Onam 2019: Rajisha Vijayan Interview: ഈ ഓണക്കാലത്തെ താരം ആരാണ് എന്ന് ചോദിച്ചാല്‍ നിസ്സംശയം പറയാം – അത് രജിഷ വിജയന് ആണ് എന്ന്. സൂപ്പര്‍താര, വലിയ ബജറ്റ് സിനിമകള്‍ക്കിടയില്‍ ‘ഫൈനല്‍സ്’ എന്ന കുഞ്ഞുചിത്രം തിളങ്ങി നില്ക്കുമ്പോള് കൈയ്യടി നേടുന്നത് നായിക വേഷം അവതരിപ്പിച്ച ഈ ചെറുപ്പക്കാരിയാണ്.
‘അനുരാഗക്കരിക്കിന്‍ വെള്ളം’ എന്ന ആദ്യ ചിത്രത്തില്‍ തന്നെ മികച്ച അഭിനേത്രിയ്ക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ രജിഷ തന്റെ സിനിമാ തെരഞ്ഞെടുപ്പുകളിലെ വ്യത്യസ്ഥതയും അവതരണത്തിലെ മികവും കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ പ്രേക്ഷകഹൃദയങ്ങളില്‍ സ്ഥാനം നേടിയ നടിയാണ്. ആര്‍മി ജീവിതകാലത്തെ ഓണാഘോഷത്തെക്കുറിച്ചും, തന്റെ ഭക്ഷണപ്രിയത്തെക്കുറിച്ചുമൊക്കെ മനസ്സ് തുറക്കുകയാണ് രജിഷ, ഈ അഭിമുഖത്തില്‍.

Onam Memories: ഓണം ഓർമകൾ
അച്ഛൻ ആർമിയിലായിരുന്നു. അതിനാൽ തന്നെ ഓണം കൂടുതൽ ആഘോഷിച്ചത് നോർത്തിലായിരുന്നു. നാട്ടിൽ അധികം ഓണം ആഘോഷിച്ചിട്ടില്ല. ജാതി മത ഭേദമില്ലാതെ എല്ലാവരും ഒരുപോലെ ഓണം ആഘോഷിക്കുന്നുവെന്നാണ് അതിന്റെയൊരു ഭംഗി. കേരളത്തിന് പുറത്ത് ഓണാഘോഷ സമയത്ത് പതിനാലും പതിനാറും കറികളൊക്കെ ഉണ്ടാക്കി നൽകുമ്പോൾ അവിടെയുളളവരൊക്കെ അതിശയത്തോടെ നോക്കിയിരിക്കാറുണ്ട്. അതൊക്കെയാണ് എന്റെ ഓർമയിലെ ഓണം. ഓണം ആവുമ്പോൾ ആർമിയിൽ ദൂരെ സ്ഥലങ്ങളിൽ ഉളളവർ പോലും എത്തും. പിന്നെ അതൊരു ആർമി കുടുംബമാകും. അതൊക്കെ നല്ല ഓർമകളാണ്
Onam Sadhya: ഓണസദ്യ ഇഷ്ടമാണ്
ഞാൻ ഭക്ഷണപ്രിയയാണ്. വ്യത്യസ്ത ഭക്ഷണങ്ങളൊക്കെ പരീക്ഷിക്കാറുണ്ട്. എന്തും കഴിക്കും. പക്ഷേ കഴിക്കുന്ന അളവ് കുറവാണ്. ഓണസദ്യ ഇഷ്ടമാണ്. കൂട്ടുകറിയാണ് ഓണസദ്യയിലെ ഇഷ്ട വിഭവം.
Rajisha Vijayan on Finals Movie: സൈക്കിൾ ബാലൻസില്ലാതെ സൈക്കിളിസ്റ്റായ ‘ഫൈനല്‍സ്’
സൈക്കിൾ ഓടിക്കാൻ എനിക്ക് അറിയില്ലായിരുന്നു. സൈക്കിൾ ബാലൻസേ ഇല്ലായിരുന്നു. അതിനാൽ തന്നെ എല്ലാം ആദ്യം മുതലേ തുടങ്ങണമായിരുന്നു. ഒന്നര മാസം മാത്രമായിരുന്നു സമയം ഉണ്ടായിരുന്നത്. പല തരത്തിലുളള സൈക്കിളുകളുണ്ട്. അതൊക്കെ പഠിക്കണമായിരുന്നു. സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത് സ്പോർട്സ് സൈക്കിളാണ്. അതിന്റെ ടയർ വളരെ നേർത്തതാണ്. ഗിയർ സിസ്റ്റമുണ്ട്. ഓടിക്കാൻ വളരെ ബുദ്ധിമുട്ടുമാണ്. സൈക്കിൾ പരിശീലനത്തിനൊപ്പം അരവരുടെ ശരീരഘടന, മാനറിസം ഒക്കെ പഠിക്കണമായിരുന്നു. അതിനൊപ്പം ഫിറ്റ്നസ് ട്രെയിനിങ്ങും പിന്നെ ഡയറ്റുമുണ്ടായിരുന്നു.
