scorecardresearch
Latest News

‘നയന’ചാരുതയ്ക്ക് പിന്നില്‍; അനു വര്‍ദ്ധന്‍ അഭിമുഖം

‘സാരി ഇഷ്ടമാണ് നയൻതാരക്ക്. രണ്ടു മൂന്നു മിനിറ്റ് മതി ആൾക്ക് സാരിയുടുക്കാൻ. നല്ല ഭംഗിയായും വൃത്തിയായും ഒതുക്കത്തോടെയും ഉടുക്കാനും അറിയാം,’ തമിഴകത്തെ ‘ലേഡി സൂപ്പര്‍ സ്റ്റാര്‍’ നയന്‍‌താരയുടെ ‘സ്റ്റൈല്‍’ വിശേഷങ്ങള്‍ പങ്കു വച്ച് വസ്ത്രാലങ്കാരക അനു വര്‍ദ്ധന്‍

‘നയന’ചാരുതയ്ക്ക് പിന്നില്‍; അനു വര്‍ദ്ധന്‍ അഭിമുഖം

തമിഴകത്തെ ‘ലേഡി സൂപ്പര്‍ സ്റ്റാര്‍’ നയൻതാര.  ഉയർച്ച താഴ്ചകളിലൂടെയും തിരിച്ചടികളിലൂടെയും തനിയെ നടന്നു കയറി തെന്നിന്ത്യൻ സിനിമാലോകത്ത് തന്റേതായ ഇടം വെട്ടിപ്പിച്ച മലയാളി പെണ്‍കുട്ടി.  പ്രതിഭയും സൗന്ദര്യവും ഒരുപോലെ ഒത്തിണങ്ങിയ, കരുത്തയായ സ്ത്രീ എന്ന രീതിയിലാണ് നയൻതാരയെ ഇന്ന് ലോകം നോക്കി കാണുന്നത്.

നയൻതാരയെന്ന അഭിനേത്രിയുടെ വ്യക്തിപ്രഭാവത്തിനും അഭിനയമികവിനുമൊപ്പം തന്നെ പലപ്പോഴും സ്ത്രീ പ്രേക്ഷകരുടെയും ഫാഷൻ പ്രേമികളുടെയും ഇടയിൽ നയൻതാരയെന്ന സ്റ്റൈൽ ഐക്കണും ചർച്ചയാവാറുണ്ട്. ഏറ്റവും മനോഹമായി സാരി ഉടുക്കുന്ന നടിമാരിൽ ഒരാൾ എന്നു കൂടിയാണ് സ്ത്രീ പ്രേക്ഷകർക്കിടയിൽ നയൻതാരയുടെ ഐഡന്റിറ്റി. അവാർഡ് ഫംഗ്ഷനുകളിലും പൊതുപരിപാടികളിലും സിനിമകളിലുമൊക്കെ എലഗൻസ് കൊണ്ടും ക്ലാസായ വസ്ത്രധാരണ രീതി കൊണ്ടും നയൻതാര ക്യാമറക്കണ്ണുകളുടെ ശ്രദ്ധ കവരാറുണ്ട്. നയൻതാരയെ ഇന്നു കാണുന്ന സ്റ്റൈൽ ഐക്കൺ ആക്കി പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിച്ചതിൽ കോസ്റ്റ്യൂം ഡിസൈനറും സ്റ്റൈലിസ്റ്റുമായ അനു വർദ്ധനും വലിയൊരു പങ്കുണ്ട്. കുറച്ചു വർഷങ്ങളായി നയൻതാരയ്ക്ക് വേണ്ടി കോസ്റ്റ്യൂം ഡിസൈൻ ചെയ്യുന്നത് അനുവാണ്. അടുത്തിടെ നയൻതാരയുടെ ഏറ്റവും പുതിയ ചിത്രമായ ‘മൂക്കുത്തി അമ്മനു’ വേണ്ടി അനു ചെയ്ത ഡിസൈനും ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

