/indian-express-malayalam/media/media_files/uploads/2019/09/reba.jpg)
Onam 2019: Bigil Actress Reba Monica John Interview: തമിഴകം കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഇളയതളപതി വിജയ് നായകനാകുന്ന 'ബിഗില്‍'. ഒക്ടോബര്‍ മാസം റിലീസ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന 'ബിഗില്‍' ഒരു സ്പോര്‍ട്സ് ആക്ഷന്‍ ചിത്രമാണ്. ഏറെ ആകാംഷയോടെയാണ് തമിഴ് പ്രേക്ഷകര്‍ 'ബിഗില്‍' റിലീസ് കാത്തിരിക്കുന്നത്.
'ബിഗില്‍' എന്ന ചിത്രത്തില്‍ രണ്ടു മലയാളി സന്നിധ്യങ്ങള്‍ ഉണ്ട്. ഒന്ന് നായികയായ, തെന്നിന്ത്യന്‍ താരം നയന്‍താര. മറ്റൊന്ന്, മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്ന റെബ മോണിക്ക ജോൺ. 'ജേക്കബിന്റെ സ്വർഗരാജ്യം', 'പൈപ്പിൻ ചുവട്ടിലെ പ്രണയം' എന്നീ സിനിമകളിലൂടെ സുപരിചിതയായ റെബയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണ് 'ബിഗിൽ'. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വളരെ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെയാണ് റെബ അവതരിപ്പിക്കുന്നത്. 'ബിഗില്‍' അനുഭവങ്ങളെക്കുറിച്ച് റെബ മോണിക്ക ജോൺ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് സംസാരിക്കുന്നു.
Reba Monica John on Vijay starrer Bigil: 'ബിഗിൽ' സിനിമയിലേക്ക് എത്തിയത്
'ബിഗിൽ' അനൗൺസ് ചെയ്ത് ഒരു മാസത്തിനു ശേഷം ആറ്റ്‍ലി സാറിന്റെ ഓഫിസിൽ നിന്നും എനിക്കൊരു കോൾ വന്നു. ഈ സിനിമയിൽ എന്നെ കാസ്റ്റ് ചെയ്യാൻ ആറ്റ്‌ലി സാർ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹത്തെ നേരിൽ പോയി കാണാനും പറഞ്ഞു. കേട്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി. കാരണം ഈ സിനിമയെക്കുറിച്ച് കേട്ടതു മുതൽ അതിന്റെയൊരു ഭാഗമാകാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചിരുന്നു. അത് യാഥാർഥ്യമാകാൻ പോകുന്നുവെന്ന് അറിഞ്ഞപ്പോൾ അതിശയമാണ് തോന്നിയത്. അങ്ങനെ ഞാൻ ആറ്റ്‌ലി സാറിനെ നേരിൽ പോയി കണ്ടു. ഈ സമയത്തൊന്നും 'ബിഗിൽ' എന്ന പേര് സിനിമയ്ക്ക് ഇട്ടിട്ടില്ല.
ഞാൻ അഭിനയിച്ച മലയാളം, തമിഴ് സിനിമകൾ ആറ്റ്‌ലി സാർ നേരത്തെ കണ്ടിട്ടുണ്ട്. തമിഴിലിൽ ഞാൻ ജയ്‌യുടെ കൂടെ 'ജാരുഗണ്ടി' എന്നൊരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഇതിന്റെ ട്രെയിലറും ടീസറും കണ്ടപ്പോൾ തന്നെ 'ബിഗിലിലെ' കഥാപാത്രത്തിന് ഞാൻ ചേരുമെന്ന് തോന്നിയതായി അദ്ദേഹം എന്നോട് പറഞ്ഞു. ആറ്റ്‌ലി സാറിന്റെ രീതി എങ്ങനെയെന്നാൽ അദ്ദേഹം ഒരിക്കലും തിരക്കഥയെക്കുറിച്ച് ഒന്നും പറയില്ല. കഥയെക്കുറിച്ച് ചെറിയൊരു വിവരണം തരും, അത്രയേ ഉള്ളൂ. അല്ലാതെ എനിക്ക് എത്ര സീനുണ്ടെന്നോ, ഏതൊക്കെ സീനാണ് നിങ്ങൾ പെർഫോം ചെയ്യേണ്ടത് എന്നൊന്നും പറയില്ല.