ഒന്നര വർഷം മുൻപേ ഫൈനൽസ് സിനിമയുടെ തിരക്കഥ അറിയാമായിരുന്നു. ഇതിന്റെ സംവിധായകനൊപ്പം (പി.ആർ.അരുൺ) ഒരു നാടകം ചെയ്തിട്ടുണ്ട്. വർഷങ്ങളായി അദ്ദേഹം നാടക പ്രവർത്തകനാണ്. അപ്പോഴൊക്കെ ഇങ്ങനെയൊരു തിരക്കഥ ഉണ്ടെന്ന് പറയുമായിരുന്നു. ജൂൺ ഇറങ്ങിയ സമയത്താണ് നിർമാതാവ് ഓകെ ആയെന്നും സുരാജേട്ടന്റെ ഡേറ്റ് കിട്ടിയെന്നും എന്നോട് പറയുന്നത്. അപ്പോൾ ഞാൻ ചോദിച്ചു, ആലീസ് (ഫൈനൽസ് സിനിമയിലെ രജീഷയുടെ കഥാപാത്രം) ആരാണെന്ന്. അദ്ദേഹം പറഞ്ഞു ഞാനാണെന്ന്. പിന്നെ എനിക്കൊന്നും പറയാനില്ലായിരുന്നു. ആ നിമിഷം തന്നെ ഞാൻ ഓകെ പറഞ്ഞു.
Read Here: Finals Movie Review: മനസ്സു കവർന്ന് ഫൈനല്‍സ്: റിവ്യൂ
Rajisha Vijayan on accident during shooting of Finals: ഷൂട്ടിങ്ങിനിടയിലെ അപകടം
വളരെയധികം അപകടം പറ്റാൻ ഇടയുളള മത്സരങ്ങളിൽ ഒന്നാണ് സൈക്ലിങ്. സ്റ്റേറ്റ്, നാഷണൽ ലെവൽ സൈക്കിളിസ്റ്റ് ചാംപ്യൻസായ കുട്ടികളായിരുന്നു എനിക്കൊപ്പം ഷൂട്ടിങ്ങിനുണ്ടായിരുന്നത്. കട്ടപ്പന, വാഗമൺ തുടങ്ങിയ ഹൈറേഞ്ചിലായിരുന്നു ഷൂട്ടിങ്. ഒരു വശത്ത് മലയും ഒരു വശത്ത് കൊക്കയും നിറഞ്ഞ ഭാഗങ്ങളിലൂടെയാണ് ഞാൻ സൈക്കിൾ ചവിട്ടിയത്. ഷൂട്ടിങ്ങിനിടയിൽ വലിയൊരു അപകടമുണ്ടായി. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. മുട്ടിന്റെ രണ്ടു ലിഗ്മെന്റ് മാത്രമേ പോയുളളൂ. രണ്ടു ലിഗ്മെന്റും ഇല്ലാതെയാണ് പിന്നീടുളള മൂന്നാഴ്ച ഷൂട്ട് ചെയ്തത്. ഇപ്പോൾ ഫിസിയോതെറാപ്പി ചെയ്യുകയാണ്.