‘പുതിയ നിയമം’, ‘ഭാസ്കർ ദ റാസ്ക്കൽ’ എന്നീ മലയാളം ചിത്രങ്ങളിലും നയൻതാരയുടെ കോസ്റ്റ്യൂമും സ്റ്റൈലിംഗും ചെയ്തത് അനു വർധനാണ്. തമിഴ് നടൻ എൻ എസ് കൃഷ്ണന്റെ കൊച്ചുമകളും ‘ബില്ല’, ‘ആരംഭം’ തുടങ്ങിയ സിനിമകളുടെ സംവിധായകനായ വിഷ്ണുവർദ്ധന്റെ ഭാര്യയുമാണ് അനു. ചെന്നൈ ലയോള കോളേജിൽ നിന്നും വിഷ്വൽ കമ്മ്യൂണിക്കേഷൻ പഠിച്ചിറങ്ങിയ അനുവിന്റെ സിനിമയിലെ തുടക്കം കുടുംബസുഹൃത്തായ സന്തോഷ് ശിവന്റെ ‘ദ ടെററിസ്റ്റ്’ എന്ന ചിത്രത്തിലൂടെയായിരുന്നു. നയൻതാരയെ കൂടാതെ ഷാരൂഖ് ഖാൻ, കരീന കപൂർ, അജിത്, രജനീകാന്ത് തുടങ്ങിയ താരങ്ങൾക്കും നിരവധി തവണ കോസ്റ്റ്യൂം ചെയ്തിട്ടുള്ള ഡിസൈനറാണ് അനു.

പുതിയ ചിത്രമായ ‘മൂക്കുത്തി അമ്മന്റെ‘ വിശേഷങ്ങളും നയൻതാരയുമൊത്തുള്ള വർക്കിങ് എക്സ്പീരിയൻസ്, സൗഹൃദം എന്നതിനെ കുറിച്ചുമെല്ലാം ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് മനസ്സു തുറക്കുകയാണ് അനു വർധൻ.

‘മൂക്കൂത്തി അമ്മനി’ലെ കോസ്റ്റ്യൂം ഡിസൈനിന് മികച്ച അഭിപ്രായമാണല്ലോ ലഭിക്കുന്നത്. എന്തൊക്കെ തയ്യാറെടുപ്പുകളാണ് ഈ ചിത്രത്തിനായി നടത്തിയത്?

നയൻതാര ആദ്യം ‘മൂക്കുത്തി അമ്മനെ’ കുറിച്ചു പറഞ്ഞപ്പോൾ തന്നെ ഞാൻ വളരെ എക്സൈറ്റഡ് ആയിരുന്നു. ട്രെഡീഷണൽ സ്വഭാവമുള്ള വസ്ത്രങ്ങൾ, അതിനെ കുറച്ചു വ്യത്യസ്തമായി അവതരിപ്പിക്കാൻ കഴിയുമോ എന്നായിരുന്നു ഞങ്ങളുടെ ആലോചന. നിലവിലെ രീതികളോ നിയമങ്ങളോ ഒന്നും പിന്തുടരേണ്ടതില്ല, ആളുകൾക്ക് റിലേറ്റ് ചെയ്യാൻ കഴിയുന്ന ഡിസൈൻ ആയാൽ മതിയെന്ന് സംവിധായകൻ ബാലാജിയും പറഞ്ഞു. നയൻതാരയ്ക്കു വേണ്ടി ഞാൻ കുറേ ലുക്ക് നൽകി നോക്കി, അതിൽ ബാലാജിയ്ക്കും നയനും എനിക്കും ഇഷ്ടമായത് തിരഞ്ഞെടുക്കുകയായിരുന്നു.

വളരെ യൂണിക് ആയ ഒന്നു കൂടിയാണല്ലോ, ‘മൂക്കുത്തി അമ്മൻ.’ വസ്ത്രങ്ങൾ ഡിസൈൻ ചെയ്യേണ്ടത് ഒരു ദേവീ കഥാപാത്രത്തിനു വേണ്ടിയാണ്. എന്തൊക്കെ നിരീക്ഷണങ്ങളും പഠനങ്ങളുമാണ് അതിനായി നടത്തിയത്?

