വളരെ സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടിയോടെ പറയുകയാണ് രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രം. പ്രമേയത്തിനും ട്രീറ്റ്മെന്റിനുമൊപ്പം സിനിമയെ രസകരമാക്കുന്നത് അതിന്റെ ഉഗ്രൻ കാസ്റ്റിംഗ് ആണ്. കുഞ്ചാക്കോ ബോബൻ, ഗായത്രി, ബേസിൽ ജോസഫ്, ഉണ്ണിമായ, രാജേഷ് മാധവൻ എന്നിങ്ങനെ വളരെ കുറച്ചു പരിചയമുഖങ്ങളെ ചിത്രത്തിലുള്ളൂ. ബാക്കിയങ്ങോട്ട് പുതുമുഖങ്ങളുടെ സംസ്ഥാന സമ്മേളനമാണ് ചിത്രം. ആ നാട്ടിലെ വഴിയോരങ്ങളിൽ നിന്നും പീടികതിണ്ണയിൽ നിന്നുമൊക്കെ പിടിച്ചു സ്ക്രീനിലേക്ക് നിർത്തിയതുപോലെ അത്രയും തനിമയും തദ്ദേശീയതയും സ്വാഭാവികതയും തോന്നിപ്പിക്കുന്ന അഭിനേതാക്കൾ. കാസർഗോഡൻ ജീവിതവും സംസാരരീതിയുമൊക്കെ രസകരമായും അനയാസമായും അവതരിപ്പിക്കുന്നവർ.
ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകന് മറക്കാനാവാത്തൊരു കഥാപാത്രമാണ് മജിസ്‌ട്രേറ്റ് ആയി എത്തുന്ന പി പി കുഞ്ഞികൃഷ്ണന്റേത്. കോടതിമുറിയിൽ മന്ത്രിയേയും കള്ളനേയും സമന്മാരായി കാണുന്ന, മൃദുസമീപനമുള്ള, എന്നാൽ വേണ്ടിടത്ത് ‘ടെറർ’ ആവുന്ന, അഭിനയത്തിൽ ഏറെ സൂക്ഷ്മത പുലർത്തുന്ന ഒരു രസികൻ മജിസ്‌ട്രേറ്റ്.
കാസർഗോഡ് ജില്ലയിലെ ഉദിനൂർ സെൻട്രൽ സ്കൂളിലെ ഹിന്ദി അദ്ധ്യാപകനായിരുന്ന പി പി കുഞ്ഞികൃഷ്ണന്റെ ആദ്യ സിനിമയാണ്, ‘ന്നാ താൻ കേസ് കൊട്’. റിട്ടയർമെന്റ് ജീവിതം പഞ്ചായത്ത് ജനപ്രതിനിധിയായും മറ്റും ചെലവഴിക്കുന്നതിനിടയിലാണ് കുഞ്ഞികൃഷ്ണൻ മാഷിന്റെ സിനിമാ അരങ്ങേറ്റം. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലേക്ക് എത്തിച്ചേർന്നതിനെ കുറിച്ച് ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് സംസാരിക്കുകയാണ് കുഞ്ഞികൃഷ്ണൻ. സിനിമയിൽ ആദ്യമാണെങ്കിലും അഭിനയം കുഞ്ഞികൃഷ്ണന് പുതിയ കാര്യമല്ല, ഏതാനും നാടകങ്ങളിൽ മുൻപ് അഭിനയിച്ചിട്ടുണ്ട്.
“എന്റെ ആദ്യചിത്രമാണിത്. ചിത്രത്തിന്റെ കാസ്റ്റിംഗ് കാൾ കണ്ടപ്പോൾ മറിമായം ഉണ്ണിരാജാണ് ഫോട്ടോ അയച്ചുകൊടുക്കാൻ പറയുന്നത്. ആദ്യം ഫോട്ടോ അയച്ചില്ല, പിന്നെയും ഉണ്ണിരാജ് നിർബന്ധിച്ചപ്പോഴാണ് അയച്ചത്. അതിനു ശേഷം കാസ്റ്റിംഗ് ഡയറക്ടർ രാജേഷ് മാധവനും ടീമും മൂന്നു തവണയായി ഇന്റർവ്യൂ ചെയ്തു. ഒരു പ്രീ ഷൂട്ട് കൂടിയുണ്ട്, അതിൽ നന്നായാൽ സിനിമയിലെടുക്കും എന്നു പറഞ്ഞു. അങ്ങനെയാണ് ഈ ചിത്രത്തിലെത്തുന്നത്.”

“സംവിധായകനും സഹസംവിധായകനായാലും കുഞ്ചാക്കോ ബോബനായാലും വളരെ നല്ല രീതിയിലാണ് സഹകരിച്ചത്. സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചിട്ടില്ല, ഇത്ര പ്രാധാന്യമുള്ള കഥാപാത്രമായിരിക്കുമെന്ന്. അഭിനയിക്കുമ്പോഴും കുറേ കാര്യങ്ങൾ ഡയറക്ടർ നമുക്ക് വിട്ടുതന്നു എന്നു പറയാം.”
” തടിയൻകോവിൽ മനീഷ തിയേറ്റേഴ്സ് എന്നു പറഞ്ഞ് ഞങ്ങളുടെ നാട്ടിലൊരു ക്ലബ്ബ് ഉണ്ട്. അതിനു വേണ്ടി തെരുവുനാടകം കളിക്കും, ക്ലബ്ബിന്റെ വാർഷികത്തിനും നാടകം അവതരിപ്പിക്കാറുണ്ട്. അഭിനയവുമായുള്ള പരിചയമതാണ്.സിനിമയിൽ എത്തണമെന്നൊന്നും കരുതിയിരുന്നില്ല. പക്ഷേ നമുക്കും ആഗ്രഹിക്കാലോ? രതീഷ് പൊതുവാളിനെ പോലൊരു സംവിധായകൻ ഇത്തരമൊരു വേഷം തന്നുവെന്നത് തന്നെ ഭാഗ്യമായി കാണുന്നു,” കുഞ്ഞികൃഷ്ണൻ പറയുന്നു.
റിട്ടയർമെന്റ് ജീവിതം അഭിനയത്തിൽ സജീവമാകാൻ ആണോ പ്ലാൻ എന്ന ചോദ്യത്തിന്, “ആരേലും വിളിച്ചാൽ ഇനിയും അഭിനയിക്കാൻ പോവും,” എന്നായിരുന്നു ചിരിയോടെയുള്ള മറുപടി.
കുഞ്ഞികൃഷ്ണന്റെ കലാപ്രവർത്തനങ്ങൾക്ക് പൂർണപിന്തുണയുമായി കുടുംബവും കൂടെയുണ്ട്. ഭാര്യ സരസ്വതിയും ടീച്ചറാണ്. സാരംഗും ആസാദുമാണ് മക്കൾ.