On Suraj Venjaramoodu: സുരാജേട്ടനിൽനിന്നും ഒരുപാട് പഠിക്കാനുണ്ട്
നല്ലൊരു നടനാണ് അദ്ദേഹം. സുരാജേട്ടനെപ്പോലെ അത്രയും കഴിവുളള നടന്മാർക്കൊപ്പം അഭിനയിക്കാൻ കഴിയുന്നത് അനുഗ്രഹമാണ്. ജൂണിൽ ജോജു ചേട്ടനായിരുന്നു അച്ഛൻ. ഇതിൽ സുരാജേട്ടനാണ്. പക്ഷേ ജൂണിൽ കണ്ട അച്ഛനിൽനിന്നും മകളിൽനിന്നും വ്യത്യസ്തമാണ് ഇതിലെ കഥാപാത്രങ്ങൾ. ആക്ടിങ്ങിൽ നമ്മുടെ മറുവശത്ത് നിൽക്കുന്ന ആൾ നല്ല രീതിയിൽ അഭിനയിക്കുമ്പോൾ നമ്മളും ഓട്ടോമാറ്റിക്കലി അങ്ങനെയാവും. പിന്നെ അനുഭവ പരിചയമുളള നടന്മാർക്കൊപ്പം അഭിനയിക്കുമ്പോൾ അവരിൽ നിന്നും പഠിക്കാൻ ഒരുപാടുണ്ട്. സുരാജേട്ടൻ എന്നു പറയുന്നത് എപ്പോഴും പുതിയത് പഠിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്. ഞാൻ ഇത്രയും കാലം അഭിനയിച്ചതുകൊണ്ട് എനിക്ക് ഇനി ഒന്നും പഠിക്കാനില്ല എന്നു വിചാരിക്കുന്ന വ്യക്തിയല്ല. നമ്മളിൽനിന്നും എന്താണ് പഠിക്കാനുളളത്, പുതിയ ടെക്നോളജി എന്താണ്, ഇതൊക്കെ നോക്കും. സെറ്റിൽ സുരാജേട്ടനും ഞാനും നല്ല കൂട്ടായിരുന്നു. അദ്ദേഹം ഭക്ഷണ പ്രിയനാണ്. തിരുവനന്തപുരത്താണ് അദ്ദേഹത്തിന്റെ വീട്. എനിക്ക് വീട്ടിൽനിന്നും ഭക്ഷണം കൊണ്ട് വന്നു തരുമായിരുന്നു.
Rajisha Vijayan on choosing Films: സിനിമ തിരഞ്ഞെടുക്കുന്നത്
എന്റെ ക്യാരക്ടർ ഇല്ലാതെ സ്ക്രിപ്റ്റ് വർക്ക് ആകുമോയെന്ന് നോക്കുമ്പോൾ തന്നെ നമുക്ക് അറിയാൻ കഴിയും ആ സിനിമയിലെ എന്റെ റോളിന് എത്രമാത്രം പ്രാധാന്യമുണ്ടെന്ന്. ഒരു സ്ക്രിപ്റ്റിലെ നിങ്ങളുടെ പ്രാധാന്യം അറിയാൻ അങ്ങനെ കഴിയും. അല്ലാതെ സ്ക്രീൻ ടൈം നോക്കിയിട്ടല്ല. പിന്നെ ചെയ്തവയിൽനിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാനാണ് താൽപര്യം. ചെയ്ത കഥാപാത്രം തന്നെ ചെയ്യാൻ താൽപര്യമില്ല. ഒരു സ്ക്രിപ്റ്റ് കേൾക്കുമ്പോൾ നമ്മുടെ മനസിനെ സ്വാധീനിക്കുന്ന എന്തെങ്കിലുമൊന്ന് അതിലുണ്ടാകും. ഇതൊക്കെ അല്ലാതെ ആരുടെ കൂടെയാണ് അഭിനയിക്കുന്നത് എന്നൊന്നും നോക്കാറില്ല. ഒരു സിനിമ ചെയ്യുമ്പോൾ എനിക്കൊരു ആത്മ സംതൃപ്തി ഉണ്ടാവണം. അത്രയേ നോക്കാറുളളൂ.
Rajisha Vijayan on June: ജൂണിനു മുൻപ് ബ്രേക്ക് എടുക്കണമെന്നത് എന്റെ തീരുമാനം
ജൂൺ വരുന്നതിനു മുൻപ് ഒരു ബ്രേക്ക് എടുക്കമെന്നന്ന് ഞാൻ നേരത്തെ തീരുമാനിച്ചതായിരുന്നു. കാരണം ജൂണിന്റെ തിരക്കഥ കേട്ടശേഷം, ഇതാരിയിക്കണം എന്റെ അടുത്ത സിനിമ എന്നെനിക്ക് നിർബന്ധമുണ്ടായിരുന്നു. പിന്നെ ജൂണിന്റെ ക്യാരക്ടറിലെ രൂപമാറ്റത്തിനായി കുറേ മാസം വേണ്ടിവന്നു. അതിനിടയിൽ മറ്റു സിനിമകളൊന്നും ചെയ്യാനാവില്ല. പിന്നെ ജൂണിനെക്കാൾ നല്ലൊരു കഥാപാത്രം അതിനിടയിൽ എന്നെ തേടി വന്നില്ലായെന്നത് സത്യസന്ധമായ കാര്യമാണ്.
