അഭിനയത്തിനപ്പുറം ഇത് ശരിക്കും ആ കഥാപാത്രങ്ങൾ തന്നെയല്ലേ എന്നു തോന്നിപ്പിക്കുന്നത്രയും സ്വാഭാവികതയുള്ള പുതമുഖ അഭിനേതാക്കൾ. തിങ്കളാഴ്ച നിശ്ചയം, ന്നാ താൻ കേസ് കൊട് എന്നീ ചിത്രങ്ങളിലെല്ലാം മലയാളികൾ കണ്ട പുതുമുഖങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത അവരുടെ സഹജമായ നാച്യുറാലിറ്റിയായിരുന്നു. സിനിമപരിസരങ്ങളുടെ റേഡിയസിനപ്പുറം എവിടെയൊക്കെയോ അറിയപ്പെടാതെ കഴിഞ്ഞിരുന്ന ഒരു കൂട്ടം മനുഷ്യരെ കണ്ടെത്തി അനുയോജ്യമായ കഥാപാത്രങ്ങളിലേക്ക് അവരെ പ്ലെയ്സ് ചെയ്യാൻ സംവിധായകരായ രതീഷ് ബാലകൃഷ്ണ പൊതുവാളിനും സെന്ന ഹെഗ്ഡേയ്ക്കുമെല്ലാം സഹായിയായി നിന്നത് രാജേഷ് മാധവൻ എന്ന കാസർഗോഡുകാരനാണ്.
മലയാളസിനിമയിൽ നടനും കാസ്റ്റിംഗ് ഡയറക്ടറുമൊക്കെയായി തിളങ്ങുകയാണ് രാജേഷ് മാധവൻ ഇപ്പോൾ. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ രാജേഷിന്റെ പ്രകടനവും ഡയലോഗുകളും സിനിമ കണ്ടിറങ്ങുന്നവരാരും പെട്ടെന്ന് മറക്കില്ല. ആരുമൊന്നു ശ്രദ്ധിച്ചുപോവുന്ന നടപ്പും വസ്ത്രധാരണവും. പാർട്ടിയ്ക്ക് പോവുന്നതു പോലെ സ്റ്റൈലായി കോടതിയിൽ സാക്ഷിപറയാൻ പോവുന്ന, കാമുകിയെ സന്തോഷിപ്പിക്കാനായി തന്റെ ദിനരാത്രങ്ങളത്രയും മാറ്റിവയ്ക്കുന്ന ഒരു അഭിനവകാമുകനായി തിളങ്ങുകയാണ് രാജേഷ് ചിത്രത്തിൽ. ‘കോടതിയില്‍ വരാന്‍ ഡേറ്റില്ല, അന്ന് കാമുകിക്കൊപ്പം ഡേറ്റിനു പോണം,’ എന്നൊക്കെ പൊലീസുകാരോട് ആത്മാർത്ഥമായി പറയുന്ന ഒരു കാമുകൻ!
‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ കാസർഗോഡൻ മണ്ണിൻ നിന്നും മലയാള സിനിമയിലേക്ക് ഒരുപിടി പുതുമുഖങ്ങളെ കൂടി പരിചയപ്പെടുത്താനായതിന്റെ സന്തോഷത്തിലാണ് രാജേഷ് മാധവൻ. സിനിമയിലേക്ക് എത്തിച്ചേർന്ന വഴികളെ കുറിച്ചും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളെ കുറിച്ചും ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് സംസാരിക്കുകയാണ് രാജേഷ്.

തിങ്കളാഴ്ച നിശ്ചയം ഇപ്പോൾ ന്നാ താൻ കേസ് കൊട്. രണ്ട് ഉഗ്രൻ ചിത്രങ്ങൾ, പെർഫെക്റ്റ് കാസ്റ്റിംഗ്. എവിടുന്നാണ് ഇത്ര നാച്യുറാലിറ്റിയുള്ള അഭിനേതാക്കളെ കിട്ടുന്നത്?
കാസർഗോഡിലെയും കണ്ണൂർ പരിസരത്തെയും കലാകാരന്മാരെ മലയാളസിനിമ അധികം എക്സ്പ്ലോർ ചെയ്തിട്ടില്ല. ഞാൻ ഈ നാട്ടുകാരനായതുകൊണ്ട് എനിക്കിവിടെ കുറച്ചു പരിചയങ്ങളുണ്ട്. ചുറ്റുമൊന്നു നോക്കി കഴിഞ്ഞാൽ ചുറ്റും ഒരുപാട് ടാലന്റഡായ ആളുകളെ കാണാം. ഒരു പ്രോപ്പർ ഓഡിഷനിലൂടെ തന്നെയാണ് ‘ന്നാ താൻ കേസ് കൊടി’ലേക്കുള്ള അഭിനേതാക്കളെ കണ്ടെത്തിയത്. കുറച്ചധികം സമയം അതിനു വേണ്ടി ചെലവഴിച്ചിട്ടുണ്ട് എന്നു തന്നെ പറയാം. മൂന്നു നാലു ഘട്ടമായി ഇന്റർവ്യൂ ചെയ്തു. ഒരു മോക്ക് ഷൂട്ട് നടത്തി, സിനിമ മൊത്തമായും തന്നെ ഈ ഘട്ടത്തിൽ ട്രയൽ ഷൂട്ട് ചെയ്തു നോക്കിയിട്ടുണ്ട്. അതും കഴിഞ്ഞാണ് ഫൈനലാക്കിയത്.