ഞാൻ പഴയ അമ്മൻ (ദേവി) പെയിന്റിംഗുകൾ ധാരാളമായി കണ്ടു. രവി വർമ്മയുടെ പെയിന്റിംഗുകളും റഫറൻസായി എടുത്തിരുന്നു. ഇവയിൽ എല്ലാം മനോഹരമായ ഫാന്റസി എലമെന്റുകളുണ്ട്. അതേ സമയം അതിനൊരു അസാമാന്യത്വം ഉണ്ട് താനും. വിന്റേജ് കാലത്തെ ചിത്രങ്ങളൊക്കെ നോക്കി പലതരം മൂക്കൂത്തികളെ കുറിച്ച് മനസ്സിലാക്കി, പഠിച്ചു, അവയെങ്ങനെയാണ് ധരിക്കുന്നത് എന്നൊക്കെ നിരീക്ഷിച്ചു. ആ നിരീക്ഷണങ്ങളും പഠനങ്ങളുമാണ് ‘മൂക്കുത്തി അമ്മൻ’ ചെയ്യാൻ പ്രചോദനമായത്.

Nayanthara, Nayanthara sarees

മുൻപും നയൻതാരയ്ക്ക് ഒപ്പം പ്രവർത്തിച്ചിട്ടുണ്ടല്ലോ?

നയൻതാര വളരെ അടുത്ത സുഹൃത്താണ്. സത്യന്ധതയുള്ള അഭിനേത്രിയാണ് അവർ, ഒപ്പം അതിസൂക്ഷ്‌മമായി കാര്യങ്ങളെ നിരീക്ഷിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന വ്യക്തി. തന്റെ കഥാപാത്രങ്ങളെയെല്ലാം നയൻതാര വളരെ ഗൗരവത്തോടെയാണ് നോക്കി കാണുന്നത്. കഥാപാത്രങ്ങളുടെ പൂർണ്ണതയ്ക്കായി എത്ര പരിശ്രമിക്കാനും മടിയില്ല. സ്വന്തം ജോലിയ്ക്ക് ഏറെ പ്രാധാന്യവും ആദരവും നൽകുന്ന അഭിനേത്രിയാണ്. അവരുടെ കഠിനാധ്വാനമാണ് ഇന്ന് കാണുന്ന നയൻതാരയാക്കി അവരെ മാറ്റിയത്. ഇക്കാരണങ്ങൾകൊണ്ടു തന്നെ നയൻതാരയ്ക്ക് ഒപ്പം ജോലി ചെയ്യാൻ എപ്പോഴും സന്തോഷമാണ്. ഞാനത് ഏറെ ആസ്വദിക്കുന്നുമുണ്ട്.

നയൻതാര സാരിയുടുക്കുന്ന രീതികളും അവരുടെ സാരി സെൻസുമെല്ലാം എപ്പോഴും ശ്രദ്ധ നേടാറുണ്ട്?

സാരി ഉടുക്കാൻ ഏറെ ഇഷ്ടമുള്ള ആളാണ് നയൻതാര. മാക്സിമം രണ്ടു മൂന്നു മിനിറ്റ് മതി ആൾക്ക് സാരിയുടുക്കാൻ. അത് നല്ല ഭംഗിയായും വൃത്തിയായും ഒതുക്കത്തോടെയും ഉടുക്കാനും അറിയാം. നയൻതാരയ്ക്ക് പൊതുവെ കംഫർട്ടബിൾ ആയ വേഷവും സാരിയാണ്. കഥാപാത്രങ്ങൾ, പരിപാടികളുടെ സ്വഭാവം ഒക്കെ നോക്കിയാണ് അവരുടെ തിരഞ്ഞെടുപ്പ്. ഓരോ പ്രോഗ്രാമിലും താൻ എങ്ങനെയിരിക്കണം എന്നൊരു സെൻസ് നയൻതാരയ്ക്കുണ്ട്.