ഇതൊരു ഫുട്ബോൾ സിനിമയാണെന്നും കളിക്കാറുണ്ടോയെന്നും അദ്ദേഹം എന്നോട് ചോദിച്ചു. ഞാൻ പറഞ്ഞു ഇല്ലെന്ന്. ഫുട്ബോൾ എനിക്ക് ഇഷ്ടമല്ല. ഞാൻ ഫുട്ബോൾ കാണാറു കൂടിയില്ല. ഒരു മാസം ട്രെയിനിങ് ഉണ്ടാകുമെന്നും അതിൽ പങ്കെടുത്താൽ മതിയെന്നും അദ്ദേഹം പറഞ്ഞു. പിന്നെ കുറേ മാസം ഈ പ്രോജക്ടിനു വേണ്ടി ചെലവിടേണ്ടി വരുമെന്നും ഇതിനിടയിൽ മറ്റു സിനിമകൾ കമ്മിറ്റ് ചെയ്യാൻ പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റിസ്ക് എടുത്തു കൊണ്ട് ഞാൻ ഓകെ പറഞ്ഞു. ഇത്രയും വലിയൊരു സിനിമയുടെ ഭാഗമാകാൻ കഴിയുന്നല്ലോ എന്നു മാത്രമാണ് ഞാൻ ചിന്തിച്ചത്.
Read Here: തങ്കമനസ്: 'ബിഗിൽ' ടീമിന് സ്വർണ്ണമോതിരം സമ്മാനിച്ച് വിജയ്
/indian-express-malayalam/media/media_files/uploads/2019/09/reba2.jpg)
ബിഗിലിലെ കഥാപാത്രം?
ഈ സിനിമയിൽ വളരെ പ്രധാനപ്പെട്ടൊരു റോളാണ് എന്റേത്. ഞാൻ സിനിമയിൽ കമ്മിറ്റ് ചെയ്ത് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് എന്റെ കഥാപാത്രം എന്താണെന്ന് ആറ്റ്‌ലി സാർ പറഞ്ഞത്. ഈ സിനിമയിലെ ശക്തമായൊരു കഥാപാത്രമാണെന്നും, എനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണെന്നും ആറ്റ്‌ലി സാർ പറഞ്ഞപ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നി. ഫുട്ബോൾ ടീമിലെ ഒരു പ്രധാനപ്പെട്ട കഥാപാത്രമാണ് എന്റേത്. അതാരാണെന്ന് എനിക്ക് ഇപ്പോൾ വെളിപ്പെടുത്താനാവില്ല.
Experiences with Ilaya Thalapathi Vijay, Nayanthara: വിജയ്, നയൻതാര എന്നിവർക്കൊപ്പം അഭിനയിച്ചപ്പോഴുളള അനുഭവം
എന്റെ ആദ്യ സീൻ തന്നെ വിജയ്‌ക്കൊപ്പമായിരുന്നു. നമ്മൾ സിനിമയിൽ മാത്രം കണ്ടിട്ടുളള ഒരാളെ നേരിൽ കാണുമ്പോഴുളള ഫീലിങ് വളരെ വ്യത്യസ്തമാണ്. വിജയ് സാർ വളരെ ശാന്ത സ്വഭാവക്കാരനാണ്. ആരോടും അധികം സംസാരിക്കാറില്ല. പക്ഷേ ഞാൻ കംഫർട്ടബിളായിരുന്നു. ഇത്രയും വലിയൊരു സ്റ്റാറിനൊപ്പം അഭിനയിക്കുമ്പോൾ എനിക്ക് യാതൊരു ബുദ്ധിമുട്ടും തോന്നിയില്ല. ദളപതി വിജയ്‌ക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് വളരെ മികച്ചൊരു അനുഭവമാണ്.
പ്രൊഫഷണൽസാണ് വിജയ് സാറും നയൻതാരയും. അഭിനേതാക്കൾ എന്ന നിലയിൽ രണ്ടു പേരിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. സെറ്റിൽ കൃത്യസമയത്ത് എത്തുന്നത്, ക്യമാറയ്ക്ക് മുന്നിൽ എത്തുമ്പോൾ അവരുടെ മാറ്റം, ഓരോ സീനും അവർ ഉൾക്കൊണ്ട് അഭിനയിക്കുന്നത് തുടങ്ങി ഒട്ടേറെ കാര്യങ്ങളുണ്ട്.