ഞാനിതു മൂന്നാമത്തെ തവണയാണ് രതീഷ് പൊതുവാളിനൊപ്പം വർക്ക് ചെയ്യുന്നത്. പുതിയ സിനിമകൾ പ്ലാൻ ചെയ്യുമ്പോൾ തന്നെ ആളെന്നോട് സംസാരിക്കാറുണ്ട്. അതുകൊണ്ട് രതീഷേട്ടന് എന്താണ് വേണ്ടതെന്ന് എനിക്കറിയാം. രതീഷേട്ടന്റെ രണ്ടാമത്തെ ചിത്രമായ ‘കനകം കാമിനി കലഹ’ത്തിന്റെയും കാസ്റ്റിംഗ് ഞാനായിരുന്നു. അതിൽ ഇത്ര കാസ്റ്റിംഗ് ഇല്ല. ‘ന്നാ താൻ കേസ് കൊട്’ പക്ഷേ വലിയൊരു ഉത്തരവാദിത്വമായിരുന്നു, 40ൽ അധികം പേർ പുതുമുഖങ്ങളാണ് ചിത്രത്തിൽ.
ചിത്രത്തിലെ ഷുക്കൂർ വക്കീലും ഗംഗാധരൻ വക്കീലും നയന വക്കീലുമൊക്കെ യഥാർത്ഥ ജീവിതത്തിലും വക്കീലന്മാർ തന്നെയാണ്. സ്റ്റേജിലൊക്കെ കയറി പരിചയമുണ്ടെങ്കിലും എല്ലാവർക്കും സിനിമയെന്നത് പുതിയ അനുഭവമായിരുന്നു. കോടതി റൂം സീനുകളിലൊക്കെ അവരുടെ സാന്നിധ്യം സിനിമയ്ക്കും ഏറെ ഗുണം ചെയ്തിട്ടുണ്ട്.
ചിത്രീകരണത്തിനു മുന്നോടിയായി നടത്തിയ മോക്ക് ഷൂട്ടും ഏറെ ഗുണം ചെയ്തിട്ടുണ്ട്. ആകെ ഞങ്ങൾക്ക് ചാക്കോച്ചനെ മാത്രമേ ഫൈനൽ ഷൂട്ട് സമയത്ത് പരിചയപ്പെടുത്തേണ്ടി വന്നിട്ടുള്ളൂ. ചാക്കോച്ചൻ ആളുകളുമായി വളരെ എളുപ്പത്തിൽ ജെൽ ആവുന്ന വ്യക്തിയാണ്. അതിനാൽ എല്ലാവരും പെട്ടെന്ന് തന്നെ കൂട്ടായി. ചാക്കോച്ചന്റെ മേക്കോവറും ലുക്കും കൂടിയായപ്പോൾ അവർക്ക് അദ്ദേഹത്തെയൊരു സിനിമാതാരമായൊന്നും തോന്നിയതുമില്ല. അത് ചാക്കോച്ചനാണെന്ന് പറഞ്ഞിട്ട് വിശ്വസിക്കാത്ത ആളുകളൊക്കെ ഉണ്ടായിരുന്നു ലൊക്കേഷനിൽ. ഷൂട്ട് തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞാണ് അവർക്ക് പിടികിട്ടിയത്.
എങ്ങനെയാണ് രാജേഷ് സിനിമയുടെ ലോകത്തെത്തിയത്?
ഞാൻ പിജി ചെയ്തത് വിഷ്വൽ മീഡീയയിൽ ആയിരുന്നു. പിന്നീട് അമൃതയിൽ അസിസ്റ്റന്റ് പ്രൊഡ്യൂസറായും ഏഷ്യാനെറ്റ് ന്യൂസിൽ പ്രോഗ്രാം പ്രൊഡ്യൂസറായുമൊക്കെ ജോലി ചെയ്തു. കുറച്ചുകാലം ഒരു മാഗസിനിൽ സബ് എഡിറ്ററായും ജോലി ചെയ്തിരുന്നു. അതുംകഴിഞ്ഞാണ് സിനിമയിലേക്ക് എത്തിയത്. എനിക്ക് തിരക്കഥയെഴുത്തിൽ ആയിരുന്നു താൽപ്പര്യം. അതിനിടയിൽ സനൽ അമൻ ആണ് അസ്തമയം വരെ എന്ന ചിത്രത്തിലേക്ക് എന്നെ പ്രൊഡക്ഷൻ കൺട്രോളറായി വിളിച്ചത്. അതാണ് ഞാൻ ആദ്യം വർക്ക് ചെയ്ത സിനിമ.