എല്ലാ തരം നിറങ്ങളിലും പാറ്റേണിലുമുള്ള സാരികൾ നയൻതാര അണിയാറുണ്ട്. ‘മൂക്കുത്തി അമ്മനി’ൽ കൂടുതലും ബ്രൈറ്റ് കളർ ആണ് ഉപയോഗിച്ചത്. പരമ്പരാഗത നിറങ്ങൾ മാത്രമല്ല, ബ്ലാക്ക് കളർ വരെ ഉപയോഗിച്ചിട്ടുണ്ട്. സാധാരണ ദേവിമാരിൽ കാളിയെ മാത്രമാണല്ലോ നമ്മൾ കറുപ്പു വസ്ത്രങ്ങളുമായി ബന്ധപ്പെടുത്തി കാണുന്നത്.

അജിത്, രജനീകാന്ത് പോലുള്ളവർക്ക് ഒപ്പവും പ്രവർത്തിച്ചിട്ടുണ്ടല്ലോ. സൂപ്പർ സ്റ്റാറുകൾക്ക് ഒപ്പം പ്രവർത്തിക്കുമ്പോൾ കോസ്റ്റ്യൂം ഡിസൈനിൽ നേരിടുന്ന വെല്ലുവിളി എന്താണ്?

വലിയ ആരാധകവൃന്ദമുള്ള താരങ്ങളാണ് ഇവരെല്ലാം. സൂപ്പർ സ്റ്റാറുകൾക്കായി കോസ്റ്റ്യൂം ചെയ്യുമ്പോഴും സ്റ്റൈലിംഗ് ചെയ്യുമ്പോഴും ആ വലിയ ഫാൻസ് സമൂഹത്തെ കൂടെ മനസ്സിൽ കാണാറുണ്ട്. സിനിമയ്ക്ക് ഇണങ്ങുന്ന കോസ്റ്റ്യൂം, സ്റ്റൈൽ എന്നതിനൊപ്പം തന്നെ, ആരാധകർക്ക് ഫോളോ ചെയ്യാവുന്ന, അനുകരിക്കാവുന്ന എന്തെങ്കിലും എലമെന്റ് നൽകാൻ ശ്രമിക്കാറുണ്ട്. സിനിമ കഴിഞ്ഞിറങ്ങുന്ന ആരാധകർക്ക് വളരെ സന്തോഷത്തോടെ ​അവരുടെ സൂപ്പർസ്റ്റാറുകളിൽ നിന്നും കോപ്പി ചെയ്യാവുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ അത് നല്ലതാണ്. അവരുടെ സൂപ്പർസ്റ്റാർ ധരിച്ച വസ്ത്രം, അത് അനുകരിക്കാൻ അവർക്കിഷ്ടമാണ്. അങ്ങനെ എന്തെങ്കിലും കൊടുത്താൽ ആരാധകരും ഹാപ്പിയാണ്.

എങ്ങനെയാണ് ഓരോ സിനിമയുടെയും സ്റ്റൈൽ എലമെന്റുകൾ തീരുമാനിക്കുന്നത്?

സംവിധായകൻ കഥ പറഞ്ഞു തരുമ്പോൾ തന്നെ ഒരു ഐഡിയ കിട്ടും. പിന്നീട് ചർച്ചകൾ… നമ്മുടെ ഭാഗത്തു നിന്നുള്ള പഠനം, റഫറൻസ്… ഒടുവിൽ കഥാപാത്രങ്ങൾക്ക് യോജിക്കുന്ന ഒന്നോ രണ്ടോ ലുക്ക് കണ്ടെത്തും. സംവിധായകനും ആർട്ടിസ്റ്റിനും കൂടെ ഓകെ ആവുന്നത് അതിൽ നിന്നും തിരഞ്ഞെടുക്കുകയാണ് പതിവ്.

Nayanthara, Nayanthara sarees

താങ്കളുടെ ഡിസൈനിൽ ഹാൻഡ്‌ലൂം വസ്ത്രങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്നതായി കാണാറുണ്ട്. ഇന്ത്യൻ സിനിമയിൽ നമ്മുടെ പരമ്പരാഗതമായ കൈത്തറിയ്ക്ക് എത്രത്തോളം സാധ്യതകളുണ്ട്?

