൾക്ക് വേണമെങ്കിൽ ശിക്ഷിച്ചോളൂ,” എന്നാണ് അവർ പറഞ്ഞത്. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയിട്ടും ചെയ്ത കാര്യത്തിൽ ഒരു തരത്തിലുള്ള പശ്ചാത്താപവും അവർക്കില്ലായിരുന്നു. അവരെ സംബന്ധിച്ച് ഇപ്പോൾ ആലോചിക്കുമ്പോഴും അത് ശരിയാണ്. കാരണം 25 വർഷങ്ങൾക്കു മുൻപ്, ചെറുപ്പക്കാരായിരുന്ന സമയത്ത് അവർ ചോദിച്ച അതേ ചോദ്യങ്ങൾ ഇന്നും നിലനിൽക്കുന്നു. ആ ചോദ്യങ്ങൾ ഇന്നും പ്രസക്തമാണ്. ചോദ്യങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കണം മാറ്റം വരുവോളം എന്നാണ് അവർ ആഗ്രഹിക്കുന്നത്.
ഈ സിനിമയുടെ കാര്യം ഞാനാദ്യം പറയുമ്പോൾ അവർക്ക് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട്, കുഞ്ചാക്കോ ബോബനും അവാർഡ് നേടിയിട്ടുള്ള ഒരുപറ്റം നടന്മാരുമൊക്കെയാണ് അഭിനയിക്കുന്നത് എന്നറിഞ്ഞപ്പോഴാണ് അവർ വിശ്വസിക്കാൻ തുടങ്ങിയത്. പട, എന്റെ തലമുറ, അവരുടെ തലമുറയ്ക്ക് നൽകുന്ന ഒരു ട്രിബ്യൂട്ട് കൂടിയാണ്. ആദിവാസി ജീവിതങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ വിഷയങ്ങളെ സജീവ ചർച്ചകളിലേക്ക് കൊണ്ടുവരാൻ പടയ്ക്ക് കഴിയുമെന്നാണ് അവരുടെ പ്രതീക്ഷ.

അയ്യങ്കാളിപ്പടയേയും ഈ കഥാപാത്രങ്ങളുടെ ജീവിതവും അടുത്തറിഞ്ഞപ്പോൾ അഭിനേതാക്കളിൽ നിന്നുണ്ടായ പ്രതികരണമെന്തായിരുന്നു?
ഓരോ കഥാപാത്രത്തെ കുറിച്ചും അവർക്ക് കൂടുതൽ അറിയണമായിരുന്നു, പ്രത്യേകിച്ചും നമ്മൾ ചിന്തിക്കുന്ന ഒരു ഫോർമുലയ്ക്ക് വെളിയിൽ നിൽക്കുന്ന സിനിമയായതിനാൽ തന്നെ എല്ലാവർക്കും ധാരാളം സംശയങ്ങളും ചോദ്യങ്ങളുമുണ്ടായിരുന്നു. എന്നാലാവും വിധം അവരുടെ സംശയങ്ങൾ ദുരീകരിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. പലരും യഥാർത്ഥ കഥാപാത്രങ്ങളെ നേരിൽ കാണാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയുണ്ടായി. പ്രകാശ് രാജ് എന്റെയടുത്ത് സിപി നായർ സാറിനെ നേരിൽ കാണാനാവുമോ എന്ന് തിരക്കി. അതുപോലെ, രമേശൻ കാഞ്ഞങ്ങാടിനെ നേരിൽ കാണാൻ പറ്റുമോ? ഇപ്പോൾ അവരുടെ ചിന്തകളും ജീവിതവുമെന്താണ്? എന്നൊക്കെയായിരുന്നു ചാക്കോച്ചന് അറിയേണ്ടിയിരുന്നത്.
25 വർഷങ്ങൾക്കു മുൻപ് ഇടതു സർക്കാർ ഭരണകാലത്ത് നടന്ന പ്രശ്നം. വർഷങ്ങൾക്കിപ്പുറം, ആ സംഭവത്തെ ആസ്പദമാക്കി സിനിമയൊരുങ്ങുമ്പോഴും ഇടതു സർക്കാർ തന്നെ ഭരണത്തിലിരിക്കുന്നു. ഇത് ആകസ്മികമായി സംഭവിച്ചതാണോ ? അതോ ഈ ആകസ്മികതയ്ക്ക് സമൂഹത്തോട് എന്തെങ്കിലും പറയാനുണ്ടോ?
നിങ്ങൾ പറഞ്ഞ ആ ഒരു കോണ്ടസ്റ്റ് ഈ സിനിമയിലുണ്ട്, ഈ ചോദ്യത്തിന്റെ കൃത്യമായ അർത്ഥം ഞാൻ മനസ്സിലാക്കുന്നു. എനിക്കതിന് വ്യക്തമായ ഉത്തരവുമുണ്ട്. പക്ഷേ, സിനിമ ആളുകളിലേക്ക് എത്തിയതിനു ശേഷം അതിനെ കുറിച്ച് പറയുന്നതാവും ഉചിതമെന്നു ഞാൻ കരുതുന്നു.
ഒന്നുമാത്രം പറയാം, ഇത് ആകസ്മികമല്ല, കേരളത്തിന്റെ രാഷ്ട്രീയ സംസ്കാരത്തിന്റെയൊക്കെ ഒരു ലെയർ ഈ ചിത്രത്തിലുണ്ട്. 2022ലാണ് ഈ സംഭവം നടക്കുന്നതെങ്കിൽ എന്തായിരിക്കും അതിന്റെ പ്രത്യാഘാതമെന്ന് ചിലരെങ്കിലും സിനിമ കണ്ടിറങ്ങുമ്പോൾ ചിന്തിക്കാതിരിക്കില്ല.