ഞാനും സുഹൃത്തും രവി ശങ്കറും ഒരു തിരക്കഥയെഴുതി സംവിധായകരോടൊക്കെ കഥ പറഞ്ഞു നടക്കുന്ന കാലമാണത്. ഒരിക്കൽ സംവിധായകൻ ദിലീഷ് പോത്തനോടും ശ്യാം പുഷ്കരനോടും കഥ പറയാൻ ചെന്നു. അങ്ങോട്ട് കഥ പറയാൻ പോയ എനിക്കവർ തിരിച്ചൊരു റോൾ തന്നു, മഹേഷിന്റെ പ്രതികാരത്തിൽ ഒരു ചെറിയ വേഷം. പോയ കാര്യം നടന്നില്ലെങ്കിലും അത് അഭിനയത്തിലേക്ക് എത്താൻ നിമിത്തമായി.

ഞാൻ കാസർഗോഡുകാരനായതുകൊണ്ട് ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ ചെയ്യുന്ന സമയത്ത് ദിലീഷ് പോത്തൻ എന്നെ അസിസ്റ്റന്റ് ഡയറക്ടറായി വിളിച്ചു. ആ ബന്ധങ്ങളൊക്കെ തന്നെയാണ് പിന്നീട് എനിക്ക് കൂടുതൽ അവസരങ്ങൾ തന്നത്. പിന്നീട് സെന്ന ഹെഡ്ഗെ തിങ്കളാഴ്ച നിശ്ചയത്തിലേക്ക് കാസ്റ്റിംഗ് ഡയറക്ടറായി എന്നെ വിളിച്ചു. ആ ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറായും ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. സെന്നയാണെങ്കിലും രതീഷാണെങ്കിലും അവരുടെ കാസ്റ്റിനെ കുറിച്ച് കൃത്യമായ ധാരണയുള്ളവരാണ്. അഭിനേതാക്കളെ വളരെ സൂക്ഷ്മമായും രസകരമായും നിരീക്ഷിക്കുന്നവരാണ് രണ്ടുപേരും. അവർക്ക് വേണ്ടത് നൽകി ഒന്നു സപ്പോർട്ട് ചെയ്താൽ തന്നെ സിനിമ നന്നായി വരും.

ആൻഡ്രോയിഡിലെയും ന്നാ താൻ കേസ് കൊടുവിലേയും ആ രസികരായ മുത്തശ്ശിമാരെയും ഓഡിഷനിലൂടെ തന്നെയാണോ കണ്ടെത്തിയത്?
അതിൽ തമ്പായി അമ്മയ്ക്ക് പഴയ പാട്ടുകൾ ഒക്കെ നല്ല ഗ്രാഹ്യമാണ്. പഴയ പാട്ടുകളുടെ ഒരു ശേഖരമാണ് അവർ. അവരുടെ ആദ്യ ചിത്രം ബിലാത്തികുഴൽ ആണ്. സിനിമ രീതികളെയൊക്കെ കണ്ടു മനസ്സിലാക്കിയിട്ടുള്ള ആളെന്ന രീതിയിലാണ് ആൻഡ്രോയിഡ് കുഞ്ഞപ്പനിലേക്ക് കാസ്റ്റ് ചെയ്തത്. അപാരമായ ആത്മവിശ്വാസമുള്ള ആളാണവർ, സ്ക്രീനിൽ വരുമ്പോൾ ഒരു ഇൻഹിബിഷനുമില്ലാതെ രസകരമായി അഭിനയിക്കും.
കുടുംബം?
ഞാൻ കാസർഗോഡ് കൊളത്തൂർ സ്വദേശിയാണ്. അച്ഛൻ, അമ്മ, രണ്ട് ചേച്ചിമാർ ഇതാണെന്റെ കുടുംബം. അച്ഛനൊരു മേസ്തിരിയാണ്. ചേച്ചിമാരൊക്കെ വിവാഹിതരാണ്, ഞാൻ വിവാഹം കഴിച്ചിട്ടില്ല.
പുതിയ പ്രൊജക്റ്റുകൾ?
അഭിനയത്തിലും കാസ്റ്റിംഗിലുമെല്ലാം ഇപ്പോൾ അവസരങ്ങൾ വരുന്നുണ്ട്. എന്നാൽ ഞാനിതല്ല യഥാർത്ഥത്തിൽ ആഗ്രഹിച്ചിരുന്നത്, എഴുത്തും സംവിധാനവുമൊക്കെയാണ്, പതിയെ അതിലേക്ക് തന്നെ എത്തണമെന്നാണ് ആഗ്രഹം. അതിന് കുറച്ചുകൂടി സമയമെടുക്കും.