On Criticism: വീട്ടുകാരാണ് വിമർശകർ
എന്റെ ഏറ്റവും നല്ല ക്രിട്ടിക്സ് വീട്ടുകാർ തന്നെയാണ്, പ്രത്യേകിച്ച് അമ്മ. ഞാൻ അഭിനയിച്ചത് കൊള്ളില്ലെങ്കിൽ കൊള്ളില്ലെന്ന് തന്നെ പറയും. ജൂൺ കണ്ടിട്ട് എല്ലാവർക്കും സന്തോഷമായി. എല്ലാവരും നല്ലതാണെന്ന് പറഞ്ഞു.
മുടി മുറിച്ചപ്പോൾ അച്ഛൻ രണ്ടാഴ്ചയോളം സംസാരിച്ചില്ല
എന്റെ വീട്ടിൽ മുടി എല്ലാവർക്കും പ്രധാനമാണ്. അച്ഛൻ അമ്മയുടെ മുടി കണ്ടിട്ടാണ് വിവാഹം കഴിച്ചത്. അമ്മയ്ക്ക് നീളമുളള മുടിയുണ്ട്. മുടിയുളള കുടുംബമാണ് ഞങ്ങളുടേത്. എന്റെ മുടി എല്ലാവർക്കും ഇഷ്ടമാണ്. ജൂൺ സിനിമയിലെ കഥാപാത്രത്തിനായി മുടി മുറിച്ചപ്പോൾ അച്ഛൻ രണ്ടാഴ്ചത്തോളം സംസാരിച്ചില്ല. ആ സമയത്ത് സംവിധായകൻ അഹമ്മദൊന്നും പേടിച്ചിട്ട് വീട്ടിൽ വന്നിട്ടേയില്ല. മുടി മുറിക്കേണ്ടി വരുമെന്ന് അമ്മയ്ക്ക് അറിയാമായിരുന്നു. പക്ഷേ ചെയ്തു കഴിഞ്ഞപ്പോൾ അത്രയും മുടി മുറിക്കുമെന്ന് കരുതുന്നില്ല. അമ്മ പിന്നീട് ഓകെ ആയി. സിനിമ കണ്ടശേഷമാണ് അച്ഛൻ ഹാപ്പിയായത്. ഇതെന്താ നീളാത്തത് എന്നൊക്കെ അച്ഛൻ ഇപ്പോൾ ചോദിക്കുന്നുണ്ട്.
Read Here: താരമാകേണ്ട; നടി ആയാല്‍ മതി: രജിഷ വിജയന്
Rajisha Vijayan Movies: അടുത്ത സിനിമ
വിധു വിൻസെന്റിന്റെ സ്റ്റാന്റ് അപ് കോമഡിയാണ് അടുത്ത ചിത്രം. വിധു വിൻസെന്റാണ് സംവിധാനം. സ്റ്റാന്റ് അപ് കൊമേഡിയൻ പറഞ്ഞുപോകുന്ന ആറു സുഹൃത്തുക്കളുടെ കഥയാണ്. ഞാൻ അതിലൊരാളായിട്ടാണ്. സ്റ്റാന്റ് അപ് കൊമേഡിയൻ ആയിട്ട് നിമിഷയാണ്. ഇപ്പോൾ അത്രയേ എനിക്ക് പറയാൻ കഴിയൂ.
ക്യാമറയ്ക്ക് പിന്നില്‍ വരുമോ?
ക്യാമറയ്ക്ക് പിന്നിൽ സംഭവിക്കുന്നത് എന്താണെന്ന് എപ്പോഴും ഞാൻ ശ്രദ്ധിക്കാറുണ്ട്. പഠിക്കാൻ ശ്രമിക്കാറുമുണ്ട്. എന്നു പറഞ്ഞിട്ട് ഞാൻ ഇപ്പോൾ ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിക്കുമോ എന്നെനിക്ക് പറയാൻ അറിയില്ല. ചിലപ്പോൾ ഞാൻ ചെയ്തേക്കും. ഇപ്പോൾ എന്തായാലും ആക്ടിങ്ങാണ് പ്രധാനം.