നയൻതാരയ്ക്കൊപ്പവും എനിക്ക് സീനുണ്ടായിരുന്നു. സെറ്റിൽ മലയാളികളായി ഞങ്ങൾ രണ്ടുപേർ മാത്രമായിരുന്നു. അതു കൊണ്ടു ഞങ്ങൾ ഒരുപാട് സംസാരിക്കുമായിരുന്നു. മലയാളം സിനിമകളെക്കുറിച്ചും പേഴ്സണൽ കാര്യങ്ങളെക്കുറിച്ചും സംസാരിക്കുമായിരുന്നു. വളരെ ഫ്രണ്ട്‌ലിയാണ് നയൻതാര. ഇത്രയും വലിയ രണ്ടു താരങ്ങൾക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞതുതന്നെ ഭാഗ്യം. ഏകദേശം മൂന്നു നാലു മാസത്തോളം ഷൂട്ടുണ്ടായിരുന്നു. അതിനാൽ തന്നെ ഒരുപാട് സമയം ഇരുവർക്കൊപ്പവും ചെലവിടാൻ കിട്ടി.
Sakalakala Vallabha in Kannada: കന്നഡയിലെ പുതിയ സിനിമ
തമിഴ് സിനിമ 'നാനും റൗഡി താൻ' എന്ന സിനിമയുടെ കന്നഡ റീമേക്കാണ് 'സകലകല വല്ലഭ'. തമിഴിൽ നയൻതാര ചെയ്ത വേഷമാണ് കന്നഡയിൽ ഞാൻ ചെയ്യുന്നത്. നയൻതാര ചെയ്തൊരു റോൾ ചെയ്യുമ്പോൾ താരതമ്യം വരുമെന്ന ടെൻഷനുണ്ടായിരുന്നു. പക്ഷേ ഞാൻ കോപ്പി ചെയ്യാതെ വ്യത്യസ്തമായ രീതിയിൽ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. അത് വർക്കാകുമെന്നാണ് കരുതുന്നത്.
Reba Monica John Malayalam Films: ജേക്കബിന്റെ സ്വർഗരാജ്യം
'മിടുക്കി'' ഷോ കഴിഞ്ഞ് പരസ്യത്തിൽ അഭിനയിക്കുന്ന സമയത്താണ് ഈ സിനിമയിലേക്ക് കാസ്റ്റിങ് ഡയറക്ടറായ ദിനേശ് പ്രഭാകർ എന്നെ വിളിക്കുന്നത്. നിവിനാണ് നായകൻ എന്നു പറഞ്ഞപ്പോൾ തന്നെ ഞാൻ എക്സൈറ്റഡ് ആയി. ആ സമയത്ത് നിവിന്റെ 'പ്രേമം' സിനിമ റിലീസ് ചെയ്തിട്ടേയുളളൂ. പിന്നെ സംവിധായകൻ വിനീത് ശ്രീനിവാസനാണെന്നു കൂടി പറഞ്ഞപ്പോൾ ചെയ്യാമെന്നു കരുതി. ആ സിനിമയിലെ എന്റെ ആദ്യ ഷോട്ട് നിവിനൊപ്പമായിരുന്നു. പരസ്യം ചെയ്തിട്ടുണ്ടെങ്കിലും സിനിമ വളരെ വ്യത്യസ്തമാണ്. അതിന്റെ ചെറിയൊരു ടെൻഷനുണ്ടായിരുന്നു. പക്ഷേ മൂന്നു ഷോട്ടിൽ അത് ഓകെ ആയി. പിന്നെ നിവിനും വളരെ സപ്പോർട്ടീവായിരുന്നു. നിവിന് തുടക്കത്തിൽ സംസാരിക്കാൻ ബുദ്ധിമുട്ടാണ്. സംസാരിച്ചു കഴിഞ്ഞാൽ നല്ലവണ്ണം സംസാരിക്കും.
Favourite Actors: ഇഷ്ട താരങ്ങൾ
തമിഴിൽ വിജയ് സേതുപതിയാണ് എന്റെ ഇഷ്ടതാരം. അദ്ദേഹത്തിന്റെ ആക്ടിങ് വളരെ റിയലാണ്. മലയാളത്തിൽ ഫഹദ് ഫാസിലിനെയാണ് എനിക്ക് ഇഷ്ടം.
Reba Monica John Future Plans: സിനിമയിൽ തുടരാനാണോ താൽപര്യം?
നല്ല പ്രോജക്ടുകൾ വരുമ്പോൾ ചെയ്യണമെന്നാണ് താൽപര്യം. എത്ര വർഷം അഭിനയിക്കുമെന്നൊന്നും പറയില്ല. അടുത്ത വർഷം ഇത്രയും സിനിമകൾ എനിക്ക് ചെയ്യണം എന്നൊന്നും ഇല്ല. നല്ല സിനിമകൾ വരുന്നുണ്ടെങ്കിൽ ചെയ്യുക. പിന്നെ വിവാഹം കഴിഞ്ഞാൽ ഞാൻ അഭിനയിക്കില്ല. ഇപ്പോഴത്തെ തീരുമാനം അങ്ങനെയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.