ഇന്ത്യൻ സിനിമയിൽ പരമ്പരാഗതമായ കൈത്തറിയ്ക്ക് എന്തു മാത്രം സാധ്യതയുണ്ടെന്ന് എനിക്കറിയില്ല. പക്ഷേ ആളുകൾ കൂടുതലായി കൈത്തറി വസ്ത്രങ്ങൾ ഉപയോഗിച്ച് കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്. സിനിമ വളരെ ശക്തമായൊരു മാധ്യമമാണ്, അതിലൂടെ കൈത്തറി മേഖലയ്ക്ക് ഒരുണർവ്വു പകരാൻ പറ്റിയാൽ സന്തോഷം. ഭാഗ്യത്തിന് എന്റെ ആർട്ടിസ്റ്റുകളിൽ ഭൂരിഭാഗവും കൈത്തറി വസ്ത്രങ്ങളോട് ഇഷ്ടമുള്ളവരും അതിനെ പ്രമോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നവരുമാണ്. അതു കൊണ്ടാണ് സിനിമകളിലും എനിക്കത് കൊണ്ടു വരാൻ പറ്റുന്നത്. ആർട്ടിസ്റ്റുകളുടെ പിന്തുണയില്ലാതെ എനിക്കത് കഴിയില്ലല്ലോ. ‘കാല’ സിനിമയിൽ രജനി സാറിനു വേണ്ടി ഖാദി കോട്ടൺ ഒക്കെ ഉപയോഗിച്ചിരുന്നു. നയൻതാരയ്ക്കും കൈത്തറി വസ്ത്രങ്ങളുടെ ടെക്സ്ചർ പൊതുവെ ഇഷ്ടമാണ്. കൈത്തറിയുടെ ക്രാഫ്റ്റ് ആളുകൾക്ക് കൂടുതലായി വർക്കുകളിലൂടെ പരിചയപ്പെടുത്താൻ കഴിയുന്നതിലും സിനിമകളിൽ നിന്നും പ്രചോദനം ഉൾകൊണ്ട് ആളുകൾ അവ കൂടുതലായി ധരിക്കുന്നതിലും എനിക്ക് സന്തോഷമുണ്ട്. എന്നെ കൊണ്ട് കഴിയുന്ന രീതിയിൽ ഞാൻ കൈത്തറി വസ്ത്രങ്ങളെ പ്രമോട്ട് ചെയ്യുന്നുണ്ട്.

ഏറ്റവും വെല്ലുവിളി ഉയർത്തിയ പ്രൊജക്റ്റ് ഏതാണ്?

എല്ലാ സിനിമകളും എനിക്ക് ചലഞ്ചിംഗ് ആണ്. അത് എന്റെ ആർട്ടിസ്റ്റിന് വലിയ റോൾ ആണോ ചെറിയ റോൾ ആണോ​ എന്നൊന്നുമില്ല. കഥാപാത്രത്തിന്റെ പൂർണതയ്ക്ക് കോസ്റ്റ്യൂമിലും സ്റ്റൈലിംഗിലും എന്തൊക്കെ ചെയ്യാൻ പറ്റുമെന്നതിനെ കുറിച്ചാണ് എന്റെ ആലോചനയും അന്വേഷണവും.

സിനിമ ഇറങ്ങി കഴിഞ്ഞ് ആളുകൾ നമ്മളെ അന്വേഷിച്ച് വിളിക്കുന്നതൊക്കെ സർപ്രൈസാണ്. ഒപ്പം സന്തോഷവും. ഒരുപാട് റിസർച്ച് ചെയ്താണ് പലപ്പോഴും ആഭരണങ്ങളും കോസ്റ്റ്യൂം എല്ലാം ഡിസൈൻ ചെയ്യുന്നതും തേടി കണ്ടുപിടിക്കുന്നതും. നമ്മുടെ വർക്ക് ആളുകൾക്ക് ഇഷ്ടമാവുന്നതും ട്രെൻഡാവുന്നതും ആളുകൾ അത്തരം ഡിസൈനുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നതു കാണുന്നതുമെല്ലാം സന്തോഷവും അഭിമാനവും തരുന്ന കാര്യമാണ്.

Stay updated with the latest news headlines and all the latest Interview news download Indian Express Malayalam App.

Web Title: Nayanthara stylist mookuthi amman costume designer anu vardhan interview